26 May 2024, Sunday

സോവിയറ്റനന്തര ലോകം ബഹുധ്രുവമാകുന്നു

കാഴ്ച
പി എ വാസുദേവൻ
February 5, 2023 4:40 am

ലോകം പണ്ടത്തെപ്പോലെ ഏകധ്രുവമല്ല, ഇരട്ട ധ്രുവവുമല്ല. രാഷ്ട്രീയവും സാമ്പത്തികവുമായി അത് ചിതറിമാറുന്ന ഒരവസ്ഥയിലാണ്. ഇതേക്കുറിച്ച് അടുത്തകാലത്തായി ഒട്ടേറെ പഠന നിരീക്ഷണങ്ങള്‍ ഉണ്ടായിരിക്കുന്നു. പണ്ട് മൂന്ന് ലോകങ്ങളെക്കുറിച്ചേ നാം സംസാരിച്ചിരുന്നുള്ളു. വളരെ അയഞ്ഞ, സ്ഥൂലമായൊരു പരാമര്‍ശമായിരുന്നു അത്. അന്നത്തെ ആഗോളപഠനങ്ങളൊക്കെ അതിന്റെ അടിസ്ഥാനത്തിലായിരുന്നു. അമേരിക്കന്‍ ക്യാപിറ്റലിസത്തിന്റെ ഒന്നാം ലോകം. റഷ്യന്‍ സോഷ്യലിസ്റ്റ് രണ്ടാം ലോകം. പിന്നെ വികസ്വര-അവികസിത മൂന്നാം ലോകം. എല്ലാ നിരീക്ഷണങ്ങളും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. പിന്നെ അത് മാറി. അതിന്റെ പ്രധാന കാരണം റഷ്യയുടെ തകര്‍ച്ചയായിരുന്നു. അതിന്റെ പ്രത്യാഘാതം വ്യാപകമായിരുന്നു. അവിടെത്തന്നെ പല രാജ്യങ്ങളുണ്ടായി. അതിനനുസരിച്ച് സാമ്പത്തിക സിദ്ധാന്തങ്ങളിലും രാഷ്ട്രീയവ്യവസ്ഥകളിലും മാറ്റങ്ങളുണ്ടായി. പക്ഷെ ഈ തകര്‍ച്ച ഏകപക്ഷീയമായിരുന്നില്ല. മുതലാളിത്ത അമേരിക്കയുടെ ഏകശിലാ ഘടനയിലും വന്‍ മാറ്റങ്ങളുണ്ടായി. ലോകത്തിന്റെ പല ഭാഗത്തും ശാക്തിക ഖണ്ഡങ്ങളുണ്ടായി. ഏഷ്യന്‍ രാജ്യങ്ങളുടെ ഒത്തുചേരലോടെ കിഴക്കന്‍ ബ്ലോക്കുകളുണ്ടായി. ചെെനയുടെ കുറച്ചുകാലത്തെ വന്‍ മുന്നേറ്റം അമേരിക്കന്‍ ബദലായി ഉയര്‍ന്നുവരുമെന്ന ഘട്ടമായി. എന്നാല്‍ അതിലും ചില മാറ്റങ്ങളുണ്ടായി. ആന്തരിക ദൗര്‍ബല്യങ്ങള്‍ ചെെനയിലും പ്രകടമായി. അവരും ഏഷ്യന്‍ രാജ്യങ്ങളില്‍ പലതുമായും കൂട്ടുചേര്‍ന്ന് സംയുക്ത ശക്തിയായി രൂപാന്തരപ്പെടാന്‍ ശ്രമിക്കുന്നു.

 


