22 November 2024, Friday
KSFE Galaxy Chits Banner 2

ദുരിതജീവിതത്തിന്റെ, പരാജയത്തിന്റെയും എട്ടുവര്‍ഷങ്ങള്‍

Janayugom Webdesk
May 27, 2022 5:00 am

നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ എട്ടുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പതിവുപോലെ ആഘോഷങ്ങളും ആരവങ്ങളുമായാണ് മോഡിയും ബിജെപിയും ഭരണത്തിന്റെ എട്ടുവര്‍ഷങ്ങള്‍ അടയാളപ്പെടുത്തുവാന്‍ ശ്രമിക്കുന്നത്. എന്നാല്‍ എടുത്തുപറയുവാന്‍ സുപ്രധാനമായ എത്ര ഭരണ നടപടികളും ജനോപകാരപ്രദമായ പദ്ധതികളും ഉണ്ട് എന്ന ചോദ്യത്തിന് ഇല്ല എന്നുതന്നെയാണ് ഉത്തരം. ഏതെടുത്ത് പരിശോധിച്ചാലും പരാജയത്തിന്റെയും ജനജീവിതം ദുരിതപൂര്‍ണമായതിന്റെയും അനുഭവങ്ങളേ ഉണ്ടായിട്ടുള്ളൂ. നാം അനുഭവിക്കുന്ന വിലക്കയറ്റമായാലും പണപ്പെരുപ്പമായാലും മോഡീഭരണ നയങ്ങളുടെ പ്രത്യാഘാതങ്ങളാണ്. അശാസ്ത്രീയവും ആസൂത്രണമില്ലാതെയുമുള്ള എന്തെന്ത് നടപടികളാണ് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടിയതെന്ന വിശദമായ പരിശോധനയ്ക്ക് സ്ഥലപരിമിതി പ്രശ്നമാണ്. നടത്തിയ എല്ലാ പ്രഖ്യാപനങ്ങളും സ്വീകരിച്ച ഓരോ സമീപനവും ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തിന്റെ ജീവിതത്തിനുമേല്‍ ഏല്പിച്ച ആഘാതം അത്രയ്ക്ക് കടുത്തതായിരുന്നു. രൂപയുടെ വിനിമയ നിരക്കിലുണ്ടായ മൂല്യച്യുതി, ഇന്ധന വിലയിലുണ്ടായ അസാധാരണമായ വര്‍ധന, അത് അവശ്യവസ്തുക്കള്‍ക്കുണ്ടാക്കിയ ഭീമമായ വിലക്കയറ്റം, തൊഴില്‍ രംഗത്തെ അരക്ഷിതാവസ്ഥ, കാര്‍ഷിക മേഖലയിലെ തകര്‍ച്ച, പൊതു — സേവന മേഖലയ്ക്കു സംഭവിച്ച അപചയം എന്നിങ്ങനെ സാധാരണക്കാരുടെ ജീവിത ദുരിതം കൂട്ടിയ പ്രത്യാഘാതങ്ങള്‍ പലതായിരുന്നു. എല്ലാത്തിനും കാരണമായത് സര്‍ക്കാര്‍ കൈക്കൊണ്ട വലതുപക്ഷ — ഉദാരവല്കൃത സാമ്പത്തിക നയങ്ങള്‍ തന്നെ.


ഇതുകൂടി വായിക്കാം;  ഗ്യാന്‍വാപി വിവാദം നല്‍കുന്ന സൂചനകള്‍


ആഗോളവല്ക്കരണ-ഉദാരവല്ക്കരണ സാമ്പത്തിക നയങ്ങളുടെ ഉപജ്ഞാതാക്കളായ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ സമ്പദ്ഘടന പാപ്പരീകരിക്കുകയും ജനജീവിതം ദുരിതപൂര്‍ണമാക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു 2014ല്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറുന്നത്. അക്കാലത്തുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് പകരം കൂടുതല്‍ ആഴമേറിയതാക്കുന്നതിനുള്ള അസാധാരണ നടപടികളാണ് മോഡി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. അതിലൊന്നായിരുന്നു നോട്ടുനിരോധനം. സാമ്പത്തിക വിദഗ്ധരോ റിസര്‍വ് ബാങ്ക് ഉന്നതരോ എന്തിന് സര്‍ക്കാരിലെ സാമ്പത്തിക വിഭാഗം പോലുമോ അറിയാതെ ഒരുരാത്രി നടത്തിയ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ആറുവര്‍ഷമായിട്ടും അതിജീവിക്കുവാന്‍ രാജ്യത്തിനായിട്ടില്ല. എല്ലാ കോണുകളില്‍ നിന്നും എതിര്‍പ്പുകളുണ്ടായിട്ടും ഒരേ ഒരിന്ത്യ, ഒരൊറ്റ നികുതി എന്ന മുദ്രാവാക്യവുമായി ധൃതിപിടിച്ചും ആസൂത്രണമില്ലാതെയും നടപ്പിലാക്കിയ ചരക്കുസേവന നികുതി ജനങ്ങളെ മാത്രമല്ല സംസ്ഥാന സര്‍ക്കാരുകളെയും പാപ്പരാക്കി. ഫെഡറലിസമെന്ന അടിസ്ഥാന തത്വം ലംഘിക്കപ്പെടുകയും ചെയ്തു.

