17 April 2025, Thursday
KSFE Galaxy Chits Banner 2

മോഡിയുടെ ‘സംഘം ശരണം ഗച്ഛാമി’

രാം പുനിയാനി
April 5, 2025 4:15 am

പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞയാഴ്ച നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുകയും ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനും രണ്ടാമത്തെ സർ സംഘചാലക് മാധവ് സദാശിവ് ഗോൾവാൾക്കറിനും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തത് വലിയ വാര്‍ത്തയായി. ഏറെ പ്രചാരം ലഭിച്ച പ്രധാനമന്ത്രിയുടെ ഈ യാത്രയെ ആർഎസ്
എസ് ബന്ധത്തില്‍ തന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സംവിധാനമെന്ന് പലരും വ്യാഖ്യാനിച്ചു. ഈ സെപ്റ്റംബറിൽ മോഡിക്ക് 75 വയസ് പൂർത്തിയാകും. ബിജെപിയുടെ മാനദണ്ഡപ്രകാരം വ്യവസ്ഥയനുസരിച്ച് അദ്ദേഹം വിരമിക്കണം. അതിനിടെയാണ് സന്ദര്‍ശനം.
പിതൃ — പുത്ര (ആർഎസ്എസ് — ബിജെപി) ബന്ധം വഷളായെന്ന തോന്നലിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. 2024 ലെ പൊതുതെരഞ്ഞെടുപ്പ് കാലത്ത്, ‘ബിജെപിക്ക് പൂർണമായും ഒറ്റയ്ക്ക് നിൽക്കാൻ കഴിയുമെന്നും ആർഎസ്എസിന്റെ പിന്തുണ ആവശ്യമില്ലെന്നും’ പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ പ്രസ്താവിച്ചിരുന്നുവെന്നതാണ് ഒന്ന്. മുമ്പ്, തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആർഎസ്എസിന്റെ പിന്തുണ അത്യാവശ്യമായിരുന്നു. രണ്ടാമത്തേത് താൻ ‘ജൈവ മനുഷ്യനല്ല’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് മോഡി കാണിച്ച അഹങ്കാരമായിരുന്നു. ഈ ഭൂമിയിലെ പ്രവർത്തനങ്ങൾക്കായി ദൈവം തന്നെ നേരിട്ട് അയച്ചതാണെന്നായിരുന്നു പ്രസ്താവം.
ഇത് കടുത്ത അഹങ്കാരമായി ആർ
എസ്എസ് മേധാവി മോഹൻ ഭാഗവത് വിലയിരുത്തി. ‘ചില ആളുകൾ തങ്ങൾ ഉന്നതരാണെന്ന് (ദേവന്മാർ) വിശ്വസിക്കാൻ തുടങ്ങുകയും ക്രമേണ അവർ സ്വയം ദൈവങ്ങളായി പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്ന് ഭാഗവത് പറഞ്ഞു. 

2024ലെ തെരഞ്ഞെടുപ്പുകളിൽ ആർഎസ്
എസ് പൂർണമായി ഇടപെട്ടിട്ടില്ലെന്ന തോന്നലുണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഭൂരിപക്ഷം ഇടിഞ്ഞു. പക്ഷേ മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അവർ ചുവട് മാറ്റി. ആർഎസ്എസിനെ സംബന്ധിച്ചിടത്തോളം, 1984ല്‍ ഒഴികെ എപ്പോഴും ബിജെപിക്കൊപ്പം നിൽക്കുകയും തെരഞ്ഞെടുപ്പ് ഗോദയില്‍ അവരുടെ ഉയർച്ച ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. സംഘ്പരിവാറില്‍ ആർഎസ്എസാണ് പ്രധാന ആസൂത്രകൻ. രാഷ്ട്രീയ പ്രതിനിധി സഭ (ദേശീയ പ്രതിനിധി സമിതി) ഏകോപിപ്പിക്കുന്ന ഒട്ടേറെ സംഘടനകൾ, അവരുടെ സ്വന്തം അജണ്ട പിന്തുടരുമ്പോഴും ഭൂതകാല മൂല്യങ്ങളെ (മനുസ്മൃതി) മഹത്വപ്പെടുത്തുന്ന തങ്ങളുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് ആർഎസ്എസ് ഉറപ്പാക്കുന്നു. വിദേശത്ത് ഉത്ഭവിച്ച മതങ്ങളെന്ന പേരില്‍ മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ ഈ സംഘടനകൾ വിദ്വേഷം പ്രചരിപ്പിക്കുന്നു. തെരഞ്ഞെടുപ്പുകളിൽ, ബിജെപിയുടെ വിജയം ഉറപ്പാക്കാൻ തങ്ങളുടെ ശക്തി വിനിയോഗിക്കുകയും ചെയ്യുന്നു. ഹിന്ദു മഹാസഭയിലെ ശ്യാമ പ്രസാദ് മുഖർജിയുടെ സഹായത്തോടെ ഭാരതീയ ജനസംഘം (ബിജെഎസ്) രൂപീകരിക്കുകയും, മുഖർജിയുടെ മരണശേഷം ബിജെഎസിനെ ആർഎസ്എസ് ഏറ്റെടുത്ത് ഒരു പൂർണമായ രാഷ്ട്രീയ സംഘടനയാ‌ക്കുകയുമായിരുന്നു. ആർഎസ്എസും ബിജെപിയും മറ്റ് പരിവാറുകളും തമ്മിലുള്ള തൊഴിൽബന്ധം വളരെ വ്യക്തതയുള്ളതാണ്. 1980കളിൽ വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്ര പ്രസ്ഥാനം ആരംഭിക്കുകയും പിന്നീട് ദേശീയ രാഷ്ട്രീയ അജണ്ട രൂപീകരിക്കാൻ ബിജെപി അത് ഏറ്റെടുക്കുകയും ചെയ്തതാണ് ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം. 

