20 December 2024, Friday
KSFE Galaxy Chits Banner 2

സ്വയംഭോഗവും സ്വവര്‍ഗരതിയും അത്താണിമാരുടെ വിഭ്രാന്തികളും

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
December 16, 2022 4:48 am

“പാലാണ് തേനാണെന്‍
ഖല്‍ബിലെ പൈങ്കിളിക്ക്
പഞ്ചാരക്കുഴമ്പാണു നീ”

“ഒരു കുടുക്കാ പൊന്നുതരാം
പൊന്നാലുള്ളൊരു മിന്നുതരാം
ആയിരം മിസ്ക്കാല് വേറെത്തരാം
അന്നപ്പിടയ്ക്കൊത്ത പെണ്ണുണ്ടോ?”

“കാണാന്‍ ചേലുള്ള കല്യാണക്കാരന്
കൈതപ്പൂപോലുള്ള പെണ്ണുണ്ടോ?
മുത്തിലും മുത്തായ മുന്തിയമാരന്നു
തത്തമ്മപോലുള്ള പെണ്ണുണ്ടോ?”

“കത്ത് കൊടുക്കല് നിങ്ങക്ക് ജോലി!
കുത്തിമലര്‍ത്തല് ബാപ്പാക്ക് ജോലി!
കണ്ണുനീരെപ്പൊഴും പെണ്ണിന്നു ജോലി!
എന്നിനി കെട്ടും കല്യാണത്താലി?”-

