“ആരൊരാളെൻ കുതിരയെകെട്ടുവാൻ
ആരൊരാളതിൻ മാർഗം മുടക്കുവാൻ” എന്ന് ഉച്ചത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആക്രോശിക്കുന്നു. അശ്വമേധത്തിനിറങ്ങിയ സുധാകരൻ എന്ന ചത്ത കുതിരയെ ഭയന്ന് ‘ബഹുമുഖ പ്രതിഭ’ എന്ന് കെപിസിസി അധ്യക്ഷപദവി ഭീഷണിയിലൂടെയും വിലപേശലിലൂടെയും വീണ്ടെടുത്ത ശേഷം പത്രസമ്മേളനത്തിൽ പരിഹാസപൂർവം വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള ‘പ്രതിഭകൾ’ മാളത്തിനുള്ളിലൊളിച്ചു. തെരഞ്ഞെടുപ്പു കാലത്ത് താൽക്കാലിക കെപിസിസി പ്രസിഡന്റായിരുന്ന എം എം ഹസൻ ഈ ഭൂഗോള മണ്ഡലത്തിലുണ്ടോ എന്ന് അദ്ദേഹത്തിന്റെ ബന്ധുമിത്രാദികൾക്കും അടുത്ത വൃത്തങ്ങൾക്കും പോലുമറിയില്ല. പ്രസിഡന്റാവാൻ ആർഎസ്എസ് — ബിജെപി കാർഡ് പുറത്തെടുത്തിരുന്ന സുധാകരൻ വോട്ടെണ്ണൽ ദിനമായ ജൂൺ നാല് വരെ കാത്തിരിക്കാനാവാത്തതുകൊണ്ട് അതേ സംഘ്പരിവാര ബ്രഹ്മാസ്ത്രം തന്നെ പുറത്തെടുത്തു.
ഇക്കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി നേതൃയോഗം കോൺഗ്രസിനെ ഇന്ത്യയിൽ ഒരു വഴിക്കാക്കിയ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ സാന്നിധ്യത്തിൽ തീരുമാനമെടുത്തത് അധ്യക്ഷ സ്ഥാനം വീണ്ടുകിട്ടാൻ സുധാകരൻ ജൂൺ നാല് വരെ ക്ഷമാപൂർവം കാത്തിരിക്കണമെന്നാണ്. പിന്നാലെ സുധാകരൻ പഴയതുപോലെ ‘കനത്ത പ്രത്യാഘാതം’ ആവർത്തിച്ചു. യാതൊരു തത്വദീക്ഷയുമില്ലാത്ത കനയ്യകുമാറിന് ദില്ലിയിൽ കോൺഗ്രസ് സീറ്റ് നൽകിയതിന്റെ പേരിൽ രാജിവച്ച ദില്ലി പിസിസി അധ്യക്ഷന്റെയും സൂറത്തിലും ഇൻഡോറിലും നാമനിർദേശ പത്രിക തള്ളിക്കുകയോ പിൻമാറുകയോ ചെയ്തവരുടെയും ബിജെപി കൂടാരത്തിലേക്ക് അനവരതം പ്രവഹിക്കുന്ന സ്വന്തം നേതാക്കളുടെയും അരുണാചൽപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രികകൾ പിൻവലിച്ച് ബിജെപിക്ക് സുഗമപാതയൊരുക്കിയവരുടെയും മുഖങ്ങൾ കോൺഗ്രസിന്റെ ഹൈക്കമാന്‍ഡ് എന്ന ‘ലോ കമാന്‍ഡി‘ന്റെ മുന്നിൽ തെളിഞ്ഞു. ആ വിചിത്രമുഖങ്ങളുടെ കൂട്ടത്തിൽ കെ സുധാകരനും പെടാതിരിക്കുവാൻ അദ്ദേഹത്തിനു മുമ്പില്‍ നേതൃത്വം സാഷ്ടാംഗം പ്രണാമം ചെയ്തു.
താൻ സംഘ്പരിവാര ശാലകൾക്ക് സുരക്ഷാകവചം ഒരുക്കിയ ആളാണെന്ന് അഭിമാനപുരസരം പറഞ്ഞ സുധാകരൻ താൻ ഏത് നിമിഷവും ബിജെപിയിൽ ചേരും, ആരുണ്ട് ചോദിക്കാൻ എന്ന് വെല്ലുവിളിക്കുകയും ചെയ്തു. തൊട്ടു പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രൻ ഉറങ്ങിയെഴുന്നേറ്റപ്പോൾ കെപിസിസി അധ്യക്ഷ പദവിയിൽ കെ സുധാകരൻ വന്നിരുന്നു. വെള്ളിത്തളികയിൽ വച്ച് അധ്യക്ഷ സിംഹാസനം ഹൈക്കമാന്റ് സുധാകരന് സമ്മാനിച്ചു. അത് പഴയകാല കഥ.
