3 May 2024, Friday

ആത്മനിര്‍ഭറിന്റെ പേരിലുള്ള വഞ്ചന

Janayugom Webdesk
September 17, 2021 4:00 am

കോവിഡിനെ തുടർന്നുള്ള സാഹചര്യങ്ങൾ പൊതുമേഖലാ വില്പനയുടെയും അതിസമ്പന്നരെ വഴിവിട്ട് സഹായിക്കുന്നതിനുമുള്ള സുവർണാവസരവുമാക്കി മാറ്റുകയാണ് മോഡി സർക്കാർ. കേന്ദ്ര മന്ത്രിസഭാ യോഗം ചേരുന്നത് തന്നെ വില്പനയും കുത്തക പ്രീണന നയങ്ങളും തീരുമാനിച്ച് പ്രഖ്യാപിക്കുവാനാണ് എന്ന സ്ഥിതിയാണ്. നയപരമായ വിഷയങ്ങളിൽ പോലും മന്ത്രിസഭാ യോഗം ചേരാതെയുള്ള പ്രഖ്യാപനങ്ങളും പുതുമയല്ലാതായിരിക്കുന്നു. അതിന്റെ തുടർച്ച ആയിട്ടാണ് ബുധനാഴ്ച സുപ്രധാനമായ ചില തീരുമാനങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡിന്റെ പ്രതിസന്ധി ഘട്ടത്തിലും വിപുലമായ വ്യാപാര സാധ്യതകൾ തുറന്നുകിട്ടിയ ടെലികോം കുത്തക കമ്പനികൾക്കാണ് ഇതിൽ വലിയ പരിഗണന ലഭിച്ചിരിക്കുന്നത് എന്നതാണ് വിചിത്രം.

ടെലികോം കമ്പനികൾ സർക്കാരിന് കുടിശിക ആക്കിയിരിക്കുന്ന 1.47 ലക്ഷം കോടി അടയ്ക്കുന്നതിന് നാലു വർഷത്തെ മൊറട്ടോറിയമാണ് പ്രധാന നിർദ്ദേശം. സ്വകാര്യ ടെലികോം കുത്തക കമ്പനികൾ നമ്മുടെ പൊതു സൗകര്യങ്ങൾ കൂടി ഉപയോഗിച്ചാണ് അവരുടെ സേവനം നിർവഹിക്കുന്നത് എന്നതിനാലാണ് യൂസേജ്, ലൈസന്‍സ് ഫീസ് അടക്കമുള്ള വരുമാനം പങ്കുവയ്ക്കല്‍ കരാര്‍ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു-എജിആര്‍) ഉണ്ടാക്കിയത്. ഇതനുസരിച്ച് കോവിഡ് വരുന്നതിന് മുമ്പ് തന്നെ അടയ്ക്കാനുള്ളതാണ് ഈ കുടിശിക. അത് അടയ്ക്കാതിരിക്കാൻ പല വിധത്തിൽ സമ്മർദ്ദം ചെലുത്തി നീട്ടിക്കൊണ്ടുപോയ കമ്പനികൾ നിയമ യുദ്ധം നടത്തി പരാജയപ്പെടുകയും ചെയ്തതാണ്. ഈ തുക ലഭിക്കണം എന്ന കേന്ദ്ര നിലപാടിനെ തുടർന്ന് സുപ്രീം കോടതി കുടിശിക ഉടന്‍ തിരിച്ചടയ്ക്കണമെന്ന് കര്‍ശന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അങ്ങനെയൊരു പശ്ചാത്തലം ഉണ്ടായിരിക്കെയാണ് കുത്തകകൾക്ക് അനുകൂലമായി പെട്ടെന്നുള്ള ചുവടുമാറ്റം ഉണ്ടായിരിക്കുന്നത്.

 


ഇതുകൂടി വായിക്കു:പ്രതിരോധ മേഖലയിൽ ആശയം മാത്രമായി ആത്മനിർഭർ


 

ഇതിന് പുറമെ ടെലികോം ഇതര വരുമാനം കമ്പനികളുടെ മൊത്തവരുമാനത്തിന്റെ നിര്‍വചന പരിധിയില്‍ നിന്ന് ഒഴിവാക്കി നല്കുകയും അടുത്തവര്‍ഷം ഏപ്രിലില്‍ അടയ്‌ക്കേണ്ട സ്പെക്ട്രം ഫീസിന് ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കുകയും ചെയ്തിരിക്കുകയാണ്. ഇവയെല്ലാം കമ്പനികള്‍ക്ക് വലിയ നേട്ടമാണ് പ്രദാനം ചെയ്യുക. ഇനിയുള്ള ലേലങ്ങളില്‍ സ്പെക്ട്രം കാലാവധി 20 ല്‍ നിന്ന് 30 വര്‍ഷമായി ഉയര്‍ത്തി. സ്പെക്ട്രം ഉപയോഗ നിരക്ക് (എസ്‌യുസി) ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. സ്പെക്ട്രം പങ്കിടലിനായി ഈടാക്കിയിരുന്ന 0.5 ശതമാനം അധിക സ്പെക്ട്രം ഉപയോഗ നിരക്കും ഒഴിവാക്കി. വയര്‍ലെസ് ഉപകരണങ്ങള്‍ക്കായി ലഭ്യമാക്കേണ്ട ലൈസന്‍സുകള്‍ ഒഴിവാക്കിയതും ടെലികോം ടവറുകള്‍ക്കുള്ള എസ്എസിഎഫ്എ ക്ലിയറന്‍സ് ലഘൂകരിച്ചതുമെല്ലാം കുത്തക കമ്പനികള്‍ക്ക് വലിയ ലാഭവും നേട്ടവുമാകും ഉണ്ടാക്കുവാന്‍ പോകുന്നത്.
ഈ തീരുമാനങ്ങളിലൂടെ ഇന്ത്യയിലെ ടെലികോം കുത്തകകളെ സഹായിച്ച അതേ സര്‍ക്കാര്‍ വിദേശകുത്തകകള്‍ക്കുവേണ്ടി ടെലികോം മേഖലയില്‍ മുന്‍ അനുമതി പോലുമില്ലാതെ നൂറു ശതമാനം വിദേശ നിക്ഷേപം നടത്തുന്നതിന് അനുവാദം നല്കിയിരിക്കുകയാണ്. ഒരേസമയം ദേശീയ‑വിദേശകുത്തകകളെ സഹായിക്കുന്നതിനുള്ള ഇരട്ടലക്ഷ്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെയോ റിസര്‍വ് ബാങ്കിന്റെയോ അനുമതി ആവശ്യമില്ലാത്ത ഈ നിക്ഷേപങ്ങള്‍ യഥാര്‍ത്ഥത്തില്‍ സാമ്പത്തിക മേഖലയില്‍ അനിശ്ചിതാവസ്ഥയ്ക്കും കാരണമാകും.

