13 June 2024, Thursday

കൃഷിയുടെ പാരിസ്ഥിതിക മൂല്യം അംഗീകരിക്കപ്പെടണം

സജി ജോണ്‍
August 20, 2022 5:30 am

സ്ഥായിയും ശുദ്ധവും ആരോഗ്യപ്രദവുമായ ഒരു പരിസ്ഥിതി ഏവരുടെയും അവകാശമാണെന്ന ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ 2022 ജൂലൈ 28ലെ പ്രഖ്യാപനം ചരിത്രത്തിന്റെ ഭാഗമാകുകയാണ്. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി ശോഷണവും കോടിക്കണക്കിനു ജനങ്ങളെ ദുരിതത്തിലേക്ക് നയിക്കുന്ന ദുരവസ്ഥ തിരിച്ചറിഞ്ഞാണ് ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം. കാലാവസ്ഥാ വ്യതിയാനം, ഭൂമി-ജൈവവൈവിധ്യ ശോഷണം, മലിനീകരണം എന്നീ ത്രിതല ഭീഷണിയാണ് ലോകമിന്നു നേരിടുന്നത്. ശാശ്വതമായ സാമ്പത്തികവളർച്ചയിലൂടെ അസമത്വങ്ങൾ ഒഴിവാക്കി ‘എല്ലാവർക്കും തൊഴിൽ, എല്ലാവർക്കും ഭക്ഷണം, എല്ലാവർക്കും ആരോഗ്യം’ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തെയാണ് പരിസ്ഥിതിശോഷണം പിന്നോട്ടടിക്കുന്നത്. എല്ലാ രാജ്യങ്ങളെയും ഇതു ബാധിക്കുന്നുണ്ടെങ്കിലും പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനതയാണ് ദുരന്തം കൂടുതലായി ഏറ്റുവാങ്ങുന്നത്. സമ്പന്നരാഷ്ട്രങ്ങളിലെ ഉല്പാദകരും ഉപഭോക്താക്കളും വാണിജ്യത്തിലൂടെയും മാലിന്യംതള്ളലിലൂടെയും തങ്ങളുടെ പ്രകൃതിചൂഷണത്തിന്റെ പാദമുദ്ര പാവപ്പെട്ട രാഷ്ട്രങ്ങളുടെമേൽ അടിച്ചേൽപ്പിക്കുകയാണ്.
കോവിഡ്‌മൂലം ലോകജനത നേരിട്ട ദുരന്തങ്ങളും അതു സൃഷ്ടിച്ച സാമൂഹ്യ സാമ്പത്തിക പ്രതിസന്ധികളും പരിസ്ഥിതി സംരക്ഷണത്തിൽ പുതിയ ഉൾക്കാഴ്ചകൾക്കു പ്രേരണയാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായിട്ടില്ല. ജനക്ഷേമത്തിനും പരിസ്ഥിതി സംരക്ഷണത്തിനും തുല്യപ്രാധാന്യം നൽകുന്ന ഒരു ഹരിത സമ്പദ്ഘടനയാണ് ആഗോളതലത്തിൽ സൃഷ്ടിക്കപ്പെടേണ്ടത്. കഴിഞ്ഞ 50 വർഷങ്ങൾക്കുള്ളിൽ ലോക സമ്പദ്‌വ്യവസ്ഥ അഞ്ചിരട്ടിയും വാണിജ്യം പത്തിരട്ടിയും വർധനവ് നേടിയിട്ടും 2020ൽ 811 മില്യൺ ജനങ്ങളാണ് ലോകത്ത് പട്ടിണിയെ നേരിട്ടത്. രോഗാവസ്ഥയിലേക്കു തള്ളപ്പെടുന്ന ജനതയുടെ നാലിലൊന്നും പരിസ്ഥിതി ദുര്യോഗത്തിന്റെ ഇരകളാണ്. കോവിഡ് 19 പോലെയുള്ള മഹാമാരികളും പരിസ്ഥിതി ശോഷണത്തിന്റെ ഫലമായാണ് സൃഷ്ടിക്കപ്പെടുന്നത്. മലിനീകരണം കൊണ്ടുമാത്രം പ്രതിവർഷം ഉണ്ടാകുന്ന അകാല മരണങ്ങൾ ഒന്‍പത് മില്യണിലധികമാണ്. അതിതാപനംകൊണ്ടും പട്ടിണികൊണ്ടും; മലേറിയ, ഡയേറിയ തുടങ്ങിയ രോഗങ്ങൾകൊണ്ടും പ്രതിവർഷം 2,50,000 പേരുടെ ജീവനുകളാണ് നഷ്ടമാകുന്നത്. മണ്ണിന്റെ ശോഷണം ഏതാണ്ട് മൂന്ന് ബില്യൺ ജനങ്ങളെ നേരിട്ട് ബാധിക്കുന്നു. മാലിന്യനിക്ഷേപത്താൽ മലീമസമാകുന്ന മണ്ണ്, ഭക്ഷ്യസുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തിക്കഴിഞ്ഞു. അതുപോലെതന്നെയാണ് ജൈവവൈവിധ്യ ശോഷണവും.

