30 May 2024, Thursday

കാശ്മീര്‍ ഫയല്‍സ് അഥവാ അസത്യങ്ങളുടെ ‘പ്രൊപ്പഗാന്‍ഡ’

പ്രത്യേക ലേഖകന്‍
November 30, 2022 4:55 am

‘ദ കാശ്മീര്‍ ഫയല്‍സ്’ എന്ന വിവേക് അഗ്നിഹോത്രി സിനിമ കഴിഞ്ഞ മാര്‍ച്ച് 11ന് റിലീസ് ചെയ്തപ്പോള്‍ മുതല്‍ വിവാദങ്ങളും പിന്നാലെയുണ്ട്. കഴിഞ്ഞദിവസം ഗോവയില്‍ അവസാനിച്ച 53-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങില്‍ ജൂറി ചെയര്‍മാന്‍ നദാവ് ലാപിഡ് ഈ ചിത്രം മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. “അന്താരാഷ്ട്ര മത്സരവിഭാഗത്തിലുണ്ടായിരുന്ന പതിനഞ്ചില്‍ പതിനാല് സിനിമകളും സിനിമാറ്റിക് നിലവാരം പ്രകടിപ്പിച്ചവയും ഞങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തവയുമാണ്. പതിനഞ്ചാമത്തെ സിനിമയായ കാശ്മീര്‍ ഫയല്‍സ് ഞങ്ങളില്‍ അസ്വസ്ഥതയും ഞെട്ടലുമുണ്ടാക്കി. ഇതുപോലൊരു അഭിമാനകരമായ ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്താൻ പാടില്ലാത്ത ‘വള്‍ഗര്‍ പ്രൊപ്പഗാൻഡ’ സിനിമയായാണ് ഞങ്ങള്‍ക്ക് തോന്നിയത്. ഇക്കാര്യം പരസ്യമായി പറയാൻ എനിക്ക് ബുദ്ധിമുട്ടില്ല.”- എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ലാപിഡിന്റെ ഈ പ്രസ്താവനയ്ക്കെതിരെ ഐഎഫ്എഫ്ഐയുടെ ചുമതലക്കാരില്‍ നിന്ന് യാതൊരു പ്രതികരണവും ഇതുവരെ ലഭ്യമായിട്ടില്ല. എന്നാല്‍ ഇസ്രായേല്‍ അംബാസഡര്‍ നഓര്‍ ഗിലോണ്‍ രംഗത്തെത്തി. ലാപിഡിന്റെ വിമര്‍ശനം ലജ്ജാവഹം എന്നായിരുന്നു ഗിലോണിന്റെ പ്രതികരണം. ഈ പരാമര്‍ശത്തിലൂടെ ഇന്ത്യ‑ഇസ്രായേല്‍ ബന്ധത്തില്‍ വരുത്തിയ കോട്ടം അതിജീവിക്കുമെന്നും ഗിലോണ്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഭീതി നരേന്ദ്ര മോഡിയും ബിജെപിയും ഭരിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിനെയാണെന്ന് വ്യക്തം. അതാണ് കലാകാരനും നയതന്ത്രജ്ഞനും തമ്മിലുള്ള വ്യത്യാസം. സത്യം പറയാന്‍ കലാകാരന് ആരെയും ഭയക്കേണ്ടതില്ല.

 


