19 November 2024, Tuesday
KSFE Galaxy Chits Banner 2

മായപ്പൊന്മാനും കമ്പോള പരസ്യങ്ങളും

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം 25
August 10, 2023 4:11 am

രാമായണത്തിൽ മാരീചൻ കെട്ടിയാടുന്ന മായപ്പൊന്മാൻ വേഷം ആധുനിക മുതലാളിത്തത്തിന്റെ കമ്പോള പരസ്യങ്ങളുടെ സ്വഭാവമുള്ളതാണ്. അതിശയോക്തികളുടെ വർണ്ണപ്പകിട്ടുള്ള നുണക്കഷായം ഇത്തിരിയാഥാർത്ഥ്യത്തിന്റെ മേമ്പൊടിയോടു കൂടി മനുഷ്യമനസിനെ വ്യാമോഹിപ്പിച്ചു കീഴ്പ്പെടുത്തുംവിധം പ്രയോഗിക്കുന്ന കൗശലവിദ്യയാണ് പരസ്യം. കറുത്ത തൊലിയുളള ആൾ വെള്ളത്തൊലിയനാകാൻ ഈ സോപ്പു തേച്ച് കുളിച്ചാൽ മതി എന്ന് ഏതെങ്കിലും സിനിമാനടനോ നടിയോ കാശു വാങ്ങിച്ച് അഭിനയിച്ചു കാണിക്കുന്നതു കണ്ടാൽ തൊലിവെളുക്കും എന്നു വ്യാമോഹിച്ച് നൂറു കണക്കിനാളുകൾ സോപ്പു വാങ്ങുകയും മുതലാളിക്കു ലാഭം വർധിക്കുകയും ചെയ്യുന്നു. ഇല്ലാഗുണങ്ങൾ കാണിച്ചും പറഞ്ഞും തന്നെയാണ് ഏതു കച്ചവടവും ഏതുകാലത്തും എവിടെയും സംഭവിക്കുന്നത്.
രാവണൻ എന്ന കാമഭോഗാസക്തന് സീതയെ തട്ടിയെടുത്ത് ഭോഗിക്കാൻ തക്ക അവസരമുണ്ടാക്കാനായി, ഇല്ലാഗുണങ്ങളുളള ഒരു പൊന്മാൻ വേഷം മാരീചനെക്കൊണ്ട് രാവണൻ കെട്ടിയാടിക്കുന്നു. മാരീചന്റെ മായപ്പൊന്മാനിൽ ആദ്യം കണ്ണും പിന്നെ മനസും ഉടക്കി വ്യാമോഹിതയാകുന്നത് സീത തന്നെയാണ്. അടിമപ്പെടൽ എന്ന മഹാവിപത്ത് പിടികൂടുംമുമ്പേ ആരേയും വ്യാമോഹം പിടികൂടാറുണ്ടെന്നതിന്റെ ഉദാഹരണമാണ് മായപ്പൊന്മാനിൽ കൊതിമൂത്ത സീത.
ഒടിയൻ വിദ്യകളറിയുന്ന മാരീചരാക്ഷസനാകാം പൊന്മാനായി ചമഞ്ഞ് ആശ്രമപരിസരത്തു കളിച്ചാർക്കുന്നതെന്ന് ലക്ഷ്മണകുമാരൻ യാഥാർത്ഥ്യബോധത്തിന്റെ വിലക്കു വാക്കുകൾ പറയുന്നുണ്ടെങ്കിലും ‘മാനിനെ കിട്ടിയേ തീരൂ’ എന്ന മോഹവാശി സീത വെടിയുന്നില്ല. സീതയുടെ മോഹം സാധ്യമാക്കാനുളള ഉദ്യമത്തിനൊരുങ്ങുവാൻ രാമൻ തയ്യാറാവുകയും ചെയ്യുന്നു.

 


ഇതുകൂടി വായിക്കൂ; മരണത്തെ തിരഞ്ഞെടുക്കുന്ന മാരീചൻ


രാമായണത്തിലെ ഈ മായപ്പൊന്മാൻ സന്ദർഭം ഭൗതികതലത്തിൽ, മുതലാളിത്തത്തിന്റെ വ്യാമോഹിപ്പിക്കുന്ന കൺകെട്ടുകൾക്കു കീഴ്പെടുന്ന ഏത് രാമനും സീതയ്ക്കും വിപത്ത് വരാം എന്നതിന്റെ സൂചനയായി കാണാം. ഈ മായപ്പൊന്മാൻ വൃത്താന്തത്തെ ആത്മീയതലത്തിൽ ഏത് മഹാതപസ്യ ചെയ്യുന്നവരും പ്രലോഭനങ്ങൾക്കു വശപ്പെട്ടു ദുഃഖദുരിതങ്ങളുടെ പീഡനങ്ങൾക്കു ഇരകളാകാം എന്നതിന്റെ സൂചനയായും വായിക്കാം. എങ്ങനെ വായിച്ചാലും മായപ്പൊന്മാനെ കണ്ടു പ്രലോഭിതരായാൽ അതിന്റെ ബന്ധനത്തിൽ നിന്നു തടിയൂരിപ്പോരാൻ ഏതൊരു സീതാരാമന്മാർക്കും (കുലസ്ത്രീകൾക്കും കുലപുരുഷന്മാർക്കും) കഠിനാധ്വാനത്തിന്റെ സേതുബന്ധനം ചെയ്യേണ്ടി വരും എന്നതു തീർച്ചയാണ്. മുതലാളിത്തം എന്ന ദശഗ്രീവനായ ഭോഗരാക്ഷസന്റെ മായപ്പൊന്മാൻ കെട്ടുകാഴ്ചകളിൽ മനസ് കുടുങ്ങി ഭൗതികഭാരതവും ആത്മീയഭാരതവും നശിക്കാതിരിക്കാൻ സഹായിക്കുന്ന രാമായണ പാരായണങ്ങളാണ് ഇനി നടത്തേണ്ടത്; നടക്കേണ്ടതും. മുതലാളിത്തത്തിന്റെ മായപ്പൊന്മാൻ കാഴ്ചകൾക്ക് താപസചാരികളായ സീതയും രാമനും വരെ കീഴ്പെടുമ്പോൾ ‘അരുതേ. . അപകടമാണേ’ എന്നിങ്ങനെ ഉയരുന്ന ലക്ഷ്മണ വചസുകൾ വികസന വിരുദ്ധതയും രാജ്യശ്രീക്ക് തടസം ചെയ്യലും ആണെന്നു പറയുന്നവരുണ്ടാവാം. പക്ഷേ മായപ്പൊന്മാൻ കാഴ്ചക്ക് കീഴ്പ്പെട്ടവരെ പിടികൂടാൻ മുതലാളിത്തം എന്ന കണ്ണിൽച്ചോരയില്ലാത്ത ഭോഗരാവണന്മാർ തക്കംപാർത്തിരിപ്പുണ്ടെന്നു തിരിച്ചറിയുമ്പോഴേക്കും നിങ്ങളുടെ മാനധനങ്ങൾ അപ്പാടെ അപഹരിക്കപ്പെട്ടിരിക്കും. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളുടെ ശബ്ദം ‘മായപ്പൊന്മാൻ മാരീചരാക്ഷസന്റെ പൊയ് വേഷമാണ്’ എന്ന് താക്കീതു പറയുന്ന വാല്മീകിരാമായണത്തിലെ ലക്ഷ്മണകുമാരന്റെ ശബ്ദത്തോട് സാദൃശ്യമുളളതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.