5 May 2024, Sunday

കാശി-ഗംഗാ; ഇടനാഴിയുടെ രാഷ്ട്രീയം

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
December 19, 2021 6:30 am

ഇക്കഴിഞ്ഞ ഡിസംബർ 13ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ഹൈന്ദവ മതവിശ്വാസികൾക്ക് മോക്ഷപ്രാപ്തിയും പ്രചോദനവുമേകാനായി ഒരു വ്യാപാര ഇടനാഴി ഉദ്ഘാടനം ചെയ്തു. കാശി വിശ്വനാഥ ക്ഷേത്രവും ഗംഗാനദിയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ ഇടനാഴി. 900 കോടി രൂപ ചെലവു ചെയ്ത് അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ, മൂന്നൂറിലധികം കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയാണ് ഈ ടെമ്പിൾ കോറിഡോർ നിർമ്മിച്ചിട്ടുള്ളത്. ഗംഗാനദിയിലേക്കുള്ള കവാടവും നദിയിലേക്കിറങ്ങാനുള്ള പടികളും ഇനിയും പൂർത്തിയായിട്ടില്ല. അതിന് കുറച്ചു കൂടി സമയമെടുക്കും. അപ്പോഴേക്കും ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും. അതിനാലാണ് 2019ൽ ആരംഭിച്ച ക്ഷേത്ര ഇടനാഴി പൂർത്തീകരണത്തിനു മുൻപ് തന്നെ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനവേളയിലെല്ലാം സന്യാസിമാരേയും പൂജാരിമാരേയും മാത്രം ഓർക്കാറുള്ള പ്രധാനമന്ത്രി ഇത്തവണ ഇടനാഴിയുടെ നിർമ്മാണത്തിലേർപ്പെട്ട തൊഴിലാളികളെ ഓർക്കുകയും അവരോടൊപ്പം കാമറയ്ക്ക് മുൻപിൽ ഇരുന്നു കൊടുക്കുകയും ചെയ്തു എന്നതുകൊണ്ട് തന്നെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മോദിയും യോഗിയും തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് വ്യക്തമാണല്ലോ. ”അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും” എന്നത് ബിജെപിയുടെ ഒരു ലക്ഷ്യവും പിന്നീട് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് ഘട്ടത്തിലെ പ്രകടന പത്രികയിലെ വാഗ്ദാനവുമായിരുന്നു. തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങളെല്ലാം മറന്നുപോയ പ്രധാനമന്ത്രി ഇത് മാത്രം മറന്നു പോയില്ലായെന്നത് ഒരു പക്ഷേ യാദൃച്ഛികമായിരുന്നിരിക്കാം. എന്തായാലും തെരഞ്ഞെടുപ്പ് ഗോദയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വോട്ട് മനഃശാസ്ത്രം