23 December 2024, Monday
KSFE Galaxy Chits Banner 2

ഒടുവിൽ 2000വും പോയി

ജാലകം
അഡ്വ. കെ പ്രകാശ് ബാബു
May 21, 2023 4:18 am

2016 നവംബർ എട്ടിന് രാജ്യത്തു പ്രചരിച്ചിരുന്ന 500ന്റെയും 1000ത്തിന്റെയും കറൻസികൾ നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നാടകീയ പ്രഖ്യാപനങ്ങൾ ആരും മറന്നു കാണുകയില്ല. പ്രചാരത്തിലുണ്ടായിരുന്ന ആകെ കറൻസിയുടെ 86 ശതമാനമാണ് അന്ന് നിരോധിക്കപ്പെട്ടത്. പ്രധാനമായും മൂന്നു കാരണങ്ങളാണ് നോട്ടു നിരോധനത്തെ ന്യായീകരിക്കാൻ പ്രധാനമന്ത്രി നിരത്തിയത്. കള്ളനോട്ടുകൾ നിർവീര്യമാക്കല്‍, കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍, ഭീകരവാദികളുടെ നുഴഞ്ഞുകയറ്റവും അതിനുള്ള സാഹചര്യങ്ങളും ഇല്ലാതാക്കല്‍. ഏതാനും ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം പുതിയ ഒരു കാരണം കൂടി നിരത്തി; ഇന്ത്യയില്‍ ഡിജിറ്റലൈസേഷന് കളമൊരുക്കിക്കൊണ്ട് കറൻസിരഹിത രാജ്യമാക്കുക. ഈ പ്രഖ്യാപനങ്ങളെല്ലാം കേട്ട് മോഡി ഭൃത്യരും സംഘ്പരിവാർ അനുകൂലികളും ഒരുവിഭാഗം ആധുനിക സാമ്പത്തിക വിദഗ്ധരും രോമാഞ്ചം കൊള്ളുകയും കേന്ദ്രസർക്കാരിന്റെ ഉടുക്കുകൊട്ടുകാരായി മാറുകയും ചെയ്തു.


ഇത് കൂടി വായിക്കൂ:യാഥാര്‍ത്ഥ്യമാകുന്നത് പ്രാപ്തരായ രണ്ടാംനിര ഉദ്യോ­ഗസ്ഥ മേധാവികൾ എന്ന സ്വപ്നം 


