4 March 2024, Monday

ദൈവങ്ങള്‍ കൂടുതുറന്ന് പുറത്തേക്ക്!

ദേവിക
വാതിൽപ്പഴുതിലൂടെ
December 27, 2021 7:00 am

ഴുപതുകളുടെ ആദ്യമാണ് ഇന്ത്യയില്‍ ആള്‍ദൈവങ്ങളുടെ അവതാരം തുടങ്ങിയതെന്നു തോന്നുന്നു. അന്നു സായിബാബയും അമൃതാനന്ദമയിയുമൊന്നും അരങ്ങിലില്ല. ഇപ്പോള്‍ പ്രസിദ്ധീകരണം നിലച്ചുപോയ, അന്ന് ഖുഷ്‌വന്ത്സിങിന്റെ പത്രാധിപത്യത്തിലുള്ള ‘ഇല്ലസ്ട്രേറ്റഡ് വീക്കിലി‘യുടെ മുഖചിത്രമായി വന്നത് സന്യാസിവേഷത്തിലുള്ള ഒരു പയ്യന്റെ പടം. കണ്ടാലറിയാം ലഹരിയില്‍ കിറുങ്ങിയാണ് നില്പെന്ന്. പേരു ബാലയോഗീശ്വര്‍. ആളു ബാലനായതിനാല്‍ ആ പേരങ്ങ് എടുത്തണിഞ്ഞു. പയ്യന്‍മഹര്‍ഷിയെ കാണാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആരാധക പ്രളയം. ബാലയോഗീശ്വരന്റെ ആശ്രമം ഒരു പൂരപ്പറമ്പുപോലെയായി. കോടികള്‍ വന്നുകുമിയുന്നു. കാശിന്റെ നെഗളിപ്പില്‍ കുഞ്ഞന്‍സ്വാമി ഒരു മദനകാമരാജനായി. ഒരു ദിവസം പട്ടാപ്പകല്‍ ആരാധകര്‍ തന്നെ ബാലയോഗീശ്വറുടെ കാമകേളികള്‍ കണ്ട് സായൂജ്യമടഞ്ഞു. അന്നു മോന്‍സണ്‍ മാവുങ്കലിനെപ്പോലെ പൊലീസ് കയ്യിലില്ലാത്തതിനാല്‍ ബാലയോഗീശ്വറിന്റെ ഊണ് അകത്തുമായി. ഇതേകാലത്തു തന്നെ ഇങ്ങു മൂവാറ്റുപുഴയില്‍ മറ്റൊരു അവതാരപ്പിറവിയുമുണ്ടായി. ഒരു മുസ്‌ലിം പയ്യന്‍. മൂവാറ്റുപുഴ സിദ്ധനെന്നറിയപ്പെട്ടു. സിദ്ധന്റെ പ്രസിദ്ധി മൂവാറ്റുപുഴയും കടന്ന് ചെന്നന്യമാം ദേശങ്ങളില്‍വരെയെത്തി. മഷിനോട്ടം, ചരട്‍ജപിച്ചു കെട്ടല്‍ മന്ത്രഘോഷം, പ്രവചനം ആകെ ബഹുവിധ കലാപരിപാടികള്‍. സിദ്ധാശ്രമത്തില്‍ ആരാധകരുടെ പെരുങ്കളിയാട്ടം. പച്ചപിടിച്ചുവരവേ ഒരുനാള്‍ സിദ്ധന്‍പയ്യനും പെണ്ണുകേസില്‍ കുടുങ്ങി അകത്തായി. അന്നു പൂട്ടിയ ആശ്രമം പിന്നീട് തുറന്നിട്ടേയില്ല. വൃദ്ധനായി പുറത്തിറങ്ങിയ സിദ്ധന്‍ ഇപ്പോള്‍ സിദ്ധികൂടിയോ ജീവിച്ചിരിപ്പുണ്ടോ എന്നു തിട്ടമില്ല.