ഇതുകൂടി വായിക്കു; ഗാന്ധി സവര്‍ക്കര്‍ പഠനത്തിലെ വൈരുദ്ധ്യങ്ങള്‍


കശ്മീര്‍ വിഷയത്തില്‍ സംഘപരിവാര്‍ താല്പര്യങ്ങളെ പിന്തുണയ്ക്കുന്നു എന്നതിനപ്പുറം കശ്മീരിനെക്കുറിച്ച് ഹിന്ദു വലതുപക്ഷം ഇന്നുവരെ പറഞ്ഞു വച്ച മുഴുവന്‍ അസത്യങ്ങളെയും അര്‍ദ്ധസത്യങ്ങളെയും ആധികാരികമായ വസ്തുതകളായി പരിഗണിച്ചാണ് സിനിമ ആഖ്യാനം നടത്തുന്നത്. മാത്രമല്ല, ഇതാണ് ഇക്കാലമത്രയും മറഞ്ഞിരുന്ന സത്യങ്ങളെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും സംവിധായകനും അവകാശപ്പെടുകയും ചെയ്യുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കശ്മീരിന്റെ ചരിത്രത്തെയും രാഷ്ട്രീയത്തെയും സംബന്ധിച്ച് സവര്‍ണാധിപത്യ രാഷ്ട്രീയ കക്ഷികള്‍ ഇന്നുവരെ പ്രചരിപ്പിച്ച മുഴുവന്‍ അസത്യങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതില്ലാത്ത സത്യങ്ങളാണെന്ന് സിനിമ മുൻകൂറായി തീര്‍പ്പ് കല്‍പ്പിക്കുന്നു. എല്ലാവരും കണ്ടിരിക്കേണ്ട സിനിമയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രശംസയായിരുന്നു ഈ സിനിമയുടെ രാഷ്ട്രീയ മൂലധനം. തൊട്ടുപിന്നാലെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഈ സിനിമയെ നികുതി വിമുക്തമാക്കി. അന്താരാഷ്ട്രതലത്തില്‍ പോലും ആദരിക്കപ്പെട്ട പല ചിത്രങ്ങള്‍ക്കും ഇന്ത്യയിലെ തിയറ്ററുകളില്‍ കാര്യമായ പരിഗണന ലഭിക്കാത്ത സ്ഥിതിയുള്ളപ്പോഴാണ് ഇതെന്ന് കൂടി ഓര്‍ക്കണം. മധ്യപ്രദേശ് സര്‍ക്കാര്‍ ഈ സിനിമ കാണാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു ദിവസത്തെ അവധിയും അസം സര്‍ക്കാര്‍ അര ദിവസത്തെ അവധിയും പ്രഖ്യാപിച്ചു. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരില്‍ ഒരു വിഭാഗം മുസ്‍ലിങ്ങള്‍ക്കെതിരായി കൊലവിളികള്‍ നടത്തുകയും വംശീയ ആഹ്വാനങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. തിയറ്ററിനുള്ളില്‍ ത്രിവര്‍ണ പതാകയുമായി കയറിയ തീവ്രഹിന്ദു സംഘടനകളുടെ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചും മുസ്‍ലിം വിരുദ്ധ ആക്രോശങ്ങള്‍ നടത്തിയും ബഹളമുണ്ടാക്കി. സംഘ്പരിവാറിന്റെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി ഈ വിവരങ്ങള്‍ പ്രചരിപ്പിച്ച് പ്രതികരണങ്ങള്‍ ആളിക്കത്തിച്ചു. ഇതിലൂടെയെല്ലാം മുൻ കാലങ്ങളില്‍ മൂടിവയ്ക്കപ്പെട്ട സത്യങ്ങളാണ് ദ കാശ്മീര്‍ ഫയല്‍സിലൂടെ പുറത്തുവരുന്നതെന്ന് അവര്‍ അടിവരയിട്ടു. ഇതിന്റെയെല്ലാം ഫലമായി കശ്മീരി മുസ്‍ലിങ്ങള്‍ക്കെതിരെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ മുസ്‍ലിങ്ങള്‍ക്കും എതിരെ പ്രചരണം നടത്താൻ ആര്‍എസ്എസിന് സാധിച്ചു. അതിലൂടെ ഹിന്ദുവിന്റെ രക്ഷ തങ്ങളിലൂടെ മാത്രമാണെന്ന സ്ഥിരം വാദം ഒരിക്കല്‍ കൂടി ഉയര്‍ത്തി. മറ്റൊരു വശത്ത് ചിത്രം മുസ്‍ലിങ്ങളെയെല്ലാം തീവ്രവാദികളായി ചിത്രീകരിച്ചുകൊണ്ട് സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നതും വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ അടങ്ങിയതുമാണെന്ന് വിമര്‍ശനം ഉയര്‍ന്നു. ഈ വിവരങ്ങള്‍ കശ്മീരിനെ സംബന്ധിച്ച ഹിന്ദു വലതുപക്ഷ ആഖ്യാനങ്ങളുടെ ആവര്‍ത്തനമാകുന്നതാണ് ചിത്രത്തെ ‘പ്രൊപ്പഗാൻഡ’യാക്കുന്നത്.

