24 April 2024, Wednesday

മോഡിയുടെ ലക്ഷ്യം മാധ്യമങ്ങളുടെ പൂര്‍ണ നിയന്ത്രണം

സുശീല്‍ കുട്ടി
January 22, 2023 4:33 am

മാധ്യമങ്ങൾക്ക് മേൽ പൂര്‍ണ നിയന്ത്രണമാണ് മോഡി സർക്കാർ ആഗ്രഹിക്കുന്നത്. അത് സാധാരണ മാധ്യമമായാലും സമൂഹമാധ്യമങ്ങളിലെ സിറ്റിസൺ ജേണലിസമായാലും. സർക്കാരിന് മേല്‍ നിഴല്‍വീഴ്ത്തുന്ന മാധ്യമങ്ങള്‍ ആവശ്യമില്ല. സർക്കാർ നയങ്ങൾ, പരിപാടികൾ, സംരംഭങ്ങൾ, നേട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിമർശനം സഹിക്കില്ല. മുഖത്ത് അടി
കൊള്ളാതിരിക്കാൻ അവര്‍ എന്തും ചെയ്യും. ഇതിന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ ആയുധമാക്കുന്നു. സര്‍ക്കാരിനെ സംബന്ധിക്കുന്ന, അതിന്റെ പദ്ധതികളെയും നയ‑മാറ്റങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുക എന്നതാണ് പിഐബിയുടെ അസ്തിത്വം. സീറോ അവറിലെ ബഹളം കാരണം പാർലമെന്റ് പ്രവർത്തിച്ചോ അതോ നിർത്തിവച്ചോ തുടങ്ങിയ ദെെനംദിന സംഭവങ്ങളുടെ വിളംബരം, സർക്കാർ ചെയ്തികളെ പുകഴ്ത്തൽ, വീഴ്ചകൾ മറച്ചുവയ്ക്കൽ എന്നിവയാണ് ഉത്തരവാദിത്തം. അടിസ്ഥാനപരമായി, കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായ പുതുക്കിപ്പണിയുന്നതിനായി നികുതിദായകന്റെ പണംകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു പൊതുജന സമ്പര്‍ക്ക ഏജൻസി.
നിലവില്‍ ബിജെപി ഐടി സെല്ലിന് സമാനമാണത്. ബിജെപിക്കെതിരായ വിമർശനങ്ങൾ മൂടിവയ്ക്കുന്നതിൽ മികച്ച പ്രവർത്തനം നടത്തുന്നു. മോഡി സർക്കാരിന് വിമർശനം അസഹ്യമായതുപോലെ, ബിജെപിയും ആരോപണപ്രചാരണങ്ങളെ കുപ്രചരണം കൊണ്ടാണ് നേരിടുക. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കാപട്യം മറയ്ക്കാനുള്ള പ്രചരണവും അതിനായി വക്താക്കളുമുണ്ട്. എന്നാൽ വക്താക്കൾക്ക് മാത്രമായി ഒരു പാർട്ടിയുടെ തന്ത്രം മാറ്റാൻ കഴിയില്ല. അത് സെലിബ്രിറ്റികളായ വക്താക്കളാണെങ്കില്‍പോലും. സർക്കാർ വിരുദ്ധ ഉള്ളടക്കം പരിമിതപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള പ്രത്യേക അധികാരങ്ങളോടെ പിഐബിയെ വസ്തുതാ പരിശോധകനാക്കി മാറ്റിയിരിക്കുകയാണിപ്പോള്‍. ലക്ഷ്യം വസ്തുതകളെ നുണകളാക്കി മാറ്റുക!

 


ഇതുകൂടി വായിക്കു: മാധ്യമമാരണത്തിന്റെ പുതിയ രൂപം


 

