15 April 2025, Tuesday
KSFE Galaxy Chits Banner 2

വിലക്കയറ്റത്തിന് പുതിയ കാരണം

Janayugom Webdesk
November 9, 2022 5:00 am

പണപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും നടുവിൽ ശ്വാസംമുട്ടി പിടയുകയാണ് രാജ്യത്തെ സാധാരണക്കാര്‍. അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി ഉയർന്നിട്ടും പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്താതിരിക്കുകയും കോവിഡ് കാലത്ത് പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ വിതരണം (പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന) പോലും അവസാനിപ്പിക്കുകയും ചെയ്ത് നിസംഗത പാലിക്കുകയാണ് കേന്ദ്ര സർക്കാർ. അതോടൊപ്പം ശർക്കരയ്ക്കും പപ്പടത്തിനും ഉൾപ്പെടെ ജിഎസ്‍ടി ചുമത്തി ജനങ്ങളിൽ നിന്ന് നികുതി പിഴിയുന്നതിൽ തെല്ലും കുറവുമില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില മൂന്നിലൊന്നായി കുറഞ്ഞപ്പോഴും അതിന് സമാന്തരമായി നികുതി വർധിപ്പിച്ച് ഇന്ധനവില കുറയാതിരിക്കാനും സർക്കാർ വിരുത് കാണിച്ചു. പാചകവാതക സബ്സിഡി എടുത്തുകളയുകയും സിലിണ്ടർ വില കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് മൂന്ന് മടങ്ങ് വർധിപ്പിക്കുകയും ചെയ്തു. പെട്രോൾ‑ഡീസൽ വില പോലെ ഗാർഹിക, വാണിജ്യ സിലിണ്ടറുകളുടെ വിലയും ശരവേഗത്തിലാണ് കുതിച്ചത്. ഇന്ധനവില അടിസ്ഥാനമാക്കിയാണ് രാജ്യത്തെ ചരക്ക് വിലയിലെ വർധനയെന്ന് മനസിലാക്കാനുള്ള വിവേകം ഭരണകൂടത്തിനുണ്ടായില്ല. ഗാർഹിക പാചകവാതകത്തിന് 1050 ന് മുകളിലും വാണിജ്യ സിലിണ്ടർ 1500 ന് മുകളിലുമാണ് വില. ഇപ്പോഴിതാ വിലക്കയറ്റത്തിന് കൂടുതൽ ഇന്ധനം പകരുന്ന തീരുമാനം കേന്ദ്രത്തിന് കീഴിലുള്ള പൊതുമേഖലാ എണ്ണക്കമ്പനികളിൽ നിന്നുണ്ടായിരിക്കുന്നു.

 


ഇതുകൂടി വായിക്കു; ഗുജറാത്തിനെ വല്ലാതെ ഭയക്കുന്ന ബിജെപി | Janayugom Editorial


 

വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ ഇൻസെന്റീവ് എണ്ണക്കമ്പനികൾ പിൻവലിച്ചിരിക്കുന്നു. ഇൻസെന്റീവ് പിൻവലിച്ചതോടെ 1508 രൂപയായിരുന്ന 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില്പന വില 1748 രൂപയാകും. കൂടുതൽ സ്റ്റോക്ക് എടുക്കുന്ന ഡീലർമാർക്ക് എണ്ണക്കമ്പനികൾ പരമാവധി 240 രൂപ വരെയാണ് ഇൻസെന്റീവ് നല്കിയിരുന്നത്. ഇതാണ് എടുത്തു കളഞ്ഞത്. ഇന്‍സെന്റീവ് ഉപയോഗപ്പെടുത്തി വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് ഹോട്ടലുകൾക്ക് വാണിജ്യ സിലിണ്ടറുകൾ ഡീലർമാർ നൽകിയിരുന്നത്. ആനുകൂല്യം ഇല്ലാതായതോടെ വിപണി വിലയ്ക്കു തന്നെ ഹോട്ടലുകാർക്ക് പാചക വാതകം വാങ്ങേണ്ടി വരും. ഇതോടെ ഹോട്ടലുകളിലെ ഭക്ഷണത്തിന് വില വര്‍ധിക്കും. ആഡംബര ഹോട്ടലുകളിലെ ഭക്ഷണത്തെ മാത്രമല്ല, നാട്ടിന്‍പുറത്തെ ചായക്കടകള്‍ മുതല്‍ സാധാരണക്കാരന്റെ ആശ്വാസമായ വഴിയോരത്തെ തട്ടുകടകളെ വരെ വിലവര്‍ധന ബാധിക്കും. ഇടത്തരം ഹോട്ടലുകളില്‍ പ്രതിദിനം 2–3 സിലിണ്ടറുകളാണ് വേണ്ടിവരിക. ചെറുകിട ഹോട്ടലുകളിലും തട്ടുകടകളിലും ഒരു സിലിണ്ടര്‍ മതിയാകും. വഴിയരികില്‍ കപ്പലണ്ടിയും എണ്ണക്കടികളും ഉണ്ടാക്കി വില്ക്കുന്ന ലക്ഷക്കണക്കിന് പേരാണ് രാജ്യത്തു ള്ളത്. കുടുംബം പോറ്റാന്‍ കച്ചവടം നടത്തുന്ന അത്തരക്കാര്‍ക്ക് ഒരുദിവസം 240 രൂപ കൂടുതല്‍ ചെലവ് വരുമെന്നത് നിസാരമല്ല. പാവപ്പെട്ടവന്‍ കുടിയ്ക്കുന്ന ചായയ്ക്കും കടിക്കും പോലും വില കൂട്ടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഇന്‍സെന്റീവ് എടുത്തു കളഞ്ഞതിന് കമ്പനികള്‍ വ്യക്തമായ കാരണം പറഞ്ഞിട്ടില്ലെങ്കിലും നഷ്ടക്കണക്കുകളായിരിക്കും നിരത്തുകയെന്ന് വ്യക്തമായിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയുടെ തുടർച്ചയായ രണ്ടാം ത്രൈമാസ നഷ്ടം ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ 2,748.66 കോടി രൂപയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലാഭത്തിലുണ്ടായ ഇടിവാണ് നഷ്ടത്തിന് കാരണമെന്ന് ഇന്ധനക്കമ്പനികളുടെ സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ്ങുകൾ സൂചിപ്പിക്കുന്നു. അതേസമയം കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കുറഞ്ഞ വിലയ്ക്ക് എല്‍പിജി വിറ്റതിലെ നഷ്ടം നികത്താൻ 22,000 കോടി രൂപ കമ്പനികള്‍ക്ക് കേന്ദ്ര സർക്കാർ ഒറ്റത്തവണ ഗ്രാന്റ് നൽകിയിട്ടുമുണ്ട്. ആഭ്യന്തര എൽപിജി വിലയിൽ 72 ശതമാനം വർധനയുണ്ടായിട്ടും അതിന്റെ ഭാരം പൂർണമായും ഉപഭോക്താക്കളെ ബാധിച്ചിട്ടില്ല എന്നാണ് മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞിരുന്നത്.

 


ഇതുകൂടി വായിക്കു; മോഡിയുടെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്ക് പ്രതികാരമുഖം


 

ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഐഒസിക്ക് എൽപിജി സബ്സിഡിയായി 10,800 കോടി ലഭിച്ചപ്പോൾ എച്ച്പിസിഎല്ലിന് 5,617 കോടിയും ബിപിസിഎല്ലിന് 5,582 കോടിയും ലഭിച്ചു. കമ്പനികള്‍ക്ക് നഷ്ടം നികത്താന്‍ ഗ്രാന്റ് നല്കുന്ന കേന്ദ്രസര്‍ക്കാര്‍ പക്ഷേ, സാധാരണക്കാരന്റെ നഷ്ടം നികത്താന്‍ ഒന്നും ചെയ്യുന്നില്ല എന്നതാണ് വാസ്തവം. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കുത്തനെ മുകളിലേക്കാണ്. ഒക്ടോബറില്‍ 7.8 ശതമാനമായിരുന്നു തൊഴില്ലായ്മാ നിരക്ക്. ഗ്രാമ പ്രദേശങ്ങളിലെ തൊഴില്‍ പങ്കാളിത്തം വളരെ കുറഞ്ഞിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഒരു നേരത്തെ ആഹാരം കഴിക്കാന്‍ പോലും പാവം തൊഴിലാളികള്‍ കൂടിയ തുക ചെലവഴിക്കേണ്ടി വരും. അപ്പോഴും ശതകോടീശ്വരന്‍മാരുടെ സാമ്പത്തിക വളര്‍ച്ച രാജ്യത്തിന്റേത് എന്ന് കൊട്ടിഘോഷിച്ച് സാധാരണക്കാരന്റെ ഭാരം കണ്ടില്ലെന്ന് നടിക്കാനാണ് കേന്ദ്ര ഭരണകൂടത്തിന് താല്പര്യം.

TOP NEWS

April 15, 2025
April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.