1 May 2024, Wednesday

മരമണ്ടന്‍ എലി തിരുപ്പതിയില്‍!

ദേവിക
വാതില്‍പ്പഴുതിലൂടെ
December 5, 2023 4:30 am

ഓഷോയുടെ വചനങ്ങളിലൊന്ന് ഒരു എലിയുടെ കഥയാണ്. ഒരിക്കല്‍ ഒരെലി ഒരു ധനാഢ്യന്റെ വജ്രം വിഴുങ്ങി. ഏത് എലിയാണ് വജ്രം വിഴുങ്ങിയതെന്നുമറിയില്ല. ധനാഢ്യന്‍ ഒരു എലിവേട്ടക്കാരനെ വിളിച്ചു. എലികളാകട്ടെ നൂറുകണക്കിനും. ഒരെലി മാത്രം തെല്ലകലെ മാറിയിരിക്കുന്നു. വേട്ടക്കാരന്‍ അവന്റെ നേരെ ഉണ്ട പായിച്ചു. വെടിയേറ്റു ചിതറിയ ഒറ്റയാന്‍ എലിയുടെ ഉദരത്തില്‍ നിന്നും വജ്രം പുറത്തുചാടി. വജ്രം ഉടമ ആശ്ചര്യപ്പെട്ടു. ഇതെങ്ങനെ പറ്റിച്ചു. വേട്ടക്കാരന്‍ പറഞ്ഞു; ‘സംഗതി എളുപ്പമല്ലേ. വിഡ്ഡികള്‍ സമ്പന്നരായാല്‍ അവര്‍ മറ്റുള്ളവരുമായി ഇടപെടാതെ മാറിയിരിക്കുകയേയുള്ളു!’ പ്രധാനമന്ത്രി മോഡി ഏതാനും ദിവസം മുമ്പ് തെലങ്കാനയിലെ തിരുപ്പതി ശ്രിവെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തെലങ്കാനക്കാരടക്കം 140 കോടി ഇന്ത്യാക്കാര്‍ക്കും വേണ്ടി താന്‍ പ്രാര്‍ത്ഥിച്ചുവെന്നാണ് നാഗദേവന്റെ ശില്പം കൊത്തിയ സിംഹാസനത്തിലിരുന്ന് മോ‍ഡി അരുള്‍ ചെയ്തത്. ഇന്നലെ ഫലപ്രഖ്യാപനം നടന്ന നാലു സംസ്ഥാനങ്ങളിലെ തെര‍ഞ്ഞെടുപ്പു പ്രചാരണത്തിനിടെ മോഡി ആകെ ദര്‍ശനം നടത്തിയത് തെലങ്കാനയിലെ തിരുപ്പതിയില്‍ മാത്രം. അവിടെയാകട്ടെ ബിജെപി തോറ്റു മണ്ണുകപ്പുകയും ചെയ്തു. ലോകകപ്പില്‍ അതുവരെയില്ലാതെ ആദ്യമായി ഫൈനല്‍ ദിവസം ടീം ഇന്ത്യയെ കണ്ടു വിജയത്തിനായി പ്രാര്‍ത്ഥിച്ചു. അജയ്യരായി അതുവരെ എത്തിയ ഇന്ത്യന്‍ ടീം മോഡിയുടെ പ്രാര്‍ത്ഥനാശക്തിയാല്‍ തോറ്റു തുന്നംപാടുകയും ചെയ്തു. തെര‍ഞ്ഞെടുപ്പ് നടന്ന മറ്റു നാലു സംസ്ഥാനങ്ങളിലെയും നേതാക്കള്‍ മോഡിയെ ഒരമ്പലത്തിലും പ്രാര്‍ത്ഥിക്കാന്‍ വിട്ടില്ല. പ്രാര്‍ത്ഥിച്ചാല്‍ ബിജെപി തകര്‍ന്നുതരിപ്പണമാവുമെന്നവര്‍ക്കറിയാം. ഒരു ശസ്ത്രക്രിയാവിദഗ്ധനായ പ്രൊഫസറുണ്ടായിരുന്നു. ശസ്ത്രക്രിയയുടെ തലേന്ന് രോഗിയുടെ ബന്ധുക്കള്‍ ശസ്ത്രക്രിയാവിദഗ്ധനെ കണ്ട് കനത്ത ഒരു പണപ്പൊതി നല്കും. ശസ്ത്രക്രിയ ഗംഭീര വിജയമാക്കാനുള്ള പാരിതോഷികമെന്നു കരുതരുത്; ‘സാര്‍ നാളെ ശസ്ത്രക്രിയയ്ക്ക് വരേണ്ട, മറ്റാരെയെങ്കിലും അയച്ചാല്‍ മതി’ എന്ന് കേണപേക്ഷയോടെയാണ് പണപ്പൊതി. ശസ്ത്രക്രിയ മേല്‍പ്പടിയാനാണ് നടത്തുന്നതെങ്കില്‍ രോഗി ക്ലോസ് ആകുമെന്നു ബന്ധുക്കള്‍ക്കറിയാം. അതുപോലെയായിരുന്നു മോഡി അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കേണ്ടെന്ന് അനുയായികള്‍ അപേക്ഷിച്ചത്. അണികളെ കൂസാതെ തിരുപ്പതി ഭഗവാനെ മോഡി കുമ്പിട്ടു. തെലങ്കാനയില്‍ ബിജെപിയുടെ കാര്യം ഒരു തീരുമാനവുമായി!


