23 December 2024, Monday
KSFE Galaxy Chits Banner 2

ഗവര്‍ണറുടേത് അധികാര ദുര്‍വിനിയോഗം

Janayugom Webdesk
March 4, 2024 5:00 am

ഇന്ത്യയില്‍ എത്രയോ ഭരണഘടനാ സ്ഥാപനങ്ങളും പൊതുമേഖലാ സംരംഭങ്ങളും സ്വകാര്യ സ്ഥാപനങ്ങളുമുണ്ട്. ഓരോ സ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള അധികാരങ്ങള്‍ കൃത്യവും വ്യക്തവുമായി നിര്‍വചിക്കപ്പെട്ടിട്ടുമുണ്ട്. നിയമപരമായും ഭരണഘടനാപരമായും കീഴ്‌വഴക്കങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുക എന്നത് അത്തരം ചുമതലകളിലുള്ളവരുടെ ഉത്തരവാദിത്തമാണ്. മേധാവികളും ഉന്നത സ്ഥാനത്തിരിക്കുന്നവരും അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് പ്രസ്തുത സ്ഥാപനങ്ങളുടെ മാത്രമല്ല ജനായത്ത സംവിധാനത്തിന്റെയാകെ തെറ്റില്ലാത്ത സഞ്ചാരത്തിന് അനിവാര്യമാണ്. എന്നാല്‍ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ നിയതമായ ഉത്തരവാദിത്തമല്ല നിര്‍വഹിച്ചുപോരുന്നത് എന്ന് അഞ്ചുവര്‍ഷത്തോളമായി കേരളീയര്‍ കാണുന്നുണ്ട്. ഇതേ കോളത്തില്‍ എത്രയോ തവണ അതേ കുറിച്ച് പരാമര്‍ശിച്ചിട്ടുമുണ്ട്. ഗവര്‍ണര്‍മാര്‍ വഴിവിട്ട് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നത് പുതിയ കാര്യമല്ലെങ്കിലും അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നിടത്താണ് വീണ്ടും അതേ വിഷയം പരാമര്‍ശിക്കുവാന്‍ നിര്‍ബന്ധിതമാകുന്നത്. ബിജെപി അധികാരത്തിലെത്തിയതോടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഭരണത്തില്‍ ഇടപെടുന്നതിനും പ്രതിസന്ധി സൃഷ്ടിക്കുന്നതിനും ഇടങ്കോലിടുന്നതിനുമുള്ള ശക്തമായ ഉപകരണമായി ഗവര്‍ണര്‍ പദവി മാറി. സുപ്രീം കോടതി ഉള്‍പ്പെടെ പരമോന്നത നീതിപീഠങ്ങളില്‍ നിന്നും ഗവര്‍ണര്‍മാരുടെ ഇടപെടലുകളെ നിശിതമായി വിമര്‍ശിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തുവെങ്കിലും അതില്‍ നിന്ന് പിന്‍മാറുന്നതിന് സന്നദ്ധമാകുന്നില്ല.


ഇതുകൂടി വായിക്കൂ: ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ


ജനാധിപത്യ സംവിധാനങ്ങളെ മറികടന്ന് നിയമനിര്‍മ്മാണാവകാശം പോലും പ്രതിപക്ഷ ഭരണമുള്ള സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ സ്വയം ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായി. നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ യഥാസമയം അംഗീകരിക്കാതെ തടഞ്ഞുവച്ചും തിരിച്ചയച്ചും രാഷ്ട്രപതിക്ക് നല്‍കിയും ഭരണ സ്തംഭനമുണ്ടാക്കുന്ന നടപടി അതാത് സംസ്ഥാനങ്ങളിലെ ജനങ്ങളെയാകെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കരുതെന്നുമുള്ള കോടതി പരാമര്‍ശങ്ങള്‍ പോലും പരിഗണിക്കാതെ, അവയെ പോലും വെല്ലുവിളിക്കുന്ന സമീപനവും സ്വീകരിക്കുന്നു. അതിന് പിന്നാലെയാണ് സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നയപരവും സ്റ്റാറ്റ്യൂട്ടുകള്‍ക്ക് വിരുദ്ധവുമായ നടപടികള്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നുണ്ടായിരിക്കുന്നത്. ആ പദവി തന്നെ സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ചതാണെന്ന് മറന്നാണ് അദ്ദേഹത്തിന്റെ ചെയ്തികള്‍. എന്നുമാത്രമല്ല, പ്രസ്തുത സ്ഥാനത്തുനിന്ന് മാറ്റിയുള്ള നിയമഭേദഗതി ബില്‍ നിയമസഭ അംഗീകരിച്ച് നല്‍കിയത് തന്റെ അലമാരയില്‍ പൂട്ടിവച്ചാണ് ചാന്‍സലറാണ് താനെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോഴും ഭാവിച്ചുനില്‍ക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെന്നതുകൊണ്ടു മാത്രമാണ് സാങ്കേതികമായി അദ്ദേഹം ചാന്‍സലര്‍ സ്ഥാനത്ത് തുടരുന്നത്. എങ്കിലും മടിയേതുമില്ലാതെ അദ്ദേഹം തന്റെ ചെയ്തികള്‍ ആവര്‍ത്തിക്കുകയാണ്.

