24 April 2024, Wednesday

അപഹാസ്യമായ കുപ്രചരണങ്ങൾ

നമുക്ക് ചുറ്റും
കെ ദിലീപ്
August 31, 2022 5:30 am

രു നുണ നൂറു തവണ ആവർത്തിക്കുമ്പോൾ അത് സത്യമാവുകയല്ല ചെയ്യുന്നത്, പകരം ഒരു പെരും നുണയായി മാറുകയാണ്. അത്തരത്തിലുള്ള ഒരു പെരും നുണയാണ് കുറേക്കാലമായി ചില നിക്ഷിപ്ത കക്ഷികൾ കേരളത്തിലെ ദേവസ്വം ബോർഡുകളുടെ പണം സർക്കാരിലേക്കാണ് പോവുന്നത് എന്ന തരത്തിൽ നടത്തുന്ന വ്യാജ പ്രചരണം. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം വന്ന ഒരു സർക്കാരുകളുമല്ല ദേവസ്വം ബോർഡുകൾ രൂപീകരിച്ചത്. ദേവസ്വം ബോർഡുകളിൽ നിന്നുള്ള വരുമാനത്തിന്റെ, ക്ഷേത്ര വരുമാനത്തിന്റെ ഒരു പങ്കും കേരള സർക്കാരിന്, അത് ഇടതു സർക്കാർ ആയാലും വലത് സർക്കാരായാലും വന്നുചേരുന്നുമില്ല. ദേവസ്വം ബോർഡുകളുടെ ഭരണത്തിൻ കീഴിലുള്ള ക്ഷേത്രങ്ങൾ, പൊതു ക്ഷേത്രങ്ങളാണ്. കേരളത്തിൽ പൊതു ക്ഷേത്രങ്ങൾ കൂടാതെ സ്വകാര്യ ക്ഷേത്രങ്ങളും ഉണ്ട്. സ്വകാര്യ ട്രസ്റ്റുകൾ, ഊരായ്മകൾ, വ്യക്തികൾ എല്ലാം തന്നെ നിയന്ത്രിക്കുന്ന സ്വകാര്യ ക്ഷേത്രങ്ങളെക്കുറിച്ചോ അവയുടെ വരുമാനത്തിന്റെ കണക്കുകളെക്കുറിച്ചോ, അന്വേഷിക്കുവാൻ ഈ നിക്ഷിപ്ത താല്പര്യക്കാർക്ക് ഒരു താല്പര്യവുമില്ല എന്നത് ഒരു വിരോധാഭാസമായി തുടരുന്നു.