ഇതുകൂടി വായിക്കു; കലാലയങ്ങള്‍ തുറന്നിട്ട പോര്‍മുഖങ്ങള്‍


കൃത്യമായി പറഞ്ഞാല്‍ ഒരു ബഹുധ്രുവലോകമെന്ന പുതിയ യാഥാര്‍ത്ഥ്യത്തിലേക്ക് നാം എത്തിപ്പെടുകയാണ്. പ്രധാന കാരണം ഡോളറുമായുള്ള ബന്ധം പല രാജ്യങ്ങളും വിച്ഛേദിച്ചതാണ്. ദേശീയ കറന്‍സിയില്‍ വ്യാപാരബന്ധങ്ങള്‍ സൃഷ്ടിക്കുകയും ഡോളറിന് പുറത്ത് പൊതുകറന്‍സി കണ്ടെത്തുകയും ചെയ്തതോടെ ഡോളര്‍ബന്ധിത ഏകധ്രുവമെന്ന അവസ്ഥ ക്രമേണ ഇല്ലാതായി. ബഹുകേന്ദ്രീകൃത ‘ജിയോ ഇക്കണോമിക്സി‘ന്റെ ശക്തി തെളിഞ്ഞുവരുന്നു. എണ്ണയും ഗ്യാസും ദേശീയ കറന്‍സികളില്‍ വ്യാപാരം ചെയ്യപ്പെടുന്ന പ്രവണത ശക്തമായി. പടിഞ്ഞാറിലെ പല രാജ്യങ്ങളും ഡോളറിനെ ആശ്രയിക്കുന്നത് കുറച്ചത്, അനാവശ്യ യാദൃച്ഛിക അപകടങ്ങള്‍ ഒഴിവാക്കാനാണ്. ചെെന‑അമേരിക്ക വ്യാപാര‑രാഷ്ട്രീയബന്ധം തകരാറിലായതോടെ ചെെനയും പ്രാദേശിക കൂട്ടായ്മകളിലേക്ക് തിരിയുകയും ഡോളര്‍ അധിഷ്ഠിത വ്യാപാരബന്ധം കുറയ്ക്കുകയും ചെയ്തു. ഒറ്റക്കറന്‍സിയെ ആശ്രയിക്കുമ്പോഴുണ്ടാവുന്ന വിധേയത്വവും അപകടങ്ങളും കുറയ്ക്കാന്‍ ഇതു സഹായിക്കും. റഷ്യ‑ഉക്രെയ്ന്‍ യുദ്ധവും ഇത്തരം ചിന്തകളിലേക്ക് പല രാജ്യങ്ങളെയും നയിക്കുന്നു.

ഇതിനെ സഹായിക്കുന്ന പല കാരണങ്ങളില്‍ ഏറ്റവും പ്രധാനം ഏഷ്യക്കുള്ളിലെ വര്‍ധിക്കുന്ന ഉപഭോഗമാണ്. അത് ഏഷ്യയിലെ വ്യാപാരം ശക്തമാക്കാന്‍ തുടങ്ങി. ചെെന, ഇന്ത്യ, റഷ്യ, ഇന്തോനേഷ്യ, ബ്രസീല്‍, തുര്‍ക്കി എന്നിവിടങ്ങളിലെ ജിഡിപി ചേര്‍ന്നാല്‍ അത് ജി7ന്റെ ജിഡിപിയിലധികം വരും. പുതിയ കൂട്ടുകെട്ടുകളെ ന്യായീകരിക്കുന്നതാണീ വാസ്തവം. ഇന്ത്യയിലെ ഏഷ്യന്‍ വ്യാപാരം പടിഞ്ഞാറുമായുള്ള വ്യാപാരത്തെക്കാളധികമാണ്. പിന്നെന്തുകൊണ്ട് നമുക്ക് ഒരു ശക്തമായ ഏഷ്യന്‍ സാമ്പത്തിക ബ്ലോക്ക് ഉണ്ടാക്കിക്കൂട. അതിനനുസരിച്ച് രാഷ്ട്രീയ സമവാക്യങ്ങള്‍ നാം കണ്ടെത്തണം. യുഎഇ, ഇറാന്‍, ഇറാഖ്, ശ്രീലങ്ക, തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍‍ ദേശീയ കറന്‍സിയിലാണ് വ്യാപാരം നടത്തുന്നത്. ഇതൊക്കെ തരുന്നത് പുതിയ സൂചനകളാണ്. 1982 മുതലേ, ദ്വിധ്രുവമെന്ന ലോകസങ്കല്പം മാറുന്നതായി ലോകബാങ്ക് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ഇതിന് പല കാരണങ്ങളുമുണ്ട്.