 


ഇതുകൂടി വായിക്കൂ: വിദ്വേഷ പ്രസംഗവും ബിജെപിയുടെ ഇരട്ടത്താപ്പും


അതില്‍ ഒടുവിലത്തേതാണ് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലറെ സസ്പെന്‍ഡ് ചെയ്യുകയും സ്വന്തമായ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്. പൂക്കോട് കോളജിലെ വിദ്യാര്‍ത്ഥി തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് വിസിയെ സസ്പെന്‍ഡ് ചെയ്ത് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. സിദ്ധാര്‍ത്ഥിന്റെ മരണവും അതിലേക്ക് നയിച്ച സംഭവങ്ങളും ആര്‍ക്കും അംഗീകരിക്കാനാവാത്തതാണ്. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുവാനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നുണ്ടായെങ്കിലും പ്രത്യേക സംഘമുള്‍പ്പെടെ രൂപീകരിച്ച് അന്വേഷണം നടത്തുകയും കുറ്റാരോപിതരായ മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. വിദ്യാര്‍ത്ഥികളെ സര്‍വകലാശാല അനുശാസിക്കുന്ന നിയമമനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ക്കും വിധേയമാക്കി. ആന്റി റാഗിങ് സമിതിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയ ഡീന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിക്കൊരുങ്ങുമ്പോള്‍ അത് സ്വീകരിക്കേണ്ട വിസിയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു ഗവര്‍ണര്‍. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്രമായ അന്വേഷണവും തുടര്‍നടപടികളും മുന്നോട്ടുപോകുമ്പോള്‍ ആരും ആവശ്യപ്പെടാത്ത ജുഡീഷ്യല്‍ അന്വേഷണം സ്വയം തീരുമാനിച്ച് ഹൈക്കോടതിക്ക് കത്ത് നല്കുകയും ചെയ്യുന്നു. ഇതെല്ലാം ചാന്‍സലറെന്ന നിലയിലാണ് ചെയ്യുന്നത് എന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാട് യഥാര്‍ത്ഥ ഉത്തരവാദികളെ രക്ഷിക്കുവാനുള്ളതാണെന്ന സംശയമാണ് ഈ നടപടികളിലൂടെ ഉണ്ടായിരിക്കുന്നത്. സര്‍വകലാശാലയിലാണ് നടന്നത് എന്നതുകൊണ്ടുമാത്രം ക്രമസമാധാന പരിപാലന വിഷയം ചാന്‍സലറുടെ അധികാര പരിധിയില്‍ വരുന്നതല്ല. വിസിയുടെ ശുപാര്‍ശയും ബന്ധപ്പെട്ടവരുടെ ആവശ്യവും പ്രകാരം സര്‍ക്കാരാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. അതിനാല്‍തന്നെ ഇത്തരമൊരു കുറ്റകൃത്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നിലവിലുള്ള അന്വേഷണത്തെ തടസപ്പെടുത്തുന്നതിനാണ് സഹായകരമാകുക. നടപടികള്‍ വൈകുന്നതിനും കാരണമാകും. തനിക്കുണ്ടെന്ന് ഭാവിക്കുന്ന അധികാരം ഗവര്‍ണര്‍ ദുരുപയോഗം ചെയ്യുകയും അതിലൂടെ മറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുകയുമാണ് എന്ന് ആരോപിച്ചാല്‍ കുറ്റം പറയാനാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.