ഇതുകൂടി വായിക്കു; സംഘ്പരിവാറിന് വേണ്ടി വാദിക്കുന്ന ഇന്ദു മല്‍ഹോത്ര


പൊതു ക്ഷേത്രങ്ങൾ എന്നാൽ കേരളത്തിലെ നാട്ടുരാജാക്കന്മാരുടെ കൈവശമുണ്ടായിരുന്ന ക്ഷേത്രങ്ങൾ എന്നാണ് പൊതുവേ വിവക്ഷിക്കപ്പെടുന്നത്. തിരുവിതാംകൂറിലെ പ്രധാന ക്ഷേത്രങ്ങളുടെ എല്ലാം ഭരണം സർക്കാർ ഏറ്റെടുക്കുന്നത് 1811ൽ റാണി ഗൗരി ലക്ഷ്മി ഭായിയുടെ ഭരണകാലഘട്ടത്തിലാണ്. 1897ലാണ് ദേവസ്വം വകുപ്പ് ഉണ്ടാവുന്നത്. 1906ൽ ദേവസ്വം സെറ്റിൽമെന്റ് വിളംബരം പുറപ്പെടുവിച്ചു. 1922 ഏപ്രിൽ 12ന് ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവ് ദേവസ്വം വിളംബരം നടത്തി ദേവസ്വം വകുപ്പ് ഒരു കമ്മിഷണറുടെ ചുമതലയിൽ സംഘടിപ്പിച്ചു. കൂടാതെ സംസ്ഥാനത്തെ ആകെ ഭൂനികുതിയുടെ 40 ശതമാനത്തിൽ കുറയാത്ത തുക ദേവസ്വം ഫണ്ട് ആയി മാറ്റിവയ്ക്കുകയും ചെയ്തു. 1946ൽ ദേവസ്വങ്ങൾക്ക് തിരുവിതാംകൂർ സർക്കാർ പ്രതിവർഷം 25 ലക്ഷം രൂപ നൽകി. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം തിരുവിതാംകൂറിൽ 1949ൽ രൂപീകൃതമായ ആദ്യ ദേവസ്വം ബോർഡിന്റെ അധ്യക്ഷൻ മന്നത്ത് പത്മനാഭൻ ആയിരുന്നു. തിരുവിതാംകൂറും കൊച്ചിയും ഒന്നായി ചേർന്നശേഷം 1950 ഹിന്ദുമത സ്ഥാപന നിയമം തിരുകൊച്ചി നിയമസഭ പാസാക്കുകയും അത് തിരുവിതാംകൂർ കൊച്ചി ദേവസ്വം ബോർഡുകൾക്ക് ബാധകമാക്കുകയും ചെയ്തു. ഐക്യ കേരള രൂപീകരണത്തോടെ കേരളത്തിലെ മറ്റു പ്രദേശങ്ങളിലെയും ദേവസ്വം ക്ഷേത്രങ്ങൾ ഇതേ രീതിയിൽ സർക്കാരിന്റെ ഭരണത്തിൻ കീഴിലെത്തി. കേരളത്തിൽ ഇന്ന് തിരുവിതാംകൂർ ദേവസ്വം, കൊച്ചിൻ ദേവസ്വം, മലബാർ ദേവസ്വം, ഗുരുവായൂർ ദേവസ്വം, കൂടൽമാണിക്യം ദേവസ്വം എന്നിങ്ങനെ അഞ്ചു ദേവസ്വം ബോർഡുകൾ ആണുള്ളത്. ഇവയെല്ലാം ആയി 3,100ലധികം ക്ഷേത്രങ്ങളുണ്ട്. സംസ്ഥാന സർക്കാരിന് ക്ഷേത്ര ഭരണം നാട്ടുരാജാക്കൻമാരിൽ നിന്ന് കൈമാറി ലഭിച്ചപ്പോൾ മിക്കവാറും ക്ഷേത്രങ്ങൾ വളരെ ദരിദ്രാവസ്ഥയിലായിരുന്നു. ഇപ്പോൾ തന്നെയും പ്രസിദ്ധമായ ചുരുക്കം ക്ഷേത്രങ്ങളിലാണ് വലിയ വരുമാനം ലഭിക്കുന്നത്. അതിനാൽ തന്നെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നവീകരണ പ്രവർത്തനങ്ങൾക്ക് സർക്കാർ തന്നെയാണ് പണം ചെലവഴിച്ചിരുന്നത്. വരുമാനത്തിൽ നിന്ന് ഒരു തുകയും സർക്കാർ എടുക്കുന്നില്ല എന്ന് മാത്രമല്ല ക്ഷേത്രങ്ങളുടെ വികസനത്തിനായുള്ള ഫണ്ട് അങ്ങോട്ട് നൽകുകയാണ് ചെയ്യുന്നത്.