 


ഇതുകൂടി വായിക്കു: ബിജെപി എന്ന പൊങ്ങച്ചം


 

ഉദാരവല്ക്കരണത്തിന്റെ തുടക്കത്തില്‍തന്നെ മത്സരാധിഷ്ഠിത സേവനത്തിനെന്ന പേരില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് അനുമതി നല്‍കിയാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള സംരംഭങ്ങളെ കേന്ദ്രസര്‍ക്കാരുകള്‍ തകര്‍ത്തത്. വിദേശ നിക്ഷേപ തീരുമാനം നിലവിലെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുകയും പുതിയവ സൃഷ്ടിക്കുകയും ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നാണ് ഈ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച ടെലികോം വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിച്ചിരിക്കുന്നത്. ബിഎസ്എന്‍എല്‍ തകര്‍ന്നതിന്റെ അനുഭവം നമ്മുടെ മുന്നില്‍ നില്ക്കുമ്പോള്‍ വിദേശ നിക്ഷേപ തീരുമാനം ഭാവിയില്‍ എങ്ങനെയാണ് ബാധിക്കുവാന്‍ പോകുന്നത്, മത്സരത്തില്‍ ഇന്ത്യന്‍ കുത്തകകളാണോ അല്ല വിദേശകുത്തകകളാണോ ജയിക്കുക എന്നിവയൊക്കെ കാത്തിരുന്ന് കാണേണ്ടതാണ്. ഇതിന്റെ കൂടെത്തന്നെ എയർ ഇന്ത്യയുടെ സ്വകാര്യവല്ക്കരണവും പ്രഖ്യാപിച്ചിട്ടുണ്ട്.നാലുകൊല്ലം കൊണ്ട് ആറു ലക്ഷം കോടി രൂപ സമാഹരിക്കുവാനുള്ള പദ്ധതി കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. 400 റയില്‍വേ സ്റ്റേഷനുകള്‍, 150 തീവണ്ടികള്‍, ചരക്കു നീക്കത്തിനുള്ള സംവിധാനങ്ങള്‍, തീവണ്ടിപ്പാതകള്‍ എന്നിവ വില്പന നടത്തി 1.5 ലക്ഷം, പ്രകൃതി വിഭവങ്ങളും അസംസ്കൃത വസ്തുക്കളും സംസ്കരിക്കുന്നതിനുള്ള എന്‍എച്ച്പിസി, എന്‍ടിപിസി, നെയ്‍വേലി ലിഗ്നൈറ്റ് തുടങ്ങിയവയുടെ വില്പന വഴി 32,000, ഊര്‍ജ്ജ വിതരണ ലൈനുകള്‍ വിറ്റ് 67,000 കോടി വീതമാണ് സമാഹരണ ലക്ഷ്യം.

ഫലത്തില്‍ കോവിഡ് എന്ന മഹാമാരിയെ വില്പനമഹാമേളയും കുത്തകകള്‍ക്ക് വാരിക്കോരി നല്കല്‍ യജ്ഞവുമായി മാറ്റുകയാണ് ബിജെപി സര്‍ക്കാര്‍. പാവപ്പെട്ടവര്‍ക്ക് ഉത്തേജക പാക്കേജ് എന്ന പേരില്‍ വായ്പാ പദ്ധതി പ്രഖ്യാപിക്കുകയും കുറഞ്ഞ കാലത്തേയ്ക്ക് മാത്രം മൊറട്ടോറിയം അനുവദിക്കുകയും ചെയ്തവരാണ് കേന്ദ്രസര്‍ക്കാര്‍. അവരാണ് കോവിഡിന്റെ എത്രയോ മുമ്പ് വരുത്തിവച്ച ടെലികോം കമ്പനികളുടെ കുടിശികയ്ക്ക് നാലുവര്‍ഷം വരെ മൊറട്ടോറിയവും ആയിരക്കണക്കിന് കോടി രൂപയുടെ ഇളവുകളും നല്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് കേന്ദ്രത്തിന്റെ കുത്തകകളോടുള്ള അനുഭാവവും സാധാരണക്കാരോടുള്ള അവഗണനയും മാത്രമല്ല ആത്മനിര്‍ഭര്‍ ഭാരത് എന്ന് ആണയിടുന്നവരുടെ വഞ്ചനയുമാണ് വെളിപ്പെടുത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.