 


ഇതുകൂടി വായിക്കു; അറസ്റ്റ് ചെയ്യപ്പെട്ട മരം


വിളകളിൽ പരാഗണത്തിനു സഹായിക്കുന്ന തേനീച്ചകളുടെ വർഗശോഷണം കൊണ്ടുമാത്രം, 577 ബില്യൺ ഡോളറിനു തുല്യമായ ഉല്പാദനനഷ്ടം സംഭവിക്കുന്നുവെന്നാണ് കണക്ക്. ഇപ്പോൾത്തന്നെ, നമ്മുടെ ജലസ്രോതസുകളിൽ വെറും മൂന്ന് ശതമാനം മാത്രമാണ് കുടിവെള്ളത്തിനായി ലഭ്യമായിട്ടുള്ളത്. കൃത്യമായ ജലസംരക്ഷണ മാർഗങ്ങൾ അവലംബിച്ചില്ലെങ്കിൽ, വർഷത്തിൽ ഒരുമാസമെങ്കിലും ശുദ്ധജലം ലഭിക്കാത്ത ലോകജനതയുടെ എണ്ണം 2050ൽ ഇപ്പോഴത്തെ 3.6 ബില്യണിൽ നിന്നും അഞ്ച് ബില്യണായി ഉയരും. ഭൂമിയുടെയും മണ്ണിന്റെയും അപചയം, ജൈവവൈവിധ്യമുൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങളുടെ ശോഷണം, ആവാസ വ്യവസ്ഥകൾക്കുണ്ടായിട്ടുള്ള പ്രതിരോധശേഷി നഷ്ടം, വനനശീകരണം, അന്തരീക്ഷ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ, പരിസ്ഥിതി സംരക്ഷണത്തിൽ ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയർത്തുകയാണ്. 1972ലെ സ്റ്റോക്ഹോം ഉച്ചകോടി മുതൽ ഇന്ത്യ ആഗോള പരിസ്ഥിതി പരിപാലന മുന്നേറ്റത്തിന്റെ മുൻ നിരയിൽ തന്നെ നിലയുറപ്പിച്ചിട്ടുള്ള രാജ്യമാണ്. ‘ദാരിദ്ര്യ നിർമ്മാർജനം പരിസ്ഥിതി സംരക്ഷണത്തിന്റെ ഉപാധി‘യെന്ന ഇന്ത്യയുടെ ആശയം ആദ്യ ഉച്ചകോടിയിൽ തന്നെ ഏറെ ശ്രദ്ധനേടുകയും അത് ആഗോള പരിസ്ഥിതി പ്രഖ്യാപനങ്ങളുടെ ഭാഗമാവുകയും ചെയ്തിട്ടുള്ളതാണ്. പരിസ്ഥിതി സംരക്ഷണത്തിനുതകുന്ന നിരവധി നിയമ നിർമ്മാണങ്ങൾക്കും ഇന്ത്യ തയാറായി. 1972ലെ വന്യജീവി സംരക്ഷണ നിയമം, 1974ലെ ജല മലിനീകരണ നിരോധന നിയന്ത്രണ നിയമം, 1980ലെ വനസംരക്ഷണ നിയമം, 1981ലെ വായു മലിനീകരണ നിരോധന നിയന്ത്രണ നിയമം, 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം, 2001ലെ ഊർജ സംരക്ഷണ നിയമം, 2002ലെ ജൈവ വൈവിധ്യ സംരക്ഷണ നിയമം തുടങ്ങിയവ ഇതിലുൾപ്പെടുന്നു. ഭരണഘടനയുടെ 42-ാം ഭേദഗതിയിലൂടെ 1977ൽ പരിസ്ഥിതി സംരക്ഷണം പൗരന്മാരുടെ മൗലിക കടമകളിലൊന്നായി മാറുകയും ചെയ്തു. 2010ൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ദേശീയ ഹരിത ട്രിബ്യൂണലും സ്ഥാപിക്കപ്പെട്ടു. എന്നാൽ, മുലധന താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിനുവേണ്ടി ഈ നിയമങ്ങളിൽ പലതും ഭേദഗതികൾക്ക് വിധേയമായി. നിയമങ്ങളിലെ പഴുതുകൾ സമർത്ഥമായി ദുരുപയോഗം ചെയ്യപ്പെടുന്നതും ഇപ്പോൾ സർവസാധാരണമാണ്.

