15 April 2024, Monday

മനുഷ്യത്വം മറന്ന ഭരണം; മറയ്ക്കപ്പെടുന്ന ചേരികള്‍

സത്യന്‍ മൊകേരി
വിശകലനം
January 4, 2023 4:30 am

സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ ജനങ്ങളുടെ ജീവിതദുരിതങ്ങള്‍ അനുദിനം വര്‍ധിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 2022 അവസാനിക്കുമ്പോള്‍ 141 കോടിയിലധികമാണ് രാജ്യത്തെ ജനങ്ങള്‍. അതില്‍ മഹാഭൂരിപക്ഷവും ഗ്രാമങ്ങളിലും നഗരങ്ങളിലെ ചേരികളിലും ജീവിക്കുന്നവരാണ്. പ്രാഥമിക ജീവിതസൗകര്യങ്ങള്‍ ലഭിക്കാതെ ഗ്രാമപ്രദേശത്തും ചേരികളിലും താമസിക്കുന്നവര്‍‍ നരകയാതന അനുഭവിക്കുന്നു. കഴിഞ്ഞദിവസം വെളിപ്പെടുത്തിയ കണക്കുകള്‍ ജനാധിപത്യ വിശ്വാസികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. 1.39 കോടി കുടുംബങ്ങളിലായി 6.54 കോടി ഇന്ത്യക്കാര്‍ പ്രാഥമിക ജീവിതസൗകര്യങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത ചേരികളിലാണ് താമസിക്കുന്നത് എന്നാണ് രാജ്യസഭയില്‍ വ്യക്തമാക്കിയത്. രാജ്യസഭാ അംഗം എ എ റഹീമിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് കണക്കുകള്‍ പുറത്തുവന്നത്. കണക്കുകള്‍ യഥാര്‍ത്ഥത്തിലുള്ളതല്ല എന്നും, വസ്തുതകള്‍ മറച്ചുവച്ചാണ് രാജ്യസഭയില്‍ വെളിപ്പെടുത്തിയതെന്നും വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സര്‍ക്കാറിന് പ്രയാസമുണ്ടാക്കുന്ന കണക്കുകള്‍ പുറത്തുവിടാതെ കെട്ടിച്ചമച്ച കണക്കുകള്‍ അവതരിപ്പിച്ച് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയെന്നത് ഭരണകൂടത്തിന്റെ സ്ഥിരം ശെെലി തന്നെയാണ്. തങ്ങളുടെ പ്രചരണ സംവിധാനം ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കുകയെന്നത് ഭരണാധികാരികളുടെ ശീലമാണ്. 1,08,227 ചേരികളാണ് ഇന്ത്യയിലുള്ളതെന്നാണ് കേന്ദ്ര ഭവന-നഗര സഹമന്ത്രി കൗശല്‍ കിശോര്‍ വെളിപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ 24,99,948, മധ്യപ്രദേശില്‍ 11,17,764, യുപിയില്‍ 10,66,363, ഗുജറാത്തില്‍ 3,45,988, ഡല്‍ഹിയില്‍ 3,67,893 കുടുംബങ്ങള്‍ ചേരിയില്‍ കഴിയുന്നു. ചേരിയില്‍ താമസിക്കുന്നവര്‍ക്ക് കുടിവെള്ളം ലഭിക്കുന്നില്ല. അഴുക്കുവെള്ളമാണ് അവര്‍ കുടിക്കാനായി ഉപയോഗിക്കുന്നത്. പ്രാഥമിക ജീവിതസൗകര്യങ്ങളെല്ലാം നിഷേധിക്കുന്നു. പ്ലാസ്റ്റിക്ക് ഷീറ്റുകളുപയോഗിച്ചാണ് കൂരകള്‍ പണിതിരിക്കുന്നത്. കാറ്റിലും മഴയിലും ഇത് നശിച്ചുപോകുന്നു. കൊടുംതണുപ്പിലും പൊരിവെയിലിലും അവരുടെ ജീവിതം ദുഃസഹമാണ്. രാജ്യത്തിന്റെ വിവിധ മേഖലകള്‍ ഇപ്പോള്‍ അതിശെെത്യത്തിലാണ്. ജനങ്ങള്‍ തണുപ്പില്‍ മരവിച്ചില്ലാതാകുന്നു. പ്രായംചെന്നവരും ജനിച്ചുവീണ കുഞ്ഞുങ്ങളും വ്യത്യസ്ത കാലാവസ്ഥയില്‍ നരകയാതന അനുഭവിക്കുന്നു. ചേരികളിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസ സൗകര്യംപോലും ലഭിക്കുന്നില്ല. അവരെ മനുഷ്യരായി കാണാന്‍ പോലും‍ കേന്ദ്രഭരണകൂടം തയ്യാറാകുന്നില്ല.