മനസിലാക്കിയ മോഡി-യോഗി ദ്വയങ്ങൾ അതു തുടരാൻ തീരുമാനിച്ചിരിക്കുന്നു. മതേതര ഭാരതം തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് വഴിമാറുന്ന കാഴ്ചയാണ് ഇന്ന് നമുക്ക് കാണാൻ കഴിയുന്നത്. ഇവിടെയാണ് മഹാത്മാഗാന്ധിയുടെയും ഇന്ത്യൻ ഭരണഘടനയുടെയും പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെയും ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറുടെയും കാഴ്ചപ്പാടുകളും രാഷ്ട്രീയ നിരീക്ഷണങ്ങളും ചർച്ച ചെയ്യപ്പെടേണ്ടുന്നത്. ബ്രിട്ടീഷധീനത്തിൽ നിന്നും ഇന്ത്യ സ്വതന്ത്രമായതിനുശേഷം 1947 നവംബറിൽ ഗുജറാത്തിലെ സോമനാഥക്ഷേത്രം പുനരുദ്ധരിക്കുന്നതിനു വേണ്ടി ഇന്ത്യയുടെ ആഭ്യന്തര മന്ത്രി സർദാർ വല്ലഭ്ഭായി പട്ടേലും കെ എം മുൻഷിയും ക്ഷേത്രം സന്ദർശിക്കുകയും പുനരുദ്ധാരണ പദ്ധതിയെക്കുറിച്ച് മഹാത്മാഗാന്ധിയുമായി സംസാരിക്കുകയും ചെയ്തു. പുനരുദ്ധാരണത്തിന് അനുമതി നല്കിയ ഗാന്ധിജി അവരോട് പറഞ്ഞത് പുനരുദ്ധാരണം നല്ലതാണ്. പക്ഷെ അതു സർക്കാർ ചെലവിൽ വേണ്ട. ജനങ്ങളിൽ നിന്നും ധനസമാഹരണം നടത്തി വേണം നടപ്പിലാക്കേണ്ടത് എന്നാണ്. 1950 ൽ വല്ലഭ്ഭായി പട്ടേലിന്റെ മരണത്തെ തുടർന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവുമായി ഇതിനെക്കുറിച്ച് സംസാരിച്ച ഭക്ഷ്യ മന്ത്രി കെ എം മുൻഷിയോട് നെഹ്രു പറഞ്ഞത് നിങ്ങൾ ക്ഷേത്ര പുനരുദ്ധാരണത്തിനൊന്നും നടക്കരുത് എന്നാണ്. പുനരുദ്ധരിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ഇന്ത്യൻ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദ് സന്നദ്ധനായപ്പോഴും പ്രധാനമന്ത്രി നെഹ്രു അദ്ദേഹത്തെ അതിൽ നിന്നും വിലക്കി. ക്ഷേത്ര പുനരുദ്ധാരണത്തിൽക്കൂടി അവിടെ നടക്കുന്ന ”ഹിന്ദു റിവൈവലിസം” ആണെന്നായിരുന്നു നെഹ്രുവിന്റെ അഭിപ്രായം. പക്ഷെ നെഹ്രുവിന്റെ അഭിപ്രായം തള്ളിക്കളഞ്ഞുകൊണ്ട് 1951 ൽ ഇന്ത്യൻ പ്രസിഡന്റ് ആ ചടങ്ങിന് പോയത്. പണ്ഡിറ്റ് നെഹ്രുവിന്റെ അഭിപ്രായത്തിൽ ഭരണഘടനാ പദവികൾ വഹിക്കുന്നവർക്ക് ഒരു മതവിശ്വാസവുമായും ആരാധനാലയവുമായും പരസ്യമായിട്ടുള്ള ഒരു ബന്ധവും പാടില്ലായെന്നായിരുന്നു.