ആർഎസ്എസ് ഉന്നയിക്കുന്ന പ്രശ്നങ്ങൾ ഭൂതകാല മഹത്വങ്ങളുമായും വ്യാജ ചരിത്രവുമായും ബന്ധപ്പെട്ടതാണ്. മതന്യൂനപക്ഷങ്ങൾക്കും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും, പ്രത്യേകിച്ച് ദളിതർ, ആദിവാസികൾ, സ്ത്രീകൾ എന്നിവർക്കെതിരെ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമാണ്. ശാഖകൾ വഴിയും മറ്റ് സാമൂഹിക പരിപാടികൾ വഴിയും സമൂഹത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്നതിലാണ് അതിന്റെ ശ്രദ്ധ. ഇന്ത്യൻ സമൂഹം ഫ്യൂഡൽ മുതൽ കൊളോണിയൽ വരെയുള്ള വഴികളില്‍ നിന്ന് ജനാധിപത്യത്തിലേക്ക് രാഷ്ട്രീയ പരിവർത്തനം നടത്തിയെങ്കിലും, ആർഎസ്എസ് അതിന്റെ ശാഖകൾ വഴി രാജ്യത്തിന്റെയും ഫ്യൂഡൽ സമൂഹത്തിന്റെയും ഭൂതകാലത്തിലെ ജാതി, ലിംഗ ശ്രേണീ തത്വങ്ങൾ സമർത്ഥമായി പ്രചരിപ്പിച്ചു. ഏകൽ വിദ്യാലയങ്ങൾ, വനവാസി കല്യാൺ ആശ്രമം, സേവാ ഭാരതി, രാഷ്ട്ര സേവികാ സമിതി എന്നിവയുൾപ്പെടെ നിരവധി നടപടികൾ ഇതിനായി പ്രവര്‍ത്തിച്ചു.
സംസ്ഥാനങ്ങളിലും പിന്നീട് കേന്ദ്രത്തിലും ബിജെപി അധികാരത്തിൽ വന്നതോടെ പൗരസമൂഹത്തിന്റെയും രാഷ്ട്രീയ ഘടനയുടെയും വിവിധ ഘടകങ്ങളിലേക്കുള്ള ആർഎസ്
എസ് നുഴഞ്ഞുകയറ്റം കൂടുതൽ വിപുലമായി. ശാഖകൾക്കൊപ്പം, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങള്‍ എന്നിവരെ പ്രത്യയശാസ്ത്രപരമായ പിടിയിൽ നിലനിർത്താൻ അവർ കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ ആ സൂത്രണം ചെയ്തു. അടുത്തിടെ, എന്റെ പ്രദേശത്ത് അവര്‍ ഒരു പിക്‌നിക് സംഘടിപ്പിച്ചു. അതിൽ ചേരാൻ ആഗ്രഹിച്ച ഒരു മു സ്ലിം സ്ത്രീയോട് പിക്‌നിക്കിനിടയിലെ സംസാരവും പരിപാടികളും നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുമെന്ന് അവര്‍ വ്യക്തമായി പറഞ്ഞു. രാഷ്ട്ര സേവികാ സമിതിയുടെ പ്രഭാത ശാഖകളിൽ പോകുന്ന സ്ത്രീകൾ ലാത്തിയുമായി നടക്കുന്നത് കാണുമ്പോൾ ഇത് വ്യക്തമാകും. 