ഏറ്റവും പ്രധാന കാരണം ഉയര്‍ന്നുവരുന്ന ചെറുരാജ്യങ്ങളുടെ വികസന രീതിയാണ്. ഉപഭോഗത്തിലും ഉല്പാദനത്തിലും അവര്‍ ഉണ്ടാക്കുന്ന മാറ്റം ഗണ്യമാണ്. ഡിജിറ്റല്‍ വിപ്ലവം ഇന്ത്യയെയും ചെെനയെയും മുന്നോട്ടുനിര്‍ത്തുകയും അമേരിക്കയുമായുള്ള സാങ്കേതിക വിടവ് കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ കുറേവര്‍ഷങ്ങളായി വിവിധ രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക നടത്തിയ ഉപരോധങ്ങള്‍ പുതിയ വ്യാപാര സാമ്പത്തിക സൗഹൃദങ്ങള്‍ക്ക് അവരെ പ്രേരിപ്പിച്ചിരുന്നു. അറുപത്തഞ്ചിലേറെ രാജ്യങ്ങള്‍ക്കെതിരെ 1990–99 കാലത്ത് യുഎസ്, സാങ്ഷന്‍ (ഉപരോധം) നടപ്പിലാക്കിയിരുന്നു. പുതിയ ചങ്ങാത്തം പുതിയ വ്യാപാരവും രാഷ്ട്രീയവും സൃഷ്ടിക്കും. ഇയു, യുഎസ് എന്നിവയെക്കാളും വേഗത്തില്‍ ഏഷ്യ വളരുകയാണ്. ചെെന വ്യാപാരത്തിന് കൂടുതല്‍ ആശ്രയിക്കുന്നത് ഏഷ്യയെയാണ്. ഒരുപക്ഷെ അമേരിക്കയെ നേരിടാന്‍ അവര്‍ ഇന്ത്യയുമായുള്ള രാഷ്ട്രീയവും പുനര്‍നിര്‍മ്മിക്കും.

 


ഇതുകൂടി വായിക്കു;  ജനതയുടെ ജീവിത യാഥാർത്ഥ്യം തിരിച്ചറിയുമോ?


 

പുതിയ രാഷ്ട്രങ്ങള്‍ക്ക് ‘ഡോളര്‍ മുക്തി’ അത്യാവശ്യമാണ്. അവര്‍ ഭക്ഷണം, പെട്രോള്‍ എന്നിവയ്ക്ക് ഡോളര്‍ കൊടുക്കുന്നതുകൊണ്ട് ഡോളര്‍ കടക്കാരാണ്. അവരുടെ ശുഷ്കിച്ച ഡോളര്‍ റിസര്‍വാണ് കടത്തിന്റെ പ്രധാന കാരണം എന്നവര്‍ തിരിച്ചറിയുന്നു. ചെെന ഡോളറിനെ ആശ്രയിക്കാതെ ദേശീയ കറന്‍സി കെെമാറ്റത്തിന് ഏര്‍പ്പാടുകള്‍ ശക്തമാക്കി. റഷ്യയുമായുള്ള പല ഇടപാടുകളിലും ഇന്ത്യ ഉറുപ്പികയാണ് അനൗപചാരിക കെെമാറ്റത്തിനുപയോഗിക്കുന്നത്. ആഗോള കറന്‍സി മേല്‍ക്കോയ്മയെ എങ്ങനെ തകര്‍ക്കാമെന്നാണ് ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നത്. അതിനാണ് ദേശീയ കറന്‍സി ‘സ്വാപ്‘നുള്ള വിവിധ ലെെനുകള്‍ സജ്ജമാക്കുന്നത്. ഏഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന് അത്തരം 400 ബില്യന്‍ ഡോളര്‍ ലെെനുകളുണ്ട്. ഉറുപ്പിക ഉപയോഗിച്ച് വിദേശ വ്യാപാരം നടത്താനുള്ള വന്‍ സജ്ജീകരണങ്ങള്‍ ഇന്ത്യ നടത്തുന്നുണ്ട്. ചെെനയും റഷ്യയും യുവാന്‍-റൂബ്ള്‍ വ്യാപാരം വന്‍തോതില്‍ ഏര്‍പ്പാടാക്കിക്കഴിഞ്ഞു. യുവാന്‍ റഷ്യയുടെ യഥാര്‍ത്ഥത്തിലുള്ള റിസര്‍വ് കറന്‍സിയായി മാറിക്കഴിഞ്ഞു. യുഎഇ, ഇറാന്‍, തായ്‌ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ വ്യാപാരം നടത്തുന്നത് സ്വന്തം കറന്‍സിയിലാണ്. റഷ്യയും ചെെനയും വന്‍തോതില്‍ സ്വര്‍ണം ശേഖരിച്ച് ഡോളറിനെതിരെ ഒരു ‘ബാക്ക് അപ്പ്’ സൃഷ്ടിച്ചിട്ടുമുണ്ട്.

