18 April 2025, Friday
KSFE Galaxy Chits Banner 2

ഒറ്റപ്പുകഴ്ത്തലിൽ ഷെഹ്‌ല ദേശവിരുദ്ധയല്ലാതാകുമ്പോൾ

അബ്ദുള്‍ ഗഫൂർ
March 10, 2025 4:30 am

ഷെഹ്‌ല റാഷിദിനെ ഓർമ്മയില്ലേ. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിനു ശേഷം രാജ്യശ്രദ്ധയിലേക്ക് ഉയർന്നുവന്ന ജവഹർലാൽ നെഹ്രു സർവകലാശാല (ജെഎൻയു)യിലെ വിദ്യാർത്ഥി നേതാക്കളിൽ ഒരാൾ. കശ്മീരിലെ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവന്ന ഷെഹ്‌ല റാഷിദ് 2014ന് ശേഷം ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ഡൽഹിയിൽ രൂപപ്പെട്ട വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മുൻനിരക്കാരിയുമായി. പലർക്കുമൊപ്പം ഫാസിസ്റ്റ്, സവർണാധിപത്യത്തിനെതിരെയും ജനാധിപത്യം നിലനിർത്തുന്നതിനുമുള്ള പോരാട്ടങ്ങളിലെ മുന്നണിപ്പോരാളികളിൽ ഒരാളായി ഷെഹ്‌ല റാഷിദ് മാധ്യമങ്ങളിൽ നിറയുകയും രാജ്യത്താകയെുള്ള വലിയ വിഭാഗത്തിന് സുപരിചിതയായിത്തീരുകയും ചെയ്തു. എല്ലാവരുടെയും പോരാട്ടം ബിജെപിക്കെതിരായിരുന്നു എന്നതുകൊണ്ട് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന സർക്കാരുകളുടെ നിരന്തര വേട്ടയുടെ ഇരകളുമായിരുന്നു ഷെഹ്‌ല ഉൾപ്പെടെയുള്ളവര്‍. പിന്നീടുണ്ടായ പാർട്ടി മാറ്റങ്ങളിലൂടെ പലരും മാധ്യമശ്രദ്ധയിൽ നിന്നും ദേശീയ രാഷ്ട്രീയ ഭൂമികയിൽ നിന്നും പുറത്താവുന്ന സ്ഥിതിയുണ്ടായി. അതേസമയം ചിലർ നിലപാട് മയപ്പെടുത്തലുകളിലൂടെ ചിലപ്പോഴെല്ലാം ദേശീയ ശ്രദ്ധയിൽ ഉയർന്നുവരികയും ചെയ്തു. അവരിൽ ഒരാൾ ഹാർദിക് പട്ടേലും മറ്റൊരാൾ ഷെഹ്‌ല റാഷിദുമാണ്. ഗുജറാത്തിലെ പട്ടിദാർ വിഭാഗത്തിന് സംവരണമാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിലൂടെയാണ് ഹാർദിക് പട്ടേൽ രാഷ്ട്രീയ, മാധ്യമശ്രദ്ധയിലെത്തുന്നത്. പട്ടിദാർ വിഭാഗം വലിയ തോതിലുള്ളത് ഗുജറാത്തിലായതിനാൽ പ്രക്ഷോഭം കേന്ദ്രീകരിച്ചത് അവിടെയായിരുന്നു. പ്രക്ഷോഭത്തിന്റെ കുന്തമുന തിരിഞ്ഞതും ഗുജറാത്തിലെ ബിജെപി സർക്കാരിനെതിരെയായി. ആ സമരം ബിജെപി വല്ലാതെ ഭയന്നതായിരുന്നു. അതിന്റെ പ്രതിഫലനം 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാവുകയും ചെയ്തു. ബിജെപി അംഗസംഖ്യയിൽ ഗണ്യമായ കുറവുണ്ടായി. പട്ടിദാർ സമരത്തിന് നേതൃത്വം നൽകിയ ഹാർദിക് പട്ടേലിനെ ഗുജറാത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകൾ വല്ലാതെ വേട്ടയാടുകയും ചെയ്തു. ദേശദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്തു. പിന്നീട് അദ്ദേഹം കോൺഗ്രസിൽ ചേർന്നപ്പോഴും വേട്ടയ്ക്ക് അവസാനമുണ്ടായില്ല. 