ഇതുകൂടി വായിക്കൂ: എലിപ്പത്തായ സാങ്കേതികവിദ്യ!


വര്‍ത്തമാനകാലത്ത് അഴിമതിത്തുക കോടികളിലേക്ക് ഉയര്‍ന്നില്ലെങ്കില്‍ ഒരു ഗമ പോരെന്ന നില. പണ്ട് തിരു-കൊച്ചിയില്‍ മന്ത്രിയായിരുന്ന ടി എം വര്‍ഗീസ് രാജിവയ്ക്കേണ്ടിവന്നത് കട്ടില്‍ അഴിമതിയുടെ പേരിലായിരുന്നു. മന്ത്രി മന്ദിരവളപ്പിലെ മഹാഗണിമരം മുറിച്ചുമാറ്റാന്‍ കരാറെടുത്തയാളോട് മന്ത്രി വര്‍ഗീസ് ചോദിച്ചു; വിലതരാം, ഈ തടിയില്‍ തനിക്കൊരു കട്ടില്‍ പണിതുതരാമോ. കട്ടില്‍ നിര്‍മ്മിച്ചു നല്കി മന്ത്രിയില്‍ നിന്നും വിലയും വാങ്ങി. അതോടെ ബഹളമായി, കട്ടില്‍ വീരന്‍ രാജിവയ്ക്കുക എന്ന മുദ്രാവാക്യമായി. പ്രകടനവും ഉപവാസവുമായി. ആര്‍ ശങ്കര്‍ മന്ത്രിയായിരുന്നപ്പോള്‍ ഒരു ലോറിയുടമയ്ക്ക് വഴിവിട്ട് ഒരു ട്രക്കിന്റെ ഷാസി ലഭിക്കാന്‍ കത്തെഴുതി. ഉപഹാരമായി ലോറിയുടമ മന്ത്രി ശങ്കറിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിക്ക് നല്കിയത് ഒരു നിലവിളക്കും ഒരു വൈരമാലയും. സിപിഐയുടെ അന്തരിച്ച അവിസ്മരണീയ നേതാവ് കണിയാപുരം രാമചന്ദ്രനാണ് ഈ കോഴ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. നാടാകെ ഇളക്കിമറിച്ച ഈ അഴിമതി വാര്‍ത്തയെക്കുറിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് കണിയാപുരം പറഞ്ഞതോര്‍ക്കുന്നു; ‘ഇപ്പോഴത്തെ വമ്പന്‍ അഴിമതികള്‍ വാര്‍ത്തപോലുമല്ലാതാകുമ്പോള്‍ അന്നത്തെ നിലവിളക്കുകോഴ എന്തു തുച്ഛമായിപ്പോയി!’


ഇതുകൂടി വായിക്കൂ: ഒരുപാട് വായിക്കുന്ന സുരേഷ്ഗോപി!


