23 December 2024, Monday
KSFE Galaxy Chits Banner 2

ജാതിവെറിയുടെ പകർന്നാട്ടങ്ങൾ

ടി കെ പ്രഭാകരകുമാര്‍
August 20, 2022 6:45 am

രാജസ്ഥാനിലെ ഒരു സ്കൂളിൽ അധ്യാപകരുടെ പാത്രത്തിൽ നിന്നും വെള്ളം കുടിച്ചതിന്റെ പേരിൽ ദളിത് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം രാജ്യവ്യാപകമായി കടുത്ത പ്രതിഷേധത്തിനാണ് ഇടവരുത്തിയത്. സവർണനായ അധ്യാപകന്റെ മനസിലുള്ള ജാതിവെറിയാണ് അയാളെ ദളിതനായ കുട്ടിയുടെ ജീവനെടുക്കാനുള്ള കൊടുംക്രൂരതയിലേക്ക് നയിച്ചത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല ഭാഗങ്ങളിലും ദളിതരെ ജാതിയുടെ പേരിൽ വേർതിരിച്ചുനിർത്തി അക്രമിക്കുകയും കൊലപ്പെടുത്തുകയും പീഡിപ്പിക്കുകയും ചൂഷണത്തിന് വിധേയരാക്കുകയും ചെയ്യുന്ന സംഭവങ്ങൾ സർവസാധാരണമാണ്. ഇത്തരം സംസ്ഥാനങ്ങളിൽ സവർണവിഭാഗങ്ങൾക്ക് മേൽക്കൈയുള്ള പ്രദേശങ്ങളിൽ ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കുന്ന സംഭവങ്ങൾ പതിവായതിനാൽ അതിന് വാർത്താപ്രാധാന്യം പോലും ലഭിക്കാറില്ല. കന്നുകാലിക്കച്ചവടം ഉപജീവനമാർഗമാക്കിയ ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ടവരെയും ദളിതരെയും പശുസംരക്ഷണത്തിന്റെ പേരിൽ കൊലപ്പെടുത്തുന്ന സംഭവങ്ങളും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സർവസാധാരണമായിരിക്കുന്നു. സമാനമായ മറ്റ് സംഭവങ്ങളെ പോലെ തന്നെ ദളിത് വിദ്യാർത്ഥിയെ കൊന്ന സംഭവവും കുറച്ചുദിവസങ്ങൾക്ക് ശേഷം നമ്മുടെ ചർച്ചകളിൽ നിന്ന് അകന്നുപോകും. നീരുവന്ന് വീർത്ത ആ ദൈന്യമുഖം മനസിൽ നിന്ന് മായുകയും ചെയ്യും. പിന്നെ സമൂഹ മനഃസാക്ഷി ഉണരണമെങ്കിൽ ഇതുപോലുള്ള മറ്റൊരു സംഭവം ഉണ്ടാകണം. എന്നാൽ എല്ലായ്പ്പോഴും ജാതിഭീകരത അതിന്റെ സ്വാധീനം സാഹചര്യം പോലെ കൂടിയും കുറച്ചും സമൂഹത്തിൽ നിലനിൽക്കുന്നുണ്ടാകും. ഒരു കാലത്തും തുടച്ചുനീക്കാൻ സാധിക്കാതെ അത് മനുഷ്യവർഗത്തിന്റെ ബോധമനസിലും ഉപബോധമനസിലും ഒട്ടിപ്പിടിച്ചുകിടക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ ജാതിപരിസരങ്ങൾ പൊതുവെ ശാന്തമാണ്. എന്നാൽ ഇതിന്റെയെല്ലാം അകത്തളങ്ങളിൽ അയിത്ത ചിന്തകളും ഉച്ചനീചത്വങ്ങളും നെരിപ്പോട് പോലെ പുകയുന്നുണ്ടെന്ന് നിലവിലുള്ള സാമൂഹ്യവ്യവസ്ഥിതികളെ സസൂക്ഷ്മം നിരീക്ഷിച്ചാൽ വ്യക്തമാകും.

