23 December 2024, Monday
KSFE Galaxy Chits Banner 2

ഭക്ഷ്യസുരക്ഷാവലയം വിപുലമാക്കണം

പ്രൊഫ. കെ അരവിന്ദാക്ഷൻ
December 29, 2022 4:30 am

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എന്‍എഫ്എസ്എ) എന്ന പേരില്‍ ഒരു നിയമനിര്‍മ്മാണം 2013ല്‍ അന്നത്തെ യുപിഎ ഭരണകൂടം നടപ്പാക്കിയതിന്റെ ലക്ഷ്യം ഇന്ത്യയില്‍ നിര്‍ണായകമായ ഭക്ഷ്യസുരക്ഷാ വലയം തീര്‍ക്കുക എന്നതായിരുന്നു. പൊതുവിതരണ വ്യവസ്ഥയ്ക്കു കീഴില്‍ 800 ദശലക്ഷം ജനങ്ങള്‍ക്കെങ്കിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന സ്ഥിതിവിശേഷം നിലവില്‍ വരികയും ചെയ്യുമായിരുന്നു. തുടക്കത്തില്‍ പിഡിഎസിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നവര്‍ പോലും കോവിഡ് ദുരന്തത്തിന്റെ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഇതുവഴി ലഭ്യമായ ആശ്വാസം എന്തെന്ന് തിരിച്ചറിഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം സിപിഐ നേതാവ് അച്യുതമേനോന്റെ‍ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും സിപിഐ(എം) നേതാവായ ഇ കെ നായനാര്‍ മന്ത്രിസഭയിലും സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രിയായിരുന്ന സിപിഐയിലെ ഇ ചന്ദ്രശേഖരന്‍ നായര്‍ പൊതുവിതരണ സംവിധാനത്തെ ലോകോത്തരമാതൃകയായി ഉയര്‍ത്തിയതും ഐക്യരാഷ്ട്രസഭയുടെ തന്നെ പ്രശംസ പിടിച്ചുപറ്റിയതും ചരിത്രത്തിന്റെ ഭാഗമാണ്. അതിനുശേഷം അഖിലേന്ത്യാടിസ്ഥാനത്തില്‍ പിഡിഎസിന്റെ പ്രസക്തി കൃത്യമായി ജനഹൃദയങ്ങളിലെത്തിക്കാന്‍ അവസരമുണ്ടായത് കോവിഡ്‌കാല ലോക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്നായിരുന്നു. എന്നാല്‍ അപ്പോള്‍ പോലും പദ്ധതിയുടെ ആനുകൂല്യം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന പരാതി വ്യാപകമായി തന്നെ നിലനില്‍ക്കുകയായിരുന്നു എന്നതാണ് വസ്തുത.

