16 November 2024, Saturday
KSFE Galaxy Chits Banner 2

ഭക്ഷ്യഭദ്രതയിൽ മാതൃകയായി കേരളം

കെ ദിലീപ്
നമുക്ക് ചുറ്റും
August 2, 2022 6:00 am

കേരളത്തിലെ പൊതുവിതരണ സംവിധാനത്തിന്റെ ചരിത്രം, രാഷ്ട്രീയ ചരിത്രത്തിന്റെ കൂടി ഭാഗമാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് 1940കളിൽ രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവിച്ച പ്രദേശങ്ങളാണ് ഇന്നത്തെ കേരളസംസ്ഥാനത്തിൽ ഉൾപ്പെട്ട തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളും മലബാർ ജില്ലയും. മലബാറിൽ 1942ൽ കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുണ്ടായിരുന്ന കർഷകസംഘം പ്രൊഡ്യൂസേര്‍സ് ആന്റ് കണ്‍സ്യൂമേഴ്സ് കോപ്പറേറ്റീവു(പിസിസി)കൾ സ്ഥാപിച്ചു. ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോൾ ജന്മിമാരുടെ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന ധാന്യം ബലമായി പിടിച്ചെടുത്ത് പിസിസികളിലൂടെ പാവപ്പെട്ട ജനങ്ങൾക്ക് വിതരണം ചെയ്തു. അതായിരിക്കണം ഇന്ന് കേരള സംസ്ഥാനമായി മാറിയ പ്രദേശത്തെ ആദ്യത്തെ സൗജന്യറേഷൻ. തിരു-കൊച്ചി പ്രദേശത്ത് പ്രത്യേകിച്ച് ആലപ്പുഴയിലെ വ്യവസായത്തൊഴിലാളികൾ, കയർത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ 1942ൽ നടന്ന ഒരു വലിയ സമരത്തിന്റെ പ്രധാന മുദ്രാവാക്യം റേഷൻ ലഭിക്കണം എന്നതായിരുന്നു.

1943ൽ തിരുവിതാംകൂറിൽ റേഷനിങ് സമ്പ്രദായം ആരംഭിച്ചു. 1947ൽ ഐക്യകേരളം രൂപീകൃതമായി. ബാലറ്റിലൂടെ ലോകത്താദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് റേഷൻ ഷോപ്പുകൾ സംസ്ഥാനത്തൊട്ടാകെ സ്ഥാപിക്കപ്പെട്ടതും പ്രാദേശികതലത്തിൽ ഭക്ഷ്യകമ്മിറ്റികൾ രൂപീകരിച്ച് റേഷൻ ഷോപ്പുകളുടെ പ്രവർത്തനത്തിന് മേൽനോട്ടം നൽകിയതും. 1964ൽ വീണ്ടും ഭക്ഷ്യക്ഷാമം ഉണ്ടാകുകയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര സർക്കാർ 1965ൽ മിനിമം സ്റ്റാറ്റ്യൂട്ടറി റേഷനിങ് സമ്പ്രദായം സംസ്ഥാനത്ത് നടപ്പിലാക്കി. ഇതാണ് സംസ്ഥാനത്തെ ഇന്നത്തെ പൊതുവിതരണ സംവിധാനം അഥവാ പിഡിഎസ് എന്ന ചുരുക്കപേരിലുള്ള പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിന് തുടക്കമിട്ടത്.