ഇതുകൂടി വായിക്കു; മതരഹിതരുടെ സംവരണം


ദേവസ്വം ബോർഡ് മെമ്പർമാരെ തിരഞ്ഞെടുക്കുന്നത് നിയമസഭയിലെ ഹിന്ദു എംഎൽഎമാരാണ്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ ഒന്നും തന്നെ സർക്കാർ ബലമായി ഏറ്റെടുത്തവയല്ല. 1949നു ശേഷം നടത്തിപ്പുകാരുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യം പരിഗണിച്ച് മാത്രം ഏറ്റെടുത്തിട്ടുള്ളതാണ്. മൊത്തം 20,000ത്തിലധികം ജീവനക്കാരാണ് വിവിധ ദേവസ്വങ്ങളിൽ ഉള്ളത്. അവർക്ക് എല്ലാം തന്നെ കൃത്യമായ ശമ്പളവും ബോർഡുകൾ നൽകുന്നുണ്ട്. 3000ത്തിലധികം വരുന്ന ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നൂറിൽ താഴെ ക്ഷേത്രങ്ങൾക്ക് മാത്രമാണ് വരുമാനമുള്ളത്. ബാക്കി വരുന്ന 90ശതമാനം ക്ഷേത്രങ്ങളുടെയും ചെലവുകൾ അതത് ദേവസ്വം ബോർഡുകൾ നിർവഹിക്കുന്നത് ഈ കുറച്ച് ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിച്ചാണ്.
വിവിധ വർഷങ്ങളില്‍ നിന്ന് ലഭ്യമായ കണക്കുകളിൽ 2011–2015 കാലയളവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി 105കോടി രൂപയും കൊച്ചിൻ ദേവസ്വം ബോർഡിനു വേണ്ടി രണ്ടു കോടി രൂപയും മലബാർ ദേവസ്വം ബോർഡിനു വേണ്ടി 60.30 രൂപയും ചെലവഴിച്ചതായി കാണുന്നു. ഇതേ കാലയളവിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് 62 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 2018 മുതൽ 2022 വരെ ഉള്ള അഞ്ചു വർഷക്കാലയളവിൽ വിവിധ ദേവസ്വങ്ങൾക്കായി കേരള സർക്കാർ 449 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഈ കണക്കിൽ ഒന്നുംപെടാതെ ശബരിമല തീർത്ഥാടന കാലത്ത് റോഡുകൾ നവീകരിക്കുവാനും ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കുവാനും സർക്കാർ ചെലവഴിക്കുന്നത് കോടികളാണ്. 15 കോടി രൂപ ചെലവിലാണ് പമ്പയിൽ അലോപ്പതി, ആയുർവേദ, ഹോമിയോ സമ്പ്രദായങ്ങൾ ഉൾപ്പെടുത്തി ആശുപത്രി കെട്ടിടം പണിഞ്ഞത്. കൂടാതെ പ്രധാന ക്ഷേത്രങ്ങൾക്ക് എല്ലാം തന്നെ സർക്കാർ ഗ്രാന്റ് നൽകുന്നു.

സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളുടെയും വരുമാനം ദേവസ്വങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കും ഗുരുവായൂർ കൂടൽമാണിക്യം ക്ഷേത്രങ്ങളുടെ വരുമാനം അതത് ക്ഷേത്രങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലും ആണ് നിക്ഷേപിക്കുന്നത്. തിരുവിതാംകൂർ കൊച്ചി ദേവസ്വം ബോർഡുകളുടെ കണക്കുകൾ ഓഡിറ്റ് ചെയ്യുന്നത് കേരള ഹൈക്കോടതി നിയോഗിക്കുന്ന ഓഡിറ്റർമാരാണ്. നിലവിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് ആണ് അത് ചെയ്യുന്നത്. ഒരു നിശ്ചിത തുകയിൽ കൂടുതൽ ഈ ദേവസ്വം ബോർഡുകൾക്ക് ചെലവാക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. കൂടാതെ സ്വകാര്യ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിലും ഉത്സവ സംബന്ധമായ കാര്യങ്ങൾക്കായി റോഡുകള്‍ നവീകരിക്കുന്നതിനും ക്രമസമാധാനത്തിനും മറ്റുമായി വലിയൊരു തുക സംസ്ഥാന സർക്കാർ ചെലവഴിക്കുന്നു. ഉദാഹരണമായി ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നഗര ശുചീകരണത്തിനും മറ്റു മുന്നൊരുക്കങ്ങൾക്കുമായി കോടിക്കണക്കിന് രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്.


