18 April 2025, Friday
KSFE Galaxy Chits Banner 2

സുപ്രീം കോടതി വിധി: ജനാധിപത്യത്തിന്റെ തെളിച്ചം

ആസിഫ് റഹിം 
April 9, 2025 4:15 am

മ്മുടെ ഭരണഘടനയിൽ ഗവർണർക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ എന്നും ചർച്ചയ്ക്ക് വിഷയമാണ്. കേന്ദ്ര‑സംസ്ഥാന ഭരണത്തിന്റെ കണ്ണിയായി കണക്കാക്കപ്പെടുന്ന ഗവർണർ എന്ന പദവി, പലപ്പോഴും അധികാരത്തിന്റെ അതിരുകൾ കടക്കുന്നതായി ആരോപിക്കപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി കഴിഞ്ഞദിവസം പുറപ്പെടുവിച്ച വിധി ഈ വിഷയത്തിൽ നാഴികക്കല്ലാവുകയും ജനാധിപത്യത്തിന്റെ മഹനീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു വിധി പറയുന്നു: ‘നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ അനന്തമായി പിടിച്ചുവയ്ക്കാൻ ഗവർണർക്ക് അവകാശമില്ല, അതിനുള്ള വീറ്റോ അധികാരവും ഭരണഘടന ഗവർണർക്ക് നൽകിയിട്ടില്ല’. ഈ തീരുമാനം നമുക്ക് ആഹ്ലാദവും ആശ്വാസവും പകരുന്ന ഒന്നാണ്. ബില്ലുകള്‍ പാസാക്കുന്നതിന് ഗവർണർക്ക് സമയപരിധിയും സുപ്രീം കോടതി നിശ്ചയിച്ചു. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതുസംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനമെടുക്കണം. തിരിച്ചയച്ച ബില്ലുകൾ വീണ്ടും നിയമസഭ പാസാക്കി അയച്ചാൽ പരമാവധി ഒരു മാസത്തിനുള്ളി‍ല്‍ തീരുമാനമെടുക്കണം. ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കുകയാേ തിരിച്ചയക്കുകയോ ആണെങ്കില്‍ മൂന്നു മാസത്തിനുള്ളിൽ അത് വേണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഗവർണറുടെ ഭരണഘടനാപരമായ പരിധികൾ വ്യക്തമാക്കുന്നതിനോടൊപ്പം, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരത്തിന് കരുത്തുപകരുന്നതാണ് വിധി. ബില്ലുകൾ പിടിച്ചുവയ്ക്കാനോ, അവയിൽ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ അടിച്ചേല്പിക്കാനോ ഗവർണർക്ക് അവകാശമില്ലെന്ന് കോടതി തറപ്പിച്ചുപറഞ്ഞു. മൂന്ന് മാസത്തിനകം ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് നിർദേശിച്ചുകൊണ്ട്, ഭരണഘടന അനുവദിക്കാത്ത അധികാരങ്ങൾ ഉപയോഗിച്ച് ഗവർണർമാർക്ക് തന്ത്രം മെനയാനുള്ള വഴികൾ കോടതി അടച്ചുകളഞ്ഞു. ജനാധിപത്യത്തിന്റെ മർമ്മമായ ജനപ്രതിനിധികളുടെ അധികാരത്തെ സംരക്ഷിക്കുന്ന ചരിത്രനിമിഷമാണിത്. 

കേരളമടക്കം പല സംസ്ഥാനങ്ങളിലും കുറച്ചുകാലമായി ഗവർണറും സർക്കാരും തമ്മിൽ അധികാരത്തിന്റെ വടംവലി നടക്കുന്നുണ്ട്. കേരളത്തിൽ, മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭ പാസാക്കിയ പല ബില്ലുകളും ഒപ്പിടാതെ തടഞ്ഞുവച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. സർവകലാശാലാ നിയമ ഭേദഗതി ബില്ലുകളും ലോകായുക്ത ബില്ലും പോലുള്ള നിർണായക നിയമനിർമ്മാണങ്ങൾ വൈകിയത് സംസ്ഥാനത്തിന്റെ മുന്നേറ്റത്തെ തടസപ്പെടുത്തി. ഒപ്പിടാത്ത ബില്ലുകൾ പിന്നീട് രാഷ്ട്രപതിക്ക് അയച്ചെങ്കിലും, അവിടെയും തീരുമാനം വൈകുന്നു. ഈ പശ്ചാത്തലത്തിൽ, സുപ്രീം കോടതി വിധി കേരളത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കേരളത്തിന്റെ കാര്യത്തിൽ, മുൻ ഗവർണറുടെ നടപടികൾ മൂലം എത്ര വർഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് ആലോചിക്കേണ്ടതുണ്ട്. നിയമസഭയിൽ ജനപ്രതിനിധികൾ ചർച്ച ചെയ്ത് അംഗീകരിച്ച ബില്ലുകൾ അനാവശ്യമായി വൈകുന്നത് ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നു. ആരിഫ് ഖാൻ തടഞ്ഞുവച്ച ബില്ലുകൾ ഇപ്പോൾ രാഷ്ട്രപതിയുടെ മേശപ്പുറത്ത് കിടക്കുമ്പോൾ, “വൈകി വരുന്ന നീതി നീതികേടാണ്” എന്ന പഴമൊഴി പൂർണമായി യാഥാർത്ഥ്യമാകുന്നു. പുതിയ വിധി നടപ്പിലാകുന്നതോടെ, ഇത്തരം താമസങ്ങൾ ഒഴിവാക്കി സംസ്ഥാന ഭരണം സുഗമമാക്കാൻ കഴിയും. സുപ്രീം കോടതിയുടെ ഈ വിധി, ഗവർണർ എന്ന പദവിയുടെ ഭരണഘടനാപരമായ ധർമ്മം വീണ്ടും ഉണർത്തുന്നു. ജനാധിപത്യപരമായിതെരഞ്ഞെടുക്കപ്പെടാത്ത ഒരാൾ, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തീരുമാനങ്ങളെ തടയുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി ഉറപ്പിച്ചുപറഞ്ഞു. തമിഴ‌്നാടിന് മാത്രമല്ല, കേരളം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്കും ഈ വിധി ആശ്വാസമാകും. 

