ജനാധിപത്യത്തിന്റെ അടിത്തറ ജനങ്ങൾ തന്നെയാണ്. ജനങ്ങളെ പിന്നിലേക്ക് തള്ളിമാറ്റി ആ സ്ഥാനത്ത് പണത്തെ അവരോധിക്കാനുള്ള നീക്കം രാജ്യമാകെ ശക്തിപ്പെടുകയാണ്. ജനാധിപത്യം ധനാധിപത്യത്തിന് കീഴ്പ്പെട്ടാൽ മതേതരത്വവും പൗരാവകാശങ്ങളും ക്ഷേമരാഷ്ട്ര സങ്കല്പങ്ങളും സോഷ്യലിസ്റ്റ് സ്വപ്നങ്ങളുമെല്ലാം കുഴിച്ചുമൂടപ്പെടും. ആ ആപത്തിനെ മുഖാമുഖം കണ്ടുകൊണ്ടാണ് നാം 18-ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് തയ്യാറാകുന്നത്. മതേതര രാഷ്ട്രം എന്ന നിലയിലുള്ള ഇന്ത്യയുടെ അസ്തിത്വം ഇന്ന് വെല്ലുവിളിക്കപ്പെടുകയാണ്. 10 കൊല്ലം രാജ്യം ഭരിച്ച സംഘ്പരിവാർ ശക്തികൾ ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനുള്ള കളമൊരുക്കൽ പൂർത്തിയാക്കിയിരിക്കുന്നു. അയോധ്യയിലെ ക്ഷേത്ര നിർമ്മാണം മുതൽ പൗരത്വ ഭേദഗതി നിയമം വരെയുള്ള മോഡി സർക്കാരിന്റെ ചെയ്തികൾ ഓരോന്നും ആസൂത്രിതമായ കാല്‍വയ്പുകളായിരുന്നു. ഇന്ത്യൻ സംസ്കാരത്തിനും പൈതൃകത്തിനും കടകവിരുദ്ധമായ ദേശീയതാ ആശയങ്ങളാണ് അവർ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത്. ഹിന്ദുത്വ എന്ന ഓമന പേരിട്ട് പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ആശയങ്ങൾക്ക് ഹിന്ദു മതവുമായി പുലബന്ധം പോലുമില്ല. ശബ്ദത്തിൽ മാത്രം ഹിന്ദു മതവുമായി സാദൃശ്യം ആരോപിക്കാവുന്ന ആർഎസ്എസ് ദർശനം അങ്ങേയറ്റം ഇന്ത്യാ വിരുദ്ധമാണ്. സത്യത്തിൽ അത് ഹിറ്റ്ലറൈറ്റ് ഫാസിസത്തിന്റെ ഇന്ത്യൻ പതിപ്പാണ്. ഫാസിസത്തിന്റെ അടിസ്ഥാന ശിലകൾ വംശമേധാവിത്ത ചിന്തകളും കോർപറേറ്റ് മൂലധനത്തോടുള്ള അതിരറ്റ വിധേയത്വവുമാണ്. ഇറ്റലിയിൽ മുസോളിനിയും ജർമ്മനിയിൽ ഹിറ്റ്ലറും നടന്നുവന്നത് ആ വഴികളിലൂടെയാണ്. അതേ ദാർശനിക അടിത്തറയാണ് സ്വന്തം വഴികാട്ടിയായി ആർഎസ്എസ് ഏറ്റുവാങ്ങിയത്. സംഘടനാ ശൈലികളിലും പ്രചാരണ തന്ത്രങ്ങളിലും എല്ലാം ആർഎസ്എസ് — ബിജെപി പുലർത്തുന്ന വൈദേശിക ആശയങ്ങളോടുള്ള വിധേയത്വം ഗൗരവമേറിയ പഠനവിഷയമാണ്. ഹിറ്റ്ലറുടെ ആത്മകഥയായ ‘മെയ്ൻ കാഫും’, വേദപുസ്തകം പോലെ ആർഎസ്എസ് കാണുന്ന എം എസ് ഗോൾവാള്‍ക്കറുടെ വിചാരധാരയും തമ്മിലുള്ള ആശയപ്പൊരുത്തം ബിജെപി കൊട്ടിഘോഷിക്കുന്ന ദേശീയതയുടെ തനിരൂപം വിളിച്ചറിയിക്കുന്നതാണ്. അതിനെ അവർ സാംസ്കാരിക ദേശീയത എന്ന് വിളിക്കാറുണ്ടെങ്കിലും യഥാർത്ഥ സംസ്കാരത്തോടും വൈവിധ്യങ്ങളിലൂന്നിയ ഇന്ത്യൻ ദേശീയതയോടും അതിന് കാതങ്ങളുടെ അകലമുണ്ട്. അവരുടെ വാഴ്ചയിൻകീഴിൽ ഇന്ത്യക്ക് നഷ്ടപ്പെടുന്നത് അവളുടെ ആത്മാവാണ്.
