12 April 2024, Friday

വിദ്വേഷ പ്രസംഗവും ബിജെപിയുടെ ഇരട്ടത്താപ്പും

യെസ്‌കെ
March 3, 2024 4:30 am

ജയിലില്‍ ജാതിയും മതവും അടിസ്ഥാനപ്പെടുത്തി തടവുകാര്‍ക്കിടയില്‍ നടത്തുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ജാതി, മതം, നിറം, ജനനസ്ഥലം എന്നീ കാര്യങ്ങളില്‍ വിവേചനം കാണിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. അടുക്കള കൈകാര്യം ചെയ്യുന്നതിനോ ഭക്ഷണം പാകം ചെയ്യുന്നതിനോ യാതൊരു വിവേചനവും ജയിലിനുള്ളില്‍ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമയച്ച നോട്ടീസില്‍ പറയുന്നു. സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനവും വിലക്കിയിട്ടുണ്ട്. ജയിലുകളില്‍ ജാതി വിവേചനമുണ്ടെന്ന പൊതുതാല്പര്യ ഹര്‍ജിയില്‍ 11 സംസ്ഥാനങ്ങളോടൊപ്പം കേന്ദ്രത്തിനും സുപ്രീം കോടതി വിശദീകരണം ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. നല്ലതുതന്നെ, ജയിലിലെങ്കിലും വിവേചനം പാടില്ലെന്ന് പറയാന്‍ മോഡി ഭരണകൂടം കാണിച്ച നല്ലമനസ്. രണ്ടുദിവസം മുമ്പ് പുറത്തുവന്ന ഒരു റിപ്പോര്‍ട്ടുമായി സര്‍ക്കാരിന്റെ ഈ നിലപാടിനെ തുലനം ചെയ്തു നോക്കേണ്ടതാണ്. രാജ്യത്ത് അടുത്ത കാലത്തുണ്ടായ വിദ്വേഷ പ്രസംഗങ്ങളിൽ 78 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും 2023ൽ മാത്രം മുസ്ലിങ്ങളെ ലക്ഷ്യമിട്ട് 668 വിദ്വേഷ പ്രസംഗ കേസുകൾ റിപ്പോർട്ട് ചെയ്തതായുമുള്ള കണക്കുകള്‍ പുറത്തുവിട്ടത് വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇന്ത്യ ഹേറ്റ് ലാബ്’ ആണ്. ജയിലുകളില്‍ മാത്രമല്ല, ഒരിടത്തും വിവേചനം ഉണ്ടാകാന്‍ പാടില്ല; ജാതിയുടെയോ മറ്റെന്തിന്റെയെങ്കിലുമോ അടിസ്ഥാനത്തില്‍. എന്നാല്‍ ഹിന്ദുരാഷ്ട്രം സ്വപ്നം കാണുന്നവര്‍ മുസ്ലിം വിഭാഗത്തിനെതിരെ നടത്തുന്ന വിദ്വേഷപ്രസംഗങ്ങള്‍ വിവേചനവും വിഭാഗീയതയുമായി കാണാന്‍ കഴിയാത്തത് അതിന്റെ വക്താക്കള്‍ക്ക് മാത്രമാണ്.
2023ല്‍ രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങളിലുണ്ടായത് 62 ശതമാനം വർധനവാണെന്നത് നമ്മളെത്തിനില്‍ക്കുന്ന വിഭാഗീയ രാഷ്ട്രീയത്തിന്റെ ഭീതിദമായ മുഖം അനാവരണം ചെയ്യുന്നു. വര്‍ഷത്തിന്റെ ആദ്യപകുതിയിൽ 255 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ രണ്ടാം പകുതിയിൽ അത് 413 ആയി ഉയർന്നു. ഇതില്‍ 239 കേസുകൾ മുസ്ലിങ്ങൾക്കെതിരായ അതിക്രമങ്ങൾക്കുള്ള പരസ്യമായ ആഹ്വാനമായിരുന്നു. ലൗ ജിഹാദ്, ലാന്റ് ജിഹാദ്, ഹലാൽ ജിഹാദ്, ജനസംഖ്യാ ജിഹാദ് പോലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങളായിരുന്നു 63 ശതമാനമെങ്കില്‍ 25 ശതമാനം മുസ്ലിം ആരാധനാലയങ്ങളെ ലക്ഷ്യമാക്കിയുള്ള പ്രസംഗങ്ങളാണെന്ന് ‘ഇന്ത്യയിലെ വിദ്വേഷ പ്രസംഗ കേസുകൾ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഐഎച്ച്എല്‍ പറയുന്നു.

