23 December 2024, Monday
KSFE Galaxy Chits Banner 2

സംഘ്പരിവാർ ചരിത്ര നിർമ്മിതി യുജിസി വഴി

യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത
ഉള്‍ക്കാഴ്ച
November 30, 2022 4:56 am

സംഘ്പരിവാർ ഉപഘടകമായ ബിജെപി അധികാരത്തിൽ എത്തിയതു മുതൽ ഭാരതത്തിന്റെ ചരിത്രത്തിലെ നിർണായക നിലപാടുകളെയും സംഭവങ്ങളെയും ചാതുർ വർണ്യ സങ്കല്പത്തിനും മനുസ്മൃതി നിർദ്ദേശങ്ങൾക്കും സവർണ മേധാവിത്ത ലക്ഷ്യത്തിനും അനുസരിച്ച് തിരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ അധ്യക്ഷൻ പ്രൊഫ. ജഗദേഷ് കുമാർ ഈ മാസാരംഭത്തിൽ ഭാരതത്തിലെ സര്‍വകലാശാലകള്‍ക്കും കോളജുകൾക്കും നൽകിയ നിർദ്ദേശങ്ങൾ. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം ഭരണഘടനാ ദിനത്തോടനുബന്ധിച്ച് “ഭാരതം ജനാധിപത്യത്തിന്റെ മാതാവ്” എന്ന അടിസ്ഥാന ചിന്തയെ അധികരിച്ച്, വേദകാലം മുതലേ ഇവിടെ ജനാധിപത്യ ഭരണശൈലി നിലനിന്നിരുന്നു എന്ന സന്ദേശം പ്രചരിപ്പിക്കുവാൻ, പതിനഞ്ച് വിഷയങ്ങളിൽ പ്രബന്ധാവതരണവും ചർച്ചയും നടത്തണം എന്നാണ് നിർദ്ദേശം. ഇക്കാര്യം അറിയിച്ചുകൊണ്ട് സംസ്ഥാന ഗവർണർമാർക്കും ഇദ്ദേഹം കത്തയച്ചിട്ടുണ്ട്. ഖാപ് പഞ്ചായത്തുകളിലെ ജനാധിപത്യ പാരമ്പര്യം, ഹാരപ്പൻ ജനത ജനാധിപത്യത്തിന്റെ മുന്നണി ശില്പികൾ, കൗടില്യ ശാസ്ത്രത്തിലെയും ഭഗവദ് ഗീതയിലെയും രാജർഷി സംവിധാനം, ഭാരതത്തിന്റെ സ്വയംഭരണ പാരമ്പര്യം, അശോക ചക്രവർത്തിയുടെ കാലത്തെ ഭരണത്തിൽ പ്രകടമായിരുന്ന “ഗണരാജ്യ” ഭാവം, പൗരാണിക സംസ്കൃത സാഹിത്യ കൃതികളിലെ സന്ദേശങ്ങൾ, മധ്യകാലതമിഴ്‌നാട്ടിലെ പ്രാദേശിക സ്വയംഭരണ സംവിധാനം, പൗരാണിക ഭാരതത്തിലെ രാജഭരണത്തിൽ പ്രകടമാകുന്ന ജനാധിപത്യ ശൈലി തുടങ്ങിയവ നിർദ്ദിഷ്ട വിഷയത്തോടു ബന്ധപ്പെടുത്തി ചർച്ച ചെയ്യപ്പെടണം എന്നാണ് നിർദ്ദേശം. ഇത് ഭാരതത്തിന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ് എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. (ഇതേ വിഷയം പ്രധാനമന്ത്രി ഭരണഘടനാ ദിനത്തിലും ആവർത്തിക്കുകയുണ്ടായി).