ദിവാകരൻ എന്നാൽ സൂര്യൻ. സുധാകരൻ എന്നാൽ ചന്ദ്രൻ. ചാന്ദ്രശോഭയൊന്നും ഒരുകാലത്തും സംഘ്പരിവാര കൗപീനം പേറുന്ന ഈ സുധാകരനിൽ നിന്ന് പ്രകാശിച്ചിട്ടില്ല. സുധാകരൻ എന്നതിന് ‘നല്ല ധാർമ്മിക പെരുമാറ്റമുളളവൻ’ എന്നും അർത്ഥമുണ്ട്. അത്യധികം അധാർമ്മിക പെരുമാറ്റം മാത്രമേ സുധാകരനിൽ നിന്ന് അരങ്ങേറ്റപ്പെട്ടിട്ടുള്ളു. തോക്ക് രാഷ്ട്രീയത്തിന്റെ വക്താവും പ്രയോക്താവുമാണ് സുധാകരൻ. നാൽപ്പാടി വാസുവും ഇ പി ജയരാജനും ചില ഉദാഹരണങ്ങൾ മാത്രം. സ്വർണത്താലവുമായി നരേന്ദ്ര മോഡിയും അമിത്ഷായും കാത്തിരിക്കുമ്പോൾ സുധാകരന്റെ കണ്ണുകൾ എങ്ങനെ മഞ്ഞളിക്കാതിരിക്കും?
‘ഒമർഖയ്യാമിന്റെ ഗാഥകൾ ’ എന്ന പുസ്തകത്തിൽ മഹാനായ കവി തിരുനലൂർ കരുണാകരൻ എഴുതി;
‘എൻ കിടാങ്ങളെ, നിദ്രവിട്ടെഴു-
ന്നേൽക്കുവിൻ, പാനപാത്രം നിറയ്ക്കുവിൻ
ജീവിതത്തിന്റെ മുന്തിരിനീ,രതില്‍
തീരെ വറ്റിക്കഴിഞ്ഞിടും മുന്നമേ’ — ഇതാണ് നരേന്ദ്ര മോഡിയും അമിത്ഷായും കോൺഗ്രസുകാർക്ക് നൽകുന്ന സന്ദേശം. സുധാകരനെപ്പോ ലെ അനവരതം വരുന്ന അവരുടെ കിടാങ്ങൾ മുന്തിരിപ്പാനപാത്രം മൊത്തിക്കുടിക്കുവാൻ കാത്തുനിൽക്കുകയാണ്.
‘പാനശാലാങ്കണത്തിങ്കലക്ഷമം
കാത്തുനിൽക്കുവോർ, കോഴി കൂവീടവേ
ഒന്നുചേർന്നൊച്ചവച്ചുകൊണ്ടോതിനാർ:
വന്നു വേഗമീ വാതിൽ തുറക്കുവിൻ
തെല്ലുനേരമേയുള്ളിങ്ങു തങ്ങുവാൻ”
സംഘ്പരിവാരമൊരുക്കിയ പാനശാലാങ്കണത്തിൽ, കോഴി കൂവുന്നതിനും മുമ്പേ വേഗം വാതിൽ തുറക്കുവാൻ വെപ്രാളപ്പെടുന്നവരിൽ സുധാകരന് പിന്നാലെ പരശതം കോൺഗ്രസുകാരുണ്ട്. മുന്നേ നടന്നവരുടെ പട്ടിക ഞാൻ വിവരിക്കുന്നില്ല. ഗോള്‍വാള്‍ക്കറുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പവൃഷ്ടി നടത്തി സാഷ്ടാംഗ പ്രണാമം നടത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനും 2024 ലെ ഏറ്റവും മികച്ച ഭരണാധികാരി നരേന്ദ്ര മോഡിയാണെന്ന് മാധ്യമപ്രവർത്തകനോട് പരസ്യപ്രതികരണം നടത്തിയ ശശി തരൂരും പാനശാലാങ്കണത്തിൽ വരിവരിയായി നിൽക്കുകയാണ്. എന്നിട്ടും സുധാകര – സതീശ വൈരുദ്ധ്യമോ? അതിശയകരം തന്നെ.
