15 April 2024, Monday

മതേതരത്വം നിര്‍വചിക്കാനാകാത്ത കോണ്‍ഗ്രസ്

സുശീല്‍ കുട്ടി
January 3, 2023 4:45 am

2014ലെ പരാജയം പരിശോധിക്കാൻ സോണിയാ ഗാന്ധി രൂപീകരിച്ച എ കെ ആന്റണി കമ്മിഷന്‍ ബിജെപിയുടെ ഹിന്ദു വർഗീയതയെ കുറ്റപ്പെടുത്തുകയും കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഹിന്ദുവോട്ടുകൾ പ്രധാനമാണെന്ന നിഗമനത്തിലെത്തുകയും ചെയ്തു. 2019 ലും കോൺഗ്രസ് തോറ്റു. എട്ടുവർഷത്തിന് ശേഷം സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച എ കെ ആന്റണി ഇപ്പോള്‍ ആവര്‍ത്തിച്ചു, കോൺഗ്രസിന് മോഡിയെ തോൽപ്പിക്കണമെങ്കിൽ ന്യൂനപക്ഷ വോട്ടുകൾക്കൊപ്പം ഹിന്ദുവോട്ടുകളും പ്രധാനമാണ്. ആന്റണി കമ്മിഷന്‍ റിപ്പോർട്ട് ഇതുവരെ കോൾഡ് സ്റ്റോറേജിലായിരുന്നു. പിന്നീട് അതേക്കുറിച്ച് പാര്‍ട്ടിവേദികളില്‍ പറഞ്ഞുകേട്ടില്ല. ഇപ്പോൾ, ഒരുപക്ഷേ ഗാന്ധി കുടുംബം പല കാരണങ്ങളാൽ അത് പൊടിതട്ടാന്‍ സാധ്യതയുണ്ട്. ഒന്ന്, ഹിന്ദു ഏകീകരണം ബിജെപിക്ക് മാത്രം അനുകൂലമാകരുത്. രണ്ട്, ഹിന്ദുവോട്ടുകളുടെ ഏകീകരണത്തെ വർഗീയമായി കാണുന്നത് പാര്‍ട്ടി അവസാനിപ്പിക്കണം. മൂന്ന്, മുസ്ലിം വോട്ടുകൾ ഏകീകരിക്കാന്‍ കഴിയുമെങ്കിൽ, എന്തുകൊണ്ട് ഹിന്ദു വോട്ടുകൾക്ക് ബാധകമല്ല?. നാല്, മതാന്ധതയ്ക്ക് വ്യത്യസ്തവിഭാഗങ്ങളില്‍ വ്യത്യസ്ത അർത്ഥം ഉണ്ടാകരുത്. അഞ്ച്, പ്രീണനത്തെ വിവേചനപരമായി കാണുന്ന, വലിയൊരു വിഭാഗം ഹിന്ദുവോട്ടർമാരുണ്ട്. അവസാനമായി, മോഡിയുടെ ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന ആശയത്തെ തുല്യമായ മുദ്രാവാക്യം ഉപയോഗിച്ച് എതിർക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ മുസ്ലിം വോട്ടുകളെ മാത്രം കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ കഴിയില്ല.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഒരു പരിധിവരെ ധാരണകളെ മാറ്റിയിട്ടുണ്ട്. യാത്രയിൽ നിന്നുണ്ടായ ഊര്‍ജം പാഴാക്കാൻ കഴിയില്ല. ജോഡോയാത്രയില്‍ ചേരാൻ സമാജ്‍വാദി അധ്യക്ഷന്‍ അഖിലേഷ് യാദവ് പോലും തയ്യാറാകാതിരുന്നത്, ബിജെപിയെ മാത്രമല്ല, മറ്റ് രാഷ്ട്രീയ എതിരാളികളെയും യാത്ര അസ്വസ്ഥമാക്കിയെന്നതിന്റെ തെളിവായി കരുതാം. എന്നാൽ ന്യൂനപക്ഷ പ്രീണനത്തില്‍ നിലനില്‍ക്കുന്ന ചില പാർട്ടികൾ ഉള്ളിടത്തോളം കാലം കോൺഗ്രസ് ന്യൂനപക്ഷ വോട്ടുകൾ ചോർത്താനുള്ള ശ്രമത്തിലേക്ക് ചുരുങ്ങും എന്നതും യാഥാർത്ഥ്യമാണ്. 2024 അടുത്തെത്തുമ്പോൾ, കോണ്‍ഗ്രസിന് കടുത്ത ആത്മവിമര്‍ശനം ആവശ്യമാണ്. ആന്റണിയുടെ പരാമര്‍ശത്തെ പലവീക്ഷണങ്ങളിലാണ് പാര്‍ട്ടിക്ക് വിലയിരുത്തേണ്ടിവരിക. ഹിന്ദുത്വവാദികളായ ബിജെപിയെ മുറിവേൽപ്പിക്കാന്‍ അവരുടെ ഹിന്ദു വോട്ട് ബാങ്ക് ഭിന്നിപ്പിക്കണം. ദേശീയപ്രാധാന്യമില്ലാത്ത പ്രാദേശിക പാർട്ടികൾക്ക് വോട്ട് പാഴാക്കാൻ ആഗ്രഹിക്കാത്ത ഹിന്ദു വോട്ടര്‍മാര്‍ക്ക് ആന്റണിയുടെ നിലപാട് അർത്ഥവത്തായി തോന്നണം.