 


ഇതുകൂടി വായിക്കു; ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരെ അവഹേളിച്ച് അമിത് ഷാ


അടുത്തകാലത്ത് രാഘിഗാർഹിയിലും സനൗലിയിലും പുരാവസ്തു ഗവേഷണത്തിൽ കണ്ടെത്തിയ നാണയങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന ഇവിടെ അയ്യായിരം വർഷങ്ങൾക്കപ്പുറത്തും ജനാധിപത്യ ശൈലിയിലുള്ള ഭരണമുണ്ടായിരുന്നു എന്നതാണ് എന്നും അവകാശപ്പെടുന്നു. ഇതോടനുബന്ധിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് “ലോക് തന്ത്രാ കി ജനനി” (ജനാധിപത്യത്തിന്റെ മാതാവ്) എന്ന വിഷയത്തിൽ മുപ്പത് പേരുടേതായ ഒരു ഗവേഷണ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നുണ്ട് പോലും. മതങ്ങളുടെയും സംസ്കാരങ്ങളുടെയും ഭാഷയുടെയും ബഹുസ്വരത ഉള്ള ഈ നാട്ടിൽ പക്ഷെ ഏക പൊതുഭാവമായിട്ടുണ്ടായിരുന്നത് ജനാധിപത്യ ശൈലിയിലെ ഭരണ സംവിധാനമായിരുന്നു എന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതായിരിക്കും വരുംതലമുറകൾക്ക് ചരിത്ര വിഷയത്തിലെ പാഠപുസ്തകമായി ലഭിക്കാൻ പോകുന്നത് എന്നൂഹിക്കുന്നതിൽ തെറ്റില്ല. അങ്ങനെ, ചരിത്രത്താളുകളുടെ ബോധപൂർവമായ തിരുത്തൽ അശ്വമേധം മുന്നോട്ട് ഗമിക്കും തടസം കൂടാതെ. ഇവിടെ പ്രസക്തമായ കുറെയേറെ ചോദ്യങ്ങളുണ്ട്. ഒന്നാമത് സ്വാതന്ത്ര്യലബ്ധിക്കു മുൻപ് ഇന്ത്യ എന്നാൽ എന്തായിരുന്നു എന്നതാണ്. ചെറു രാജ്യങ്ങൾ സ്വതന്ത്രമായും ചിലപ്പോൾ അന്യോന്യം പോരടിച്ചും മറ്റു ചിലപ്പോൾ ഏകാധിപതികളുടെ കീഴിൽ വലിയ സമൂഹങ്ങളായും ഇനിയും ചിലപ്പോൾ സമീപ ജനസമൂഹങ്ങളെക്കൂടി ഉൾക്കൊള്ളുന്ന വിദേശാധിപത്യത്തിലും ഒക്കെ ആയിരുന്ന കൃത്യമായ അതിരുകളില്ലാതിരുന്ന ഒരു ഭൂവിഭാഗമായിരുന്നു ഈ ദേശം. ഇതിൽ ഏതെങ്കിലും കാലത്ത് ഏതെങ്കിലും രൂപത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളൊ ഭരണകർത്താക്കളൊ ഉണ്ടായിരുന്നെങ്കിൽ പോലും അതിനെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്നവിധം വിവേചനരഹിതവും സർവസ്വതന്ത്രവും ജനത്തിന്റെ പൂർണ പങ്കാളിത്തവും ഉള്ളതുതായിരുന്നു എന്ന് പറയാൻ കഴിയില്ല.