2015 ഒക്ടോബർ 18ന് രാജ്കോട്ടിൽ ദേശീയ പതാകയെ അപമാനിച്ചെന്ന് പറഞ്ഞ് പട്ടേലിനെതിരെ കേസെടുത്തു. ഒക്ടോബർ 19ന് സൂറത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി മറ്റൊരു കേസുമുണ്ടായി. ഈ കേസിൽ 10 മാസത്തിലധികം അദ്ദേഹം ജയിലിൽ കഴിഞ്ഞു. ആറ് മാസം സംസ്ഥാനത്തിന് പുറത്തും ഒമ്പത് മാസം മെഹ്സാനയ്ക്ക് പുറത്തും താമസിക്കണമെന്ന വ്യവസ്ഥയിൽ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനാലാണ് പുറത്തിറങ്ങാനായത്. 2018 ജൂലൈ 25ന്, കലാപം, തീവയ്പ്, പൊതുമുതൽ നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾക്ക് പട്ടേലുൾപ്പെടെ മൂന്നുപേർക്ക് രണ്ട് വർഷത്തെ തടവിന് പുറമെ 50,000 രൂപ പിഴയും വിധിച്ചു. ഉത്തരവിനെതിരെ അദ്ദേഹം അപ്പീൽ നൽകിയെങ്കിലും 2019ലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിച്ചില്ല. അങ്ങനെയിരിക്കെ ഹാർദിക് ബിജെപിയിൽ ചേർന്നു. അതോടെ ദേശദ്രോഹക്കുറ്റവും മറ്റ് കേസുകളുമെല്ലാം നിശ്ചലമാകുകയും 2022 മേയിൽ അദ്ദേഹത്തിനെതിരായ കലാപക്കുറ്റം പിൻവലിക്കാൻ അനുവദിക്കുകയും ചെയ്തു. പട്ടിദാർ വിഭാഗത്തിന്റെ സമരത്തിന് നേതൃത്വം നൽകിയ നേതാവെന്ന നിലയിൽ സ്വാഭാവികമായുള്ള കേസുകളല്ല അദ്ദേഹത്തിനെതിരെ ഉണ്ടായത്. ബിജെപിക്കെതിരായ സമരത്തിന് നേതൃത്വം നൽകി എന്നതിനാൽ സൃഷ്ടിച്ചവയായിരുന്നു പല കേസുകളും. കോടതി വാറണ്ട് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്ത് ജയിലിലിട്ട സംഭവവുമുണ്ടായി. ഇതെല്ലാം ബോധപൂർവമായ ഗൂഢാലോചനയുടെ ഫലമാണെന്ന് വ്യക്തമാണ്. പക്ഷേ ബിജെപിയിൽ ചേർന്നതോടെ ഹാർദിക് ദേശവിരുദ്ധനല്ലാതായിത്തീരുകയും കേസ് പിൻവലിക്കപ്പെടുന്നതുമാണ് പീന്നീട് നാം കണ്ടത്. 

2015ലെ പട്ടേൽ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഹാർദിക് പട്ടേലിനും മറ്റുള്ളവർക്കുമെതിരെ ഗുജറാത്തിലെ അഹമ്മദാബാദ് സിറ്റി സെഷൻസ് കോടതിയിൽ രജിസ്റ്റർ ചെയ്ത രാജ്യദ്രേഹക്കുറ്റമാണ് സർക്കാർ അപേക്ഷയെ തുടർന്ന് ഒടുവിൽ ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 18നാണ് കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
ഇതുപോലെ തന്നെയാണ് ഷെഹ്‌ല റാഷിദിന്റെയും കഥ. ഹാർദിക്കിന് കോൺഗ്രസ് വഴി ബിജെപിയിലെത്തേണ്ടി വന്നു, തന്റെ കേസുകൾ രാജിയാകാനെങ്കിൽ ഷെഹ്‌ലയ്ക്ക് ഒറ്റപ്പുകഴ്ത്തൽ മതിയായിരുന്നു അതിന്. 2015 മുതൽ കശ്മീരിലും ഡൽഹിയിലുമൊക്കെ ഫാസിസ്റ്റ് വിരുദ്ധ, ബിജെപി വിരുദ്ധ പോരാട്ടത്തിലെ നിറഞ്ഞുകേട്ട പെൺപേരുകളിലൊന്നായിരുന്നു ഷെഹ്‌ലയുടേത്. ജമ്മു കശ്മീരിൽ നിന്നെത്തിയ ആ പെൺകുട്ടി ഡൽഹിയിൽ ജെഎൻയുവിലും ജന്തർ മന്ദറിലും ജൻപഥി (ഇപ്പോൾ കർത്തവ്യ പഥ്) നടുത്തും ജാമിയ മിലിയയിലും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റ മുന്നിൽ നിന്നു. അക്കാലത്ത് വലതുപക്ഷ മാധ്യമങ്ങളെല്ലാം മോഡിയുടെ മടിത്തട്ടിലെ (ഗോദി മീഡിയ) ത്തിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ദേശീയ, സാർവദേശീയ മാധ്യമങ്ങളിൽ ഒന്നാംപുറ വാർത്തയും ചിത്രവുമായി ഷെഹ്‌ല നിറഞ്ഞു. പതിവുപോലെ മോഡിയുടെ പൊലീസ് ഉള്ളിടങ്ങളെല്ലാം അവൾക്കെതിരെ കേസുണ്ടായി. ദേശദ്രോഹമുൾപ്പെടെ കടുത്ത വകുപ്പുകൾ തന്നെ ചുമത്തി. 

