22 June 2024, Saturday

പാപ്പാൻമാർക്ക് വഴങ്ങാത്ത കൊമ്പൻ

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
June 6, 2024 4:41 am

ചിന്താപരമായ ഔന്നത്യവും ധൈര്യവും പുലർത്തിയ നിരവധി പത്രപ്രവർത്തകരെ മലയാളനാട് ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും എം ശിവറാമുമൊക്കെ ആ ശ്രേണിയിൽ പെടുന്നവരാണ്. പത്രമുടമയുടെ ഇംഗിതത്തിനനുസരിച്ച് പേനയുന്തുന്നതിനു പകരം സത്യസന്ധതയുടെ നേർവഴിയിലൂടെ തൂലികക്കുതിരയെ നയിച്ചവരാണവർ. വാർത്ത വളച്ചൊടിച്ച തഴമ്പ്, കൈകളിലില്ലാത്ത മാധ്യമപ്രവർത്തകർ. ആ നക്ഷത്ര നിരയിലെ ഒരു സുപ്രധാനകണ്ണിയാണ് മരണത്തിന് കീഴടങ്ങിയ ബി ആർ പി ഭാസ്കർ. ഇങ്ങനെയുള്ള മാധ്യമപ്രവർത്തകരെ മരണത്തിന് മാത്രമേ നിശബ്ദരാക്കാൻ കഴിയൂ. അഷ്ടമുടിക്കായലിന്റെ തീരനഗരമായ കൊല്ലത്ത് പാദങ്ങളൂന്നി വളർന്ന ബാബു രാജേന്ദ്ര പ്രസാദ് സ്വന്തം പ്രവർത്തനമേഖലയിൽ സന്ധിയില്ലാതെ ജീവിച്ചു. മഹാലോകത്തെ ന്യൂസ് റൂമാക്കി. അപ്രിയസത്യങ്ങൾ ഉച്ചത്തിൽ വിളിച്ച് പറഞ്ഞു. ജനകീയ സമരങ്ങളിൽ ജനങ്ങളോടൊപ്പം നിലയുറപ്പിക്കുകയും അടിച്ചമർത്തലിനെതിരെ പ്ലക്കാർഡുയർത്തുകയും ചെയ്തു. 

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബൂത്ത് ഏജന്റായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ബിആർപി, പിന്നീട് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നിരീക്ഷകനായി. ജനകീയസമരങ്ങളിൽ ഒപ്പം നിന്നു. മുത്തങ്ങ സമരത്തെ പിന്തുണയ്ക്കുന്നതിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ അകന്നുനിന്നപ്പോൾ അവിടെ നടന്ന പൊലീസ് അതിക്രമത്തെ ശക്തമായ ഭാഷയിൽ അപലപിക്കാനും ഇരകളുടെ അടിച്ചമർത്തപ്പെട്ട ശബ്ദം പൊതുവേദികളിൽ ഉയർത്താനും ബിആർപി മുന്നോട്ട് വന്നു. ദി ഹിന്ദു, സ്റ്റേറ്റ്സ്മാൻ, പാട്രിയറ്റ്, ഡെക്കാൻ ഹെറാൾഡ് തുടങ്ങിയ എണ്ണംപറഞ്ഞ മാധ്യമങ്ങളിൽ മഷിയുണങ്ങാത്ത പേനയുമായി സജീവമായ ബി ആർ പി ഭാസ്കർ ആദർശാധിഷ്ഠിത മൂല്യബോധത്തിന്റെ പേരിൽ പലയിടങ്ങളിൽ നിന്നും ഇറങ്ങിപ്പോന്നു. ഒരു പാപ്പാനും മെരുക്കാൻ കഴിയാത്ത കൊമ്പനായിരുന്നു ബിആർപി. പ്രസ് അക്കാദമി തുടങ്ങിയ പ്രലോഭനങ്ങൾ മുന്നിൽ മേനകയായി നിന്നിട്ടും ബിആർപിയുടെ ജനഹൃദയ പക്ഷബോധത്തെ ഇളക്കാൻ സാധിച്ചില്ല. അക്രമങ്ങളും വെടിവയ്പുകളും ഉണ്ടാകുന്ന സന്ദർഭത്തിൽ സർക്കാരേതര ജനകീയ പ്രസ്ഥാനങ്ങൾ ചില അന്വേഷണ സംഘങ്ങളെ നിയോഗിക്കാറുണ്ട്. ഈ ഘട്ടങ്ങളിലെല്ലാം ആദ്യം അന്വേഷിക്കുന്നത് ബി ആർ പി ഭാസ്കറെ ആയിരുന്നു. 