ലോകമൊട്ടുക്കുള്ള 180 രാജ്യങ്ങളിലെ പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളുടെ സ്ഥിതിവിവര സംഗ്രഹമായി, ‘വേൾഡ് ഇക്കണോമിക് ഫോറം’, രണ്ടുവർഷത്തിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന ‘പരിസ്ഥിതി പ്രകടന സൂചിക’ പ്രകാരം ഇന്ത്യയുടെ സ്ഥാനം ഏറ്റവും അവസാനത്തേതാണ്. 2018 ൽ 177 ഉം 2020 ൽ 168 ഉം സ്ഥാനത്തായിരുന്ന ഇന്ത്യ, 2022ൽ അവസാന സ്ഥാനത്തേക്ക് തള്ളപ്പെട്ടത്, പാകിസ്ഥാൻ, ബംഗ്ലാദേശ്, വിയറ്റ്നാം, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളെക്കൂടി തങ്ങളുടെ മുന്നിലെത്തിച്ചാണ്. ഓരോ രാജ്യത്തെയും കാലാവസ്ഥാ നയം, ആവാസ വ്യവസ്ഥയുടെ ഓജസ്, പരിസ്ഥിതി ആരോഗ്യം, വായുമലിനീകരണം, ജലമലിനീകരണം, പരിസ്ഥിതി പ്രവർത്തനങ്ങൾക്കായുള്ള മുതൽമുടക്ക് തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് 2002 മുതൽ വേൾഡ് ഇക്കണോമിക് ഫോറം പരിസ്ഥിതി പ്രകടന സൂചിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചുവരുന്നത്. ഡെൻമാർക്ക്, യുകെ, ഫിൻലൻഡ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളാണ് സൂചികയിൽ ഇപ്പോൾ ആദ്യ സ്ഥാനങ്ങളിലുള്ളത്. അമേരിക്ക 43ഉം റഷ്യ 112ഉം ചൈന 161 ഉം സ്ഥാനത്ത് നിലകൊള്ളുന്നു. വായു മലിനീകരണത്തിലും ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജനത്തിലും ഉണ്ടായിട്ടുള്ള വർധനവാണ് ഇന്ത്യ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തുന്നതിന് ഇടയാക്കിയിട്ടുള്ളത്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ 2050ഓടെ, ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജനത്തിൽ പകുതിയും ചൈന, ഇന്ത്യ, അമേരിക്ക, റഷ്യ എന്നീ നാലുരാജ്യങ്ങളുടെ മാത്രം സംഭാവന ആയിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് ഈ റിപ്പോർട്ടിനെ പൂർണമായും തള്ളിക്കളയുകയാണ്. മന്ത്രാലയത്തിന്റെ കാഴ്ചപ്പാടിൽ, റിപ്പോർട്ടിന് ഉപോൽബലകമായ സൂചകങ്ങളിൽ മിക്കതും യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ല. പുതുതായി ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന സൂചകമായ ഹരിതഗൃഹവാതകങ്ങളുടെ 2050ൽ പ്രതീക്ഷിക്കുന്ന ഉത്സർജന നിരക്ക്, കഴിഞ്ഞ 10 വർഷത്തെ ശരാശരി നിരക്കിലുള്ള വ്യത്യാസത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കിയിരിക്കുന്നത്. യഥാർത്ഥത്തിൽ, ഇത് ദീർഘകാല വസ്തുതകളും അതാത് രാജ്യത്തിന്റെ ഊർജ ഉപഭോഗത്തിലെ കാര്യശേഷി, പുനരുപയോഗ സ്രോതസുകളിലൂടെയുള്ള ഊർജ ഉപഭോഗത്തിന്റെയും കാർബൺ സിങ്കിന്റെയും സാധ്യത തുടങ്ങിയ ഘടകങ്ങളും കണക്കിലെടുത്തു നിശ്ചയിക്കേണ്ടതാണ്.