ഇതുകൂടി വായിക്കു; ഭക്ഷ്യ പ്രതിസന്ധി ആസന്നം; ആഗോള പട്ടിണി നിരക്ക് കുതിക്കുന്നു


പൊതുവിതരണ രംഗത്ത് സമൂലമായ മാറ്റങ്ങൾക്ക് തുടക്കംകുറിച്ചത് 1980ലെ ഇടത് ജനാധിപത്യ മുന്നണി മന്ത്രിസഭയുടെ കാലത്ത് സിവിൽ സപ്ലെെസ് വകുപ്പ് മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരൻ നായരുടെ പ്രവർത്തനങ്ങളിലൂടെയാണ്. ‘മാവേലി സ്റ്റോറുകൾ സ്ഥാപിച്ച് ജനങ്ങൾക്കാവശ്യമായ പലവ്യഞ്ജനങ്ങൾ, പയർവർഗങ്ങൾ ഇവയെല്ലാം കുറഞ്ഞ വിലയിൽ നൽകുന്ന സംരംഭമാരംഭിച്ചു. 1980ലെയും 1996ലെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും സിവിൽ സപ്ലെെസ് വകുപ്പ് കൈകാര്യംചെയ്ത് സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ശക്തമാക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.

സ്വതന്ത്ര ഇന്ത്യയിൽ നിലവിൽ വന്ന നിയമങ്ങളിൽ, തൊഴിലുറപ്പ് നിയമം, വിവരാവകാശ നിയമം ഇവപോലെ രാജ്യത്തെ എല്ലാ പാവപ്പെട്ട പൗരന്മാരുടെ ജീവിതത്തിലും ഗുണപരമായ മാറ്റം വരുത്തിയ നിയമമാണ് 2013ലെ ‘ഭക്ഷ്യ ഭദ്രതാ നിയമം’ ‘ഭക്ഷണം ഔദാര്യമല്ല അവകാശമാണ്’ എന്ന ആശയം രാജ്യത്ത് നടപ്പിലാക്കുവാൻ പര്യാപ്തമായ ആ നിയമം പൊതുവിതരണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് കാരണമായി. ഈ നിയമമനുസരിച്ച് മൂന്നുതരം ഗുണഭോക്താക്കളാണുള്ളത്. എഎവൈ, മുൻഗണനാവിഭാഗം, പൊതുവിഭാഗം, എന്നാൽ സംസ്ഥാനത്ത് മുൻഗണനാ വിഭാഗത്തിൽപ്പെടുത്താൻ കഴിയാത്തവരും എന്നാൽ ഭക്ഷ്യസബ്സിഡിക്ക് അർഹരുമായ കുടുംബങ്ങളെ എന്‍പിഎസ് (നോണ്‍ പ്രയോരിറ്റി സബ്സിഡി) വിഭാഗത്തിൽ ഉൾപ്പെടുത്തി നീല റേഷൻ കാർഡ് നൽകുന്നു.

2013ൽ ദേശീയ ഭക്ഷ്യഭദ്രതാ നിയമം നിലവിൽ വന്നുവെങ്കിലും കേരളത്തിൽ അത് നടപ്പിലാക്കിയത് 2016ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭയുടെ കാലത്താണ്. ഭക്ഷ്യ പൊതുവിതരണ രംഗത്ത് സമൂലമായ മാറ്റങ്ങളാണ് ഈ കാലഘട്ടത്തിൽ ഉണ്ടായത്. അന്നത്തെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തിൽ റേഷൻകാർഡ് സേവനങ്ങൾ ഓൺലൈനായി നൽകുവാനുള്ള നടപടികൾ സ്വീകരിച്ചു. അതിവേഗ പരാതി പരിഹാരം ഉറപ്പുവരുത്തുന്നതിനായി ജില്ലാ പരാതി പരിഹാര ഓഫീസറെ നിയമിക്കുകയും സംസ്ഥാന, ജില്ല, താലൂക്ക്, റേഷൻകട തലങ്ങളിൽ വിജിലൻസ് സമിതികൾ രൂപീകരിക്കുവാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഭക്ഷ്യ വിഹിതം ലഭിച്ചില്ലെങ്കിൽ ഭക്ഷ്യഭദ്രതാ ബത്ത നൽകുവാനും സംവിധാനമുണ്ടായി. പ്രധാനപ്പെട്ട മറ്റൊരു മാറ്റം 400ൽ അധികംവരുന്ന സ്വകാര്യ മൊത്ത റേഷൻ വിതരണക്കാരെ പൂർണമായും ഒഴിവാക്കി എഫ്‌സിഐയിൽ നിന്നും സിവിൽ സപ്ലൈസ് വകുപ്പ് തന്നെ എന്‍എഫ്എസ്എ ഗോഡൗണുകളിൽ നേരിട്ട് ഭക്ഷ്യ സാധനങ്ങൾ എത്തിച്ച്, സിവിൽ സപ്ലെെസ് കോർപറേഷൻ വഴി വാതിൽപ്പടി വിതരണ സംവിധാനം ഏർപ്പെടുത്തിയതാണ്. 2019ൽ ഭക്ഷ്യഭദ്രതാ നിയമത്തിലെ 16-ാം വകുപ്പ് പ്രകാരം സംസ്ഥാന ഭക്ഷ്യ കമ്മിഷൻ രൂപീകരിച്ചു. ഇ‑പോസ് മെഷീൻ റേഷൻ കടകളിൽ സ്ഥാപിച്ച് കൃത്യമായ റേഷൻ വിതരണം ഉറപ്പുവരുത്തി.


