15 November 2024, Friday
KSFE Galaxy Chits Banner 2

വിശപ്പിനെതിരായ പോരാട്ടം കേന്ദ്രനിലപാട് അപലപനീയം

Janayugom Webdesk
January 20, 2022 5:00 am

രാജ്യത്ത് പട്ടിണിയൊ പട്ടിണി മരണമൊ ഇല്ലെന്ന മോഡി സര്‍ക്കാരിന്റെ നിഷേധത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടാന്‍ പരമോന്നത നീതിപീഠം നിര്‍ബന്ധിതമായി. പട്ടിണിമരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ വാദത്തിന് ഉപോദ്ബലകമായി സുപ്രീം കോടതിയില്‍ ഹാജരാക്കിയ 2015ലെ ആരോഗ്യ സര്‍വേ റിപ്പോര്‍ട്ടും ഒരു വാര്‍ത്താപത്രത്തിലെ ലേഖനവും ചീഫ് ജസ്റ്റിസടക്കമുള്ള മൂന്നംഗ ബെഞ്ചിനെ അക്ഷരാര്‍ത്ഥത്തില്‍ ചൊടിപ്പിക്കുകതന്നെ ചെയ്തു. പട്ടിണിമരണങ്ങള്‍ സംബന്ധിച്ച വിവരാന്വേഷണത്തോട് സംസ്ഥാനങ്ങളുടെ പ്രതികരണം അപര്യാപ്തമാണെന്നും തങ്ങളുടെ ഉദ്യോഗസ്ഥരുടെ പക്കല്‍ മതിയായ വിവരം ഇല്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. രാജ്യത്തെ ജനസാമാന്യത്തെപ്പറ്റിയുള്ള, പ്രത്യേകിച്ചും പട്ടിണിപാവങ്ങളും ദരിദ്രരുമായവരെ പറ്റിയുള്ള, ഏതു ചോദ്യത്തിനും മോഡി സര്‍ക്കാര്‍ നല്കിവരുന്ന പതിവു മറുപടിയുടെ ആവര്‍ത്തനത്തിനാണ് സുപ്രീം കോടതി സാക്ഷ്യം വഹിച്ചത്. കോവിഡ് മഹാമാരിയുടെ ഒന്നാം തരംഗത്തെയും യാതൊരു മുന്നറിയിപ്പും ആലോചനയും കൂടാതെ പ്രധാനമന്ത്രി ഏകപക്ഷീയമായി പ്രഖ്യാപിച്ച ദേശീയ അടച്ചുപൂട്ടലിനെയും തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തിയ കൂട്ടപലായനത്തെയും അളവറ്റ ദുരിതത്തെയും മരണങ്ങളെയും സംബന്ധിച്ച സുപ്രീം കോടതിയുടെ ചോദ്യത്തിനും ഇതേ ഉത്തരംതന്നെ ആയിരുന്നു മോഡി ഭരണകൂടം നല്കിയത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പട്ടിണിക്കാരായ ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷണം നല്കി പട്ടിണിമരണങ്ങള്‍ തടയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കവെയാണ് മോഡി ഭരണകൂടം ഒരിക്കല്‍ക്കൂടി അതിന്റെ മനുഷ്യത്വഹീനതയുടെ ബീഭത്സമുഖം പരമോന്നത കോടതി മുമ്പാകെ തുറന്നുകാട്ടിയത്.


