4 May 2024, Saturday

മരണത്തെ തിരഞ്ഞെടുക്കുന്ന മാരീചൻ

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം 24
August 9, 2023 4:37 am

ആരുടെ ജീവിതത്തിലും തിരഞ്ഞെടുപ്പുകൾക്ക് വലിയ സ്ഥാനമുണ്ട്. രാമായണത്തിലെ മാരീചൻ എന്ന കഥാപാത്രത്തിന് ആരുടെ കയ്യാൽ കൊല്ലപ്പെടണം എന്ന ആശാവഹമല്ലാത്ത കാര്യം തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഉണ്ടായത്. ശൂർപണഖയുടെ വർണന കേട്ട് സീതയെ പ്രാപിക്കാന്‍ മോഹഭരിതനായിത്തീർന്ന രാവണൻ, മാരീചൻ എന്ന മായാവിദ്യാ വിചക്ഷണനായ രാക്ഷസനോട് സഹായം അഭ്യർത്ഥിക്കുന്നു. വെള്ളിപോൽ വിളങ്ങുന്ന പുള്ളികളോടുകൂടിയ പൊന്മാനായി മാറി രാമലക്ഷ്മണന്മാരെ സീതാസമക്ഷത്തു നിന്ന് അകറ്റി, സീതാപഹരണത്തിന് സഹായം ചെയ്യാനാണ് രാവണൻ മാരീചനോട് കല്പിക്കുന്നത്. രാമന്റെ ഒന്നാം വനയാത്രയിൽത്തന്നെ രാമബാണത്തിൽ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ട മാരീചൻ, പൂർവവൃത്താന്തം മുഴുവൻ പറഞ്ഞ് രാവണന്റെ സീതാപഹരണദൗത്യത്തെ തടസപ്പെടുത്താൻ സാരോപദേശം ചെയ്യുന്നുണ്ട്. മാരീചന്റെ സാരോപദേശ പ്രസംഗത്തിൽ ഏറ്റവും രാഷ്ട്രീയവിചാര പ്രസക്തമായ ഒരു വാക്യമുണ്ട്: “ബഹവഃ സാധവോ ലോകേ യുക്ത് ധർമ്മം അനുഷ്ഠിതാഃ/ പരേഷാം അപരാധേൻ വിനഷ്ടാഃ സ പരിച്ഛദാഃ”(ലോകത്തിൽ നല്ലതു ചെയ്ത് നന്നായി ജീവിക്കുന്ന ഒട്ടേറെ സജ്ജനങ്ങൾ അന്യർ ചെയ്യുന്ന തെറ്റുകൾമൂലം മുച്ചൂടം നശിച്ചു പോയിട്ടുണ്ട്).

 


ഇതുകൂടി വായിക്കു; വിരാധവധ വിചിന്തനങ്ങൾ


ഭീഷ്മർ, ദ്രോണർ, കർണർ തുടങ്ങിയ മഹാമനീഷികൾ നിശേഷം നശിച്ചത് അവർ ചെയ്ത ദുഷ്കർമ്മങ്ങളാലല്ല; മറിച്ച്, അവരുടെ രാജാവായ ദുര്യോധനൻ സഹോദരനായ ദുശാസനനോടൊപ്പം നിന്നു നടത്തിയ ദ്രൗപദീവസ്ത്രാക്ഷേപം ഉൾപ്പെടെയുള്ള നിരവധി നീചകർമ്മങ്ങളാലാണ്. ഇതുപോലെ ഭരണാധികാരികൾ ചെയ്യുന്ന തെറ്റായ കാര്യങ്ങളാൽ വന്നുഭവിക്കുന്ന നാശദോഷങ്ങൾ ഏതുകാലത്തും നാട്ടിലെ അനേകം സജ്ജനങ്ങളെയും നശിപ്പിക്കും. നോട്ടുനിരോധന നടപടി ഇത്തരത്തിലൊരു ഭരണാധികാരിയുടെ സർവാനർത്ഥകരമായ ദുഷിച്ച നടപടി ആയിരുന്നു. മതത്തിന്റെ പേരിൽ ചിലർ നടത്തുന്ന ബോംബ് സ്ഫോടനങ്ങളും തലവെട്ടും കൈവെട്ടും ഒക്കെ ആ മതത്തിൽ ഉൾപ്പെട്ട അപാപികളായ അനേകലക്ഷം സാധാരണക്കാരുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്നു എന്നതും മാരീചോപദേശത്തിന്റേ സാർത്ഥകതയെ ഉദാഹരിക്കാൻ യുക്തമായ യാഥാർത്ഥ്യമാണ്. എന്തൊക്കെ ഉപദേശം ചെയ്താലും ദുർമതികളും അഹങ്കാരികളുമായ ഭരണാധികാരികൾ അതു കണക്കിലെടുത്ത് നടപടികൾ മാറ്റില്ല.


ഇതുകൂടി വായിക്കു; ഭരതമാനസവും രാമഹൃദയവും


 

രാവണനും മാരീചോപദേശം മാനിച്ച് സീതാപഹരണത്തിൽ നിന്നു പിൻവാങ്ങിയില്ല. സ്വയം പിൻവാങ്ങിയില്ലെന്നു മാത്രമല്ല മാരീചനെ സീതാപഹരണ സഹായത്തിൽ നിന്നു പിൻവാങ്ങാനും അനുവദിച്ചില്ല. തന്നെ സഹായിച്ചില്ലെങ്കിൽ മാരീചനെ വധിക്കുമെന്നായിരുന്നു രാവണകല്പന. അതോടെ രാവണന്റെ കൈകൊണ്ടു മരിക്കണോ രാമന്റെ കൈകൊണ്ടു മരിക്കണോ എന്നതിൽ നിന്ന് ഒന്നു തിരഞ്ഞെടുക്കുക എന്നതു മാത്രമായി മാരീചനുമുമ്പിലെ ഏക ദൗത്യം. രാവണന്റെ കൈകൊണ്ടു മരിക്കുന്നതിനെക്കാൾ രാവണനാശത്തിനു വഴിതെളിയിച്ചുകൊണ്ട്, സീതാപഹരണത്തിൽ സഹായം ചെയ്ത് രാമന്റെ കയ്യാൽ കൊല്ലപ്പെടുന്നതാണ് ശ്രേഷ്ഠതരം എന്ന് താപസനായ മാരീചൻ തീരുമാനിച്ചു. അങ്ങനെ രാമായണത്തിലെ മായപ്പൊന്മാനെന്ന ഒടിയൻവിദ്യ ചെയ്യാനായി രാവണനോടൊപ്പം വാല്മീകിയുടെ ഒടിയനായി മാരീചൻ പുറപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.