ഇതുകൂടി വായിക്കു; ഭക്ഷ്യസുരക്ഷാ പ്രശ്നത്തിന് പ്രഥമ പരിഗണന ആവശ്യം


 

വനങ്ങളും തണ്ണീർത്തടങ്ങളും കാർഷികവിളകളും കാര്യശേഷിയുള്ള കാർബൺ സിങ്കുകളായി വർത്തിക്കുന്നത് സൂചികാ നിർണയത്തിൽ പരിഗണിക്കപ്പെട്ടിട്ടില്ല. കൃഷിയിടങ്ങൾ, വനങ്ങൾ, തണ്ണീർത്തടങ്ങൾ തുടങ്ങിയ ആവാസ വ്യവസ്ഥകളുടെ വ്യാപ്തിക്കപ്പുറം അവയുടെ ഉല്പാദനക്ഷമതയോ നിലവിലെ അവസ്ഥയോ കണക്കിലെടുത്തിട്ടില്ല. കാർഷിക ജൈവവൈവിധ്യം, മണ്ണിന്റെ ആരോഗ്യം, ധാന്യനഷ്ടം തുടങ്ങിയ ഘടകങ്ങൾ, കാർഷിക സമ്പദ്‌വ്യവസ്ഥയെ ആശ്രയിക്കുന്ന ഏതൊരു രാജ്യത്തിനും പ്രധാനപ്പെട്ടതാണെങ്കിലും അവയും പരിഗണിക്കപ്പെട്ടിട്ടില്ല. 140 കോടിയോളം ജനങ്ങൾ വസിക്കുന്ന ഇന്ത്യയിലെയും ഒരു കോടിയിൽ താഴെമാത്രം ജനസംഖ്യയുള്ള ഡെന്മാർക്ക് പോലുള്ള രാജ്യങ്ങളിലെയും പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ ഒരേ അളവുകോലിൽ വിലയിരുത്തുന്നത് ശരിയോ എന്ന ചോദ്യവും പ്രസക്തമാണ്. അതേസമയം കർഷകർ അനുവർത്തിച്ചുപോരുന്ന കൃഷിമുറകൾ കാലാവസ്ഥാ വ്യതിയാനത്തിന് വലിയതോതിൽ കാരണമാകുന്നുവെന്ന ഒരു കുപ്രചരണം രാജ്യത്തെങ്ങും വ്യാപിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന മനുഷ്യ പ്രവർത്തനങ്ങളിൽ കൃഷി ഒരു ഘടകം തന്നെയാണ്. പ്രധാനപ്പെട്ട ഹരിതഗൃഹ വാതകങ്ങളിലൊന്നായ നൈട്രസ് ഓക്സെെഡിന്റെ കൃഷിയിലെ ഉറവിടം നൈട്രജൻ അടങ്ങിയ രാസവളങ്ങളാണ്. മറ്റൊരു പ്രധാന ഘടകമായ മീതൈനിന്റെ ഉറവിടം കന്നുകാലി വളർത്തലും വെള്ളം കെട്ടിനിർത്തിയുള്ള നെൽകൃഷിയുമാണ്. വിള‑ജൈവ അവശിഷ്ടങ്ങൾ കത്തിക്കുന്നതും മറ്റൊരു കാരണമാണ്. അശാസ്ത്രീയമായ ഭൂവിനിയോഗം, രാസവള കീടനാശിനികളുടെ അമിതമായ ഉപയോഗം, ഉയർന്ന വൈദ്യുതി ഉപയോഗം തുടങ്ങി നിരവധി ഘടകങ്ങൾ, കൃഷിയിൽ നിന്നുള്ള ഹരിത ഗൃഹവാതക പ്രഭാവത്തിനും ആഗോളതാപനത്തിനും ഇടയാക്കുന്നുമുണ്ട്. അതേസമയം, കാലാവസ്ഥാ വ്യതിയാനത്തിനു മുഖ്യഹേതുവായ കാർബൺഡയോക്സൈഡ് വാതകത്തിന്റെ നല്ലൊരു പങ്കും ആഗിരണം ചെയ്ത്, അന്തരീക്ഷത്തിൽ അതിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത് ഹരിതസസ്യങ്ങളും മണ്ണും ചേർന്നാണെന്നുള്ള വസ്തുത സൗകര്യപൂർവം വിസ്മരിക്കപ്പെടുകയാണ്.

