രാജ്യത്തെ സാധാരണക്കാരുടെ ആകാശ സ്വപ്നങ്ങള്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ നിറച്ചാര്‍ത്ത് നല്കിയ പൊതു മേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയും വിറ്റുതുലച്ചിരിക്കുന്നു. 18,000 കോടി രൂപ വില നിശ്ചയിച്ച് ടാറ്റാ സണ്‍സാണ് വിമാനക്കമ്പനി സ്വന്തമാക്കിയത്. എന്നാല്‍ ടാറ്റ പണമായിനല്കേണ്ടത് 2,700 കോടി രൂപ മാത്രമാണ്. എയര്‍ ഇന്ത്യയുടെ കടത്തില്‍ 15,300 കോടി രൂപാ ടാറ്റ ഏറ്റെടുക്കും. ബാക്കിയുള്ള എയര്‍ ഇന്ത്യയുടെ കടം സര്‍ക്കാര്‍ വീട്ടണം. ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലിന് രാജ്യസഭയില്‍ വ്യോമയാന വകുപ്പ് മന്ത്രി വി കെ സിങ് നല്കിയ മറുപടി അനുസരിച്ച് 2021 മാര്‍ച്ച് 31 വരെയുള്ള എയര്‍ ഇന്ത്യയുടെ നഷ്ടം 70,820 കോടിരൂപയാണ്. സ്ഥാപനത്തിന്റെ നഷ്ടം നികത്തുന്നതിനായി ടാറ്റ നല്കേണ്ട 15,300 കോടി രൂപ കിഴിച്ചാല്‍ അവശേഷിക്കുന്ന നഷ്ടം 55,520കോടി രൂപയാണ്. ഇത് സര്‍ക്കാര്‍തന്നെ നികത്തണം. നഷ്ടം നികത്തുവാനാണ് വില്പനയെന്ന സര്‍ക്കാര്‍ വാദം ഇവിടെ പൊളിയുകയാണ്. ഒരുകാലം വരെ ലാഭത്തിലായിരുന്ന ഈ വിമാനക്കമ്പനികള്‍ അധികൃതരുടെ കെടുകാര്യസ്ഥതയുടെയും നവ ഉദാരീകരണ നയങ്ങളുടെ മത്സരാധിഷ്ഠിത സ്വകാര്യ വിമാനക്കമ്പനികള്‍ അനുവദിച്ചതിന്റെയും ഫലമായാണ് നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയത്.
രാജ്യസഭയില്‍ മന്ത്രി നല്കിയ മറുപടിയില്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിപ്പിച്ചത് ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. സംരംഭങ്ങളുടെ ലയനമെന്നത് ഉദാരവല്ക്കരണ നയങ്ങളുടെ ഭാഗമായി ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളില്‍ ഒന്നാണ്. ടെലികോം സംരംഭങ്ങളെയും പൊതുമേഖലാ ബാങ്കുകളെയും പരസ്പരം ലയിപ്പിക്കുന്നതുപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തില്‍ മന്ത്രിയുടെ മറുപടി യഥാര്‍ത്ഥത്തില്‍ ഒരു കുറ്റസമ്മതമാവേണ്ടതാണ്. കാരണം എയര്‍ ഇന്ത്യ ലാഭത്തില്‍ നിന്ന് നഷ്ടത്തിലായതിന് ലയനവും സ്വകാര്യകമ്പനികളുടെ പ്രവേശനവും പ്രധാന കാരണമാകുന്നുണ്ട്. നഷ്ടം നികത്തുന്നതിനുള്ള വില പോലും ലഭിക്കാതെ എയര്‍ഇന്ത്യയെ വിറ്റൊഴിവാക്കുമ്പോള്‍ ചരക്കു നീക്കമുള്‍പ്പെടെ കൈകാര്യം ചെയ്യുന്ന എയര്‍ ഇന്ത്യാ എയര്‍ പോര്‍ട്ട് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ്, എയര്‍ ഇന്ത്യാ എക്സ്പ്രസ് എന്നിവയുടെ 50 ശതമാനം നിയന്ത്രണവും ടാറ്റയ്ക്കു ലഭിക്കും. അങ്ങനെ വരുമ്പോള്‍ രാജ്യത്തിന് വന്‍ നഷ്ടമുണ്ടാക്കുന്ന വില്പനയും ടാറ്റയ്ക്ക് തുച്ഛമായ വിലയ്ക്ക് വിപുലമായ സൗകര്യങ്ങളുള്ള ഒരു സംരംഭം കൈവശപ്പെടുത്തുവാനുള്ള അവകാശം ലഭിക്കുയുമാണുണ്ടാകുന്നത്. ഫലത്തില്‍ രാജ്യത്തിന് വന്‍ നഷ്ടവും കുത്തകകള്‍ക്ക് വന്‍ലാഭവുമെന്ന കേന്ദ്ര നയം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കപ്പെട്ടുവെന്നര്‍ത്ഥം.