അതു എഴുപതുകളിലെ കാര്യം. കാലം മുന്നോട്ടു പോകുമ്പോള്‍ ജനവും ഇത്തരം പിത്തലാട്ടങ്ങളില്‍ നിന്ന് അകന്നുപോകുമെന്ന പ്രത്യാശയും വടികുത്തിപ്പിരിയുന്നു. അന്തരീക്ഷത്തില്‍ നിന്നും വിഭൂതിയും വാച്ചുകളും സ്വര്‍ണ, വജ്രാഭരണങ്ങളും നോട്ടുകളും മാന്ത്രികവിദ്യയാല്‍ പുറത്തെടുത്തു ഭക്തര്‍ക്കു നല്കുന്ന സത്യസായിബാബ എന്ന ഭഗവാന്റെ അവതാരമായി. അനുഗ്രഹത്തിന് മടിയിലിരുത്തി ചുംബിക്കാന്‍ സുധാമണിയെന്ന ധീവരയുവതി മാതാ അമൃതാനന്ദമയിയായി വള്ളിക്കാവില്‍ പ്രത്യക്ഷപ്പെട്ടു. ശതകോടികളുടെ സമ്പത്തില്‍ അമ്മയെന്ന് സ്വയം അവരോധിതയായ സുധാമണി ആറാടിയപ്പോള്‍ പിന്നെയങ്ങോട്ട് ആള്‍ദൈവങ്ങള്‍ ബൂത്തുതലം മുതല്‍ തകരപോലെ പടര്‍ന്നു വളര്‍ന്നു. പിന്നെ കോവിഡ് പടര്‍ന്നു പന്തലിച്ചപ്പോള്‍ ആള്‍ദൈവങ്ങളെല്ലാം മാളത്തിലൊളിച്ചു. ഒന്നു പ്രാര്‍ത്ഥിച്ച് ഈ കോവിഡിനെ കൊന്നു ഞങ്ങളെ രക്ഷിക്കു എന്ന ഭക്തരുടെ നിലവിളിപോലും ആ മാളങ്ങളിലെത്തിയില്ല. ലോകരക്ഷകയായ മാതാ അമൃതാനന്ദമയിയാകട്ടെ രണ്ട് ഡോസ് വാക്സിനുമെടുത്ത് ആരാധകര്‍ക്ക് ദര്‍ശനസൗഭാഗ്യം പോലും നിഷേധിച്ചായിരുന്നു അണ്ടര്‍ഗ്രൗണ്ട് വാസം! ദോഷം പറയരുതല്ലോ. ഭഗവാന്‍ സായിബാബയെ യമരാജാവ് കോവിഡിനു മുമ്പുതന്നെ കാലപുരിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്തുചെയ്യാന്‍ ഭഗവാനുണ്ടായിരുന്നെങ്കില്‍ നാഗവല്ലിയെപ്പോലെ ‘ഉന്നൈ നാന്‍ കൊന്ന് ഉന്‍രത്തത്തെ കുടിത്ത്’ എന്നാര്‍ത്തുവിളിച്ച് കൊറോണയെ ചന്നംപിന്നെ അറഞ്ഞുകൊല്ലുമായിരുന്നു. യമന്‍പോലും എറിയുന്നവന്റെ കയ്യില്‍ കമ്പു കൊടുക്കില്ലല്ലോ.