പ്രത്യേകിച്ചും ചാതുർവർണ്യവും അതിനു പുറത്തുള്ള ‘മ്ലേഛവർഗ“വും ഉണ്ടായിരുന്ന വേദകാലങ്ങളിൽ ജനാധിപത്യം എന്ന ചിന്ത തന്നെ അജ്ഞാതമായിരിക്കാനാണ് സാധ്യത. തീർച്ചയായും പൗരാണിക ലോകത്തിൽ ഗോത്രങ്ങളും ഗ്രാമങ്ങളും അവയ്ക്കുള്ളിലെ പങ്കാളിത്ത ഭരണശൈലിയും ഉണ്ടായിരുന്നു. അത് ഭാരതത്തിന്റെ മാത്രം പ്രത്യേകത ആണ് എന്നവകാശപ്പെടാൻ കഴിയുമോ എന്നത് തുടർ ചോദ്യമാണ്. ഈ ജനസമൂഹങ്ങളിൽ തന്നെ എല്ലാവർക്കും ഒരുപോലെ പങ്കാളിത്തമുള്ള ഭരണശൈലി ഉണ്ടായിരുന്നു എന്ന് പറയാനും കഴിയില്ല. ചരിത്രത്തിൽ പിന്നോട്ട് പോയി പരിശോധിച്ചാൽ, ഫൊയ്നീക്യൻ പട്ടണമായ ബിബ്ലോസിലാണ് ജനാധിപത്യ ഭരണസ്വഭാവം പ്രാകൃത രൂപത്തിലെങ്കിലും ക്രിസ്തുവിനുമുൻപ് ആയിരത്തി ഒരുന്നൂറ് കാലത്ത് കാണാൻ കഴിയുന്നത് എന്ന് ഈജിപ്ഷ്യൻ സഞ്ചാരി വെൻ‑ആമോൻ പറയുന്നു. മെസപ്പൊട്ടോമിയയിലെ സുമേറിയൻ ഭരണത്തിലും ഈ പ്രവണത കാണാമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഇവയെ ജനാധിപത്യം എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല എന്ന് പല ചരിത്രമീമാംസകരും ശഠിക്കുന്നുണ്ട്. ഭാരതത്തിൽ ബിസിഇ ആറാം നൂറ്റാണ്ട് മുതൽ നാലാം നൂറ്റാണ്ട് വരെ ഉണ്ടായിരുന്ന “സംഘം”, “ഗണം” എന്നിവയും ഇക്കൂട്ടത്തിൽ പെടുത്താവുന്നതാണ്. തിയഡോർ എന്ന ഗ്രീക്ക് ചരിത്രകാരൻ അലക്സാണ്ടർ ചക്രവർത്തിയുടെ കാലത്തിന് (നാലാം നൂറ്റാണ്ട്) രണ്ട് നൂറ്റാണ്ടിന് ശേഷം രേഖപ്പെടുത്തുന്നത് ഭാരതത്തിൽ സ്വതന്ത്ര ഭരണ സംവിധാനം ഉണ്ടായിരുന്നു എന്നാണ്. ചില രാജാക്കന്മാർ ജനാഭിപ്രായവും പ്രാതിനിധ്യ സ്വഭാവവും പരിപോഷിപ്പിച്ചിട്ടുണ്ടാകാം. എന്നാൽ ഇതിനെ അധികരിച്ച് ഭാരതത്തിലാണ് ജനാധിപത്യ വ്യവസ്ഥ ഉത്ഭവിച്ചത് എന്ന് അവകാശപ്പെടാൻ കഴിയുമോ എന്നത് ഗൗരവമുള്ള ചോദ്യമാണ്. ബിസിഇ രണ്ടിനും ക്രിസ്തുവർഷം മൂന്നിനും ഇടയ്ക്കുള്ള അർത്ഥശാസ്ത്രത്തിലും രാജാക്കന്മാർ സമൂഹത്തിലെ ഉന്നതരെ മാത്രമേ പരിഗണിച്ചിരുന്നുള്ളൂ എന്ന് വ്യക്തമാണ്. ജനാധിപത്യ ഭരണസംവിധാനത്തിന്റെ പരീക്ഷണശാലയായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് ഗ്രീസിലെ രാഷ്ട്രങ്ങളിലെ ഭരണസംവിധാനമാണ്.