ഇതുകൂടി വായിക്കു; മന്ത്രി വാക്ക് പാലിച്ചു; ഭക്ഷ്യധാന്യങ്ങളെത്തി; അഗതിമന്ദിരങ്ങളിൽ ആശ്വാസം


 

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ രാജ്യത്തിനാകെ മാതൃകയായി സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യ റേഷൻ, പയർ, പരിപ്പ്, പഞ്ചസാര തുടങ്ങിയ മറ്റ് അവശ്യ ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടുത്തി സൗജന്യ കിറ്റുകൾ എന്നിവ കേരളത്തിൽ വിതരണം ചെയ്തു. കോവിഡ് മഹാമാരിയുടെ കാലഘട്ടം മുഴുവൻ വലിയ ജനപങ്കാളിത്തത്തോടെ നടത്തിയ ഈ പ്രവർത്തനം, സംസ്ഥാനത്ത് ഒരാൾപോലും പട്ടിണികിടക്കുന്നില്ലായെന്ന് ഉറപ്പുവരുത്തുന്നതിന് സഹായിച്ചു. 2021ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഭക്ഷ്യ പൊതുവിതരണ രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങൾ, ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി അഡ്വ. ജി ആർ അനിലിന്റെ നേതൃത്വത്തിൽ കാലാനുസൃതമായി ഒരു പടികൂടി മുന്നേറുന്നതായാണ് കാണുവാൻ കഴിയുന്നത്. അനധികൃതമായി അനർഹർ കൈവശം വച്ചിരുന്ന ഒരു ലക്ഷത്തി മുപ്പത്തിയേഴായിരത്തിലധികം മുൻഗണനാ കാർഡുകൾ തിരിച്ചെടുത്ത് ഏറ്റവും അർഹരായവർക്ക് എഎവൈ കാർഡുകൾ വിതരണം ചെയ്തു. മാവേലി സ്റ്റോറുകൾ നവീകരിച്ച് സൂപ്പർമാർക്കറ്റുകളാക്കി. 2021ൽ ഓണക്കാലത്ത് കേരളത്തിലെ എല്ലാ റേഷൻകാർഡുടമകൾക്കും 16 ഇനങ്ങൾ ഉൾപ്പെടുത്തിയ സ്പെഷ്യൽ ഓണക്കിറ്റ് വിതരണം ചെയ്യുകയുണ്ടായി.