ജനാധിപത്യവും മതേതരത്വവുമാണ് ഇന്ത്യയുടെ ആത്മാവ്. അവയെ വീണ്ടെടുക്കുവാനും ശക്തിപ്പെടുത്തുവാനുമുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. ആ തിരിച്ചറിവോടെയാണ് ഈ ബാലറ്റ് യുദ്ധത്തിൽ നാം ഏർപ്പെട്ടിരിക്കുന്നത്. കേരളത്തിലെ പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിൽത്തന്നെയാണ്. അന്ധമായ ഇടതുപക്ഷ വിരോധം നയമാക്കി മാറ്റിയ യുഡിഎഫ് അവരുടെ ഒരു കൈ ബിജെപിയുടെ തോളിലും മറുകൈ എസ്ഡിപിഐയുടെ തോളിലും ഇട്ടുകൊണ്ടാണ് എൽഡിഎഫിനെ നേരിടുന്നത്. എൽഡിഎഫ് ഉന്നയിക്കുന്ന ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ യുഡിഎഫിനാവുന്നില്ല. അതിന്റെ ജാള്യത മൂടിവയ്ക്കാൻ വേണ്ടി അവർ ഒരു ‘ഘന ഗംഭീര’മായ ചോദ്യം തൊടുത്തുവിടാറുണ്ട്: ‘ആർക്കുവേണ്ടി കൈ പൊക്കാനാണ് ഇടതുപക്ഷം പാർലമെന്റിലേക്ക് പോവുന്നത്?’ അതിനുള്ള എൽഡിഎഫിന്റെ മറുപടി ഉറച്ചതും ലളിതവുമാണ്: ‘ഇന്ത്യ സഖ്യത്തിനു വേണ്ടി കൈപൊക്കാൻ തന്നെയാണ് ഇടതുപക്ഷം പാർലമെന്റിലേക്ക് പോവുന്നത്’. എവിടെയും സന്ധി ചെയ്യാത്ത നിശ്ചയദാർഢ്യത്തോടെ അതു പറയാൻ ചങ്കൂറ്റമുള്ളത് എൽഡിഎഫിനു മാത്രമാണ്. ജനങ്ങളോടുള്ള എൽഡിഎഫിന്റെ രാഷ്ട്രീയ ഗ്യാരന്റിയും ഇതുതന്നെയാണ്. അങ്ങനെയൊരു ഉറപ്പില്ലായ്മയാണ് ഇന്നത്തെ കോൺഗ്രസ് നേരിടുന്ന ആശയ‑രാഷ്ട്രീയ പ്രതിസന്ധി.
ഒരു തൂക്കു പാർലമെന്റ് ഉണ്ടായി എന്നും അവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി നയിക്കുന്ന എൻഡിഎ മാറി എന്നും സങ്കല്പിക്കുക. ആ രാത്രിയിൽ തന്നെ എംപിമാരെ പിടികൂടാൻ അഡാനിമാരും ഇഡി, ഐടി പ്രഭൃതികളും ചാടി വീഴുമെന്നുറപ്പ്. ആ സമ്മർദങ്ങൾക്കു മുമ്പിൽ മുട്ടുകുത്തില്ല എന്ന് ഉറപ്പുള്ള എത്ര പേരുണ്ട് കോൺഗ്രസിൽ? ബിജെപിയെ ഭയപ്പെട്ട് സ്വന്തം കൊടിപോലും പണയപ്പെടുത്തിയവരാണ് കേരളത്തിലെ കോൺഗ്രസുകാർ. അവർക്കും ബിജെപിക്കും ഇടയിലുള്ള ദൂരം നാൾക്കുനാൾ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഗാന്ധി-നെഹ്രു മൂല്യച്ചോർച്ച മൂലമുണ്ടായ ഈ ദൂരച്ചോർച്ചയാണ് കോൺഗ്രസിന്റെ രാഷ്ട്രീയ പ്രതിസന്ധിയായി വളരുന്നത്. അതിന്റെ ഉപോല്പന്നമാണ് അവരെ ഗ്രസിക്കുന്ന ഇടതുപക്ഷ വിരോധം. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ കേരളവും ഇടതുപക്ഷവും കൂടുതൽ പ്രസക്തമാവുന്നത്. 1957 മുതൽ ഇന്ത്യക്ക് വഴി കാണിച്ചിട്ടുള്ള കേരളത്തിന്റെ വിധിയെഴുത്ത് ദേശീയ രാഷ്ട്രീയത്തിന്റെ ഭാവിയിലും നിർണായകമാകും. മൂന്നാമൂഴത്തെപ്പറ്റി വീമ്പു പറയുന്ന ഫാസിസ്റ്റ് പിണിയാളരെ പരാജയപ്പെടുത്തി ഇന്ത്യ സഖ്യത്തെ അധികാരത്തിൽ കൊണ്ടുവരികയാണ് എൽഡിഎഫ് നടത്തുന്ന പോരാട്ടത്തിന്റെ ലക്ഷ്യം. ഏപ്രിൽ 26ലേക്ക് ഇനി ഏതാനും ദിവസങ്ങളുടെ അകലമേ ഉള്ളൂ. ഈ സമയമത്രയും നമുക്ക് പ്രവർത്തിക്കാനുള്ളതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.