ഇതുകൂടി വായിക്കാം; നെഹ്രുവിന്റെ അയോധ്യയും മോഡിയുടെ കാശിയും


വിശ്വാസം വ്യക്തിപരം എന്നതായിരുന്നു നെഹ്രുവിന്റെ നിലപാട്. പക്ഷെ ഡോ. രാജേന്ദ്ര പ്രസാദ് ”ഏത് മതവിഭാഗക്കാർ വിളിച്ചാലും ഞാൻ പോകും” എന്ന സമീപനമാണ് എടുത്തിരുന്നത്. അദ്ദേഹവും ഒരു മതത്തിന്റെ മാത്രം വക്താവായി മുദ്രകുത്തപ്പെടാൻ ആഗ്രഹിച്ചിരുന്നില്ല. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ”മതേതരത്വം” എന്ന അടിസ്ഥാന സവിശേഷത മഹത്തരമാക്കേണ്ടുന്നത് രാജ്യഭരണം നടത്തുന്നവരാണ്. എല്ലാ മതങ്ങളെയും തുല്യതയോടു കാണുന്ന ഒരു രാജ്യത്തു മാത്രമേ യഥാർത്ഥ മതേതരത്വം നിലനില്ക്കുകയുള്ളു. ഏതെങ്കിലുമൊരു മതത്തിനു പ്രത്യേക മാറ്റു കല്പിക്കുന്ന ഭരണകൂടം രാജ്യത്തെ മറ്റു മതവിശ്വാസികളിൽ ആശങ്ക ജനിപ്പിക്കുകയാണ്. പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന ഒരു രാജ്യത്ത് ആ രാജ്യം മതേതരമാകണമെങ്കിൽ അവിടുത്തെ രാഷ്ട്രീയ പാർട്ടികളും മതങ്ങളിൽ നിന്നും അകന്നു നിൽക്കണം. മതാധിഷ്ഠിത രാഷ്ട്രീയം മതാതീത രാഷ്ട്രീയത്തിനു വഴിമാറണം. എങ്കിൽ മാത്രമെ ന്യൂനപക്ഷ മതവിഭാഗങ്ങളുൾപ്പെടെ ഇതര മതവിശ്വാസികൾ ഭരണകൂടത്തെ നിഷ്പക്ഷതയോടെ കാണുകയുള്ളു. ഇവിടെ ബിജെപിയെന്ന അധികാരവർഗ രാഷ്ട്രീയ പാർട്ടി മതാധിഷ്ഠിത രാഷ്ട്രീയ പാർട്ടിയാണെന്നു മാത്രമല്ല ഇന്ത്യൻ ഭരണകൂടത്തെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ഗുജറാത്തിലെ സോമനാഥ ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാൻ കൂടിയാണ്. ആഭ്യന്തരമന്ത്രി അമിത്ഷായാകട്ടെ ക്ഷേത്ര ട്രസ്റ്റിയുമാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു ക്ഷേത്ര പൂജാരിയുമാണ്. ഇവരെല്ലാംകൂടി ചേരുന്ന ഇന്ത്യൻ ഭരണകൂടത്തിൽ നിന്നും എന്തു ”മതാതീത സമീപന”മാണ് പ്രതീക്ഷിക്കാവുന്നത്. പണ്ഡിറ്റ് നെഹ്രു പരസ്യ മതാധിഷ്ഠിത ആഘോഷങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും ആര് മാറി നിൽക്കണമെന്നാണോ പറഞ്ഞത് ഇന്ന് അവർ നേരിട്ട് ഒരു മതത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പരസ്യമായി നടത്തുന്നു. ഇന്ത്യയുടെ മതേതരത്വ മനസിൽ കളങ്കം ചാർത്തുന്ന ഇവർ രാജ്യത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനുമാണ് ഭീഷണിയാകുന്നത്. ഭരണകൂടം തന്നെ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളെ തകർക്കുമ്പോൾ തകരുന്നത് ഒരു രാജ്യം ഏഴു പതിറ്റാണ്ടുകൾ കൊണ്ടു പടുത്തുയർത്തിയ സാഹോദര്യവും സൗഹാർദ്ദവുമാണ്. അതിനു കാരണഭൂതമായ നൂറ്റാണ്ടുകളുടെ പഴക്കമുള്ള സംസ്കൃതിയും പാരമ്പര്യവുമാണ്. ഭാരതീയ സംസ്കാരത്തെ ശരിയായ ദിശയിൽ മനസിലാക്കാൻ കഴിയാതെപോയ ഒരു കൂട്ടമാളുകൾക്കു മാത്രമെ സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ബഹുസ്വരതയേയും തള്ളിപ്പറയാൻ കഴിയുകയുള്ളു. ഇതെല്ലാം മുന്നിൽക്കണ്ട ഡോ. അംബേദ്ക്കർ എന്ന ഇന്ത്യൻ ഭരണഘടനാ ശിൽപ്പി 1955 ൽ രാജ്യസഭയിൽ ഹൃദയവേദനയോടെ പറഞ്ഞു, ”ചെകുത്താന്മാർ കൈവശപ്പെടുത്തിയ മനോഹരമായ ക്ഷേത്രമാണ് ഇന്ത്യൻ ഭരണഘടന”യെന്ന്. 1956 ൽ ബുദ്ധമതം സ്വീകരിക്കാൻ നിർബന്ധിതനായ അംബേദ്ക്കറുടെ വചനം അസ്ഥാനത്തല്ലായെന്ന് ഭരണകർത്താക്കൾ തെളിയിച്ചു കൊണ്ടിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.