ഇതൊക്കെയാണെങ്കിലും ചീളു കോഴക്കേസുകള്‍ ഇന്നും സുലഭം. താലൂക്ക് കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓരോ കിലോ പഞ്ചസാരകൂടി കൊണ്ടുവരണമെന്നാണ് സംഘാടകസമിതി ഉത്തരവിട്ടത്. കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആഹാരം പാകം ചെയ്യാനാണത്രേ ഇത്രയധികം പഞ്ചസാര. ഈ വാര്‍ത്ത വായിച്ചപ്പോള്‍ 77 വര്‍ഷം മുമ്പ് നടന്ന ഒരു വിവാഹത്തിന്റെ കല്യാണക്കുറിയാണ് ഓര്‍മ്മ വന്നത്. കത്തെഴുതിയത് കൊയിലാണ്ടി പെരുവെട്ടൂര്‍ താഴേവീട്ടില്‍ ഉള്ളൂരു കുട്ട്യേക്കന്‍. ‘എന്റെ മകന്‍ ഉമ്മിച്ചുട്ടി 1946 മേയ് 12ന് എളാച്ചേരിയില്‍ രാമന്‍ എന്നയാളുടെ മകള്‍ ചീരുവിനെ വിവാഹം കഴിച്ചുകൊണ്ടുവരുന്നു. അന്നേ ദിവസം തന്നെ എന്റെ മകള്‍ കല്യാണിയെ പരേതനായ തറോല്‍ ചന്തുക്കുട്ടിയുടെ മകന് വിവാഹം കഴിച്ചുകൊടുക്കുന്നു. അന്നു വൈകിട്ട് അഞ്ചിന് നടക്കുന്ന ഊണാചാരത്തിലും താങ്കള്‍ കുടുംബസമേതം പങ്കെടുക്കണമെന്നപേക്ഷിക്കുന്നു. കല്യാണം നടത്താനായി നിങ്ങളുടെ ഒരു ദിവസത്തെ റേഷനരി കൂടി എത്തിച്ചുതരാന്‍ വിനയപൂര്‍വം അപേക്ഷിക്കുന്നു എന്നാണ് കല്യാണക്കുറി. അന്നത്തെ സമൂഹത്തിലെ ദരിദ്രരുടെ ജീവിതാവസ്ഥയുടെ വിളംബരമാവുന്ന ദയനീയമായ വിവാഹക്ഷണപത്രിക. ഇന്നത്തെ തലമുറയ്ക്ക് ഇതുവല്ലതുമറിയുമോ. ക്ഷണിക്കപ്പെട്ടവരെ വിമാനത്തിലെത്തിച്ച് നടത്തുന്ന കെങ്കേമന്‍ സദ്യകള്‍. ഒരാളുടെ വിവാഹ ഭക്ഷണത്തിന് മൂന്നു ലക്ഷം രൂപ ചെലവ് എന്ന വാര്‍ത്തയും വരുന്നു. ഒരു സദ്യയുണ്ണാനോ ഒരു ബിരിയാണി കഴിക്കാനോ ആരെങ്കിലും ഒരു കല്യാണത്തിനു ക്ഷണിച്ചെങ്കില്‍ എന്ന് സ്വപ്നം കാണുന്ന തലമുറ ഇന്നില്ല. പക്ഷേ ഓണത്തിനിടയിലും പുട്ടുകച്ചവടം എന്ന പോലെയായി ‘കലോത്സവത്തിന് ഒരു കിലോ പഞ്ചസാര’ എന്ന ഉത്തരവ്!


ഇതുകൂടി വായിക്കൂ: കിഡ്നിക്കും ഒരു ആചാരവെടി!


നമ്മുടെ മാധ്യമങ്ങള്‍ പലപ്പോഴും ക്രൂരമായ ഇരട്ടത്താപ്പാണ് കാണിക്കാറ്. ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിനോടനുബന്ധിച്ച് പൊലീസ് തയ്യാറാക്കിയ രേഖാചിത്രത്തോടു സാമ്യമുള്ള ഷാജഹാന്‍ എന്ന മുസ്ലിം ചെറുപ്പക്കാരന്റെ വീടിനുനേരെ സംഘികള്‍ കല്ലെറിഞ്ഞു. അയാളെ പുറത്തിറങ്ങാനാവാതെ ബന്ദിയാക്കി. ഗേറ്റിനരികില്‍ കൂടി നിന്ന് മുദ്രാവാക്യവും തെറിയഭിഷേകവും. അയാള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി താന്‍ നിരപരാധിയെന്നറിയിച്ചതുമാത്രം ചെറിയൊരു വാര്‍ത്തയായി. കാരണം ഷാജഹാന്‍ മുസ്ലിമാണ്. ഇനി മറ്റൊന്ന് കൊല്ലം മുഖത്തലയില്‍ ഒരു ഇസ്രയേലി യുവതിയായ സ്വാതയെ പൈശാചികമായി തലയറുത്തുകൊന്നു. കൊന്നത് സ്വാതയുടെ സനാതന യോഗാധ്യാപകനായ കൃഷ്ണന്‍ നായര്‍ എന്ന 75കാരന്‍. 35കാരിയായ സ്വാതയുടെ കൊലപാതകം ഒരു ചരമക്കോളത്തിലെന്നപോലെയേ മാധ്യമങ്ങള്‍ക്കു പ്രാധാന്യമുള്ളതായി തോന്നിയുള്ളു. കാരണം, ഇവിടെ കൊലയാളി സനാതന യോഗാധ്യാപകനും സര്‍വോപരി നായരും ഹിന്ദുവുമായ കൃഷ്ണൻ നായരും!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.