സമൂഹ മാധ്യമങ്ങളിൽക്കൂടി മോഡി വാനോളം വാഴ്ത്തപ്പെട്ടു. എന്നാൽ ചിന്താശക്തിയുള്ള മനുഷ്യർക്ക് തോന്നിയ സംശയങ്ങളിൽ പ്രധാനമായിരുന്നു ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് നിരോധിച്ചതിനുശേഷം 2000ത്തിന്റെ നോട്ട് അച്ചടിക്കുന്നത് എന്തിനാണെന്ന്. ഇന്ത്യയിൽ മാത്രമല്ല ഏതുരാജ്യത്തും നോട്ടു നിരോധനം ഏർപ്പെടുത്തിയിട്ടുള്ള സന്ദർഭങ്ങളിലെല്ലാം കൂടിയ മൂല്യമുള്ളവ നിരോധിക്കുകയും കുറഞ്ഞ മൂല്യമുള്ളവ മാത്രം പുതുതായി പുറത്തിറക്കുകയുമാണ് ശാസ്ത്രീയ സമീപനം. റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ അന്നു പറഞ്ഞതുപോലെ റിസർവ് ബാങ്കിന്റെ അഭിപ്രായങ്ങളെപ്പോലും മാനിക്കാതെയാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. കേവലമായ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മാത്രം നോട്ടു നിരോധനം അടിച്ചേല്പിക്കുകയാണ് മോഡി സർക്കാർ ചെയ്തത്. ഈ നടപടിയെ ഒരു ‘തുഗ്ലക് പരിഷ്കരണ’മായി പലരും ചൂണ്ടിക്കാണിച്ചു. നിരോധിച്ച നോട്ടുകൾ മാറ്റി വാങ്ങുന്നതിനും പുതിയവ ലഭിക്കുന്നതിനും ജനങ്ങൾ പരക്കംപാഞ്ഞ് നടന്നു. ക്യൂവിൽ നിന്നും തളർന്നും വിശന്നും നൂറുകണക്കിനാളുകൾ മരിച്ചു വീണു. നിരോധനത്തിനു മുൻമ്പ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന ആകെ കറൻസി 17.97 ലക്ഷം കോടിയുടെതായിരുന്നു. അതിന്റെ 86.4 ശതമാനം (15.41 ലക്ഷം കോടി) വരുമായിരുന്നു നിരോധിക്കപ്പെട്ട 1000, 500 നോട്ടുകളുടെ മൂല്യം. റിസർവ് ബാങ്കിന്റെ കണക്കു പ്രകാരം നിരോധിച്ച നോട്ടിന്റെ 99.3 ശതമാനവും രാജ്യത്തെ വിവിധ ബാങ്കുകളിലായി തിരിച്ചെത്തി. കേവലം 0.7 ശതമാനം മാത്രമേ തിരിച്ചെത്താതിരുന്നുള്ളൂ. അഞ്ചുലക്ഷം കോടിയുടെ കള്ളപ്പണം പ്രചാരത്തിലുണ്ടായിരുന്നെന്നും അവ നിർവീര്യമാക്കപ്പെടുമെന്നുമുള്ള മോഡിപ്രചാരകരുടെയും സർക്കാരിന്റെയും വാദം പാടെ പൊളിഞ്ഞ ചിത്രമാണ് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകളിൽ നാം കണ്ടത്. നോട്ടു നിരോധനത്തിൽക്കൂടി കള്ളപ്പണമോ കള്ളനോട്ടോ നിർവീര്യമാക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല കറൻസിരഹിത സമ്പദ്‌വ്യവസ്ഥ എന്ന മോഡിയുടെ അവകാശവാദം അതിദയനീയമായി തകരുന്നതും ഇന്നു നമ്മൾ കാണുന്നു. 2016ൽ 17.97 ലക്ഷം കോടിയായിരുന്നു പ്രചാരത്തിലുണ്ടായിരുന്നതെങ്കിൽ ഡിജിറ്റലൈസേഷൻ പ്രഖ്യാപിച്ചതിനുശേഷം ആറുവർഷം കഴിയുമ്പോൾ 32.4 ലക്ഷം കോടിയായി കറൻസി വർധിച്ചതായി റിസർവ് ബാങ്ക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എവിടെ സർക്കാർ പറഞ്ഞ കറൻസിരഹിത സമ്പദ്‍വ്യവസ്ഥ (ഡിജിറ്റലൈസേഷൻ)? നോട്ടുനിരോധനം കൊണ്ട് ആർക്കെന്തു പ്രയോജനമെന്ന് ഇനിയെങ്കിലും പ്രധാനമന്ത്രി പറയണം. രാജ്യത്തിന്റെ വ്യാവസായിക‑ഉല്പാദന മേഖലകൾ പുറകോട്ടു പോയി. നിരവധി വ്യാപാര സ്ഥാപനങ്ങൾ അടച്ചു പൂട്ടി. ലക്ഷക്കണക്കിന് തൊഴിലാളികൾക്കും ജീവനക്കാർക്കും തൊഴിൽ നഷ്ടപ്പെട്ടു. ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉല്പാദനത്തിൽ ഗണ്യമായ കുറവുണ്ടായി. ആസ്തികളായി മാറ്റപ്പെട്ട കള്ളപ്പണം ഇപ്പോഴും സുരക്ഷിതമായി തന്നെ ഇരിക്കുന്നു. ഉദ്ദേശിച്ച ഒരു ഫലവും ഉണ്ടായില്ലെന്നു മാത്രമല്ല നോട്ടു നിരോധനം മോഡി സർക്കാരിന്റെ ‘ചരിത്രപരമായ അബദ്ധ’ങ്ങളില്‍ ഒന്നായി കലാശിക്കുകയും ചെയ്തു. ഇപ്പോൾ ഏറെ ചെലവ് ചെയ്ത് അച്ചടിച്ച 2000ത്തിന്റെ നോട്ടുകൾ കേവലം ആറുവർഷത്തിനുശേഷം പിൻവലിക്കേണ്ടിയും വന്നു. ഈ വർഷം സെപ്റ്റംബർ 30 വരെ മാത്രമേ 2000ത്തിന്റെ നോട്ടുകൾക്ക് ആയുസുള്ളു. ഇവിടെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പറഞ്ഞ, ‘പ്രസംഗ പാടവം മാത്രമുള്ള ഒരു നേതാവ് ഒരു വലിയ രാജ്യത്തിലെ രാജാവായ കഥ’ പ്രസക്തമാകുന്നത്. ഇവിടെയാണ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ഭർത്താവ് പാറക്കാല പ്രഭാകരൻ എന്ന സാമ്പത്തിക വിദഗ്ധന്റെ വാക്കുകളും ശ്രദ്ധേയ മാകുന്നത്.


ഇത് കൂടി വായിക്കൂ: നദികളുടെ വീണ്ടെടുപ്പിനായി ഒരു ദിനം


അദ്ദേഹത്തിന്റെ ”ദി ക്രൂക്കഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ” എന്ന പുസ്തകത്തിലാണ് ഒന്നിനെക്കുറിച്ചും ഒന്നും അറിഞ്ഞുകൂടാത്ത, വ്യാജ പ്രചാരണം കൊണ്ട് ഓട്ടയടയ്ക്കുന്ന ഒരു ഭരണത്തലവൻ മാത്രമാണ് എന്ന് മോഡിയെ പരിഹസിച്ചിരിക്കുന്നത്. ജനാധിപത്യത്തെ ഭയക്കുന്ന, മതനിരപേക്ഷതയെ ഭയക്കുന്ന, ചങ്ങാത്ത മുതലാളിത്തത്തെ താലോലിക്കുന്ന ആധുനിക ഫാസിസത്തിന്റെ ഉല്പന്നമായ ഒരു ഭരണകൂടം ആദ്യഘട്ടത്തിൽ നടത്തുന്ന ചില ചെപ്പടിവിദ്യകൾ കേവലം പ്രചരണത്തിനു മാത്രമുള്ളതാണെന്ന് ജനങ്ങൾ അല്പം താമസിച്ചാണെങ്കിലും മനസിലാക്കും. പ്രചണ്ഡമായ പ്രചാരണങ്ങളുടെ മറവിൽ രാജ്യവും രാജ്യവാസികളും ഭരണകൂടത്താൽ കൊള്ള ചെയ്യപ്പെടുന്നത് ആദ്യം ആരും മനസിലാക്കിയില്ല. ആധുനിക ഇന്ത്യൻ ഫാസിസത്തിന്റെ നീതിശാസ്ത്രത്തിന്റെ സവിശേഷതയാണിത്. കുറച്ചുകാലം കൂടുതൽ ആളുകളെയും കൂടുതൽ കാലം കുറച്ച് ആളുകളെയും കബളിപ്പിക്കാൻ ചില വിരുതന്മാർക്ക് കഴിയും, പക്ഷെ എല്ലാക്കാലവും എല്ലാവരെയും കബളിപ്പിക്കാൻ ഒരു വിരുതനും കഴിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.