18 November 2024, Monday
KSFE Galaxy Chits Banner 2

ആഗോള ഇന്ധന വിലയും ഇന്ത്യയിലെ വില നിര്‍ണയവും

Janayugom Webdesk
June 3, 2023 5:00 am

ആഗോളതലത്തില്‍ ഇന്ധന വില നിര്‍ണയത്തെ പല ഘടകങ്ങളും സ്വാധീനിക്കാറുണ്ട്. വന്‍കി‍ട രാജ്യങ്ങള്‍ സ്വീകരിക്കുന്ന സാമ്പത്തികമായ നയങ്ങള്‍ അതിലൊന്നാണ്. അതുകൊണ്ടാണ് കടമെടുപ്പ് പരിധി ഉയര്‍ത്തിയ യുഎസ് പ്രതിനിധി സഭാ തീരുമാനത്തെ തുടര്‍ന്ന് വ്യാഴാഴ്ച ആഗോള ഇന്ധന വിലയില്‍ നേരിയ വര്‍ധനയുണ്ടായത്. ബുധനാഴ്ച 67–69 ഡോളറുണ്ടായിരുന്ന ഒരു ബാരല്‍ ക്രൂഡ് ഓയിലിന് ഒരു ദിവസംകൊണ്ട് ഒരു ഡോളര്‍ വര്‍ധിച്ച് 68–70 ഡോളറായി. വില നേരിയ തോതിലാണെങ്കിലും ഉയരുന്ന സാഹചര്യത്തില്‍ ഉല്പാദനത്തിലും നേരിയ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. വിലയിടിവ് പ്രകടമായ സാഹചര്യത്തില്‍ മേയ് രണ്ടാമത്തെ ആഴ്ചയിലെ ഇന്ധന ശേഖരം 68 ദശലക്ഷം ബാരല്‍ എന്നത് മേയ് 26ലെ ആഴ്ചയില്‍ 52 ലക്ഷമായി കുറച്ചിരുന്നത് ഇനി ഉയര്‍ത്താനിടയുണ്ടെന്നും കരുതപ്പെടുന്നു. എന്തായാലും ആഗോള ഇന്ധന വിലയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി വില കുറയുന്ന പ്രവണതയാണ് പ്രകടമായത്. എങ്കിലും ആഗോള ഇന്ധന വില ഉയര്‍ന്നുനിന്ന ഘട്ടത്തില്‍ നിശ്ചയിച്ച അതേ വിലയ്ക്കുതന്നെയാണ് ഇപ്പോഴും ഇന്ത്യയിലെ ഉപഭോക്താക്കള്‍ വാങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ അസംസ്കൃത ഇന്ധന വില നൂറു ഡോളര്‍ വരെ ആയ ഘട്ടത്തില്‍ പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് വില കൂട്ടിയില്ലെങ്കിലും രാജ്യത്ത് വിമാന ഇന്ധന വിലയില്‍ നാലുശതമാനം വര്‍ധന വരുത്തി.

 


ഇതുകൂടി വായിക്കു; ഇന്ത്യയുടെ ജനശക്തിയും യാഥാർത്ഥ്യങ്ങളും


ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (എടിഎഫ്) വില കിലോലിറ്ററിന് 4,218 രൂപ അഥവാ 3.9 ശതമാനം വർധിപ്പിച്ചു. ഇതോടെ കിലോലിറ്ററിന് വില 1,12,357 രൂപയായി. യാത്രാ വിമാനങ്ങളുടെ നിരക്കുവര്‍ധനയ്ക്കും കാരണമായി. നവംബറിനുശേഷം മൂന്ന് തവണയായി കുറച്ചതിനെ തുടർന്നാണ് വർധനവ്. ജനുവരി ഒന്നിന് കിലോലിറ്ററിന് 1,17,587.64 രൂപയിൽ നിന്ന് 1,08,138.77 രൂപയായി കുറച്ചിരുന്നു. അതിന് മുമ്പ് ഡിസംബർ ഒന്നിന് 2.3 ശതമാനവും നവംബർ ഒന്നിന് 4.19 ശതമാനവും വില കുറച്ചിരുന്നു. 2022 ഫെബ്രുവരിയില്‍ ആഗോളതലത്തില്‍ അസംസ്കൃത ഇന്ധനത്തിന് വില കൂടിയപ്പോള്‍ വിമാന യാത്രാക്കൂലിയിലും വര്‍ധനയുണ്ടായെങ്കിലും പിന്നീട് മൂന്നുതവണ കുറഞ്ഞപ്പോഴും അതിന്റെ ഗുണം യാത്രക്കാര്‍ക്ക് അതേ അളവില്‍ ലഭ്യമായിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ വില നൂറു ഡോളറിനടുത്ത് എത്തിയപ്പോള്‍ ഗാര്‍ഹികാവശ്യത്തിനും വാണിജ്യാവശ്യത്തിനുമുള്ള പാചക വാതകത്തിന്റെ വിലയിലും വര്‍ധന വരുത്തി. മാര്‍ച്ച് ഒന്നു മുതല്‍ ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 352 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇ തോടെ സംസ്ഥാനത്ത് കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 1110 രൂപയും വാണിജ്യത്തിനുള്ളതിന് 2124 രൂപയുമായി.