മലയാളത്തിന്റെ പ്രിയകവിയും വിപ്ലവഗാനരചയിതാവും നാടക — ചലച്ചിത്രഗാന രചയിതാവുമായ പി ഭാസ്കരന്റെ വരികളാണിവ. പഞ്ചാരക്കുഴമ്പായ ഖല്‍ബിലെ പൈങ്കിളിയെയും അന്നപ്പിടയ്ക്കൊത്ത പെണ്ണിനെയും കാണാന്‍ ചേലുള്ള കൈതപ്പൂപോലുള്ള പെണ്ണിനെയും മുത്തിലുംമുത്തായ തത്തമ്മപോലുള്ള പെണ്ണിനെയും മുന്നിലവതരിപ്പിക്കപ്പെടുമ്പോള്‍ രണ്ടത്താണിമാര്‍ക്കും ഒറ്റത്താണിമാര്‍ക്കും മൂന്നാം താണിമാര്‍ക്കും ഹാലിളകുമോ? അവര്‍ സ്വയംഭോഗത്തിന്റെയും സ്വവര്‍ഗരതിയുടെയും നവലോകത്തില്‍ വിജൃംഭിതരാവുമോ? അധമ സംസ്കാരത്തിന്റെ പാതാളത്തിലേക്ക് സ്വയം ആഴ്ന്നുപോവുകയാണ് ബഫൂണ്‍ വേഷങ്ങള്‍ എടുത്തണിയുന്ന മുസ്ലിംലീഗുകാരിലെ രണ്ടത്താണികളും എം കെ മുനീര്‍മാരും സമസ്ത പണ്ഡിതന്മാരും.
പരിശുദ്ധ ഖുറാന്‍ വചനങ്ങള്‍ കൂടി ഉദ്ധരിക്കട്ടെ; അധ്യായം 90ല്‍ ഈ വിധം ഉദ്ഘോഷിക്കുന്നു; ‘ഈ രാജ്യത്തെ (മക്കയെ) കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു. (2) നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും (1401). ജനയിതാവിനെയും അവന്‍ ജനിപ്പിക്കുന്നതിനെയും (1402) തന്നെയാണ് സത്യം.’ ജനയിതാവിനെയും ഉല്പത്തിയെയും കുറിച്ച് ഉത്കണ്ഠാകുലരാവുന്ന വിഡ്ഢികുശ്മാണ്ഡങ്ങളായ ആണിമാര്‍ ഖുറാന്‍ വചനങ്ങളിലെ പ്രാഥമിക പാഠങ്ങള്‍ വായിച്ചറിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുവാന്‍ മാത്രമേ നമുക്ക് കഴിയൂ.
അധ്യായം 69ല്‍ ഈ വിധം ഖുറാന്‍ ഉദ്ഘോഷിക്കുന്നു; ‘നിന്റെ രക്ഷിതാവിന്റെ വിധി കാത്ത് നീ ക്ഷമിച്ചുകൊള്ളുക. നീ മത്സ്യത്തിന്റെ ആളെപ്പോലെ (യൂനുസ് നബിയെപ്പോലെ) ആകരുത്. സത്യനിഷേധികള്‍ ഈ ഉദ്‍ബോധനം കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ കൊണ്ട് നോക്കിയിട്ട് നീ ഇടറി വീഴുമാറാക്കുകതന്നെ ചെയ്യും. തീര്‍ച്ചയായും ഇവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ് എന്നവര്‍ പറയും.’
ഇത് ലോകത്തിനുള്ള ഒരു ഉദ്ബോധനമല്ലാതെ മറ്റൊന്നുമല്ല.
പാഠ്യപദ്ധതി പരിഷ്കരണത്തെ സ്വയംഭോഗത്തിന്റെയും സ്വവര്‍ഗരതിയുടെയും ചട്ടക്കൂട്ടില്‍ തളയ്ക്കുവാന്‍ പെടാപ്പാടുപെടുന്നവര്‍ മുഹമ്മദ് അബ്ദുറഹ്മാന്റെയും സീതിസാഹിബിന്റെയും സി എച്ച് മുഹമ്മദ് കോയയുടെയും ചരിത്ര നീതിബോധത്തെ ചവിട്ടിത്തുലയ്ക്കുമ്പോള്‍ ഈ വചനങ്ങള്‍ അവര്‍ക്ക് തൃണ വില മാത്രം.
ഏകീകൃത യൂണിഫോമിനെക്കുറിച്ച് മഹാനായ സിഎച്ചിന്റെ പുത്രന്‍ എം കെ മുനീര്‍ പ്രതികരിച്ചത് പിണറായി വിജയന്‍ പാവാട ഉടുക്കുമോ, സാരി അണിയുമോ എന്നാണ്. സിഎച്ചിനെ ഇതിനപ്പുറം‍ എങ്ങനെ സ്വന്തം പുത്രന്‍ അവഹേളിക്കും. പുതിയ പാഠ്യപദ്ധതി വഴി ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒരേ മൂത്രശാലകള്‍ ഒരുങ്ങുന്നുവെന്നുപോലും മുനീര്‍ വൃന്ദം പ്രചാരവേല കെട്ടഴിച്ചുവിട്ടു. പാവാട അണിയുവാനും ചുരിദാറിനും മോഹിക്കുന്നവര്‍ വിദ്യാര്‍ത്ഥിനികളിലുണ്ടെന്നും അവരുടെ അവകാശ നിഷേധം ഇടതു സര്‍ക്കാര്‍ ബില്ലിലൂടെ അവതരിപ്പിക്കുകയാണെന്ന അസംബന്ധം അടിയന്തരപ്രമേയം അവതരിപ്പിച്ച യുഡിഎഫ് (ലീഗ്) അംഗം അനുവര്‍ത്തിക്കുകയുണ്ടായി. ചരിത്രത്തിലെ കറുത്ത ഫലിതങ്ങളില്‍ ഒന്നാണിത്. പര്‍ദ്ദയ്ക്കുവേണ്ടി വാദിക്കുന്നവരുടെ പാവാട വാചാടോപം. ഒരു പെണ്‍കുട്ടി പാവാടയണിഞ്ഞു വന്നാല്‍, ചുരിദാര്‍ ധരിച്ചാല്‍ ആരുമാരും പള്ളിക്കൂടവളപ്പില്‍ തടയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും വേഷത്തിലെ വര്‍ഗീയ തീവ്രമുഖം പ്രകടമാക്കുകയാണ് ലീഗും യുഡിഎഫും. വേഷം, ഭാഷ, സംസ്കാരം, ഭക്ഷണം എന്നിവയിലെ ഏകത്വം, ഏക മതം, ഏക ജാതി എന്ന ആര്‍എസ്എസ് അജണ്ടയെ ഉയര്‍ത്തിപ്പിടിക്കുകയാണ് കോണ്‍ഗ്രസും. ആ വിപത് കെണിയില്‍ അറിഞ്ഞോ, അറിയാതെയോ വീണുപോവുകയാണ് മുസ്ലിംലീഗ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സര്‍വകലാശാലാ ചാന്‍സലര്‍ പദവി ഗവര്‍ണറില്‍ നിന്ന് മാറ്റുന്ന നിയമസഭാ ചര്‍ച്ചയില്‍ നടത്തിയ പ്രഭാഷണത്തില്‍ തന്നെ സംഘ്പരിവാര ദാസ്യം വ്യക്തമാണ്.
മുസ്ലിം ശക്തിയുടെ ശാസന ഭയപ്പെടുമ്പോഴും സംഘ്പരിവാര ദാസ്യം വി ഡി സതീശനെ വിട്ടൊഴിയുന്നില്ല. സര്‍വകലാശാലകളിലെ വര്‍ഗീയ‑ഫാസിസ‑കാവിവല്ക്കരണത്തേക്കാള്‍ ഭയാനകമാണ് സര്‍വകലാശാലകളിലെ മാര്‍ക്സിസ്റ്റ‌്‌വല്ക്കരണം എന്ന് ആ പാവം ആശ്ചര്യപ്പെടുന്നു. സതീശനും സുധാകരനും ആര്‍എസ്എസ് ശിബിരങ്ങള്‍ക്ക് കാവലാള്‍ ആവുമ്പോള്‍ ജനസമക്ഷം ചര്‍ച്ച ചെയ്യുന്ന പാഠ്യപദ്ധതിയെ സ്വയംഭോഗത്തിന്റെയും സ്വവര്‍ഗരതിയുടെയും ചതുരക്കള്ളിയില്‍ തളയ്ക്കുന്ന കശ്മലന്‍മാരോട്, രണ്ടും മൂന്നും താണിമാരോട് ഇത്രയേ പറയുവാനുള്ളൂ; പുലര്‍ച്ചെ ആറു മണിക്ക് കേന്ദ്രീയ വിദ്യാലയത്തില്‍ പോകുന്ന പിഞ്ചുകുഞ്ഞുങ്ങളുണ്ട്. പണ്ടേക്ക് പണ്ട് നമ്മുടെ സ്കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായമുണ്ടായിരുന്നു. അന്നും മദ്രസ പഠനങ്ങളുമുണ്ട്. ശിശുപീഡന നിരക്കുകള്‍ അന്വേഷിക്കുമ്പോഴും പഴയകാലവും പുതുകാലവും വീണ്ടെടുത്ത് തിരിച്ചറിയണം.

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.