കോവിഡ് കാലയളവില്‍ ഉയര്‍ന്നുകേട്ട ന്യായമായൊരു ആവശ്യം പിഡിഎസിന്റെ ആനുകൂല്യം ജനസംഖ്യയുടെ വര്‍ധന കൂടി കണക്കിലെടുത്തുവേണം നിര്‍ണയിക്കാന്‍ എന്നതായിരുന്നു. എന്നാല്‍ യുക്തിസഹമായ ഈ ആവശ്യം പരിഗണിക്കപ്പെടുകയുണ്ടായില്ല. ഇതിനുളള ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് നിലവിലുണ്ടായിരുന്ന കവറേജ് തന്നെ 800 ദശലക്ഷം വരുമെന്നായിരുന്നു. ഇതുതന്നെ സര്‍ക്കാരിന് വലിയൊരു ബാധ്യതയാണെന്നാണ്. 2013ലെ ഭക്ഷ്യസുരക്ഷാ നിയമം വിഭാവനം ചെയ്തിരുന്നത് സുരക്ഷയ്ക്ക് അര്‍ഹമായ കുടുംബങ്ങള്‍ മൊത്തം ഗ്രാമീണ ജനസംഖ്യയുടെ 75 ശതമാനവും നഗരമേഖലയിലെ 50 ശതമാനം ആയിരിക്കുമെന്നായിരുന്നു. ജനസംഖ്യാ കണക്കാണെങ്കില്‍ ഏറ്റവും ഒടുവില്‍ ലഭ്യമാകുന്ന സെന്‍സസിനെ അടിസ്ഥാനമാക്കിയുള്ളതുമായിരിക്കണം. 2011നു ശേഷം സെന്‍സസ് കണക്കുകളില്‍ വന്നിരിക്കുന്ന വര്‍ധന കൃത്യമായി കണക്കാക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് പ്രതിസന്ധി ഉടലെടുത്തിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന അലംഭാവവും നിഷ്ക്രിയത്വവും ഈ വിഷയത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഇടപെടലിന് വരെ വഴിയൊരുക്കി. കോവിഡ് ദുരന്തം പൊട്ടിപ്പുറപ്പെട്ടതോടെയാണ് അതുവരെ ജനശ്രദ്ധ വേണ്ടത്ര ആകര്‍ഷിക്കാതിരുന്ന കുടിയേറ്റത്തൊഴിലാളികളുടെ പലായനം ഗൗരവതരമായൊരു വിഷയമാണെന്ന് അധികൃതസ്ഥാനത്തുള്ളവര്‍ക്കു തന്നെ ബോധ്യമുണ്ടാകുന്നത്. എന്നിരുന്നാലും പ്രശ്നം ഏതുവിധേന കൈകാര്യം ചെയ്യുമെന്നതിനെപ്പറ്റി ഒരു ധാരണയുമുണ്ടായിരുന്നതുമില്ല. അത്തരമൊരു പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയില്‍ ഈ വിഷയം പരിഗണനയ്ക്കായി വരുന്നത്.

 


ഇതുകൂടി വായിക്കു; വെറുംവാക്കുകള്‍ കൊണ്ട് അന്നം മുട്ടിക്കരുത്


 