 


ഇതുകൂടി വായിക്കു;  ജി20 യില്‍ മുഴങ്ങുന്നത് സ്വകാര്യ മേഖലയുടെ ഇരമ്പം


 

 

കാര്‍ഷിക മേഖലയുടെ തകര്‍ച്ച പാവങ്ങളെ നഗരങ്ങളിലേക്ക് കൂട്ടത്തോടെ പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അവരാണ് ചേരികളിലെത്തുന്നത്. എന്തെങ്കിലും തൊഴില്‍ ചെയ്ത് ജീവിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണവര്‍ നഗരങ്ങളിലേക്കെത്തുന്നത്. ഇങ്ങനെയെത്തുന്ന പാവങ്ങളെ മനുഷ്യരായി കാണാന്‍ ഭരണാധികാരികള്‍ തയ്യാറാകുന്നില്ല. ജോലിതേടി എത്തിയവര്‍ വഴിമുട്ടി, അധോലോക സംഘത്തിന്റെയും വര്‍ഗീയ ശക്തികളുടെയും കയ്യിലെ പാവകളായി മാറുകയാണ്. ചേരികളില്‍ താമസിക്കുന്നവര്‍ക്ക് അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുപകരം അവരെ താമസസ്ഥലങ്ങളില്‍ നിന്ന് ആട്ടിയോടിക്കാനുള്ള ശ്രമങ്ങളും വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ചേരിപ്രദേശങ്ങള്‍ നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങളിലാണുള്ളത്. ആ സ്ഥലങ്ങള്‍ കെെവശപ്പെടുത്താനുള്ള ഭൂമാഫിയകളുടെ ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നു. വിദേശരാജ്യ തലവന്‍മാര്‍ രാജ്യത്ത് കടന്നുവരുന്ന സന്ദര്‍ഭങ്ങളില്‍ രാജ്യത്തിന്റെ വികസന പദ്ധതികള്‍ എഴുതിയ മനോഹരമായ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ചേരികളെ മറച്ചുവയ്ക്കുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയില്‍ വന്നപ്പോഴും വിവിധ രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുത്ത സമ്മേളനങ്ങള്‍ രാജ്യത്ത് നടന്നപ്പോഴും ചേരിനിവാസികളെ മറച്ചുവയ്ക്കുന്നതിന് കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. ആ പണം ഉപയോഗപ്പെടുത്തി പാവങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യവും പ്രാഥമിക ജീവിതസാഹചര്യവും ലഭ്യമാക്കുന്നതിന് തയ്യാറാകാത്തത് വിരോധാഭാസമാണ്. സര്‍ക്കാറിന്റെ വികലമായ വികസനനയത്തിന്റെ നേര്‍ചിത്രം തന്നെയാണിത്. പാവങ്ങളെ ഇന്ത്യന്‍പൗരന്മാരായി കാണാന്‍ ഭരണാധികാരികള്‍ തയ്യാറല്ല. പട്ടിണി നിര്‍മാര്‍ജനം ചെയ്യുന്നതിന് പകരം പട്ടിണിക്കാരെ മറച്ചുവയ്ക്കാനുള്ള നീക്കമാണ് നടത്തുന്നത്. 141 കോടി ജനങ്ങളുള്ള ഇന്ത്യയില്‍, പ്രധാനമന്ത്രിയുടെ കണക്കില്‍‍ 130 കോടി ജനങ്ങള്‍ മാത്രമാണുള്ളത്. 130 കോടി പേര്‍‍ക്കുള്ള പദ്ധതികള്‍ മാത്രമാണ് തയ്യാറാക്കുന്നത്. 10 കോടിയിലധികം ജനങ്ങളെ പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നതിനുപോലും തയ്യാറാകുന്നില്ല. പാവങ്ങള്‍ക്ക് ഭക്ഷണം നല്കുന്നതിനുള്ള പദ്ധതികള്‍ പോലും നിഷേധിക്കുന്നു. ഏറെ ക്രൂരമാണ് ഈ വികസന സമീപനം. പാര്‍ല‍മെന്റിനകത്തും പുറത്തും പാവങ്ങളുടെ ദുരിതങ്ങളെക്കുറിച്ച് ഒട്ടേറെ ശബ്ദങ്ങളുയര്‍ന്നെങ്കിലും അതെല്ലാം വിസ്മരിക്കുകയാണ് ഭരണവര്‍ഗം ചെയ്യുന്നത്.

