രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ലോകം അറിയാൻ തുടങ്ങിയത് 1982ൽ റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി ചലച്ചിത്രം പുറത്തുവന്നതിന് ശേഷം മാത്രമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമർശം താൻ വഹിക്കുന്ന പദവിക്ക് അനുസൃതമായ ചരിത്രബോധവും ഇന്ത്യൻ രാഷ്ട്രം എന്ന ആശയത്തെപ്പറ്റി ഒട്ടും രാഷ്ട്രീയ അവബോധവുമില്ലാത്ത അധികാരാസക്തിയും അഹങ്കാരോന്മാദവും ബാധിച്ച ഒരു മനസിന്റെ ജല്പനമായേ ഇന്ത്യയും ലോകവും വിലയിരുത്തു. തന്റെ ലോകപര്യടനത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത്തരം ഒരു വിലയിരുത്തലെന്നും മോഡി അവകാശപ്പെടുകയുണ്ടായി. വസ്തുത അതാണെങ്കിൽ രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും ചെലവിൽ പ്രധാനമന്ത്രി നടത്തിയ ലോകപര്യടനങ്ങൾ കേവലം പാഴ്‌വേലയായി ചരിത്രം വിലയിരുത്തും. വർണവിവേചനത്തിനെതിരായ ആഫ്രിക്കൻ ജനതയുടെ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയും ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റുമായ നെൽസൺ മണ്ടേല, അമേരിക്കയിലെ നീഗ്രോ വംശജർക്കെതിരെ ആ രാജ്യത്ത് നിലനിന്നിരുന്ന വിവേചനത്തിനെതിരായ പോരാട്ടങ്ങളുടെ നായകനായി ചരിത്രത്തിൽ സ്ഥാനംപിടിച്ച മാർട്ടിൻ ലൂഥർ കിങ് ജൂനിയർ എന്നിവരുമായുള്ള താരതമ്യത്തിലാണ് മോഡി, ഗാന്ധിജി ഒരു ചലച്ചിത്രത്തിന്റെ പിൻബലത്തിലാണ് ലോകത്ത് അറിയപ്പെടാൻ തുടങ്ങിയതെന്ന് വിലയിരുത്താൻ മുതിർന്നത്. അതുവഴി ലോകത്തിന്റെ ആരാധനാമൂർത്തികളായി ചരിത്രത്തിൽ സ്ഥാനംപിടിച്ച മൂന്ന് മഹദ്‌വ്യക്തിത്വങ്ങളെയും മാനവ വിമോചനപോരാട്ടങ്ങളിൽ അവർ നൽകിയ സംഭാവനകളെപ്പറ്റിയുമുള്ള തന്റെ അജ്ഞതയും ചരിത്രബോധ രാഹിത്യവുമാണ് മോഡി സ്വയം തുറന്നുകാട്ടിയത്. പ്രധാനമന്ത്രി മോഡിക്കും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വിദ്വേഷത്തിലധിഷ്ഠിതമായ തീവ്ര ഹിന്ദുത്വ വിചാരധാരയ്ക്കും ഗാന്ധിജിയോടും അദ്ദേഹം ഉയർത്തിപ്പിടിച്ച സ്നേഹത്തിലും സത്യത്തിലും അഹിംസയിലും അടിയുറച്ച സത്യഗ്രഹ മാർഗത്തോടും ബഹുമാനമോ പ്രതിപത്തിയോ ഇല്ലെന്ന വസ്തുതയ്ക്ക് യാതൊരു പുതുമയും ഇല്ല. അതാകട്ടെ അവർ ഒളിഞ്ഞും തെളിഞ്ഞും ആവർത്തിച്ച് പ്രകടിപ്പിക്കാൻ മടിച്ചിട്ടുമില്ല.