 


ഇതുകൂടി വായിക്കു; ചരിത്രം പഠിക്കണം, പഠിപ്പിക്കണം


കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിനുപരി എന്താണ് സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഈ സിനിമയിലുള്ള താല്‍പര്യം? ആര്‍ട്ടിക്കിള്‍ 370 അനുസരിച്ച് ജമ്മു കശ്മീര്‍ സംസ്ഥാനത്തിന് നല്‍കിയ പ്രത്യേക പദവി കശ്മീരില്‍ സ്വതന്ത്ര വാദത്തിനും തീവ്രവാദത്തിനും കാരണമായെന്ന് വര്‍ഷങ്ങളായി ആര്‍എസ്എസ് പറയുന്നതാണ്. ഇതേവാദം തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ വേഷം ചെയ്ത അനുപം ഖേറിലൂടെ കശ്മീര്‍ ഫയല്‍സും മുന്നോട്ട് വയ്ക്കുന്നത്. അത് സംഭാഷണത്തിലൂടെ വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍ ചിത്രത്തില്‍ പറയുന്നത് പോലെയല്ല കശ്മീരിലെ കാര്യങ്ങള്‍. 1989ന്റെ പകുതി മുതല്‍ സംസ്ഥാനത്തുണ്ടായ ജനകീയ പ്രക്ഷോഭങ്ങളില്‍ ഹിന്ദുക്കളും മുസ്‍ലിങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. അക്കാലഘട്ടത്തിലെ രാഷ്ട്രീയ മാറ്റങ്ങളായിരുന്നു അതിന് കാരണം. ഇപ്പോള്‍ ഒരു 45 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ഓര്‍മ്മകളില്‍ തന്നെ ഈ സംഭവങ്ങളുണ്ടാകും. എന്നാല്‍ സംഘ്പരിവാര്‍ അക്കാലം മുതല്‍ ഇതിനെ പ്രചരിപ്പിക്കുന്നത് കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരായ മുസ്‍ലിങ്ങളുടെ ആക്രമണമായാണ്. ഈ പ്രചരണത്തെയാണ് സിനിമ ശരിവയ്ക്കുന്നതും.
കാശ്മീര്‍ ഫയല്‍സിലെ ഒരു അര്‍ദ്ധ സത്യം കൂടി നോക്കാം. ചിത്രത്തിലെ ഒരു ഭാഗത്ത് കശ്മീരി പണ്ഡിറ്റ് അരിപ്പാത്രത്തില്‍ ഒളിച്ചിരിക്കുമ്പോള്‍ കൊല്ലപ്പെടുന്നുണ്ട്. രക്തം കലര്‍ന്ന അരി അദ്ദേഹത്തിന്റെ ഭാര്യയെക്കൊണ്ട് തീവ്രവാദികള്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നതാണ് രംഗം. 1990 മാര്‍ച്ച് 19ന് വീടിനുള്ളിലെ അരിപ്പെട്ടിയില്‍ ഒളിച്ചിരുന്ന ബാല്‍ കിഷൻ ഗഞ്ജു എന്നയാള്‍ കൊല്ലപ്പെട്ട സംഭവമാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. എന്നാല്‍ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത് പോലെയായിരുന്നില്ല ആ കൊലപാതകമെന്ന് അദ്ദേഹത്തിന്റെ സഹോദരനായ ഷിബാൻ കിഷൻ ഗഞ്ജു പറഞ്ഞതായി ഇക്കഴിഞ്ഞ മേയ് 10ന് ശുഭാംഗി മിശ്ര, ദ പ്രിന്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തം കലര്‍ന്ന അരി കഴിക്കേണ്ടി വന്നിരുന്നെങ്കില്‍ തന്റെ സഹോദര പത്നി അത് തന്നോട് പറയുമായിരുന്നെന്നും അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. മുസ്‍ലിങ്ങളെ ക്രൂരന്മാരായി ചിത്രീകരിക്കാന്‍ ചലച്ചിത്രകാരന്റെ ഭാവനയില്‍ വിരിഞ്ഞ സംഭവമാണ് ഇതെന്ന് വ്യക്തം. മാത്രമല്ല, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാരും തന്നെയോ കുടുംബത്തെയോ വിവര ശേഖരണത്തിനായി സമീപിച്ചിട്ടില്ലെന്നും അദ്ദേഹം ശുഭാംഗി മിശ്രയോട് വെളിപ്പെടുത്തിയിട്ടുണ്ട്. കശ്മീര്‍ പണ്ഡിറ്റുകളുടെ നിരവധി പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സോണിയ ജബ്ബാറും ഇത്തരമൊരു സംഭവത്തെക്കുറിച്ച് കേട്ടിട്ടില്ലെന്നാണ് പറയുന്നത്. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ “ഇത് ജേണലിസം അല്ല. ചിലര്‍ക്ക് സഹതാപവും മനുഷ്യത്വവും ലഭിക്കുമ്പോള്‍ ആശ്വാസമാകുന്നുവെങ്കില്‍ അതല്ലേ നല്ലത്” എന്നായിരുന്നു വിവേക് അഗ്നിഹോത്രിയുടെ മറുപടിയെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തതാണ്.