കുടിയേറ്റ ജനതയുടെ പ്രശ്നങ്ങളും ദുരിതങ്ങളും ഒരു റിട്ട് ഹര്‍ജിയിലൂടെയാണ് സുപ്രീം കോടതിയിലെത്തുന്നത്. പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെട്ട കോടതി, ഭക്ഷ്യസുരക്ഷയുടെ കവറേജ് വിപുലീകരിക്കുക എന്ന ആവശ്യം തികച്ചും നീതീകരിക്കത്തക്കതാണെന്ന നിഗമനത്തിലെത്തുകയായിരുന്നു. ആനുകൂല്യങ്ങള്‍ 2011ന്റെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ വിഭാഗത്തെ മാത്രം കണക്കാക്കി ലഭ്യമാക്കിയാല്‍ മതിയാവില്ലെന്നും നിയമം വഴി കിട്ടാന്‍ അര്‍ഹരായവരെ മുഴുവന്‍ അധിക ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളൊരു നയമോ പദ്ധതിയോ രൂപീകരിച്ച് നടപ്പാക്കണമെന്നതായിരുന്നു 2022 ജൂലൈ 21ന് കോടതിയുടെ നിര്‍ദേശം. ഭാവിയിലെ ജനസംഖ്യാ വര്‍ധനവു കൂടി കണക്കിലെടുത്തു വേണം പദ്ധതിക്ക് അന്തിമ രൂപം നല്കാനെന്നുള്ള നിര്‍ദേശവും നല്കി. ദേശീയതലത്തില്‍ തന്നെ അടിയന്തര ശ്രദ്ധ ആവശ്യമായിരുന്ന ഈ വിഷയത്തില്‍ സുപ്രീം കോടതി പോലും പ്രകടിപ്പിച്ച ഗൗരവത്തോടെ അതിന് പരിഹാരം കണ്ടെത്താന്‍ മോഡി സര്‍ക്കാര്‍ സന്നദ്ധമായില്ലെന്നതാണ് വലിയൊരു ചോദ്യചിഹ്നമുയര്‍ത്തിയത്. ജൂലൈയില്‍ സുപ്രീം കോടതി മുന്നോട്ടുവച്ച നിര്‍ദേശത്തിന് മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത് ഒക്ടോബര്‍ 10ന് മാത്രമായിരുന്നു. വൈകിവന്ന ഈ മറുപടി തന്നെ തീര്‍ത്തും നിരാശാജനകവുമായിരുന്നു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ നടത്തിപ്പില്‍ നിലവിലുണ്ടായിരുന്ന പിഡിഎസ് കവറേജില്‍ അയവുവരുത്തുക പ്രായോഗികമല്ലെന്നായിരുന്നു ഇത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസക്തമായി കാണേണ്ടത് സുപ്രീം കോടതിയുടെ തുടര്‍ന്നുള്ള ചില പരാമര്‍ശങ്ങളാണ്. ജനസംഖ്യാ കണക്കുകളുടെ പ്രാധാന്യം കുറച്ചു കാണേണ്ടതില്ലെന്നുതന്നെ അംഗീകരിക്കേണ്ടി വന്നാല്‍പോലും അതിന്റെ പരിമിതി മറികടക്കാന്‍ സുപ്രീം കോടതി പരിഹാരം നിര്‍ദേശിക്കുന്നുണ്ട്. ജനസംഖ്യാ വര്‍ധനവിന്റെ ഭാവി സാധ്യതകള്‍ കൂടി കണക്കിലെടുക്കുക എന്നതാണിത്. അങ്ങനെയായാല്‍ കവറേജ് അതിനനുസരിച്ച് വര്‍ധിപ്പിക്കുന്നതിനും പിഡിഎസ് ഗുണഭോക്താക്കളുടെ എണ്ണം ഉയര്‍ത്തുന്നതിനും പ്രതിബന്ധമുണ്ടാവില്ല. മാത്രമല്ല, ഭാവി ജനസംഖ്യാ വര്‍ധനവ് സംബന്ധമായ വിവരങ്ങള്‍ രജിസ്റ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ഓഫീസില്‍ നിന്നും ലഭ്യമാകുന്നതുമാണ്. നിതി ആയോഗ് എന്ന സര്‍ക്കാര്‍ വകുപ്പിനു സമാനമായൊരു സംവിധാനത്തിന്റെ കാഴ്ചപ്പാടിനോടൊത്ത് നിലപാടെടുക്കുകയായിരുന്നു മോഡി സര്‍ക്കാര്‍ ചെയ്തത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്ന കാലഘട്ടത്തില്‍ പ്രതീക്ഷിച്ചിരുന്നത് ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന ദരിദ്രജനതയുടെ ജീവിതനിലവാരം താമസിയാതെ മെച്ചപ്പെടുമെന്നും അതോടെ പിഡിഎസ് കവറേജ് കുറവുവരുത്താന്‍ കഴിയുമെന്നുമായിരുന്നു. ദീര്‍ഘവീക്ഷണമില്ലായ്മയുടെ മകുടോദാഹരണമെന്ന നിലയിലല്ലാതെ നിതി ആയോഗിന്റെ ഈ കാഴ്ചപ്പാടിനെ വിശേഷിപ്പിക്കാനാവില്ല. യഥാര്‍ത്ഥത്തില്‍ ദേശീയ ഭക്ഷ്യസുരക്ഷാ വിഷയത്തില്‍ പാര്‍ലമെന്റില്‍ അന്നത്തെ യുപിഎ ഭക്ഷ്യ മന്ത്രി പ്രൊഫ. കെ വി തോമസ് അവതരിപ്പിച്ച മാത്രയില്‍ തന്നെ ഉയര്‍ന്നു കേട്ടൊരു വിമര്‍ശനം പുതിയ നിയമത്തിന്റെ കവറേജ് സാര്‍വത്രികം-യൂണിവേഴ്സല്‍ ആകണമെന്നായിരുന്നു. ഈ വാദത്തില്‍ തുടക്കം മുതല്‍ ഉറച്ച നിലപാടെടുത്തത് സിപിഐയും ബിജു ജനതാദളും ആയിരുന്നു. അന്ന് പ്രതിപക്ഷ നേതൃസ്ഥാനത്ത് പ്രമുഖനായിരുന്ന ബിജെപിയിലെ കെ മുരളീ മനോഹര്‍ ജോഷി വിലപിച്ചത് പുതിയ നിയമം പകുതി വേവിച്ച ഒന്നാണെന്നും ആനുകൂല്യങ്ങള്‍ സാര്‍വത്രികമാക്കണമെന്നുമായിരുന്നു.