ഇതുകൂടി വായിക്കു; മതം കറുപ്പാകാം; പക്ഷേ കറുപ്പിനു മതമില്ല


കേരളത്തിലെ പൊതു ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ള വിവിധ ദേവസ്വം ബോർഡുകളുടെ വരുമാനത്തിൽ നിന്ന് ഒരു രൂപപോലും സർക്കാരിന് എടുക്കുവാൻ സാധിക്കില്ല. ദേവസ്വം ബോർഡുകൾ ഭരണഘടനാ സ്ഥാപനങ്ങളാണ്. നിയമസഭയിലെ എല്ലാ ഹിന്ദു എംഎൽഎമാരും ചേർന്നാണ് ദേവസ്വം ബോർഡ് മെമ്പർമാരെ തിരഞ്ഞെടുക്കുന്നത്. ഒരിക്കൽ തിരഞ്ഞെടുത്താൽ അതിനെ പിരിച്ചുവിടാൻ സർക്കാരിന് അധികാരമില്ല. അതിനുള്ള അധികാരം ഹൈക്കോടതിയിൽ നിക്ഷിപ്തമാണ്. ദേവസ്വം ബോർഡ് ആണ് ക്ഷേത്രങ്ങളിൽ നിർദ്ദേശിക്കപ്പെട്ട പൂജാകർമ്മങ്ങൾ മുടക്കമില്ലാതെ നടത്തുന്നതും വരുമാനം ബാങ്കുകളിൽ നിക്ഷേപിക്കുന്നതും. സർക്കാർ ഖജനാവിൽ നിന്ന് പുരാവസ്തു വകുപ്പ്, സാംസ്കാരിക വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയുടെ വിവിധ പദ്ധതികള്‍ക്കായി ക്ഷേത്രങ്ങൾക്ക് സർക്കാർ പണം നൽകുന്നുണ്ട്. ദേവസ്വം കണക്കുകൾ പരിശോധിക്കുന്നത് കേരള സർക്കാരിന്റെ ഓഡിറ്റ് വകുപ്പും കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുമാണ്. കണക്കുകൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും റിപ്പോർട്ട് ചെയ്യണം. ദേവസ്വം ബോർഡിനെക്കുറിച്ച് പരാതികൾ ഉണ്ടെങ്കിൽ അവ ഹൈക്കോടതിയിൽ നൽകാവുന്നതാണ്. അതിനുവേണ്ടി മാത്രം ഹൈക്കോടതിയിൽ ഒരു ബെഞ്ച് ഉണ്ട്, ദേവസ്വം ബെഞ്ച്. രാജ്യത്ത് ഏതൊരു പൗരനും ഇവിടെ പരാതിപ്പെടുകയോ കണക്കുകൾ ചോദിക്കുകയോ ചെയ്യാം. വസ്തുതകൾ ഇതായിരിക്കെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന്റെ ലക്ഷ്യം സംശയാസ്പദമാണ്. രണ്ടു നൂറ്റാണ്ടായി കേരളത്തിലെ പൊതു ക്ഷേത്രങ്ങൾ സർക്കാർ നിയന്ത്രണത്തിലാണ്. അവ സ്വകാര്യ വ്യക്തികളുടെ കൈവശത്തിൽ എത്തിച്ച് സ്വകാര്യ സ്വത്താക്കി മാറ്റി നവോത്ഥാന കാലഘട്ടത്തിനു മുമ്പുള്ള തൊട്ടുകൂടായ്മയുടെ കാലഘട്ടത്തിലേക്ക് എത്തിക്കുക എന്നതാണ് മനഃപൂർവം സൃഷ്ടിക്കുന്ന ഈ വിവാദങ്ങളുടെ ലക്ഷ്യം. ഗീബൽസിനെ വെല്ലുന്ന നുണകൾ സൃഷ്ടിച്ചുകൊണ്ട് പൊതു സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുവാനും സ്പർധ വളർത്തുവാനുമായുള്ള നീച ശ്രമങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തന്നെ കേരളത്തിലെ പൊതുസമൂഹം തള്ളിക്കളയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.