ഇതുകൂടി വായിക്കാം;കാശി-ഗംഗാ; ഇടനാഴിയുടെ രാഷ്ട്രീയം


കോവിഡിനു മുമ്പ് വേദികളില്‍ നിറഞ്ഞാടിയ രണ്ടുപേരുണ്ട് കോട്ടയത്ത്. തങ്കുബ്രദറും തോമസുകുട്ടി ബ്രദറും. അത്ഭുതരോഗശാന്തി ശുശ്രൂഷയാണ് അവരുടെ ഉഡായിപ്പ് ആയുധം. രോഗികളായി വേഷം കെട്ടിയ ചിലരെ വേദിക്ക് പിന്നിലെ ഗ്രീൻറൂമില്‍ ഇരുത്തും. മട്ടനും മുട്ടയും കഴിച്ച് ആ മരണാസന്ന രോഗികള്‍ അവിടെ അര്‍മാദിച്ചിരിപ്പാണ്. വേദിയില്‍ മൈക്കുമായി രാജമൗലിഭാഷയില്‍ ഉറഞ്ഞു തുള്ളുന്ന തങ്കുവും തോമസ് കുട്ടിയും കല്പിക്കും. അത്ഭുതരോഗശാന്തി ആഗ്രഹിക്കുന്നവരെ വേദിയിലേക്ക് ചുമന്നുകൊണ്ടു വരിക. കുറേപ്പേര്‍ ചേര്‍ന്ന് രോഗാഭിനേതാക്കളെ വേദിയില്‍ നിലത്ത് ഇലവെട്ടിയിട്ടപോലെ കിടത്തും. പിന്നെ തങ്കുബ്രദര്‍ അത്ഭുതരോഗശാന്തി ശുശൂഷാ പ്രാര്‍ത്ഥന വച്ചുകീച്ചുന്നു. തടിവെട്ടിയിട്ട പോലെ നിലത്തുകിടന്ന രോഗികള്‍ ചാടിയെണീറ്റ് മൊഴിയുന്നു, ഹല്ലേലുയ്യാ, ആമേന്‍, കോവിഡുവന്നതോടെ തങ്കുബ്രദര്‍ തോമസ്‌കുട്ടിയോട് പറഞ്ഞു; ‘വിട്ടോടാ തോമസുകുട്ടീ. അന്നു മുങ്ങിയ ബ്രദര്‍മാര്‍ കൊറോണ വ്യാപനം കുറഞ്ഞതോടെ വീണ്ടും പൊങ്ങിവന്നിട്ടുണ്ട്. പുതിയ ടെക്നിക്കുകളുമായി തങ്കുബ്രദര്‍ മകന്‍ റോണകിനെ വേദി കയറ്റിയത് പുതിയ നമ്പരുമായി. ബര്‍മൂഡയൊക്കെയണിഞ്ഞ് എത്തുന്ന പയ്യന്‍ ഫോണിലൂടെ വിളിച്ച് അനുയായിയോടു ചോദിക്കും, കര്‍ത്താവ് അയച്ച ഒന്നര കോടി രൂപ കിട്ടിയെന്ന അനുയായിയുടെ സാക്ഷ്യവും വര്‍ണനകളും മൈക്കിലൂടെ ആരാധകവിഡ്ഢി സഹസ്രങ്ങളെ കേള്‍പ്പിക്കും. സദസും ഒന്നര കോടി രൂപ മോഹിച്ച് റോണകിന്റെ പെട്ടിയില്‍ ആയിരങ്ങള്‍ നിക്ഷേപിക്കും. കോടികള്‍ കിട്ടുന്ന കാര്യമല്ലേ. വീട്ടില്‍ പോയി കര്‍ത്താവ് അയ്ക്കുന്ന പണത്തിനായി കാത്തിരിക്കും. മോഡി പണ്ട് 15 ലക്ഷം രൂപ ഓരോ ഇന്ത്യാക്കാരന്റെയും പേരില്‍ നിക്ഷേപിക്കും എന്നു പ്രലോഭിപ്പിച്ച മട്ടിലുള്ള അത്ഭുതബാങ്കു നിക്ഷേപ ശുശ്രൂഷണം. കൊറോണ മാറിയതോടെ തുപ്പി രോഗം മാറ്റുന്ന തങ്ങള്‍, നക്കി രോഗശാന്തി വരുത്തുന്ന മാമ്പുഴയമ്മ, ആക്രോശിച്ച് തിന്മകളെ അകറ്റുന്ന ഹോട്ടലിലെ പഴയ അടിച്ചുതളിക്കാരിയായ വട്ടിയൂര്‍ക്കാവിലമ്മ എന്ന ചിത്രാനന്ദമയീദേവി അമ്മ അങ്ങനെ വേഷങ്ങള്‍ പലതുമിറങ്ങിയിരിക്കുന്നു. ‘പാപി ചെല്ലുന്നേടം പാതാളം’ എന്ന മട്ടില്‍ ജന്മനാട്ടില്‍ നിന്നുപോലും ജനം അമ്മയെ തല്ലിയോടിച്ചു. പിന്നീട് മൂന്നിടങ്ങളിലെ പൊറുതിയും നാട്ടുകാര്‍ ഇടപെട്ട് അവസാനിപ്പിച്ചു. ഇപ്പോള്‍ കരമന മേലാറന്നൂരില്‍ ചിത്രാനന്ദമയി ദേവി അമ്മയായി ഒതുങ്ങിക്കൂടി തട്ടിപ്പ് തുടരുമ്പോള്‍ ജനം സമൂഹമാധ്യമങ്ങളിലൂടെ തന്നെ ട്രോളി കൊല്ലുന്നതിനെതിരേ ആക്രോശിക്കുന്നു, അമ്മയിലെ ചോറ്റാനിക്കര അമ്മയുടെ ഭാവത്തെ കൊല്ലുന്നവര്‍ അനുഭവിക്കും, പുഴുത്തുചാകും! അല്ല ഒന്നു ചോദിച്ചോട്ടെ ഈ തട്ടിപ്പുകാരെ അകത്താക്കാന്‍ ഇവിടെ ഒരു നിയമമില്ലേ സര്‍!