സർക്കാർ അനുകൂല ഉള്ളടക്കം പിഐബി പരിശോധിക്കുകയും നീക്കം ചെയ്യുകയും ചെയ്യില്ലെന്ന് ഉറപ്പാക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 56 ഇഞ്ച് നെഞ്ച് ഉണ്ടെന്ന് പറയുന്നത് തീർത്തും വ്യാജ വാർത്തയാണ്. എന്നാൽ ഒരു മാധ്യമവും അതിലെ വസ്തുത പരിശോധിച്ചില്ല. മോഡിയുടെ 56 ഇഞ്ച് ആവർത്തിക്കുന്നു. മോഡി സർക്കാർ ‘സ്വിസ് ചീസ്‘പോലെ ദുര്‍ബലമാണ്. അന്വേഷണങ്ങളും പഠനങ്ങളും ഗവേഷണങ്ങളും ഭരണകക്ഷിക്കും സർക്കാരിനും രക്ഷപ്പെടാൻ പ്രയാസമുണ്ടാക്കുന്ന അവസ്ഥയാണ് മുന്നോട്ടുവച്ചത്. സർക്കാരിന്റെ പ്രതിസന്ധി മാധ്യമങ്ങളിലൂടെ, പ്രത്യേകിച്ച് സാമൂഹ മാധ്യമങ്ങളിലൂടെ അണികളിലെത്തുന്നത് ഗുരുതരമാണ്. അതില്ലാതാക്കാനുള്ള വഴിനോക്കാതെ തരമില്ല ദുര്‍ബല സര്‍ക്കാരിന്. അസാധാരണമായ വസ്തുതാ പരിശോധനാ അധികാരം ലഭിച്ചതോടെ കംബോഡിയയിലെ കുഴിബോംബ് കണ്ടെടുക്കുന്നവരെപ്പോലെയാണിപ്പോള്‍ പിഐബി. സർക്കാരിന് നാണക്കേടുണ്ടാക്കുന്ന പോസ്റ്റുകൾക്കായി ഇന്റർനെറ്റ് അരിച്ചുപെറുക്കുന്നു. ഒരര്‍ത്ഥത്തില്‍ ഒരു പിആർ ഏജൻസി എന്നതിനപ്പുറം കവർ-അപ്പ് ആർട്ടിസ്റ്റായി പിഐബി മാറിയിരിക്കുന്നു. സമൂഹമാധ്യമങ്ങളിലെ ഏത് വാർത്തയും വസ്തുതാപരമായി പരിശോധിക്കാനും അത് ‘വ്യാജം’ എന്ന് കണക്കാക്കി നീക്കം ചെയ്യാനും കഴിയും. ഒരു ‘യൂട്യൂബർ’ ‘മോഡിയുടെ അച്ഛേ ദിൻ എവിടെ’ എന്ന് ചോദിച്ച് വീഡിയോ അപ്‍ലോഡ് ചെയ്താൽ അത് പരിശോധിച്ച് നീക്കം ചെയ്യാവുന്നതാണ്. അതേസമയം മറ്റൊരു യൂട്യൂബർ ‘കൊള്ളാം, മോഡിയുടെ അച്ഛേ ദിൻ ഇവിടെയുണ്ട്!’എന്ന വീഡിയോ അപ്‍ലോഡ് ചെയ്താല്‍ അത് പിഐബി പരിശോധിക്കില്ല. മോഡിയെയോ അമിത് ഷായെയോ വിമർശിക്കുന്ന കാര്യം മാത്രമാണ് പിഐബി പരിശോധിക്കുക.

2024ലെ പൊതുതെരഞ്ഞെടുപ്പിന് 400 ദിവസം ബാക്കിനിൽക്കെ, ഒമ്പത് സംസ്ഥാനങ്ങളിൽ വെെകാതെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മോഡി സർക്കാരും ബിജെപിയും ഭയത്തിലാണ്. മോഡിയുടെ ഗുജറാത്ത് കാലത്തെ ബിബിസി ഡോക്യുമെന്ററി പോലുള്ള വാർത്തകള്‍ ഇന്ത്യയിൽ സംപ്രേഷണം ചെയ്യാൻ അനുവദിക്കില്ല. പ്രധാനമന്ത്രിക്ക് എല്ലാ തലങ്ങളിലും എതിരാളികൾ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ സർക്കാർ താഴെയിറങ്ങാന്‍ ആഗ്രഹിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി എല്ലായ്പ്പോഴും അപകടകരമായ രീതിയിലാണ് വളര്‍ന്നത്. ആർക്കെങ്കിലും, എന്തെങ്കിലും തരത്തില്‍ പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ സർക്കാരിന്റെയും യാത്ര ദുഷ്കരമാക്കാൻ കഴിയുമെങ്കിൽ, അത് ഇതുവരെ വഴങ്ങാത്തതോ വളയാൻ ആവശ്യപ്പെടുമ്പോൾ ഇഴയാത്തതോ ആയ മാധ്യമങ്ങള്‍ക്കാണ്. പ്രത്യേകിച്ച് സമൂഹമാധ്യമങ്ങള്‍. അതിന്റെ വിപുലമായ വളര്‍ച്ചയും വേഗതയും എല്ലാവരെയും ‘സ്മാർട്ട്ഫോൺ പത്രപ്രവർത്തകരാ‘ക്കിയിട്ടുണ്ട്. ആ സമൂഹത്തെ മുഴുവനായി നിയന്ത്രിക്കാൻ എളുപ്പമല്ല. പരമ്പരാഗത മാധ്യമങ്ങളിലെ ഉള്ളടക്കം പോലെ സമൂഹമാധ്യമ ഉള്ളടക്കം നിയന്ത്രിക്കാൻ കഴിയില്ലെന്ന് മോഡി സർക്കാരിന് അറിയാം.