 


ഇതുകൂടി വായിക്കു; തുര്‍ക്കി ഇന്ത്യക്ക് നല്‍കുന്ന പാഠം


 

പിന്നീട് ഏപ്രി ല്‍ അവസാനം മുതല്‍ ആഗോള തലത്തില്‍ ഇ ന്ധന വില കുറയുന്ന സ്ഥിതിയാണുണ്ടായത്. നൂറിനു മുകളില്‍ ഡോളര്‍ വരെ ഉണ്ടായിരുന്ന ബാരലിന്റെ വില മേയ്അവസാനത്തോടെ 70 ഡോളറിന് താഴെയെത്തി. ഫലത്തില്‍ 40 ശതമാനത്തോളമാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നേരിയ വര്‍ധനയുണ്ടായിട്ടുണ്ട് എങ്കിലും രണ്ടു മാസത്തോളമായി ശരാശരി വില ബാരലിന് 80 ഡോളറില്‍ താഴെയാണ്. പക്ഷേ കേന്ദ്ര സര്‍ക്കാരും ഇന്ധന വിതരണ കമ്പനികളും അവകാശപ്പെട്ടതുപോലെ ആഗോള വിലയുടെ അടിസ്ഥാനത്തില്‍ വിലമാറ്റം വരുത്തുന്നതിന് തയ്യാറാകുന്നില്ല. മാര്‍ച്ച് മാസം ഗാര്‍ഹിക, വാണിജ്യ സിലിണ്ടറുകള്‍ക്ക് ഒരേസമയമാണ് വില കൂട്ടിയതെങ്കിലും 40 ശതമാനത്തിലധികം വിലയിടിഞ്ഞിട്ടും വാണിജ്യ സിലിണ്ടറിന് കഴിഞ്ഞ ദിവസം നേരിയ കുറവ് മാത്രമാണ് വരുത്തിയത്. ആഗോള തലത്തില്‍ നൂറുഡോളറിലധികം വില ഉയര്‍ന്നപ്പോള്‍ 351 രൂപയാണ് ഇവിടെ കൂട്ടിയതെങ്കില്‍ ഇപ്പോള്‍ കുറവ് വരുത്തിയത് കേവലം 83.50 രൂപ. മൊത്ത വിലയില്‍ 40 ശതമാനത്തിലധികം കുറവുണ്ടായിട്ടും നേരത്തെ വര്‍ധിപ്പിച്ചതിന്റെ 25 ശതമാനം പോലും കുറയ്ക്കുന്നതിന് കമ്പനികള്‍ സന്നദ്ധമായിട്ടില്ലെന്നര്‍ത്ഥം.


ഇതുകൂടി വായിക്കു; ഒമ്പതാണ്ടിന്റെ ദുരിതപര്‍വം


സര്‍ക്കാര്‍ അതിന് സമ്മര്‍ദം ചെലുത്തിയതുമില്ല. 50 രൂപയാണ് ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് മാര്‍ച്ചില്‍ വര്‍ധിപ്പിച്ചതെങ്കില്‍ ഇത്തവണ ഒരുരൂപ പോലും കുറവ് വരുത്തിയതുമില്ല. അതുകൊണ്ടുതന്നെ വിലക്കുറവിന്റെ ആനുകൂല്യം സാധാരണക്കാര്‍ക്ക് ലഭിക്കുകയുമില്ല. ആഗോള തലത്തിലുണ്ടാകുന്ന വിലമാറ്റത്തിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് പറഞ്ഞാണ് വിലനിയന്ത്രണം സര്‍ക്കാര്‍ ഉപേക്ഷിച്ചത്. 2010 ജൂണിൽ പെട്രോൾ വില നിയന്ത്രണം യുപിഎ സര്‍ക്കാരും 2014 മേയില്‍ അധികാരത്തിലെത്തിയ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഒക്ടോബര്‍മാസം ഡീസൽ വില നിയന്ത്രണവും എടുത്തുകളഞ്ഞു. എന്നാല്‍ അതിന്റെ ഫലം ജനങ്ങള്‍ക്ക് പ്രത്യാഘാതമായി പരിണമിക്കുകയായിരുന്നു. ആഗോള തലത്തില്‍ വില കൂടുമ്പോള്‍ ഉടന്‍തന്നെ പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയ്ക്കെല്ലാം വിലകൂട്ടുന്നു. കുറയുന്നതനുസരിച്ച് ഇവിടെ വിലയില്‍ കുറവ് വരുത്തുന്നതിന് തയ്യാറാകുന്നുമില്ല. അസംസ്കൃത ഇന്ധനവില ബാരലിന് നൂറു ഡോളറിലധികമായി ഉയര്‍ന്നപ്പോള്‍ നിര്‍ണയിച്ച അതേ വിലയാണ് ഇപ്പോഴും നമ്മുടെ രാജ്യത്ത് ഉപഭോക്താക്കള്‍ നല്കിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരാകട്ടെ നോക്കുകുത്തിയായിരിക്കുകയും ചെയ്യുന്നു. ഫലത്തില്‍ കമ്പനികളുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.