ഇന്ത്യയിൽ കൃഷിയിൽ നിന്നും കൃഷി അനുബന്ധ മേഖലകളിൽ നിന്നുമുള്ള മൊത്തം ഹരിതഗൃഹവാതക ഉത്സർജനം 14 ശതമാനം മാത്രമാണ്. ഇതില്‍ അഞ്ച് ശതമാനം കൃഷിയിൽ നിന്നും ഒന്‍പത് ശതമാനം കന്നുകാലി വളർത്തലിൽ നിന്നുമാണ്. കഴിഞ്ഞവർഷം കേന്ദ്ര സർക്കാർ യുഎൻ കാലാവസ്ഥാ വ്യതിയാന ഉടമ്പടി ഉപഘടനയ്ക്ക് (യുഎന്‍എഫ്‌സിസിസി) നൽകിയിട്ടുള്ള റിപ്പോർട്ട് പ്രകാരം, കൃഷിയിൽ നിന്നും കൃഷി അനുബന്ധ മേഖലകളിൽ നിന്നുമുള്ള ഇന്ത്യയുടെ ഹരിതഗൃഹ വാതക ഉത്സർജനം 408 യൂണിറ്റും (മില്യൺ ടൺ കാർബൺഡയോക്സൈഡ് ഇക്വലൻഡ്) അതിൽ കാർഷിക വിളകളുടെ ഉത്സർജനം 155 യൂണിറ്റുമാണ്. അതേസമയം, കാർഷിക വിളകൾ മാത്രം 252 യൂണിറ്റ് കാർബൺ ആഗിരണം ചെയ്യുന്നുണ്ട്. ഇതിനർത്ഥം, ഉത്സർജനത്തെക്കാൾ 97 യൂണിറ്റ് കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ കൃഷിയിലൂടെ ആഗിരണം ചെയ്യപ്പെടുന്നുവെന്നാണ്. അതിനാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരുപറഞ്ഞ്, കൃഷിയിൽ രാസവളങ്ങളുടെയും ഊർജത്തിന്റെയും ഉപഭോഗവും കർഷകർക്കുള്ള സബ്സിഡിയും അശാസ്ത്രീയമായി വെട്ടിക്കുറയ്ക്കുന്നതിനുള്ള നീക്കങ്ങൾക്കെതിരെ കനത്ത ജാഗ്രത ആവശ്യമാണ്. സുസ്ഥിര കൃഷി സമ്പ്രദായങ്ങൾക്കും ഉത്തമ കൃഷിമുറകൾക്കും പ്രാധാന്യം നൽകുന്നതിലൂടെ മാത്രം, കാർഷികമേഖലയിൽ കാർബൺ ന്യൂട്രൽ സാഹചര്യം സൃഷ്ടിക്കുവാൻ കഴിയും.

കൃഷിയുടെ പാരിസ്ഥിതിക മൂല്യം കണക്കിലെടുത്ത് വലിയതോതിലുള്ള സഹായങ്ങളാണ് വികസിത രാജ്യങ്ങൾ തങ്ങളുടെ കർഷകർക്ക് നൽകിവരുന്നത്. ഒരു സുസ്ഥിര വികസന നയമായി ഇന്ത്യയിൽ കേന്ദ്ര സർക്കാർ ഇതിനെ അംഗീകരിച്ചിട്ടില്ല. അതേസമയം, നെൽവയൽ ഉടമകൾക്ക് റോയൽറ്റി നൽകുന്നതിനുള്ള തീരുമാനത്തിലൂടെ കേരളം ഇക്കാര്യത്തിൽ നല്ലൊരു മാതൃക സൃഷ്ടിച്ചിട്ടുണ്ട്. നെൽപ്പാടങ്ങളുടെ വലിയ തോതിലുള്ള പരിവർത്തനം, ജലലഭ്യതയ്ക്കും പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും ആവാസ വ്യവസ്ഥയ്ക്കും ആഘാതം സൃഷ്ടിക്കുമെന്നു കണ്ടാണ് സർക്കാർ നെൽകർഷകർക്ക് റോയൽറ്റി നൽകിവരുന്നത്. പരിസ്ഥിതി ഇടപെടലുകൾ പ്രകൃതി സൗഹാർദ്ദമാക്കുന്നതിനുവേണ്ടി അവബോധം സൃഷ്ടിക്കുന്നതിനും സന്തുലിതമായ പരിസ്ഥിതി സംരക്ഷണവും വികസനവും ഉറപ്പുവരുത്തുന്നതിനുമായി അടുത്തവർഷം മുതൽ പൊതുബജറ്റിനൊപ്പം ‘പരിസ്ഥിതി ബജറ്റ്’ കൂടി അവതരിപ്പിക്കുമെന്ന ചരിത്രപരമായ പ്രഖ്യാപനമാണ് കേരള സർക്കാർ നടത്തിയിട്ടുള്ളത്. കൃഷിയുടെ പരിസ്ഥിതി മൂല്യത്തിന് വില കല്പിക്കുന്ന ഏതു നയസമീപനവും കർഷകരോടുള്ള ആദരവും അംഗീകാരവും ആയിരിക്കുമെന്നതിൽ സംശയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.