 


ഇതുകൂടി വായിക്കു; മതരഹിതരുടെ സംവരണം


കേരളത്തിലെ ആദിവാസി-ഗോത്ര‑ദളിത് വിഭാഗങ്ങളിൽപ്പെട്ടവരെ സംബന്ധിച്ചിടത്തോളം നവോത്ഥാന വായ്ത്താരികളുടെ പുതിയ കാലഘട്ടത്തിലും നേരിടേണ്ടിവരുന്നത് കടുത്ത ജാതീയവിവേചനങ്ങളാണ്. ഉയർന്നജാതിക്കാരും പിന്നാക്കജാതിക്കാരും ദളിതരും ആദിവാസികളും ഇടകലർന്ന് ജീവിക്കുന്ന വടക്കൻകേരളത്തിലെ ഗ്രാമങ്ങളിലെ സാമൂഹികാന്തരീക്ഷത്തിൽ കുറച്ചുദിവസം ചിലവഴിച്ചുനോക്കുക. അയിത്തവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും പല രൂപത്തിലും ഭാവത്തിലും പ്രകടമാകുന്നത് കാണാം. കാസർകോട് ജില്ലയിലെ പ്രശസ്തമായ പഞ്ചുരുളി ദേവസ്ഥാനത്ത് അടുത്തിടെ ഒരു കളിയാട്ട മഹോത്സവം നടന്നു. ആദിവാസി ഗോത്രവിഭാഗത്തിന്റെ കാവിലായിരുന്നു പഞ്ചുരുളി തെയ്യത്തിന്റെ കളിയാട്ടം. നാട്ടിലെ സവർണരും അവർണരും അടക്കം നാനാജാതിമതസ്ഥർ പഞ്ചുരുളി തെയ്യത്തെ കാണാനെത്തുകയും കുറി വാങ്ങി അനുഗ്രഹം തേടുകയും ചെയ്തു. ആദിവാസി വിഭാഗത്തിൽപ്പെട്ട ആളാണ് പഞ്ചുരുളി തെയ്യം കെട്ടിയാടിയത്. എന്നാൽ കളിയാട്ടത്തിന്റെ ഭാഗമായി ഒരുക്കിയ അന്നദാനം സവർണജാതിക്കാരും ആദിവാസികളും ദളിതരും ഒഴികെയുള്ള പിന്നാക്ക ജാതിക്കാരും ബഹിഷ്കരിച്ചു. നാട്ടിൽ സവർണർ അടക്കമുള്ള ജാതികുടുംബങ്ങളിൽ നടക്കുന്ന വിവാഹം, ഗൃഹപ്രവേശം, അടിയന്തിരം തുടങ്ങിയ ചടങ്ങുകൾക്കൊന്നും ആദിവാസികൾക്കും ദളിതർക്കും ക്ഷണം ലഭിക്കാറില്ല. അയിത്ത ജാതിക്കാർ എന്ന് മുദ്രകുത്തപ്പെട്ടവരുടെ കുടുംബങ്ങളിലെ ചടങ്ങുകൾക്ക് ക്ഷണിക്കപ്പെട്ടാലും നായരും നമ്പൂതിരിയും ഈഴവരും പോകാറില്ല. ഇക്കൂട്ടത്തിൽ ആരെങ്കിലും പോയാൽ തന്നെയും ഭക്ഷണം കഴിക്കാതെ തിരിച്ചുവരും. ആദിവാസികളെയും മറ്റും മേൽജാതിക്കാരുടെ വീടുകളിൽ ഇന്നും കയറ്റാറില്ല. വരാന്തയിൽ പോലും ഇവർക്ക് സ്ഥാനമുണ്ടാകുന്നില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വീട്ടുകാർ പുറത്തിറങ്ങിവന്ന് ആദിവാസികളോട് സംസാരിച്ച് അവരെ പറഞ്ഞയയ്ക്കും. പഴയകാലത്തേതുപോലെ തീണ്ടാപ്പാടകലെ നിർത്തുന്നില്ലെന്നത് മാത്രമാണ് ആകെയുള്ള ആശ്വാസം. ഇതുപോലുള്ള ഉച്ചനീചത്വത്തിനെതിരെ മഹാകവി കുമാരനാശാൻ എഴുതിയ ചണ്ഡാലഭിക്ഷുകി എന്ന കാവ്യം അതിന്റെ നൂറാം വാർഷികത്തിൽ നമ്മളെല്ലാം ചർച്ച ചെയ്യുമ്പോഴാണ് കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും ഇന്നും ജാതി തിരയുന്ന പ്രവണത വ്യാപകമായി കണ്ടുവരുന്നത്.