നീണ്ട കാത്തിരിപ്പിനൊടുവിൽ സുപ്രീം കോടതി ഗവർണർമാരുടെ അധികാര പരിധിയെക്കുറിച്ച് പുറപ്പെടുവിച്ച ഈ വിധി അതീവ പ്രധാനമാണ്. “ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവയ്ക്കാൻ ഗവർണർക്ക് അധികാരമില്ല” എന്ന കോടതിയുടെ നിലപാട്, ഒറ്റവാക്കിൽ പറഞ്ഞാൽ, ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെ പുനഃസ്ഥാപനമാണ്. ഗവർണർക്ക് നിയമസഭയുടെ തീരുമാനങ്ങളെ അനന്തമായി തടയാനോ താമസിപ്പിക്കാനോ വീറ്റോ ശക്തിയില്ലെന്ന് വ്യക്തമാക്കിയത്, സംസ്ഥാന ഭരണത്തിന്റെ മാർഗരേഖകളെ പുനർനിർവചിക്കുന്ന ഒരു ചരിത്രവിധിയാണ്. ബിജെപിയിതര ഭരണമുള്ള സംസ്ഥാന ങ്ങളില്‍ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഗവർണർ — മന്ത്രിസഭാ ബന്ധം പലവട്ടം കലുഷിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോയി. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാതെ തടഞ്ഞുവച്ച ബില്ലുകളിലൂടെ കേരള ത്തിന് നഷ്ടമായത് വർഷങ്ങളോടൊപ്പം വികസനവും ക്ഷേമവുമാണ്. വിദ്യാഭ്യാസം മുതൽ ആരോഗ്യം വരെയുള്ള മേഖലകളിലെ നിയമങ്ങൾ തടഞ്ഞുവയ്ക്കപ്പെട്ടത് സംസ്ഥാനത്തിന്റെ ഭരണയന്ത്രത്തെ നിശ്ചലമാക്കുന്നതിന് തുല്യമായി.
ഇത് ഒരു വ്യക്തിപരമായ പോര് മാത്രമല്ല, സംസ്ഥാനത്തിന്റെ ഭരണസൗകര്യത്തെയും ജനങ്ങളോടുള്ള ഉത്തരവാദിത്തത്തെയും ബാധിക്കുന്ന വിഷയമാണ്. സുപ്രീം കോടതി ഈ അവസ്ഥയിൽ ഇടപെട്ടത്, ഭരണഘടനയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ്. ഭരണഘടനയനുസരിച്ച് പ്രവർത്തിക്കേണ്ടവർക്ക് ഒരു ഓർമ്മപ്പെടുത്തലാണ്. നിയമസഭയുടെ ഭരണശേഷിയെ അട്ടിമറിക്കാൻ ആർക്കും കഴിയില്ല. ബില്ലുകൾ ലഭിച്ചാൽ, ഗവർണർ അനുകൂലമോ പ്രതികൂലമോ ആയ നിലപാട് സ്വീകരിക്കണം. ഒരു തീരുമാനവും എടുക്കാതെ കാലം നീട്ടുന്നത് ഭരണഘടനയ്ക്ക് എതിരാണ്, ജനാധിപത്യത്തെ അവഹേളിക്കലാണ്. പുതിയവിധി രാജ്ഭവനുകളുടെ അമിത രാഷ്ട്രീയ ഇടപെടലുകൾ കുറയ്ക്കും. സുപ്രീം കോടതി നൽകിയ ഈ സന്ദേശം അമൂല്യമാണ്. ജനാധിപത്യം തിരിച്ചുപിടിക്കാനുള്ള ഒരു വലിയ ചുവടുവയ്പുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.