87 ലക്ഷം കുടുംബങ്ങൾക്കാണ് ഇവ വിതരണം ചെയ്തത്. ആദിവാസി ഊരുകളിലും ലേബർ സെറ്റിൽമെന്റുകളിലും മൊബൈൽ റേഷൻ ഷോപ്പുകൾ വഴി ഭക്ഷ്യധാന്യമെത്തിക്കുവാനുള്ള നടപടികൾ ആരംഭിച്ചു. അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, വൃദ്ധസദനങ്ങൾ, ആശ്രമങ്ങൾ ഇവയിലെ അന്തേവാസികൾക്ക് റേഷൻ ലഭിക്കുവാനായി അഞ്ചാമതൊരു റേഷൻ കാർഡ് ഏർപ്പെടുത്തി. ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് റേഷൻകാർഡുകൾ നൽകി. തെരുവിൽ കഴിയുന്ന മനുഷ്യർക്കും രേഖകൾ ലഭിക്കാതെ വാടക വീടുകളിൽ കഴിയുന്നവർക്കും റേഷൻ കാർഡുകൾ നൽകുവാൻ നടപടികൾ സ്വീകരിച്ചു. സ്മാർട്ട് കാർഡുകളുടെ രൂപത്തിൽ റേഷൻ കാർഡുടമയുടെ എല്ലാ വിവരങ്ങളും ഡിജിറ്റലായി രേഖപ്പെടുത്തിയ ഇ‑റേഷൻ കാർഡുകളാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. ഉപഭോക്തൃ സംരക്ഷണ രംഗത്ത് വലിയ മാറ്റങ്ങളാണുണ്ടായത്. മീഡിയേഷൻ സെല്ലുകൾ എല്ലാ ജില്ലകളിലും സ്ഥാപിച്ചു. പരാതികൾ ഇ‑ഫയലിങ് നടത്താൻ സംവിധാനമുണ്ടായി, ഉപഭോക്തൃ സഹായ കേന്ദ്രങ്ങളും പ്രോഡക്ട് ടെസ്റ്റിങ് ലാബുകളും സ്ഥാപിക്കുവാൻ നടപടിയായി. റേഷൻ ഡീലർമാർക്ക് ഇൻഷുറൻസ് പരിരക്ഷയും ക്ഷേമനിധിയും ഏർപ്പെടുത്തുവാനും നടപടികൾ സ്വീകരിച്ചു.

2019ൽ നിലവിൽ വന്ന സംസ്ഥാന ഭക്ഷ്യ കമ്മിഷൻ റേഷൻ വിതരണവുമായും അങ്കണവാടികളിലെയും സ്കൂളുകളിലെയും സൗജന്യ ഭക്ഷ്യ വിതരണവുമായും ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുകയും സമയബന്ധിതമായി തീർപ്പ് കല്പിക്കുകയും ചെയ്യുന്നു. കേരളം ഇന്ന് ഭക്ഷ്യഭദ്രതാനിയമം തികച്ചും സുതാര്യമായും കാര്യക്ഷമമായും നടപ്പാക്കുന്നതിൽ ജാഗ്രത പാലിക്കുന്നു. ജനങ്ങളുടെ ഭക്ഷ്യഭദ്രത കാത്തുസൂക്ഷിക്കുന്നതിൽ ഇന്ന് രാജ്യത്തിനാകെ കേരളം മാതൃകയാകുന്നു. 1943ൽ തിരുവിതാംകൂർ നാട്ടുരാജ്യത്ത് കര്‍ഷകരുടെയും തൊഴിലാളികളുടെയും നിരന്തര സമരങ്ങള്‍ക്കൊടുവില്‍ പരിമിതമായി നിലവില്‍ വന്ന റേഷനിങ് സമ്പ്രദായം ഇന്ന് കേരളത്തില്‍, സംസ്ഥാനത്തെ ജനങ്ങള്‍ക്കൊട്ടാകെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്ന തരത്തില്‍ ശക്തമായതിനു പിന്നില്‍ സാമൂഹ്യസമത്വം കെെവരിക്കുവാനായുള്ള കേരള ജനതയുടെ നിരന്തരമായ, കൂട്ടായ പ്രവര്‍ത്തനങ്ങളാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.