ചിത്രത്തിന്റെ ഒരു ഭാഗത്ത് പറയുന്നത് 4,000 കശ്മീരി പണ്ഡിറ്റുകള്‍ അക്കാലത്ത് കൊല്ലപ്പെട്ടുവെന്നാണ്. എന്നാല്‍ എവിടെ നിന്നാണ് ഈ കണക്കുകള്‍ വന്നതെന്ന് വിശദീകരിക്കാൻ ഇന്നുവരെ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ തയാറായിട്ടില്ല. ഇക്കാര്യത്തില്‍ ഏറ്റവും വലിയ കണക്ക് കാണിക്കുന്ന കാശ്മീരി പണ്ഡിറ്റ് സംഘര്‍ഷ് സമിതി പോലും 700 എന്നാണ് പറയുന്നത്. പാെലീസിന്റെ കണക്ക് 89 എന്നും. കൊല്ലപ്പെട്ടത് ഒരാളാണെങ്കിലും അതിന് വിലയുണ്ട്. പക്ഷെ ഇത്തരത്തില്‍ പര്‍വതീകരിക്കുന്ന കണക്കുകളുടെ ലക്ഷ്യം മുസ്‍ലിം വിരുദ്ധ വികാരം ഇളക്കിവിടുകയെന്നത് തന്നെയാണെന്ന് ഉറപ്പ്.
ഒരു കലാരൂപം എന്ന നിലയില്‍ സിനിമയ്ക്ക് സാങ്കല്പികമായി എന്തും പറയാം. അത് ആവിഷ്കാര സ്വാതന്ത്ര്യമാണ്. എന്നാല്‍ ഇതാണ് ശരിയെന്ന് സിനിമയുടെ പിന്നണി പ്രവര്‍ത്തകരും, മറച്ചുവച്ച സത്യമെന്ന് അവരുടെ പ്രമോട്ടര്‍മാരായി മാറിയ കേന്ദ്രസര്‍ക്കാരും വാദിക്കുന്നിടത്താണ് പ്രശ്നം. ഈ അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളുമാണ് ചിത്രത്തിന്റെ ‘പ്രൊപ്പഗാൻഡ’. ഒരു നുണ ആയിരം വട്ടം ആവര്‍ത്തിച്ചാല്‍ സത്യമായി തീരുമെന്ന ചൊല്ലുണ്ടല്ലോ. ആടിനെ പട്ടിയാക്കുന്നതും പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്നതും ആര്‍എസ്എസിന് പുതുമയല്ല. പക്ഷേ അതേരീതി സിനിമ പോലൊരു ജനകീയ മാധ്യമം പിന്തുടരുന്നത് ചരിത്രത്തോടുള്ള വഞ്ചനയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.