 


ഇതുകൂടി വായിക്കൂ: നുണക്കോട്ടകളുടെ ആഘോഷം


മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ വിദ്വേഷ പ്രസംഗങ്ങൾ നടന്നത്. ഇസ്രയേൽ‑ഗാസ യുദ്ധത്തെ തുടർന്ന് ഇന്ത്യൻ മുസ്ലിങ്ങൾക്കെതിരെ 41 വിദ്വേഷ പ്രസംഗങ്ങൾ നടന്നു. വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ സ്വമേധയാ കേസെടുക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രിം കോടതി നിർദേശം നൽകിയത് അടുത്തകാലത്താണ്. ഇത്തരക്കാരുടെ മതം നോക്കാതെ നടപടിയെടുക്കണമെന്നും പരാതി ലഭിച്ചില്ലെങ്കിലും കേസെടുക്കണമെന്നുമാണ് നിർദേശം. ജസ്റ്റിസുമാര്‍ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. കേസെടുക്കാൻ വൈ കിയാല്‍ സംസ്ഥാനങ്ങൾക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ ചാനലുകളും പൊതുവേദികളും തീവ്രസ്വഭാവമുള്ളവർ ഉപയോഗിക്കുകയാണെന്നും രാഷ്ട്രീയവും മതവും വേർതിരിക്കപ്പെടുമ്പോൾ ഇതെല്ലാം അവസാനിക്കുമെന്നും ജസ്റ്റിസ് കെ എം ജോസഫ് ഉത്തരവില്‍ വ്യക്തമാക്കി. മറുപുറത്ത് നിൽക്കുന്നവരോട് പാകിസ്ഥാനിലേക്ക് പോകൂ എന്നാണ് ചിലര്‍ പറയുന്നതെന്നും ഇത്തരം പ്രസംഗങ്ങൾ ഇനി നടത്തില്ലെന്ന് ജനങ്ങൾ എന്തുകൊണ്ടാണ് പ്രതിജ്ഞയെടുക്കാത്തതെന്നും അദ്ദേഹം ചോദിക്കുകയും ചെയ്തു. പക്ഷേ ബിജെപി ഭരണകൂടങ്ങള്‍ക്ക് നീതിപീഠവും നിയമവും അവരുടെ ആസ്ഥാന വിദ്വാന്‍മാരുടെ തീരുമാനമാണല്ലോ. ബിജെപിയിതര സംസ്ഥാനങ്ങളിലും വിദ്വേഷ പ്രസംഗങ്ങൾ നടന്നിരുന്നെങ്കിലും അപകടകരമായ രീതിയിലുള്ള പ്രസംഗങ്ങൾ കൂടുതലും ബിജെപി സംസ്ഥാനങ്ങളിലായിരുന്നുവെന്ന് റിപ്പോർട്ടിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളില്‍ ബിജെപിയും അനുബന്ധ ഗ്രൂപ്പുകളുമാണ് മുന്നിലെന്ന് ഇതേക്കുറിച്ച് പഠനം നടത്തുന്ന വാഷിങ്ടണ്‍ ഡിസി ആസ്ഥാനമായുള്ള ‘ഹിന്ദുത്വ വാച്ച്’ കഴിഞ്ഞ സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2014ല്‍ മോഡി അധികാരത്തിലെത്തിയ ശേഷം മുസ്ലിം വിരുദ്ധ പ്രസംഗങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായും രേഖപ്പെടുത്തപ്പെട്ട വിദ്വേഷ പ്രസംഗങ്ങളില്‍ പകുതിയിലേറെയും ബിജെപി ഗ്രൂപ്പുകളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പഠന വിധേയമാക്കിയ മുസ്ലിങ്ങള്‍ക്കെതിരായുള്ള 255 വിദ്വേഷ പ്രസംഗങ്ങളില്‍ 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് അരങ്ങേറിയത്. 2017ല്‍ വിദ്വേഷ പ്രസംഗങ്ങളുടെ ഡാറ്റ ശേഖരണം ഇന്ത്യയിലെ ക്രൈംബ്യൂറോ നിര്‍ത്തലാക്കിയതിന് ശേഷം പുറത്തുവരുന്ന മുസ്ലിങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രസംഗത്തെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടായിരുന്നു ഹിന്ദുത്വ വാച്ചിന്റേത്. പ്രസംഗങ്ങളില്‍ 64 ശതമാനം മുസ്ലിങ്ങള്‍ക്കെതിരെയുള്ള ‘ഗൂഢാലോചന സിദ്ധാന്തങ്ങളും 33 ശതമാനം അവര്‍ക്കെതിരെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതുമാണ്.
ഇത്തരം സംഭവങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ബിജെപി ഭരണകൂടങ്ങള്‍ കാണിക്കുന്ന ഇരട്ടത്താപ്പ് ഡല്‍ഹി ഹെെക്കോടതിയുള്‍പ്പെടെ നീതിപീഠങ്ങള്‍ പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. തങ്ങള്‍ക്കെതിരെയുള്ളവരുടെ കേസുകള്‍ ചികഞ്ഞുണ്ടാക്കി നടപടിയെടുക്കാനാണ് സംഘ്പരിവാറിന് ആവേശം. എഴുത്തുകാരി അരുന്ധതി റോയിക്കും മുൻ കശ്മീരി പ്രൊഫസർക്കുമെതിരെ 2010ൽ രജിസ്റ്റർ ചെയ്ത കേസിൽ തുടർനടപടിക്ക് ഡൽഹി ലഫ്. ഗവർണർ വി കെ സക്സേന 2023 ഒക്ടോബറില്‍ അനുമതി നൽകിയത് ഉദാഹരണം. ന്യൂഡൽഹിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് അരുന്ധതി റോയിക്കും കശ്മീർ കേന്ദ്ര സര്‍വകലാശാലയിലെ ഇന്റർനാഷണൽ ലോ വിഭാ​ഗം മുൻ പ്രൊഫസർ ഡോ. ഷേഖ് ഷൗക്കത്ത് ഹുസൈനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് കശ്മീരിലെ സാമൂഹിക പ്രവർത്തകനായ സുശീൽ പണ്ഡിറ്റ് 2010 ഒക്ടോബർ 28ന് തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലെ തുടര്‍നടപടിക്കാണ് 2023ല്‍ അനുമതി.