 


ഇതുകൂടി വായിക്കു; ചന്ദനക്കുറിയിലൂടെ ആന്റണിയുടെ വര്‍ഗീയ അജണ്ട


 

അതിനായി 2014 ല്‍ ഉപേക്ഷിച്ച ആന്റണി കമ്മിഷന്‍ റിപ്പോർട്ട് വീണ്ടും പ്രചരിപ്പിക്കേണ്ടിവരും. ഹിന്ദു വോട്ടുകള്‍ പ്രധാനമാണെന്ന് ആന്റണി വീണ്ടും പറഞ്ഞതോടെ ഭൂരിപക്ഷം പാര്‍ട്ടി നേതാക്കളും അക്കാര്യം ചര്‍ച്ചയിലെടുത്തിട്ടുണ്ട്.  നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതിന് ശേഷം മാധ്യമങ്ങളെ വിലകൊടുത്തു വാങ്ങിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണവും വാസ്തവമുള്ളതാണ്. എന്നാല്‍ ബിജെപി പക്ഷപാതത്തിന്റെ പേരിൽ വാർത്താ ചാനലുകൾ ബഹിഷ്കരിക്കാനുള്ള കോൺഗ്രസ് തീരുമാനം, തങ്ങളുടെ കാഴ്ചപ്പാടുകൾ ചോദ്യംചെയ്യപ്പെടാതെ സംപ്രേഷണം ചെയ്യാൻ ബിജെപിക്ക് തുറന്നവേദിയൊരുക്കുന്നതായി. കോൺഗ്രസ് വക്താക്കളുടെ അഭാവം പൂർണമായി ബിജെപി മുതലെടുത്തു. അത് മറികടക്കാന്‍ യൂട്യൂബ് ചാനലുകള്‍ ഉപയോഗപ്പെടുത്തിയെങ്കിലും ‘ഗോഡി മീഡിയ’യുടെ സംയോജിത ശബ്ദത്തെ മറികടക്കാൻ കഴിഞ്ഞില്ല. സ്വയം സൃഷ്ടിച്ച ഈ ശൂന്യത ഇപ്പോൾ എ കെ ആന്റണിയുടെ ‘ഹിന്ദു വോട്ടുകൾ’ പ്രയോഗം കോൺഗ്രസിന് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. മുസ്ലിം വോട്ടുകൾ കൊണ്ട് നിലനില്‍ക്കുന്ന പാര്‍ട്ടിയെന്ന് കോൺഗ്രസിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങൾക്ക് ഇത് മറ്റൊരു ഉപകരണമായി. ഹിന്ദുക്കളുടെ പേരില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപണം അഴിച്ചുവിട്ടു. തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് ഹിന്ദുക്കളോട് മോശമായി പെരുമാറിയതിന്റെ ഉദാഹരണങ്ങൾ ടിവി സ്ക്രീനുകളിൽ പ്രദര്‍ശിപ്പിക്കപ്പെടുന്നു. കോൺഗ്രസ് നേതാക്കള്‍ ഹിന്ദുത്വയെ ഐഎസിനോടും തുലനം ചെയ്തു, രാജ്യത്തിന്റെ വിഭവങ്ങളിൽ മുസ്ലിങ്ങൾക്കാണ് ആദ്യ അവകാശമെന്ന് ഡോ. മൻമോഹൻ സിങ് പറഞ്ഞു തുടങ്ങിയവയും വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയാണ്.

 


ഇതുകൂടി വായിക്കു; നിഗൂഢാധിപത്യമുള്ള ബിജെപിയും വിഭജിക്കപ്പെട്ട പ്രതിപക്ഷവും


എന്നാല്‍ മൊത്തം ജനസംഖ്യയില്‍ 95 ശതമാനം ഹിന്ദുക്കളും അതില്‍ 65 ശതമാനം സവർണരുമായ ഹിമാചൽ പ്രദേശിലെ വിജയം ഹിന്ദുവോട്ട് ബാങ്ക് തങ്ങള്‍ക്കു പിന്നിൽ അണിചേരില്ല എന്ന വാദത്തെ ഖണ്ഡിക്കാൻ കോൺഗ്രസ് ഇപ്പോള്‍ ഉപയോഗിക്കുന്നു. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ട ശേഷം രാഹുൽ ഗാന്ധി ‘ഭാരത് ജോഡോ യാത്ര’യില്‍ ഹിന്ദുപ്രീണനത്തിന് പ്രാമുഖ്യം നല്‍കി. ഹെെന്ദവ ദേവാലയങ്ങളില്‍ പ്രണമിക്കുന്ന രാഹുലിന്റെ ചിത്രങ്ങളാണ് പിന്നീട് പുറത്തുവന്നത് എന്നതാണ് വസ്തുത. 10 വർഷത്തെ വനവാസം കഴിഞ്ഞ കോൺഗ്രസിന് വർഗീയതക്കെതിരെയും മതേതരത്വത്തിനൊപ്പവും നിന്ന് ശക്തമായി പോരാടാനാകില്ല. ഭൂരിപക്ഷത്തിനെതിരാണ് കോണ്‍ഗ്രസ് എന്ന പ്രചരണം പോലെതന്നെ ആ പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നതാണ് ന്യൂനപക്ഷവിരുദ്ധമാണ് എന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.