ചണ്ഡാലഭിക്ഷുകി എന്ന കാവ്യത്തിൽ ബുദ്ധഭിക്ഷു ജാതി ഏതെന്ന് ചോദിക്കാതെ ചണ്ഡാലയുവതിയിൽ നിന്നും ദാഹജലം സ്വീകരിക്കുന്ന രംഗം ജാതീയതക്കെതിരെയുള്ള മനോഹരമായ പ്രതിഷേധമാണ്. ശ്രീനാരായണഗുരുവും അയ്യന്‍കാളിയും സഹോദരൻ അയ്യപ്പനുമെല്ലാം കേരളത്തിലെ ജാതിവ്യവസ്ഥയ്ക്കും അയിത്തത്തിനുമെതിരെ ശക്തമായി പോരാട്ടം നടത്തിയ മഹത് വ്യക്തിത്വങ്ങളാണ്. അവരുടെയൊക്കെ ത്യാഗത്തിന്റെ ഫലമായി കേരളത്തിൽ ജാതീയ ആക്രമണങ്ങൾ കുറഞ്ഞുവെന്നല്ലാതെ ജാതീയമനോഭാവം ഇനിയും വിട്ടുമാറിയിട്ടില്ല. പല സന്ദർഭങ്ങളിലും അതിന്റെ തീവ്രമുഖം അനുഭവഭേദ്യമായിക്കൊണ്ടിരിക്കുന്നു. അടുത്തിടെ കേരളത്തിൽ നടന്ന ചില സംഭവവികാസങ്ങൾ പരിശോധിക്കുക. മകൻ മറ്റൊരു മതത്തിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തതിന്റെ പേരിൽ പൂരക്കളി പണിക്കരായ പിതാവിന് കരിവെള്ളൂരിലെ ഒരു ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തിയ സംഭവം ഏറെ വിവാദത്തിനും പ്രതിഷേധത്തിനും ഇടവരുത്തിയിരുന്നു. ഈ വിലക്ക് ഇന്നും നിലനിൽക്കുകയാണ്. കാഞ്ഞങ്ങാട്ടെ ഒരു സമുദായ ക്ഷേത്രം ഈ സമുദായത്തിന്റെ പരിധിയിൽ വരുന്ന കുടുംബത്തിനേർപ്പെടുത്തിയ ഊരുവിലക്കും ചർച്ചാവിഷയമായിരുന്നു. സമീപകാലത്ത് മുസ്‌ലിം സമുദായത്തിൽപ്പെട്ട യുവതിക്ക് ക്ഷേത്രോത്സവത്തിൽ നൃത്തം അവതരിപ്പിക്കുന്നതിന് മതത്തിന്റെ പേരിൽ വിലക്കേർപ്പെടുത്തിയ സംഭവം നടന്നു. കാസർകോട് അതിർത്തിയിലെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് പൊതുവഴിയിൽ ദളിതർക്ക് വിലക്കേർപ്പെടുത്തുകയും അവർക്ക് പ്രത്യേക വഴിയൊരുക്കുകയും ചെയ്തത് മറക്കാൻ പാടില്ല.


ഇതുകൂടി വായിക്കു; തിരുനെൽവേലി കളക്ടറെ വെടിവച്ച് കൊന്ന വഞ്ചിനാഥ അയ്യർ


ദളിത് യുവാവിനെ പ്രണയിച്ചതിന് മകളെ മേൽജാതിക്കാരനായ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം പോലും കേരളത്തിലുണ്ടായിട്ടുണ്ട്. ജാതിയുടെ പേരിലുള്ള അക്രമങ്ങൾ, ജാതിപ്പേരുവിളിച്ചുകൊണ്ടുള്ള അപമാനങ്ങൾ എന്നുവേണ്ട ആദിവാസി ആയതിന്റെ പേരിൽ മധു എന്ന യുവാവിനെ തല്ലിക്കൊന്നതിന്റെ പാപഭാരം പോലും പേറുന്നവരാണ് നമ്മൾ മലയാളികൾ. വിശപ്പ് സഹിക്കാനാകാതെ അല്പം അരി മോഷ്ടിച്ചത് ഒരു സവർണനായിരുന്നെങ്കിൽ ആരും ഒന്നും ചെയ്യുമായിരുന്നില്ല. മധു ചെയ്ത കുറ്റം മോഷ്ടിച്ചു എന്നതിനെക്കാൾ അയാളൊരു ആദിവാസിയാണെന്നതായിരുന്നു. വാളയാറിൽ രണ്ട് ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ സംഭവം കേരളത്തിന്റെ ചരിത്രത്തിൽ മുമ്പുണ്ടായിട്ടില്ല. ഈ പെൺകുട്ടികളെ കൊന്നവരും മധുവിനെ കൊന്നവരുമൊക്കെ പണവും സ്വാധീനവും ഉപയോഗിച്ച് നിയമത്തെ കബളിപ്പിക്കുകയും സമർത്ഥമായി രക്ഷപ്പെടുകയുമാണ് ചെയ്യുന്നത്. അധികാരത്തെയും നിയമത്തെയും സാമൂഹ്യവ്യവസ്ഥയെയും സവർണജാതീയതയുടെ പ്രിവിലേജിലൂടെ സ്വാധീനിച്ച് ആദിവാസികൾക്കും ദളിതർക്കും നീതി നിഷേധിക്കാൻ എത്രയെളുപ്പത്തിലാണ് സാധിക്കുന്നതെന്ന് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.