18 November 2024, Monday
KSFE Galaxy Chits Banner 2

പശുവിനെ പുണരേണ്ട,പാറുക്കുട്ടിയെ മതി!

ദേവിക
വാതിൽപ്പഴുതിലൂടെ
February 13, 2023 4:45 am

ഏതാനും ദിവസം മുമ്പ് ഒരു വടക്കന്‍ ജില്ലയില്‍ നിന്നും വന്ന വാര്‍ത്ത കണ്ടു. ചാനലുകളും സമൂഹമാധ്യമങ്ങളും കൊട്ടിഘോഷിച്ച വാര്‍ത്ത. ഒരു പയ്യന്‍ അയലത്തെ പറമ്പില്‍ മേഞ്ഞുനടന്ന പശുവിനടുത്തേക്ക് ചെന്നു. അവന്‍ പശുവിനെ ആലിംഗനം ചെയ്തു. അടുത്ത പരിപാടിയിലേക്ക് കടന്നപ്പോഴാണ് പയ്യന്റെ ദുഷ്ടലാക്ക് പശുപ്പെണ്ണിന് മനസിലായത്. ഈ വാര്‍ത്തയറിഞ്ഞ് രാജ്യത്തെ പശുക്കളാകെ ഭയചകിതരായി കഴിയുന്നതിനിടെയാണ് മോഡി സര്‍ക്കാരിന്റെ മൃഗസംരക്ഷണ ബോര്‍ഡ് വക ഒരാഹ്വാനം. ഭൂലോക പ്രണയദിനമായ വാലന്റൈന്‍സ് ഡേയില്‍ പശുക്കളെ ആലിംഗനം ചെയ്ത് ഇന്ത്യയുടെ സനാതന സംസ്കാരം വളര്‍ത്തുക. രാജ്യത്തിന്റെ ഗ്രാമീണ സമ്പദ്ഘടനയുടെ അഷ്ടൈശ്വര്യ സമൃദ്ധിചിഹ്നമാണത്രേ പശു. ചുരുക്കത്തില്‍ മാതാവായ പശു ഇതാ കാമുകിയാകുന്നു! ഇതു കേട്ടപാതി കേള്‍ക്കാത്തപാതി യുപിയിലെ മന്ത്രിയായ ധരംപാല്‍ യാദവ് തന്റെ അനുഭവസമ്പത്തു വിളമ്പുന്നു. പശുവിനെ ആലിംഗനം ചെയ്യുന്നതുപോലെ മറ്റൊരു ആനന്ദാനുഭൂതി ഈ പാരിടത്തിലേ ഇല്ല. പിന്നെന്തു വേണം. പെണ്ണുപോലും കെട്ടേണ്ട. ‘അയ്യപ്പനെന്തിനാ പെണ്ണ്, പശു പോരേ’ എന്ന നമ്പൂതിരി ഫലിതം പണ്ട് സഖാവ് ടി വി തോമസ് നിയമസഭയില്‍ ഉദ്ധരിച്ചപോലെ.

എന്തായാലും സംഗതി ലോകമാനക്കേടായി. ജനം കഥകള്‍ പറഞ്ഞും കണക്കുകള്‍ നിരത്തിയും മോഡി സര്‍ക്കാരിന്റെ ആഹ്വാനം കൊണ്ടാടി. അവയിലൊന്ന് മാധവിക്കുട്ടിയുടെ ‘വിശുദ്ധപശു’ എന്ന ഒരു നുറുങ്ങു കഥയാണ്. ഒരു കുട്ടി വിശന്നു വലഞ്ഞ് കുപ്പത്തൊട്ടിയില്‍ നിന്നും ഒരു പഴത്തൊലിയെടുത്ത് ഭക്ഷിക്കുമ്പോള്‍ ഒരു പശു അതു തട്ടിപ്പറിക്കാന്‍ നോക്കി. കുട്ടി പശുവിനെ ആട്ടിയോടിച്ചു. അതുവഴി വന്ന സന്യാസിമാര്‍ ചോദിച്ചു; നീയെന്തിനാണ് വിശുദ്ധ പശുവിനെ ഉപദ്രവിച്ചത്? ഞാന്‍ ഉപദ്രവിച്ചില്ല, എന്റെ പഴത്തൊലി തട്ടിപ്പറിച്ചപ്പോള്‍ അവനെ ഓടിച്ചതേയുള്ളു. നിന്റെ മതമേതാണെന്ന് സന്യാസിമാര്‍. മതം അതെന്താ എന്ന് വിശപ്പിന്റെ മതം മാത്രമറിയാവുന്ന കുട്ടി. നീ പള്ളിയിലോ അമ്പലത്തിലോ പോകാറുണ്ടോ എന്ന് സന്യാസിമാര്‍. ഇല്ല, കാരണം എനിക്ക് ഉടുപ്പില്ല. സന്യാസിമാര്‍ നോക്കിയപ്പോള്‍ അവന്റെ നിക്കറിന്റെ പിന്‍ഭാഗം കീറിപ്പറിഞ്ഞ നിലയില്‍. സന്യാസികള്‍ വിധിയെഴുതി, ഇവന്‍ മുസല്‍മാനാണ്. അവര്‍ ആ പിഞ്ചുബാലന്റെ കഴുത്തുഞെരിച്ചു കൊന്ന് കുപ്പത്തൊട്ടിയിലെറിഞ്ഞു. എന്നിട്ട് അവര്‍ ആര്‍ത്തുവിളിച്ചു. ഓം നമോ നമഃശിവായ. ഭഗവാന്റെ കല്പന ഞങ്ങള്‍ നടപ്പാക്കിയിരിക്കുന്നു. കേന്ദ്രത്തിന്റെ ആഹ്വാനം അനുസരിക്കാനും പ്രയാസം. ഇന്ത്യയില്‍ 54.6 കോടി പശുക്കളേയുള്ളു. 71.3 കോടി പുരുഷന്മാരും. ചുംബിക്കാനും ആലിംഗനം ചെയ്യാനും പശുക്കള്‍ തികയാത്ത അവസ്ഥ. ഒടുവില്‍ മൃഗസംരക്ഷണ ബോര്‍ഡ് ആഹ്വാനം പിന്‍വലിച്ചു. പശുവിനെ പുണരേണ്ട.