കഴിഞ്ഞ ഒരു ദശകത്തിൽ, ബിജെപി ഭരണം ആർഎസ്എസിന്റെ ഹിന്ദു ദേശീയ അജണ്ടയായ രാമക്ഷേത്രം, അനുച്ഛേദം 370 റദ്ദാക്കൽ, മുത്തലാഖ്, ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) എന്നിവ നടപ്പിലാക്കി. വഖഫ് (ഭേദഗതി) ബിൽ കഴിഞ്ഞദിവസം പാസാക്കി. കൃത്യമായിപ്പറഞ്ഞാൽ, ആർഎസ്എസും ബിജെപിയും തമ്മിൽ അഭിപ്രായവ്യത്യാസത്തിന്റെ ഒരു കണികയുമില്ല. പരമാവധി, ഒരു ഹിന്ദു രാഷ്ട്രം എന്ന അവരുടെ ഏകീകൃത ലക്ഷ്യം കൈവരിക്കുന്നതിനുള്ള തന്ത്രത്തിൽ ചിലപ്പോള്‍ വ്യത്യാസങ്ങളുണ്ടാകാം.
നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത്, ഹെഡ്ഗേവാറിനും ഗോൾവാൾക്കറിനും അവർ കാണിച്ച പാതയ്ക്കുമാണ് മോഡി ആദരാഞ്ജലി അർപ്പിച്ചത്. ‘സ്വാതന്ത്ര്യം സമത്വം, സാഹോദര്യം’ എന്നീ മൂല്യങ്ങളോടെ എല്ലാവരെയും ഉൾക്കൊള്ളുന്ന, ദേശീയതയ്ക്കായി പരിശ്രമിക്കുന്ന ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളിൽ നിന്ന് അകന്നു നിൽക്കുക എന്നതാണ് അതിലൊരു പാത. രണ്ട്, ഗോൾവാൾക്കറുടെ ഹിന്ദു ദേശീയത മുസ്ലിങ്ങൾക്കും, ക്രിസ്ത്യാനികൾക്കും, കമ്മ്യൂണിസ്റ്റുകൾക്കും നേരെയുള്ള ഭീഷണിയാണ് എന്നതിനെ അവർ തള്ളിക്കളയാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രായോഗികമായി ആ നയങ്ങൾ അവസാന ബിന്ദുവരെ പിന്തുടരുന്നു എന്നതാണ്. ഈ വർഷത്തെ (2025) ഈദ് ആഘോഷം ഇതിന് വ്യക്തമായ ഉദാഹരണമാണ്. ഒരു സംസ്ഥാനം ഇതിനെ ‘ഗസറ്റഡ് ഹോളിഡേ’ എന്നതിൽ നിന്ന് ‘ഓപ്ഷണൽ ഹോളിഡേ’ ആക്കി മാറ്റി, റോഡുകളിൽ നമസ്കാരം നടത്തുന്നത് എതിർക്കപ്പെട്ടു. ചിലയിടങ്ങളിൽ നമസ്കരിച്ചവരെ പൊലീസ് ആക്രമിച്ചു. ഉത്തർപ്രദേശിൽ വീടിന്റെ ടെറസിൽ നമസ്കാരം നടത്തുന്നത് പോലും വിലക്കി. അതായത് മോഡി ഭരണത്തിന്റെ ഒരുദശകം അവസാനിക്കമ്പോള്‍ ഗോൾവാൾക്കർ പറഞ്ഞത് യാഥാർത്ഥ്യമായി. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, ഒഡിഷയിൽ ഇപ്പോൾ (അവിടെ ആദ്യമായി ബിജെപി സർക്കാരാണ് അധികാരത്തില്‍) മരിച്ചവരെ സംസ്കരിക്കാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ബാലാസോർ ജില്ലയിൽ “ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 13(3) എ പ്രകാരം ആദിവാസി ക്രിസ്ത്യാനികൾക്ക് അവരുടെ ഗ്രാമത്തിൽ ശവസംസ്കാരത്തിന് അവകാശമില്ലെന്ന തെറ്റായ അവകാശവാദങ്ങളുമായി സർണ മാജ്ഹി എന്ന സംഘടന ദളിത് ക്രിസ്ത്യാനികളെ ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു.” (വസ്തുതാന്വേഷണ റിപ്പോർട്ടിൽ നിന്ന്). 

ആർഎസ്എസിന്റെ പ്രത്യയശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യ വികസിത് (വികസിച്ചത്) ആയി മാറുകയാണെന്ന് പ്രധാനമന്ത്രി മോഡി ആവർത്തിച്ച് പറയുന്നു. എന്നാല്‍ സന്തോഷം, മതസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം, ജനാധിപത്യം, വിശപ്പ് എന്നിവയുടെ അന്താരാഷ്ട്ര സൂചികകളില്‍ ഇന്ത്യ വലിയ ഇടിവിന് സാക്ഷ്യം വഹിക്കുന്നു. മോഡിക്കും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിനും തോന്നുന്ന ‘വികാസ്’ എന്നത്, നിയമലംഘനത്തിലൂടെ ഇവിടെത്തന്നെ അഭിവൃദ്ധി പ്രാപിക്കുകയോ ബാങ്കുകളിൽ നിന്ന് കൊള്ളയടിച്ച വലിയ തുകയുമായി രാജ്യം വിടുകയോ ചെയ്യുന്ന ചുരുക്കം ചില പ്രിയപ്പെട്ടവരുടെ സമ്പത്ത് വര്‍ധിക്കലാണ്.
അപ്പോൾ, വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള ബന്ധം എന്താണ്? മോഡിയുടെ സമീപകാല നാഗ്പൂർ യാത്രയ്ക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു, അദ്ദേഹത്തിന്റെ വാക്കുകൾ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കുള്ള വെറും പ്രകടനവുമായിരുന്നു. 

(ന്യൂസ് ക്ലിക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.