ഗാന്ധിജിയെ മണ്ടേലയും കിങ്ങുമായി താരതമ്യത്തിന് മുതിർന്ന മോഡി ഇരുവരോടുമുള്ള ആരാധനകൊണ്ടായിരിക്കില്ല ആ സാഹസത്തിന് മുതിർന്നിട്ടുണ്ടാവുക. ഇരുവരും തങ്ങളുടെ ജനതകളുടെ വിമോചനത്തിനായി പിന്തുടർന്ന സഹനസമര രീതികളും അതിനായി അവർ ഉയർത്തിപ്പിടിച്ച പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകളും മോഡി പ്രചരിപ്പിക്കുന്നതും പിന്തുടരുന്നതുമായ ഹിംസയുടെയും വെറുപ്പിന്റെയും രാഷ്ട്രീയവും മനസിലാക്കാന്‍ ശ്രമിക്കുന്ന ആർക്കും അത്തരം ഒരു താരതമ്യം സാധ്യവുമല്ല. അമേരിക്കയിലെ അലബാമ സംസ്ഥാനത്തെ മോണ്ടഗോമറിയിൽ നീഗ്രോജനത നേരിട്ടിരുന്ന വിവേചനത്തിനെതിരെ 381 ദിവസം നീണ്ടുനിന്ന ബഹിഷ്കരണ പ്രസ്ഥാനത്തിലൂടെയാണ് കിങ്ങിനെ ലോകം അറിയുന്നത്. വിവേചനത്തിനെതിരായ തങ്ങളുടെ സഹനസമരത്തിന്റെ ആരംഭത്തിൽത്തന്നെ ഗാന്ധിജിയുടെ അഹിംസാത്മക രീതിയുടെയും സ്നേഹത്തിലധിഷ്ഠിതമായ ക്രിസ്ത്യൻ നൈതികതയുടെയും സമന്വയമാണ് നീഗ്രോകളുടെ സ്വാതന്ത്ര്യത്തിനും മാനവിക അന്തസും കൈവരിക്കാനുള്ള സമരമാർഗം എന്ന് തനിക്ക് ബോധ്യപ്പെട്ടതായി കിങ് 1958ല്‍ ‘ഹിന്ദുസ്ഥാൻ ടൈംസിൽ’ എഴുതിയ ഒരു ലേഖനത്തിൽ വിവരിക്കുന്നുണ്ട്. ‘ക്രിസ്തു വഴികാട്ടിത്തന്നു, അത് ഗാന്ധി ഇന്ത്യയിൽ പ്രയോഗിച്ച് തെളിയിച്ചു’, ക്രിസ്ത്യൻ പുരോഹിതനായ കിങ് പറഞ്ഞു. തുടക്കത്തിൽ കറുത്തവരുടെ അവകാശപ്പോരാട്ടത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന മണ്ടേല മുഴുവൻ ആഫ്രിക്കക്കാരെയും, കറുത്തവരെന്നോ വെള്ളക്കാരെന്നോ വ്യത്യസം കൂടാതെ, ഉൾക്കൊള്ളാനാവുന്ന അഹിംസാത്മക സഹനസമരത്തിലൂടെ മാത്രമേ വർണവിവേചനരഹിതവും സമാധാനപൂർണവുമായ ഒരു ദക്ഷിണാഫ്രിക്ക എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാവു എന്ന ബോധ്യത്തിൽ എത്തിച്ചേരുകയായിരുന്നു. മഹാത്മാ ഗാന്ധിയെ ഒരു ‘വിശുദ്ധ പോരാളിയായി’ വിശേഷിപ്പിച്ച മണ്ടേല, ഗാന്ധിയുടെ ചിന്തയും ജീവിതവും തന്നിൽ ചെലുത്തിയ സ്വാധീനത്തെപ്പറ്റി തനിക്ക് ലഭിച്ച നൊബേൽ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ ഉൾപ്പെടെ ആവർത്തിച്ചു സാക്ഷ്യപ്പെടുത്തുന്നുണ്ട്. കിങ്ങിനെയും മണ്ടേലയെയും ഇരുവരുടെയും രാജ്യങ്ങളും ജനതകളും അവരവരുടെ രാജ്യത്തെ ഗാന്ധി എന്നാണ് വിളിച്ച് ആദരിച്ചതെന്നത് മറയ്ക്കാനും മായ്ക്കാനുമാവാത്ത ചരിത്രവസ്തുതകളാണ്.
തന്റെ ആഗോള സഞ്ചാരാനുഭവങ്ങളെപ്പറ്റി ഊറ്റംകൊള്ളുന്ന നരേന്ദ്ര മോഡി താൻ സന്ദർശിച്ച രാഷ്ട്രങ്ങളിലെ തലസ്ഥാന നഗരങ്ങളില്‍ ഉൾപ്പെടെ ആ ജനതകൾ ആദരപൂർവം സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമകളോ ഗാന്ധി സ്മാരകങ്ങളോ സന്ദർശിച്ചതായി അറിവില്ല. ഗാന്ധിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും രാഷ്ട്രസങ്കല്പങ്ങളെയും നിരാകരിക്കുന്ന ഒരു വ്യക്തിയിൽനിന്നും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിൽനിന്നും അത് പ്രതീക്ഷിക്കുന്നതുതന്നെ അസ്ഥാനത്താണ്. ഗാന്ധി ഘാതകന് ക്ഷേത്രം പണിയുകയും അവിടെ ആരാധന നടത്തുകയും ചെയ്യുന്ന ഒരു വിചാരധാരയെയും രാഷ്ട്രീയത്തെയുമാണ് മോഡിയും അനുയായികളും പ്രതിനിധാനം ചെയ്യുന്നത്. അതിന് ഗാന്ധിജിയെയും അദ്ദേഹം രാജ്യത്തിനും ലോകത്തിനും സംഭാവന ചെയ്ത ചിന്തകളെയും പ്രവൃത്തിപഥത്തെയും നിരാകരിക്കാനാവില്ല. സ്വയം വിശ്വഗുരുവായി ഭാവിക്കുകയും ദൈവത്താൽ നിയോഗിക്കപ്പെട്ടവനായി അവകാശപ്പെടുകയും ചെയ്യുന്ന, അധികാരാസക്തിയുടെ ആൾരൂപമായി മാറിയ, ഈ മതിഭ്രമത്തെ അതിന്റെ ഇരകളായി മാറിയ ജനങ്ങളുടെ ഇച്ഛാശക്തി ഒന്നുകൊണ്ടേ തടയാനാവു. അതിന് അവർക്കുള്ള മാർഗദീപമായി ഗാന്ധിജിയുടെ ജീവിതം അനാദികാലം നിലനില്‍ക്കുകതന്നെ ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.