രാജ്യത്ത് അസമത്വം വര്‍ധിക്കുകയാണ്. രാജ്യം കോര്‍പറേറ്റുകളാണ് ഭരിക്കുന്നത്. ഭരണത്തിന്റെ എല്ലാ തലങ്ങളും അവരുടെ കയ്യിലാണ്. ജുഡീഷ്യറിയും അവര്‍ കെെവശപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. പാര്‍ലമെന്റില്‍ കോര്‍പറേറ്റുകളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിയമനിര്‍മ്മാണങ്ങളാണ് നടക്കുന്നത്. കോര്‍പറേറ്റുകളുടെ താല്പര്യത്തിനായി കര്‍ഷകനിയമവും പുതിയ തൊഴില്‍ കോഡും പാസാക്കുന്നതിന് ഒരു പ്രയാസവും ഉണ്ടായില്ല. രാജ്യത്തിന്റെ സമ്പത്ത് ഊറ്റിയെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അവര്‍ക്ക് ബിജെപി സര്‍ക്കാര്‍ നല്‍കുന്നു. സമൂഹത്തിന്റെ മേല്‍‍ത്തട്ടിലുള്ള പത്ത് ശതമാനത്തിന്റെ സമ്പത്ത് പതിന്മടങ്ങാണ് വര്‍ധിച്ചിട്ടുള്ളത്. അവരുടെ വരുമാനത്തില്‍ 400 ശതമാനത്തിലധികം വര്‍ധനവ് ഉണ്ടായതായി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ അവശേഷിക്കുന്ന 90 ശതമാനം ജനങ്ങളുടെ വരുമാനം ഈ കാലയളവില്‍ കുത്തനെ കുറയുകയായിരുന്നു. കോവിഡ് മഹാമാരി രാജ്യത്ത് പടര്‍ന്ന് പിടിച്ചപ്പോള്‍ പാവങ്ങളുടെ ജീവിതം ഏറെ ദുസഃഹമായി. അവര്‍ കൂട്ടത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലായനം ചെയ്യുന്നതിന്റെ റിപ്പോര്‍ട്ടുകളും കാഴ്ചകളും നമ്മെ നടുക്കി.

 


ഇതുകൂടി വായിക്കു;   ജനസംഖ്യാവര്‍ധനവും വികസനത്തിലെ പ്രതിസന്ധികളും


തൊഴിലില്ലായ്മ വര്‍ധിക്കുന്നത് സംബന്ധമായും പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മ 8.3 ശതമാനമായി വര്‍ധിച്ചു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യ (സിഎംഐഇ) എന്ന ഗവേഷണ സ്ഥാപനമാണ് വസ്തുതകള്‍ പുറത്തുവിട്ടത്. രാജ്യത്തെ നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് 2022 ഡിസംബര്‍ മാസത്തില്‍ 10.09 ശതമാനമായാണ് വര്‍ധിച്ചത്. 8.96 ശതമാനത്തില്‍ നിന്നാണ് വര്‍ധനവ് ഉണ്ടായത്. ഒരു വര്‍ഷം രണ്ടു കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് യുവാക്കള്‍ക്ക് വാഗ്ദാനം നല്‍കിയാണ് നരേന്ദ്ര മോഡി അധികാരത്തില്‍ വന്നത്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുകയാണ്. ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. അവരെ മത‑ജാതി, ഗോത്ര‑ഭാഷാ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് 2024ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വരാനുള്ള ശ്രമമാണ് പ്രധാനമന്ത്രിയും ബിജെപിയും നടത്തുന്നത്. ജനങ്ങളെ ദുരിതത്തില്‍ ആഴ്ത്തുന്ന ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നു പുറത്താക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കടമ. ജനങ്ങളെ ഭിന്നിപ്പിച്ച്, 2024ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കുവാനുള്ള സംഘ്പരിവാര്‍ സംഘടനകളുടെ ആസൂത്രണ നീക്കത്തെ പരാജയപ്പെടുത്താന്‍ മതേതര-ജനാധിപത്യ‑ഇടതുപക്ഷ ശക്തികള്‍ രംഗത്തുവരേണ്ട സന്ദര്‍ഭമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.