സുധാകരൻ കെപിസിസി അധ്യക്ഷ പദവി ഭീഷണിയിലൂടെ വീണ്ടെടുത്തപ്പോൾ കണ്ണൂരിൽ നിന്നെത്തിച്ച അടിമക്കൂട്ടങ്ങളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചു;
‘കണ്ണേ കരളേ സുധാകരാ
കണ്ണൂരിന്റെ സുധാകരാ’
കണ്ണൂർ സുധാകരനെ ജൂൺ നാലിന് തിരസ്കരിക്കുവാൻ പോവുകയാണ്. എന്നിട്ടും കണ്ണൂരുകാർ തിരുവനന്തപുരത്തു വന്ന് വിളിക്കുന്ന മുദ്രാവാക്യം ഇതാണ്. സ്ഥാനമൊഴിയേണ്ടിവന്ന എം എം ഹസനോ, പ്രതിപക്ഷ നേതാവ് വി ഡി സതീശനോ, പെട്ടിപിടിത്തക്കാരനായ ടി യു രാധാകൃഷ്ണനോ അല്ലാതെ ഏതെങ്കിലും പിസിസി ഭാരവാഹിയോ ഡിസിസി ഭാരവാഹിയോ സുധാകരന്റെ അതിക്രമ ആരോഹണ ചടങ്ങിൽ പങ്കെടുത്തില്ല. എം എം ഹസൻ പങ്കെടുക്കേണ്ടിയിരുന്നില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അയാൾക്ക് പങ്കെടുക്കണമെന്ന് തോന്നിയിരിക്കില്ല എന്ന് മറുപടി പറഞ്ഞ സുധാകരൻ, വി ഡി സതീശൻ പങ്കെടുത്തില്ലല്ലോ എന്ന ചോദ്യത്തിന് അയാൾ ‘ബഹുമുഖപ്രതിഭ’ എന്ന് അപഹസിച്ചു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലവേളയിൽ സതീശനിൽ നിന്ന് മൈക്ക് തട്ടിപ്പറിച്ച സുധാകരൻ സമരാഗ്നി ജാഥാ വേളയിൽ പത്രസമ്മേളന വേദിയിൽ വരാൻ വൈകിയ സതീശനെ ആ.…. എവിടെപ്പോയി കിടന്നുവെന്നും ചോദിച്ചു. ഇതാണ് ഐകമത്യം മഹാബലം!
എം എം ഹസൻ താൽക്കാലിക അധ്യക്ഷനായപ്പോൾ കെപിസിസിയിലെ കസേരകൾ മാറ്റിപോലും. അത് ഹസൻ ആരാഞ്ഞ വാസ്തുവിദ്യ പ്രകാരം. അതു മുഴുവൻ സുധാകരൻ മാറ്റി മറിച്ചു. തന്റെ വാസ്തുവിദ്യ പ്രകാരം അത് തിരിച്ചുവച്ചു. സുധാകരൻ കോൺഗ്രസിൽ നിന്ന് സസ്പെന്റ് ചെയ്തവരെ ഹസൻ തിരിച്ചെടുത്തു. അതെല്ലാം കൂടിയാലോചനകളില്ലാതെയെന്നും ഹസന്റെ തന്നിഷ്ടങ്ങൾ പുനഃപരിശോധിക്കുമെന്നും സുധാകരൻ. കേരളത്തിൽ കോൺഗ്രസിന്റെ കഥാകാലക്ഷേപം തന്നെ?
എവിടെ എ കെ ആന്റണി, (മകന്റെ പേരിൽ മുങ്ങി നടക്കുന്ന മഹാൻ) കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല.…. ഒച്ച കേൾക്കാനില്ല.
“സ്വർണ നാണ്യങ്ങൾ ധാന്യങ്ങളെന്നപോൽ
കുന്നുകൂട്ടിവച്ചാഹ്ലാദമാർന്നവർ,
വാരിയൊക്കെയും കാറ്റിന്റെ വാക്കിനു
മാരിപോലവ തൂവിക്കളഞ്ഞവർ:
എപ്പോഴെങ്കിലുമീ രണ്ടുകൂട്ടരു-
മൊപ്പമുള്ള ശവക്കുഴി പൂകിയാൽ
പൊൻതരികളായ് മാറുകില്ലാളുകൾ
പിന്നൊരിക്കൽ കുഴിച്ചെടുത്തീടുവാൻ-(തിരുനല്ലൂർ)
സ്വർണനാണ്യങ്ങൾ കണ്ട് മതിച്ച് ശവക്കുഴി പൂകുന്ന ഇക്കൂട്ടരെ കുഴിച്ചെടുക്കുമ്പോൾ പൊൻതരികളായി മാറുകയില്ല. അധമസംസ്കൃതിയുടെ കൈതൊടാ നാണയങ്ങളായി മാറും കേരളത്തിലെ കോൺഗ്രസും ബിജെപിയും. ചരിത്രം സാക്ഷി!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.