ഇതുംകൂടി വായിക്കാം;കേരളവികസനവും കേന്ദ്ര സമീപനവും


ആഗോള വിശപ്പ് സൂചിക‑2021 പുറത്തുവന്നപ്പോഴുള്ള അപമാനം മറച്ചുവയ്ക്കാന്‍ അത് യഥാര്‍ത്ഥ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ പഠനമല്ലെന്ന വാദമുഖമാണ് മോഡി സര്‍ക്കാര്‍ ഉന്നയിച്ചത്. എന്നാല്‍ പ്രസക്തവും ആധികാരികവുമായ രേഖകളുടെ പിന്‍ബലം ഇല്ലാതെ സുപ്രീം കോടതിയില്‍ നല്കിയ കേന്ദ്രസര്‍ക്കാരിന്റെ പ്രസ്താവന വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ അവര്‍ തുടര്‍ന്നുവരുന്ന ദുരുപായങ്ങളാണ് തുറന്നുകാട്ടുന്നത്. പട്ടിണിമരണങ്ങള്‍ തടയാന്‍ രാജ്യത്തിനാകെ ബാധകമായ ഒരു നയ-പരിപാടിയുടെ രൂപീകരണമെന്ന നിര്‍ദേശത്തോടുപോലും നിഷേധാത്മക സമീപനമാണ് കേന്ദ്രം അവലംബിച്ചത്. ഭക്ഷ്യധാന്യങ്ങള്‍ നല്കിയാല്‍തന്നെ അവ എത്തിച്ചു നല്കുന്നതിനുള്ള ചെലവ് സംസ്ഥാനങ്ങള്‍ കണ്ടെത്തണമെന്ന നിലപാട് ഭൂരിപക്ഷം സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളവും ‘പിച്ചച്ചട്ടിയി­ല്‍ കയ്യിട്ടുവാരുന്ന’ ക്രൂര­ത ആയിരിക്കും. രാജ്യത്തെ കോര്‍പറേറ്റ് കുത്തകകള്‍ക്ക് അളവറ്റ ആനുകൂല്യങ്ങളും യഥേഷ്ടം ഇളവുകളും നല്കുന്ന ഉദാരമതിയായ മോഡി സര്‍ക്കാര്‍ അതിനായി പാഴാക്കുന്ന ഭീമമായ തുകയുടെ ഒരംശം പോലും പട്ടിണിമരണങ്ങള്‍ക്ക് അറുതിവരുത്താനായി വിനിയോഗിക്കാന്‍ വിസമ്മതിക്കുന്നു.


ഇതുംകൂടി വായിക്കാം; ഇന്ത്യയുടെ ദാരിദ്ര്യവും കേരളത്തിന്റെ മുന്നേറ്റവും


കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ചരക്കുസേവന നികുതി അക്ഷരാര്‍ത്ഥത്തില്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം ആയിരുന്നു. ജിഎസ്‌ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ആദ്യ അഞ്ച് വര്‍ഷം നല്കേണ്ട നഷ്ടപരിഹാര തുക പോലും യഥാസമയം നല്കാന്‍ കേന്ദ്രം വിസമ്മതിക്കുന്നു. 2021 ഡിസംബറില്‍ പാര്‍ലമെന്റില്‍ നല്കിയ കണക്ക് അനുസരിച്ച് ജി‌എസ്‌ടി നഷ്ടപരിഹാരത്തുക ഇനത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്കേണ്ടത് 37,134 കോടി രൂപയാണ്. വസ്തുത ഇതായിരിക്കെ പട്ടിണിമരണം ഒഴിവാക്കുന്നതിന്റെ ഭാരം കൂടി സംസ്ഥാനങ്ങള്‍ക്കുമേല്‍ കെട്ടിയേല്പിക്കാനുള്ള ശ്രമം രാജ്യത്തിന്റെ ഫെഡറല്‍ ജനാധിപത്യ സംവിധാനത്തിന്റെ നിരാകരണമാണ്. നരേന്ദ്രമോഡി സര്‍ക്കാര്‍ പട്ടിണിമരണത്തിലേക്ക് തള്ളിവിടുന്ന ജനങ്ങള്‍ക്ക് കെെത്താങ്ങായി മാറുകയാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരടക്കം ദക്ഷിണേന്ത്യയിലെ പ്രതിപക്ഷ ഭരണകൂടങ്ങള്‍. കേരളത്തില്‍ സിവില്‍ സപ്ലെെസ് വകുപ്പിന് കീഴില്‍ സുഭിക്ഷാ ഹോട്ടല്‍ ശൃംഖല കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ അഭിനന്ദനം പിടിച്ചുപറ്റിയിരുന്നു. തമിഴ്‌നാട്ടിലെ ‘അമ്മ ഉണവകം’ ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഒഡിഷയിലും സമാന സംരംഭങ്ങള്‍ക്ക് പ്രചോദനമായി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളമടക്കം സംസ്ഥാനങ്ങള്‍ക്ക് പട്ടിണിക്കെതിരായ പോരാട്ടത്തില്‍ കേന്ദ്രസഹായം കൂടിയേതീരൂ. പട്ടിണിക്കും പട്ടിണി മരണങ്ങള്‍ക്കും എതിരായ സുപ്രീം കോടതി ഇടപെടല്‍ ഈ ദിശയില്‍ സംസ്ഥാനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.