 


ഇതുകൂടി വായിക്കു;  ജി20 യില്‍ മുഴങ്ങുന്നത് സ്വകാര്യ മേഖലയുടെ ഇരമ്പം


 

നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും തങ്ങള്‍ക്കനുകൂലമല്ലെന്ന തികഞ്ഞ ബോധ്യമുണ്ടായിരുന്ന ഭരണാധികാരിവര്‍ഗം അവ മറച്ചുവയ്ക്കുന്നതിനായി മുട്ടായുക്തി ഉന്നയിച്ചാണ് സ്വന്തം സമീപനത്തെ സാധൂകരിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചത്. ഇതിന്റെ ഭാഗമെന്ന നിലയില്‍ സാമ്പത്തിക വികസനം ത്വരിതഗതിയിലായതിന്റെ ഫലമായി ആളോഹരി വരുമാനം ഗണ്യമായി ഉയര്‍ന്നിട്ടുണ്ടെന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം അതിനാനുപാതികമായി ഇടിഞ്ഞിട്ടുണ്ടെന്നും മറ്റുമായിരുന്നു ഈ വാദഗതിയുടെ പോക്ക്. ഈ വാദഗതി ശുദ്ധമായ അബദ്ധമാണെന്ന് ഏതൊരു സ്കൂള്‍ വിദ്യാര്‍ത്ഥിക്കും തിരിച്ചറിയാന്‍ കഴിയുന്നതുമാണ്. ഇന്ത്യയില്‍ സാമ്പത്തികാസമത്വം വളരുകയാണ് തളരുകയല്ല ചെയ്തിട്ടുള്ളതെന്നും സാധാരണ ജനങ്ങള്‍ക്കറിയാം.