 


ഇതുകൂടി വായിക്കു;  തമ്മിലടിച്ച് മുടിയുന്ന കോണ്‍ഗ്രസ്


അവിടെയും പക്ഷെ പ്രഭുക്കന്മാർക്കായിരുന്നു ഭരണത്തിൽ പങ്കാളിത്തം. സ്പാർട്ട എന്നറിയപ്പെടുന്ന ഈ സംവിധാനത്തിൽ എല്ലാ മനുഷ്യരും ഒരുപോലെ കണക്കാക്കപ്പെട്ടിരുന്നില്ല. സ്വകാര്യ സ്വത്തവകാശവും ഉണ്ടായിരുന്നില്ല. അപ്പെല്ല എന്ന ജനകീയ സഭയുടെ നിർദ്ദേശങ്ങൾ ഭരണത്തലവന്മാർ അംഗീകരിക്കണം എന്ന നിർബന്ധവും ഉണ്ടായിരുന്നില്ല. സ്പാർട്ടൻ ശൈലി ആരംഭിച്ച ഏഴാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലെ ഹെലോട്സ് വിപ്ലവത്തിന് ശേഷം ലിക്കർഗസ് അവതരിപ്പിച്ച ഹോമോലിഓയ് അഥവാ തുല്യ സ്ഥാനികര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സംവിധാനത്തിൽ വിദേശനയം, വിദ്യാഭ്യാസം, പ്രതിരോധം എന്നിവയിൽ തുല്യതാ ഭാവം നടപ്പാക്കിയിരുന്നു. എന്നാൽ ഈ തുല്യതയ്ക്കിടയിലും വ്യക്തി സ്വാതന്ത്ര്യം തുലോം പരിമിതമായിരുന്നു. ഒരു പക്ഷെ ഏതൻസിൽ നിലനിന്ന സ്പാർട്ടൻ ഭരണശൈലി മാത്രമേ ജനാധിപത്യത്തിന്റെ ഈറ്റില്ലം എന്ന് പരിമിതമായ തോതിൽ എങ്കിലും പറയാൻ കഴിയുന്നതായിട്ടുള്ളൂ. ആധുനിക ജനാധിപത്യം ആരംഭിക്കുന്നത് ഫ്രാൻസിലാണ് എന്നത് ഏവരും അംഗീകരിക്കുന്ന കാര്യമാണ്. ഫ്രഞ്ചുവിപ്ലവ കാലത്ത് ഉയർത്തിയ മുദ്രാവാക്യങ്ങളായ തുല്യത, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയുടെ അടിസ്ഥാനത്തിൽ ക്രോഡീകരിക്കപ്പെടുന്ന ഭരണ സംവിധാനമാണ് ജനാധിപത്യം. ഇതേക്കുറിച്ചാണ് അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ, ജനങ്ങളാൽ, ജനങ്ങള്‍ക്കു വേണ്ടി, ജനങ്ങളുടെ ഭരണ സംവിധാനം എന്ന് പറഞ്ഞിട്ടുള്ളത്. ഇതല്ല പക്ഷെ സംഘ്പരിവാർ ഉദ്ദേശിക്കുന്നത്. വേദകാലഘട്ടത്തിലുണ്ടായിരുന്നതും “ജനാധിപത്യം” എന്ന് അവർ വിശേഷിപ്പിക്കുന്നതുമായ സവർണ മേധാവിത്ത ഭരണസംവിധാനം തിരികെ കൊണ്ടുവരികയാണ് അവരുടെ ലക്ഷ്യം. അതാണ് അവരുടെ താത്വികാചാര്യന്മാർ പറഞ്ഞിട്ടുള്ള ഭാവി ഭാരതത്തിന്റെ സ്വഭാവം. അതിനെ അവർ ജനാധിപത്യ ഭരണ സംവിധാനം എന്ന് വിളിച്ചാൽ ആരാണ് ഇതിൽ ‘ജനം’ എന്നത് വ്യക്തമാണ്. ആ ജനത്തിന്റെ ഭരണമാണ് ഉണ്ടാകണം എന്നവരാഗ്രഹിക്കുന്നത്. അതാണ് വിവിധ രൂപത്തിലും വിവിധ മാർഗത്തിലും നടപ്പാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് നമുക്ക് ജാഗരൂകരായിരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.