 


ഇതുകൂടി വായിക്കു; പാലാഴി തീര്‍ക്കാന്‍ ക്ഷീരഗ്രാമം പദ്ധതി


ഒരു മനുഷ്യന്റെ രോഗവും ചികിത്സയും അവന്റെ സ്വകാര്യതയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രോഗം അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. അര്‍ബുദ ചികിത്സയ്ക്ക് മരുന്നുകളോടൊപ്പം തേനും മഞ്ഞള്‍പ്പൊടിയും ചാലിച്ചു കഴിക്കുന്നതും ഒരു ചികിത്സയാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നു, വെറും മഞ്ഞള്‍ വെള്ളം മാത്രം കലക്കി നല്‍കുന്നുവെന്നു കാണിച്ച് അദ്ദേഹത്തിന്റെ സഹോദരനും കൂട്ടരും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുന്നു. കോണ്‍ഗ്രസിലല്ലാതെ മറ്റെവിടെയെങ്കിലും ഇത് നടക്കുമോ! ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞത് ഈ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന എന്താണെന്ന് പിന്നെപ്പറയാം എന്നാണ്. പിന്നീട് പറയുന്നതെന്തിന് ഇനി ഉമ്മന്‍ചാണ്ടി മത്സരിക്കാതെ വരുമ്പോള്‍ പകരം അലക്സ് ചാണ്ടിക്ക് പുതുപ്പള്ളിയില്‍ മത്സരിച്ചു ജയിക്കണം. മന്ത്രിയായിരുന്ന തോമസ് ചാണ്ടി മരിച്ചപ്പോള്‍ പകരം മത്സരിച്ചു ജയിച്ച അനുജന്‍ തോമസ് കെ തോമസിന്റെ ചരിത്രവും മുന്നിലുണ്ടല്ലോ. അതിനാല്‍ മോനേ ചാണ്ടി ഉമ്മാ നിനക്ക് മത്സരിക്കാന്‍ ഇനി എത്രയോ വര്‍ഷമുണ്ടല്ലോ എന്ന് അലക്സ് ചാണ്ടി പറഞ്ഞുവെന്നാണ് ചാണ്ടി ഉമ്മന്‍ പറയാന്‍ പോകുന്നതെന്ന് കട്ടായം. അമ്മാവന്‍ ചത്തു കട്ടിലൊഴിഞ്ഞിട്ടുവേണം അതിലൊന്നു കയറിക്കിടക്കാന്‍ എന്ന ക്രൂര മനസുകള്‍.