പൊതു ഉടമസ്ഥതയിലായിരുന്നു എയര്‍ ഇന്ത്യ രാജ്യത്തെ സാധാരണക്കാരുടെ ആകാശസ്വപ്നങ്ങള്‍ക്ക് ഫലപ്രാപ്തി നല്കിയതിന്റെയും കൈത്താങ്ങു നല്കിയതിന്റെയും നിരവധി ഉദാഹരണങ്ങളുണ്ട്. അനുബന്ധ സംരംഭമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ആരംഭിച്ചതുതന്നെ സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ആകാശയാത്ര ഉറപ്പാക്കുന്നതിനായിരുന്നു. ഒരു പരിധിവരെ അത് നിര്‍വഹിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ കുവൈറ്റ് യുദ്ധവേളയിലും കോവിഡ് മഹാമാരിക്കാലത്തും ഇസ്രയേലിലെ സംഘര്‍ഷഭരിതമായ സാഹചര്യത്തിലും കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിക്കുവാന്‍ ഏറ്റവും സഹായകമായത് രാജ്യത്തിന് സ്വന്തമായി എയര്‍ ഇന്ത്യ ഉണ്ടായിരുന്നതുകൊണ്ടായിരുന്നു. കുവൈറ്റ് യുദ്ധവേളയില്‍ 1990 ഓഗസ്റ്റ് 13 മുതല്‍ ഒക്ടോബര്‍ 11 വരെയുള്ള രണ്ടുമാസക്കാലം കൊണ്ട് 488 വിമാനസര്‍വീസ് നടത്തി 1,11,000 ഇന്ത്യക്കാരെ തിരികെയെത്തിച്ചത് ചരിത്രമാവുകയും ഗിന്നസ് റെക്കോഡില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിന് ആവിഷ്കരിച്ച വന്ദേഭാരത് മിഷനില്‍ ഏറ്റവുമധികം സഹായകമായതും എയര്‍ ഇന്ത്യാ വിമാനങ്ങളായിരുന്നു. 2020 മെയ് ഏഴിന് ആരംഭിച്ച ദൗത്യത്തിലൂടെ 12 ലക്ഷത്തോളം പേരെ വിവിധ രാജ്യങ്ങളില്‍ നിന്നായി തിരികെയെത്തിച്ചുവെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്. ഇതിനായി പറന്ന 5817 ഇന്ത്യന്‍ — വിദേശ കമ്പനികളുടെ വിമാനങ്ങളില്‍ 2292 എണ്ണം എയര്‍ ഇന്ത്യയുടേതായിരുന്നു. ഇസ്രയേലിലെ സംഘര്‍ഷവേളയില്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായി ഒമ്പത് എയര്‍ ഇന്ത്യവിമാനങ്ങളാണ് ഉപയോഗിച്ചത്. പൊതുമേഖലയിലുള്ള യാത്രാസംവിധാനങ്ങള്‍ അടിയന്തര ഘട്ടങ്ങളിലെ അവശ്യഘടകമായി മാറുന്നുവെന്നതിന്റെ ചുരുക്കം ഉദാഹരണങ്ങളാണിവ. അതുകൊണ്ടുതന്നെ കേവലം ഒരു വിമാനക്കമ്പനിയുടെ സ്വകാര്യവല്ക്കരണം മാത്രമല്ല സംഭവിച്ചിരിക്കുന്നത്. സാധാരണക്കാരന്റെ സ്വപ്നങ്ങളും അടിയന്തര ഘട്ടങ്ങളിലെ അത്താണിയുമാണ് ചുളുവിലയ്ക്ക് വില്ക്കപ്പെട്ടിരിക്കുന്നത്.
ഇതിന് പുറമേ 12,000ത്തിലധികം ജീവനക്കാരുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്. എയര്‍ ഇന്ത്യയില്‍ നിലവില്‍ 8,084 സ്ഥിരം ജീവനക്കാരും ബാക്കിയുള്ള 4,001 പേര്‍ കരാര്‍ അടിസ്ഥാനത്തിലുമാണ്. എയര്‍ ഇന്ത്യാ എക്സ്‌പ്രസില്‍ 1,434 ജീവനക്കാരുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉടന്‍ പിരിച്ചുവിടല്‍ സാധ്യമല്ലെങ്കിലും ഭാവിയില്‍ സ്വയം വിരമിക്കല്‍ പോലുള്ളവ പ്രഖ്യാപിച്ച് ഒഴിവാക്കാവുന്നതാണ്. അങ്ങനെ സാധാരണ മനുഷ്യര്‍ക്ക് അപ്രാപ്യമാക്കിയും ആയിരക്കണക്കിന് ജീവനക്കാരെയും തൊഴിലാളികളെയും വഴിയാധാരമാക്കിയും സ്വകാര്യകുത്തകകള്‍ക്ക് ലാഭം നേടുന്നതിനുള്ള ഉപാധിയായി എയര്‍ഇന്ത്യയെയും വിറ്റുതുലച്ചനടപടി നമ്മുടെ ആകാശങ്ങളെ തന്നെ വില്ക്കുന്നതിന് സമാനമാണ്.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.