‌1975ലെ ‘പെട്രോ ഡോളര്‍’ വ്യവസ്ഥയോടെ അമേരിക്കന്‍ ജനാധിപത്യം ശക്തമായി. സൗദിയുമായി ചേര്‍ന്ന് എണ്ണ വ്യാപാരം ഡോളറില്‍ ഇന്‍വോയ്സ് ചെയ്യണമെന്ന വ്യവസ്ഥ മിക്ക രാജ്യങ്ങളെയും അമേരിക്കയ്ക്ക് വിധേയമാക്കി. ഡോളര്‍ ആധിപത്യമായിരുന്നു അമേരിക്കയുടെ ശക്തികേന്ദ്രം. അത് ക്രമേണ തകരാന്‍ തുടങ്ങി. ഉക്രെയ്ന്‍ യുദ്ധം, റഷ്യക്കെതിരെ അമേരിക്കന്‍ ഉപരോധം എന്നിവ വന്നതോടെ റഷ്യ എണ്ണ വ്യാപാരം റൂബിളില്‍ ആക്കി. വന്‍കിട‍ എണ്ണ ഉല്പാദന രാജ്യമായ റഷ്യ‍ എണ്ണ വില്പന റൂബിളിലാക്കിയത് ഡോളര്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയാണ് കുറിച്ചത്. എണ്ണ ഉറുപ്പികയില്‍ വാങ്ങാനാണ് ഇന്ത്യക്കും താല്പര്യം. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യയില്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ഇത് ശക്തമായാല്‍ ഇന്ത്യക്ക് ‘ഫോറെക്സ്’ തുക ഏതാണ്ട് 400കോടി‍ ഡോളര്‍ സേവ് ചെയ്യാനാവും. വ്യാപാര കമ്മിയില്‍ ഒരുപാട് കുറവ് വരുത്താനും ഇത് സഹായിക്കും. ചെറിയ രാജ്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വമാണ് നീങ്ങുന്നത്. വമ്പന്‍മാരുമായി സ്വതന്ത്രമായ കൂട്ടായ്മ എങ്ങനെ സാധിക്കുമെന്നാണ് ചെറിയ രാജ്യങ്ങളുടെ ബ്ലോക്കുകള്‍ ശ്രദ്ധിക്കുന്നത്. ഇന്റര്‍ ഏഷ്യന്‍ വ്യാപാരം ഇക്കാരണത്താല്‍ വന്‍ വളര്‍ച്ച നേടിക്കഴിഞ്ഞു. ഡോളറിനെ തകര്‍ക്കുക എന്നത് മാത്രമല്ല ലക്ഷ്യം; വെെവിധ്യപൂര്‍ണമായ വ്യാപാരം സംസ്ഥാപിക്കുക എന്നതാണ്. ഡോളര്‍ ഇന്നും ശക്തം തന്നെയാണ്. പക്ഷെ ഡോളര്‍ സര്‍വാധിപതി എന്ന അവസ്ഥ അസ്ഥിരമാക്കാന്‍ ചെറുരാജ്യങ്ങളുടെ സ്വതന്ത്ര കൂട്ടായ്മകള്‍ക്കു സാധിക്കും. ഈ വ്യാപാര വ്യവസ്ഥ പുതിയ രാഷ്ട്രീയ വ്യവസ്ഥയ്ക്കും വഴിവയ്ക്കും. ഉത്തരവാദി അമേരിക്ക തന്നെയാണ്. ഡോളറെെസേഷനിലൂടെ അവര്‍ സൃഷ്ടിച്ച സാമ്പത്തിക ഭീകരതയാണ് നിലനില്പിന്റെ പുതിയ സമവാക്യങ്ങള്‍ തേടാന്‍ മറ്റു രാജ്യങ്ങളെ പ്രേരിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.