മതത്തിന്റെ പേരില്‍ തല തല്ലിക്കീറുന്ന കേരളത്തില്‍ മലപ്പുറത്ത് നിന്നെത്തുന്നത് വികാര നിര്‍ഭരമായ ഒരു വാര്‍ത്ത. രണ്ടാഴ്ച മുമ്പ് വരെ നെല്ലിക്കോട്ട് മഹാവിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവരില്‍ ഒരു യുവാവുമുണ്ടായിരുന്നു. കൂപ്പുകൈകളോടെ ഹൃദയപൂര്‍വം പ്രാര്‍ത്ഥിക്കുന്ന വിഷ്ണു. വാഹനാപകടത്തില്‍ മരണമടഞ്ഞ വിഷ്ണുവിന്റെ ഹൃദയം വച്ചുപിടിപ്പിച്ചത് പാറങ്കാലി ചക്കാലയ്ക്കല്‍ വീട്ടില്‍ ഷെറിന്‍ എന്ന മുസ്ലിം പെണ്‍കുട്ടിക്ക്. വിഷ്ണുവിന്റെ ഹൃദയവുമായി വീട്ടിലെ നിസ്കാരപ്പായയിലിരുന്ന് ഷെറിന്‍ അള്ളാഹുവിനെ സ്തുതിക്കുന്നു. വിഷ്ണുവിന്റെ ഹൃദയത്തിന് മഹാവിഷ്ണുവിനെയും അള്ളാഹുവിനെയും പ്രാര്‍ത്ഥിക്കാനറിയാം. വിഷ്ണുവിന്റെ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടിയുടെ ഹൃദയം ഒരു ഹിന്ദുവിനേ നല്‍കൂ എന്ന് ശാഠ്യം പിടിച്ചില്ല. ഹിന്ദുവിന്റെ ഹൃദയം ഹറാമാണെന്ന് ഷെറിനും കരുതുന്നില്ല. ഇത്തരം വിഷ്ണുമാര്‍ക്കുവേണ്ടിയാവണം നാട്ടില്‍ സ്മാരകശിലകള്‍ ഉയരേണ്ടത്. നവോത്ഥാനത്തിന്റെ സ്മാരകശിലകള്‍.

ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്ന നന്മയുടെ മറ്റൊരു കഥ വരുന്നത് തൃശൂരില്‍ നിന്നാണ്. ആരോപണങ്ങളില്ലെങ്കില്‍ മലയാളിക്ക് ജീവിതവുമില്ല ഉറക്കവുമില്ലെന്നാണല്ലോ വയ്പ്. എന്നും തങ്ങളുടെ അയലത്തുകാരന്‍ രാത്രി ഒമ്പതു മണിയോടെ ഒരു പഴയ ഓട്ടോ ഓടിച്ചു പുറത്തേക്ക് പോകുന്നു. കൊച്ചു വെളുപ്പാന്‍കാലമാവുമ്പോള്‍ കൈനിറയെ പണവുമായി വരുന്നു. വലിയൊരു ബക്കറ്റ് നിറയെ പണം. ഇയാള്‍ കുപ്രസിദ്ധ മോഷ്ടാവാണെന്ന് അയല്‍ക്കാര്‍. ഭാര്യക്ക് കഴുത്തുനിറയെ ആഭരണങ്ങള്‍. തൊട്ടടുത്ത് രണ്ടര ഏക്കര്‍ തെങ്ങിന്‍ പുരയിടം. കുട്ടികള്‍ നക്ഷത്ര സ്കൂളുകളില്‍ പഠിക്കുന്നു. പൊലീസിനു ലഭിച്ച പരാതിക്കൂമ്പാരങ്ങളില്‍ പറയുന്ന കാര്യങ്ങളെല്ലാം അന്വേഷിച്ചു ശരിയാണെന്ന് കണ്ടെത്തി. മുഷിഞ്ഞ വേഷത്തില്‍ രാത്രി പുറത്തേക്ക് പോകുന്ന അയാള്‍ കൃത്യമായി പുലരും മുമ്പ് മടങ്ങിയെത്തുന്നുമുണ്ട്. രാത്രി ഷാഡോ പൊലീസ് അയാളെ പിന്തുടര്‍ന്നു.

അയാള്‍ നേരേ പോകുന്നത് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേക്ക്. വഴിയിലെ ബാറുകളില്‍ ഒന്നില്‍ പോലും കയറി രണ്ടെണ്ണം വിടുന്ന ശീലമില്ല. പുകവലി തീരെയില്ല. ബസ് സ്റ്റാന്‍ഡിലെത്തുമ്പോള്‍ കയ്യില്‍ ബക്കറ്റുണ്ട്. ബസുകള്‍ ഓട്ടം നിര്‍ത്തി, പരിസരമാകെ ജനങ്ങളില്ലാതെയാകുമ്പോള്‍ അയാള്‍ തന്റെ പണി തുടങ്ങും. ഓരോ ബസുകളുടെയുള്ളിലും കയറി സീറ്റുകള്‍ വൃത്തിയാക്കും. വാഹനം കഴുകി വെടിപ്പാക്കും. ഒരു ബസ് വൃത്തിയാക്കുന്നതിന് നൂറു രൂപ കൂലികിട്ടും. പ്രതിദിനം നാല്പതോളം ബസുകള്‍ വൃത്തിയാക്കും. അന്നന്നു കിട്ടുന്ന കൂലിയും ബക്കറ്റുമായി വീട്ടിലേക്ക് മടങ്ങും. അധ്വാനിയായ ആ ‘കള്ളനെ’ കണ്ട് ഷാഡോ പൊലീസുകാര്‍ നമിച്ചു. രഹസ്യവിവരങ്ങളും ആരോപണങ്ങളുമായി അന്വേഷണത്തിനിറങ്ങുന്ന പൊലീസുകാര്‍ക്ക് ഒരു നവ്യാനുഭവം.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.