സമ്പദ്ഘടനയുടെ നട്ടെല്ല് തകര്‍ത്ത മറ്റൊന്നായിരുന്നു കോവിഡ് മഹാമാരിക്കാലത്തെ വിവിധ നടപടികള്‍. രോഗം പടര്‍ന്നു തുടങ്ങിയപ്പോള്‍ ഒരു മുന്നറിയിപ്പുമില്ലാതെ പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ സമ്പദ്ഘടനയെയും ജനങ്ങളെയും ദുരിതത്തിലാക്കി. ലോക്ഡൗണ്‍ കൊണ്ടുമാത്രം ആയിരക്കണക്കിനാളുകള്‍ മരിക്കുകയും ദശകോടികളുടെ ജീവിതവും ഭാവിയും ഇരുട്ടിലാവുകയും ചെയ്തു. എട്ടുവര്‍ഷത്തെ ഭരണത്തിനിടയില്‍ എല്ലാ ജീവിത സൂചികകളിലും രാജ്യം വളരെയധികം പിന്നോട്ടുപോയപ്പോഴും അതിസമ്പന്നരുടെ എണ്ണവും ആസ്തിയും നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരുന്നു എന്ന ഒരുദാഹരണം മാത്രം മതി മോഡി ആര്‍ക്കുവേണ്ടിയാണ് ഭരിച്ചതെന്ന് ബോധ്യപ്പെടുവാന്‍. പരാജയത്തിന്റെയും നയവൈകല്യത്തിന്റെയും കൊടുമുടിയേറിയ എട്ടുവര്‍ഷങ്ങള്‍ക്ക് ഈ ഉദാഹരണങ്ങള്‍തന്നെ അധികമാണ്.


ഇതുകൂടി വായിക്കാം; പൊറുതിമുട്ടിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കണം


ജനങ്ങളാകെ ദുരിതക്കയത്തിലും ആശങ്കാകുലമായ ഭാവിയുടെ തടവറയിലും കഴിയുമ്പോള്‍ സര്‍ക്കാരാകട്ടെ അവരുടെ പ്രതിലോമ — പിന്തിരിപ്പന്‍ രാഷ്ട്രീയ‑വര്‍ഗീയ‑വലതുപക്ഷ നയങ്ങള്‍ക്ക് ഉലയൂതുകയായിരുന്നു. ജനാധിപത്യ‑മതേതര അടിത്തറയ്ക്കുതന്നെ ഇടിവുണ്ടാക്കുന്ന നിരവധി നടപടികളുണ്ടായി. ദേശദ്രോഹ നിയമത്തിന്റെ ദുരുപയോഗം, യുഎപിഎ ചുമത്തി ജയിലിലടയ്ക്കല്‍, കാര്‍ഷിക കരിനിയമം, കശ്മീരിനുള്ള പ്രത്യേകാവകാശങ്ങള്‍ എടുത്തുകളയല്‍, ലേബര്‍ കോഡുകള്‍, അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കല്‍, ന്യൂനപക്ഷ‑ദളിത് അതിക്രമങ്ങള്‍, വര്‍ഗീയവല്ക്കരണം അങ്ങനെ രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളും ഭരണഘടനയും നോക്കുകുത്തിയാക്കി വലതുപക്ഷവല്ക്കരണം ദ്രുതഗതിയിലായി. സ്വേച്ഛാധിപത്യ രാജ്യങ്ങള്‍ക്കു പോലും ചാര്‍ത്തിക്കൊടുക്കാനാവാത്ത വിധം വിദ്വേഷവും വെറുപ്പും ഭരണകൂട മുഖമുദ്രയുമായി. ഇതിന്റെയൊക്കെ പേരില്‍ ലോകത്തിന് മുന്നില്‍ രാജ്യം നിരവധി തവണ നാണംകെട്ടു. എങ്കിലും പ്രക്ഷുബ്ധമായ ജനകീയ പോരാട്ടങ്ങളുടെയും വര്‍ഷങ്ങളായിരുന്നു പിന്നിടുന്നത്. അങ്ങനെ മോഡി സര്‍ക്കാരിന്റേത് ദുരിത ജീവിതത്തിന്റെ, പരാജയത്തിന്റെ, അടിച്ചമര്‍ത്തലിന്റെ ഒപ്പം പ്രക്ഷുബ്ധമായ പോരാട്ടങ്ങളുടെയും എട്ടുവര്‍ഷങ്ങളായിരുന്നു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.