ഭരണകേന്ദ്രങ്ങളിലെ ഉന്നതരോടൊപ്പം മാധ്യമസംഘത്തിൽ പലപ്പോഴും വിദേശയാത്ര നടത്തിയിട്ടുള്ള ബിആർപി അവിടെ കണ്ട പല കാര്യങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. അതിലൊന്ന് ഗോവധത്തെ എതിർക്കുകയും ബീഫ് കഴിച്ചവരെ കൊല്ലുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയുടെ ഒരു സമുന്നത ഭരണാധികാരി വിദേശത്തുവച്ച് ബീഫ് കഴിച്ചതായിരുന്നു. ഭാരതീയഗോവിനെ ഭക്ഷിക്കരുതെന്നു മാത്രമേ വിധിയുള്ളൂ എന്ന ആ സമീപനം ഇന്ത്യയിലെത്തി തുറന്നുപറഞ്ഞത് ബിആർപി ആയിരുന്നു. ‘വിശിഷ്ട ഭോജ്യങ്ങൾ കണ്ടാൽ കൊതിയാമാർക്കും’ എന്ന കവിവാക്യം ഒരു ചെറുപുഞ്ചിരിയോടെ ബിആർപി ഓർത്തിട്ടുണ്ടാകും. മറ്റൊരു പത്രപ്രവർത്തകനായിരുന്ന സഞ്ജയനോട് പെരുമാറിയത് പോലെയാണ് കാലം ബിആർപിയോട് പെരുമാറിയത്. ആ വ്യക്തിദുഃഖങ്ങളെയെല്ലാം അദ്ദേഹം ഒരു സുസ്മിതം കൊണ്ട് നേരിട്ടു. 

ഊന്നുവടിയുടെ സഹായത്താൽ മുന്നോട്ടുനീങ്ങി സ്നേഹിതരെ അഭിവാദ്യം ചെയ്തു. പത്രപ്രവർത്തനം ഒരു പ്രതിപക്ഷ പ്രവർത്തനം ആയിരിക്കണമെന്ന് ബിആർപി വിശ്വസിച്ചു. പ്രതിപക്ഷപ്രവർത്തനമെന്നാൽ ഭരണകക്ഷിയുടെ ‘രാജി… രാജി‘യെന്ന് ഉറക്കത്തിലും പറയുന്ന മനോരോഗമാണെന്ന് അദ്ദേഹം കരുതിയതുമില്ല. ഭരണകൂടവുമായി സന്ധിചെയ്യാതെ മുന്നോട്ട് പോകണമെന്ന് ആ ജീവിതം നിർദേശിച്ചു. ചെങ്ങറ ഭൂസമരം, കരിമണൽ ഖനനപ്രദേശത്തെ സമരം, അതിരപ്പിള്ളി വനപ്രദേശം സംരക്ഷിക്കാനുള്ള സമരം തുടങ്ങിയ ജനകീയ സമരങ്ങളിൽ അദ്ദേഹം ജനപക്ഷത്ത് നിന്നു. വർഗീയ സംഘർഷങ്ങൾ ഉണ്ടായ സമയത്ത് പുരോഗമനവാദികൾ ശ്രദ്ധിച്ചത് ബിആർപിയുടെ നിലപാടായിരുന്നു. അതെപ്പോഴും മനുഷ്യരാശിയുടെ നിലനില്പിന് അനുകൂലമായിരുന്നു. അതുകൊണ്ടുതന്നെ ആ നിലപാട് വർഗീയവിരുദ്ധവും സ്നേഹപൂർണവും ആയിരുന്നു. ഇന്ത്യയിൽ വർഗീയശക്തികൾക്ക് നേരിയ രീതിയിലെങ്കിലും വീണ്ടുമുണ്ടായ ഒരു അധികാര ലബ്ധിയെക്കുറിച്ച് അറിയുന്നതിന് മുമ്പുതന്നെ ബിആർപിയെ മരണം കൂട്ടിക്കൊണ്ടുപോയി. ഉറച്ച നിലപാടിന്റെ പേരിലുണ്ടായ വധശ്രമത്തെപ്പോലും നേരിട്ട ബിആർപി എക്കാലവും ധീരരക്തനക്ഷത്രമായി നിലകൊള്ളുകതന്നെചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.