2013ൽ മുസ്ലിം പെൺകുട്ടികൾ മാത്രമുള്ള സംഗീത സംഘമായ പ്രഗാഷിനു നേരെ കശ്മീരിലെ ഇസ്ലാമിക യാഥാസ്ഥിതികരും തീവ്ര നിലപാടുകാരും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തപ്പോൾ അതിനെതിരെ ഷെഹ്‌ലയുടെ പ്രതികരണം ശക്തവും ശ്രദ്ധേയവുമായിരുന്നു. കശ്മീരിൽ ഇസ്ലാമിക യാഥാസ്ഥിതികത്വത്തിനെതിരെ പൊരുതിയ അവർ ഡൽഹിയിലെത്തിയതിനു ശേഷം 2014 മുതൽ തീവ്ര ഹിന്ദുത്വ, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെയും മുന്നണിയിൽ നിന്നു. ഹിന്ദുത്വ, ഇസ്ലാമിക തീവ്ര നിലപാടുകാരുടെ കണ്ണിലെ കരടായി മാറിയ അവർക്കെതിരെ മത്സരിച്ച് പരാതികളും കേസുകളും ഉണ്ടാകുന്നതാണ് പിന്നീട് കണ്ടത്.
പ്രവാചകൻ മുഹമ്മദിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടു എന്ന പേരിൽ 2017ൽ അലിഗഢിലും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെ സൈനികരിൽ നിന്ന് കശ്മീരികൾക്ക് പീഡനം നേരിടുന്നുവെന്ന് ട്വീറ്റ് ചെയ്തതിന്റെ പേരിൽ ദേശദ്രോഹക്കുറ്റം ചുമത്തി ഡൽഹിയിലും കേസുണ്ടായി. അങ്ങനെ പല കേസുകളിൽ കുടുങ്ങിക്കിടന്ന ഷെഹ്‌ല റാഷിദിനെയാണ് ഒറ്റപ്പുകഴ്ത്തലിലൂടെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ കീഴിലുള്ള ഡൽഹി പൊലീസ് ഇപ്പോൾ കുറ്റവിമുക്തയാക്കിയിരിക്കുന്നത്. 

കശ്മീരിലേക്ക് തിരിച്ചുപോവുകയും പുതുതായി രൂപംകൊണ്ട ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റിന്റെ ഭാഗമാവുകയും ചെയ്ത ഷെഹ്‌ല റാഷിദ് 2023ലാണ് നരേന്ദ്ര മോഡിയെയും ആഭ്യന്തരമന്ത്രിയെയും പുകഴ്ത്തി വാർത്താ ഏജൻസിക്ക് അഭിമുഖംനൽകിയത്. ആർട്ടിക്കിൾ 370 പിൻവലിച്ചതിനുശേഷം കശ്മീരിലെ സ്ഥിതി മാറിയെന്നും ഇതിനുള്ള എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ആണെന്നുമായിരുന്നു അവരുടെ പ്രതികരണം. അതോടെ അവർക്കെതിരെ ഡൽഹി പട്യാല കോടതിയിലെ ദേശദ്രോഹക്കുറ്റം ചുമത്തിയ കേസ് പിൻവലിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പ്രോസിക്യൂട്ട് ചെയ്യുന്നതിന് ലഫ്റ്റനന്റ് ഗവർണറിൽ നിന്ന് ലഭിച്ച അനുമതി ആദ്യം റദ്ദാക്കണമായിരുന്നു. വിവിധ റിപ്പോർട്ടുകൾ സമാഹരിച്ച് പൊലീസ് അതിനുള്ള അപേക്ഷ സമർപ്പിക്കുകയും കഴിഞ്ഞ മാസം അത് ലഭിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ പട്യാല കോടതിയിൽ കേസ് പിൻവലിക്കുന്നതിനുള്ള ഹർജി ഫെബ്രുവരി 27ന് ഡൽഹി പൊലീസ് തന്നെ സമർപ്പിക്കുകയായിരുന്നു. ഈ വിധത്തിൽ ബിജെപിക്കെതിരെ നിലകൊള്ളുന്ന പാർട്ടികളിൽ പ്രവർത്തിക്കുകയും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്ത എത്രയോ പേരാണ് തങ്ങൾക്ക് അനുകൂലമായ നിലപാട് മാറ്റം വരുത്തിയപ്പോൾ കുറ്റവിമുക്തരാക്കപ്പെട്ടത്, വിശുദ്ധരാക്കപ്പെട്ടത്. എൻസിപി നേതാക്കളായിരുന്ന മഹാരാഷ്ട്രയിലെ പ്രഫുൽ പട്ടേൽ, അജിത് പവാർ അങ്ങനെ ആ പേരുകൾ നീളുകയാണ്. കേന്ദ്ര ആഭ്യന്തര വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി വകുപ്പ്, ദേശീയ അന്വേഷണ ഏജൻസി തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുകയാണ് ഈ രണ്ടു നടപടികളും. ഈ ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടലിനെത്തുടർന്ന് ബിജെപിയിലോ ബിജെപി സഖ്യത്തിലോ അഭയം തേടിയ രണ്ട് ഡസനിലധികം നേതാക്കളാണ് ഇതിനകം കുറ്റവിമുക്തരാക്കപ്പെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.