സ്വന്തം നിലപാടുകളും വാദഗതികളും വിലപ്പോകുന്നില്ലെന്ന് ബോധ്യമാകുന്ന മാത്രയില്‍ കേന്ദ്ര സര്‍ക്കാര്‍ തന്ത്രപൂര്‍വം ചെയ്തുവരുന്നത് ജനകീയ പ്രശ്നങ്ങള്‍ക്കുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരുകളുടെ ചുമലില്‍ കെട്ടിവയ്ക്കുകയാണ്. പൊതുവിതരണ സംവിധാനത്തില്‍ ഉള്‍പ്പെടുത്തേണ്ടവരെ കണ്ടെത്താനുള്ള ചുമതല സംസ്ഥാന സര്‍ക്കാരുകളുടേതാണെന്നും അവരാണ് റേഷന്‍ കാര്‍ഡ് വിതരണം നടത്തുന്നതെന്നുമാണ് കേന്ദ്ര ഭരണകൂടങ്ങള്‍ എല്ലാക്കാലത്തും പ്രയോഗത്തിലാക്കിയിട്ടുള്ള രക്ഷപ്പെടല്‍ തന്ത്രം. ഈ തന്ത്രം കോവിഡ് സൃഷ്ടിച്ച ലോക്ഡൗണുകള്‍ പ്രശ്നം വഷളാക്കാന്‍ കളമൊരുക്കിയ കാലയളവിലും പിന്‍തുടരുകയാണുണ്ടായത്. അതിവിദഗ്ധമായ കൈകഴുകല്‍ സൂത്രവിദ്യതന്നെയാണിത്. ഇതിന്റെ ആഘാതം വന്നുപതിക്കുന്നതോ നിസഹായരായ ജനങ്ങളുടെ മേലുമാണ്.
ദേശീയ ഭക്ഷ്യസുരക്ഷാ നയം അതേപടി നടപ്പാക്കുക എന്ന ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാത്രം ഏറ്റെടുത്തു നിര്‍വഹിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ ജനതയില്‍ ബഹുഭൂരിഭാഗവും അത്രയധികം പട്ടിണിയും ദാരിദ്ര്യവുമാണ് ഏറെക്കാലമായി അനുഭവിച്ചുവരുന്നത്. കോവിഡിന്റെയും ലോക്ഡൗണുകളുടെയും വരവോടെ ഇത് കൂടുതല്‍ ഗുരുതരമായി മാറുകയും ചെയ്തു. എന്തെല്ലാം പരിമിതികളും സാമ്പത്തിക ഞെരുക്കങ്ങളുമുണ്ടെങ്കിലും നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ അവസരത്തിനൊത്തുയരുകയും സാമ്പത്തികാശ്വാസവുമായി രംഗത്തുവരുകയും ചെയ്തതായിട്ടാണ് അനുഭവം. ഛത്തീസ്ഗഢ്, ഒഡിഷ എന്നീ ആദിവാസി ജനസാന്ദ്രത കൂടുതലായുള്ള സംസ്ഥാനങ്ങളാണ് തുടക്കം മുതല്‍ പിഡിഎസ് കവറേജ് ദേശീയ തലത്തിലുള്ളതിലേറെ ഉയര്‍ത്തിയതെന്നോര്‍ക്കുക. ഈ രണ്ടു സംസ്ഥാനങ്ങളിലും ചേര്‍ന്ന് 2020ല്‍ 809 മില്യണ്‍‍ പേരാണ് പിഡിഎസിന്റെ ദേശീയ കവറേജില്‍ ഉണ്ടായിരുന്നത്. ഇതിനുപുറമെ 90 മില്യണ്‍ പേര്‍ക്കുകൂടി ഈ ആനുകൂല്യം ഇരു സംസ്ഥാനങ്ങളിലും അധികമായി ലഭ്യമാക്കിയിരുന്നു. അതേ അവസരത്തില്‍ മോഡി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏത് വിധേനയും രാഷ്ട്രീയാധികാരം ശക്തമാക്കുകയും നിലനിര്‍ത്തുകയും ചെയ്യുകയാണെന്നതാണ് ആത്യന്തിക ലക്ഷ്യമെന്ന് ഏതൊരാള്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ നിതാന്ത ജാഗ്രതയാണ് അനിവാര്യമായിട്ടുള്ളത്. 2013ലെ കാര്‍ഷിക മേഖലാ പരിഷ്കാരങ്ങളില്‍ വെള്ളം ചേര്‍ക്കാനും അതിലെ വ്യവസ്ഥകള്‍ കോര്‍പറേറ്റുകള്‍ക്കനുകൂലമായി മാറ്റാനും മോഡി സര്‍ക്കാര്‍ നടത്തിയ കുത്സിതശ്രമങ്ങള്‍ക്ക് എതിരായി കര്‍ഷക സമൂഹം ഒന്നടങ്കം രംഗത്തെത്തിയത് ഓര്‍മ്മയിലുണ്ടായിരിക്കുമല്ലോ. ഇതേ സര്‍ക്കാരിനെക്കൊണ്ട് സുപ്രീം കോടതി നിര്‍ദേശാനുസരണം ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായ പിഡിഎസ് കവറേജ് 100 മില്യണ്‍‍ പേര്‍ക്കുകൂടി ലഭ്യമാക്കുന്നതിനനുകൂലമായ നടപടികള്‍ക്കായി സമ്മര്‍ദ്ദം ചെലുത്താതെ ലക്ഷ്യം നേടുക സാധ്യമല്ല. ഈ യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞേ തീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.