 


ഇതുകൂടി വായിക്കു: മതേതരത്വം നിര്‍വചിക്കാനാകാത്ത കോണ്‍ഗ്രസ്


 

സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷം, സര്‍ക്കാരിന്റെ വസ്തുതാ പരിശോധകനായി പിഐബി നിയോഗിക്കപ്പെട്ടിരിക്കുന്നത് അതു
കൊണ്ടുതന്നെയാണ്. അതിന് ‘വ്യാജ വാർത്ത’ എന്ന് കരുതുന്ന ഏത് ഉള്ളടക്കവും എടുത്തുമാറ്റാൻ കഴിയും, ചോദ്യങ്ങളൊന്നും ചോദിക്കാതെ തന്നെ. സമൂഹമാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്യുന്ന എല്ലാ പോസ്റ്റുകൾക്കും ഇത് ബാധകമാണ്. പിഐബി വ്യാജമെന്ന് പറയുന്ന വാർത്തകൾ ഇനി ഓൺലൈൻ മാധ്യമങ്ങളിലോ, സമൂഹ മാധ്യമങ്ങളിലോ ഉണ്ടാകാൻ പാടില്ലെന്ന നിയമവും വരുന്നു. ഐടി മന്ത്രാലയം പുറത്തിറക്കിയ കരട് രേഖയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ പോളിസി ഡയറക്ടറായ പ്രതീക് വാഗ്രെ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സർക്കാരിന് താല്പര്യമില്ലാത്ത ഏത് വാർത്തയും വ്യാജമെന്ന് മുദ്രകുത്തി മാറ്റിവയ്ക്കാൻ പിഐബിക്ക് കഴിയും. പിഐബി വ്യാജമെന്ന് പറയുന്ന വാർത്ത നീക്കം ചെയ്യേണ്ടത് സമൂഹ മാധ്യമങ്ങളുടെയും ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെയും കൂടി ഉത്തരവാദിത്തമായി മാറുകയും ചെയ്യും.
2019ൽ ആണ് പിഐബിയുടെ ഫാക്ട് ചെക്കിങ് വിഭാഗം നിലവിൽ വരുന്നത്. സർക്കാർ മന്ത്രാലയങ്ങളും വകുപ്പുകളും പദ്ധതികളുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകളിലെ വാസ്തവം പരിശോധിക്കാനാണ് ഇത് സ്ഥാപിച്ചത്. പലപ്പോഴും സർക്കാരുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾ വ്യാജമാണെന്ന് ഇവർ പ്രഖ്യാപിക്കാറുണ്ട്. എന്നാലതിന്റെ വിശദീകരണം നല്കാറില്ല. പിഐബിയുടെ ഫാക്ട് ചെക്കിങ് വിഭാഗം തന്നെ തെറ്റായ വിവരങ്ങൾ ട്വീറ്റു ചെയ്ത സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. സർക്കാരിന് എതിരായ എല്ലാ വാർത്തകളും വ്യാജമെന്ന് പ്രഖ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. പോസ്റ്റ് ചെയ്യുന്ന ഇത്തരം ‘വ്യാജ’ ഉള്ളടക്കം നീക്കം ചെയ്താലേ സമൂഹ മാധ്യമങ്ങൾക്ക് നിയമപരിരക്ഷ ലഭിക്കുകയുള്ളൂ.

(അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.