 


ഇതുകൂടി വായിക്കൂ: കുചേലന്റെ അവിൽപ്പൊതിയും തെരഞ്ഞെടുപ്പ് ബോണ്ടെന്ന അഴിമതിപ്പൊതിയും


 

വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാവിനെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചത് കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ്. തമിഴ്‌നാട്ടിലെ ബിജെപി വനിതാ നേതാവ് കൂടിയായ അഭിഭാഷക വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലാണ് ജഡ്ജിയാക്കിയത്. ഇതിനെ ന്യായീകരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രംഗത്തുവന്നുവെന്ന സവിശേഷതയുമുണ്ട്. അഭിഭാഷക കാലത്തെ രാഷ്ട്രീയ നിലപാടുകൾ ജഡ്ജിയാക്കുമ്പോൾ പരിഗണിക്കേണ്ടതില്ലെന്നും വൈവിധ്യമാർന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ളവർ മികച്ച ജഡ്ജിമാരായിട്ടുണ്ടെന്നും ശ്രദ്ധേയമായ വിധിപ്രസ്താവങ്ങൾ നടത്തിയ ജസ്റ്റിസ് കൃഷ്ണയ്യർക്ക് രാഷ്ട്രീയ പശ്ചാത്തലമുണ്ടായിരുന്നുവെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ സര്‍ട്ടിഫിക്കറ്റ്.
ഇത്രയൊക്കെ റിപ്പോര്‍ട്ടുകളും കോടതി ഉത്തരവുകളും ഉണ്ടെങ്കിലും ഹിന്ദുത്വനേതാക്കളുടെ വിദ്വേഷപ്രസംഗത്തിന് ഒരറുതിയുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് തെ​ല​ങ്കാ​ന​യി​ലെ ബിജെപി എംഎ​ൽഎ ടി രാ​ജാസി​ങ്. മുംബെെയിലെ മീ​രാ​റോ​ഡി​ൽ ‘സ​ക​ൽ ഹി​ന്ദു സ​മാ​ജ്’​ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യിലാണ് ഹി​ന്ദു​രാ​ഷ്ട്ര​ത്തി​നാ​യി ശ്ര​മി​ക്കാ​നും ജി​ഹാ​ദ്, മ​ത​പ​രി​വ​ർ​ത്ത​നം, ഗോ​വ​ധം എ​ന്നി​വയ്ക്കെ​തി​രെ പൊ​രു​താ​നും രാ​ജ കഴിഞ്ഞദിവസം അ​ണി​ക​ളോ​ട്​ ആ​ഹ്വാ​നം ചെ​യ്തത്. ഇക്കാര്യത്തില്‍ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം നി​യ​മോ​പ​ദേ​ശം തേ​ടു​മെ​ന്നാണ് ഉ​ന്ന​തോദ്യോ​ഗ​സ്ഥ​രുടെ നിലപാട്. മഹാരാഷ്ട്ര ഭരിക്കുന്നത് ബിജെപിയും അടര്‍ന്നുമാറിയ ശിവസേനാ വിഭാഗവും ചേര്‍ന്നാണ്. മറ്റ് സംഘ്പരിവാര്‍ ഭരണകൂടങ്ങളില്‍ നിന്ന് വ്യത്യസ്തമായതെന്തെങ്കിലും ഇവിടെയുണ്ടാകുമെന്ന് കോടതികള്‍ പോലും വിശ്വസിക്കാന്‍ സാധ്യതയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.