കേരളത്തിന്റെ സുപ്രഭാതമായ ഒരു പത്രത്തില്‍ പ്രാസഭംഗിയോടെ തലക്കെട്ടുകള്‍ നിരത്തുന്നത് വായനക്കാര്‍ക്ക് ഒരു കൗതുകമായിരുന്നു. ആ പത്രം ഇന്നും ആ ശീലം തുടരുന്നുമുണ്ട്; ‘മത്തായി അടിച്ചു മത്തായി, മത്തായ മത്തായി പിന്നെ അകത്തായി!, എന്നിങ്ങനെയായിരുന്നു പണ്ടത്തെ ആ തലക്കെട്ട്. നമുക്ക് കാര്യങ്ങള്‍ ഏതാണ്ട് ആ തലക്കെട്ടില്‍ നിന്നു തന്നെ മനസിലായി. കുടിച്ചു കിന്റായ മത്തായി അകത്തായി. ഇത്തരം മത്തായ മത്തായിമാരെക്കൊണ്ട് നിറഞ്ഞ കേരളത്തില്‍ കുടിയന്മാരായ മത്തായിമാര്‍ക്ക് മൂക്കുകയറിടാന്‍‍ ഹൈക്കോടതി തന്നെ രംഗത്തിറങ്ങിയിരിക്കുന്നു. കുടിക്കാം, പക്ഷേ കൂത്താടരുത് എന്നാണ് ബഹുമാനപ്പെട്ട കോടതിയുടെ ഉപദേശം. പക്ഷേ കുടിച്ചവരെയൊന്നും പൊലീസ് മണപ്പിച്ചു നോക്കരുത്. മദ്യമണം കുറ്റകരമല്ല. മദ്യത്തിനെന്താ പിന്നെ പാല്‍മണമാണോ എന്നൊന്നും കോടതി പറയുന്നുമില്ല. മദ്യഗന്ധത്തിന്റെ ലഹരിയില്‍ മര്യാദരാമന്മാരായി വീടുപറ്റാനാണ് കോടതി പറയുന്നതെങ്കിലും മത്തായിമാര്‍ക്ക് ഒരു കുലുക്കവുമില്ല. കഴിഞ്ഞ ദിവസം പോത്തന്‍കോട്ടും തലസ്ഥാനത്ത് പിഎംജി മുക്കിലും അക്രമം അഴിച്ചുവിട്ടവര്‍ കുടിച്ചായിരുന്നു കൂത്താട്ടം. കള്ളുകുടിയനെന്തു കോടതിയും കോടതിവിധിയും.
ആനവേട്ടക്കാരന്‍ നല്കുന്ന ഒരു പാഠമുണ്ട്. ആക്രമിക്കാന്‍ വരുന്ന ആനയുടെ മസ്തകത്തില്‍ത്തന്നെ വെടിവയ്ക്കണം. വയറ്റത്തും തുമ്പിക്കയ്യിലും വാലിലുമൊന്നും വെടിവച്ച് സമയം പാഴാക്കരുത്. ഇതുപോലെ സമയം പാഴാക്കുന്നവനായിപ്പോയി നമ്മുടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, കെ-റയിലിനെ അനുകൂലിച്ച ശശിതരൂരിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും. വിശദീകരണം ആരായും മൂക്കുനുള്ളി ഭക്ഷിച്ചുകളയും എന്നെല്ലാം സുധാകരന്‍ പല ചുറ്റുവെടിവച്ചു. ഒന്നുംഏശിയില്ല. ഒടുവില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെ രംഗത്തിറങ്ങിയപ്പോഴല്ലേ ഇട‍ഞ്ഞുനിന്ന തരൂര്‍ കൊമ്പന് വെടിയേറ്റത്. കെ-റയിലും കുറെയിലുമെന്നും ഉണ്ണിത്താന്‍ പറഞ്ഞില്ല. സുനന്ദാപുഷ്കര്‍ കൊലപാതക കേസില്‍ തരൂരിനെ രക്ഷിച്ചത് കോണ്‍ഗ്രസാണെന്ന് ഓര്‍ത്തോണം. മസ്തകത്തിലുള്ള വെടി! മണിക്കൂറുകള്‍ക്കുള്ളില്‍ തരൂര്‍ തിരുത്തി; താന്‍ കെ-റയിലിനെ അനുകൂലിച്ചിട്ടേയില്ല! ഉണ്ണിത്താന്‍ പണ്ടെങ്ങാണ്ട് മുണ്ടക്കയത്തെ ആനവേട്ട സംഘാംഗമായിരുന്നോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.