11 December 2024, Wednesday
KSFE Galaxy Chits Banner 2

പ്രതീക്ഷയായി പരാതി പരിഹാര അദാലത്തുകൾ

Janayugom Webdesk
December 9, 2024 5:00 am

ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുകയും ആകാവുന്നത്രവേഗത്തില്‍ പരിഹാരം കാണുകയും ചെയ്യുക എന്നത് ജനകീയ ഭരണാധികാരികളുടെ പ്രത്യേകതയാണ്. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ വലിയ ശൃംഖലയുടെ നടപടിക്രമങ്ങളിലൂടെ കടന്നുപോകുന്നതിലൂടെ പരാതികൾ തീർപ്പാക്കുന്നതിന് വേഗം കുറവായിരിക്കും. അങ്ങനെയൊരു സാഹചര്യത്തിൽ അധികൃതർ നേരിട്ടെത്തി തങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കുന്നുവെന്നും പരിഹരിക്കുന്നു എന്നുമുള്ള പൗരബോധം ജനായത്ത ഭരണത്തിന്റെ മേന്മയുമാണ്. അതുകൊണ്ടാണ് നടപടിക്രമങ്ങളുടെ നൂലാമാലകൾ പെട്ടെന്ന് അഴിച്ചെടുക്കുകയും സങ്കീർണമല്ലാത്ത പ്രശ്നങ്ങൾ അപ്പോൾതന്നെ പരിഹരിക്കുകയും ചെയ്യുന്നതിന് പരാതി പരിഹാര അദാലത്തുകൾ എന്ന കാഴ്ചപ്പാട് രൂപപ്പെട്ടത്. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ചിരുന്ന് പരാതികൾ സ്വീകരിക്കുകയും അവ പരിഹരിക്കുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന അദാലത്തുകൾ, നടപടിക്രമങ്ങളിലെ സങ്കീർണതകളും തട്ടുതിരിക്കലുകളും കാരണം വൈകുന്ന പരാതികളിൽ വലിയൊരു പങ്ക് തീർപ്പാക്കുന്നതിനുള്ള വേദിയായി തീരുന്നുണ്ട്. അതിന്റെ നടത്തിപ്പ് രീതികളിൽ ചില ഘട്ടങ്ങളിൽ വിയോജിപ്പുണ്ടാകാം. ഏത് പരാതിക്കും ചികിത്സാസഹായം അനുവദിക്കപ്പെട്ടതിന് പരിഹസിക്കപ്പെട്ട മുൻകാല അദാലത്തുകളുടെ അനുഭവുമുണ്ട്. എങ്കിലും ഫലപ്രദമായ അദാലത്തുകൾ ജനങ്ങൾക്ക് നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്. അതുകൊണ്ടുതന്നെ എൽഡിഎഫ് സർക്കാർ ഇന്ന് മുതൽ ആരംഭിക്കുന്ന താലൂക്ക്തല പരാതി പരിഹാര അദാലത്തുകൾ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ കാണുന്നത്.

എൽഡിഎഫ് തുടർ സർക്കാർ അധികാരത്തിലെത്തിയതിനുശേഷമുള്ള മൂന്നാമത്തെയും താലൂക്ക്തലത്തിലുള്ള രണ്ടാമത്തെയും അദാലത്താണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസത്തിൽ മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും ജനങ്ങളിലേക്കിറങ്ങിച്ചെന്ന് 140 നിയമസഭാ മണ്ഡലങ്ങളിലും നടത്തിയ നവകേരള സദസുകൾ ജനങ്ങൾ ഹൃദയത്തിലേറ്റിയതായിരുന്നു. അതുവരെ ഉണ്ടായിട്ടില്ലാത്തത്രയും വലിയ ആൾക്കൂട്ടം സദസുകളിൽ പങ്കെടുത്തു. തങ്ങളുടെ ദൈനംദിന ജീവിതത്തിലെ ചെറുതും വലുതുമായ പ്രശ്നങ്ങളുടെ പരിഹാരത്തിനായി ആയിരക്കണക്കിനുപേർ പ്രതീക്ഷയോടെ നവകേരള സദസിനെത്തി. 6,45,099 പരാതികളാണ് ലഭിച്ചത്. അവയിൽ പകുതിയോളവും നിശ്ചിത കാലപരിധിയായ 45 ദിവസത്തിനകം തീർപ്പാക്കുന്ന സ്ഥിതിയുണ്ടായി. കുറച്ചധികം നടപടിക്രമങ്ങൾ ആവശ്യമായവ അടക്കം 5,75,000ത്തിലധികം പരാതികൾ ഇതിനകം പരിഹരിച്ചുകഴിഞ്ഞിട്ടുണ്ട്. അപേക്ഷകളിൽ ചിലത് പൊതുസ്വഭാവം ഉള്ളതായതിനാൽ വിഷയങ്ങളിൽ പൊതുവായ തീരുമാനങ്ങൾ എടുക്കേണ്ടതിനാലാണ് തീരുമാനം വൈകിയത്. എങ്കിലും മഹാഭൂരിപക്ഷം പരാതികളും കാലവിളംബമില്ലാതെ പരിഹരിക്കുന്നതിന് സാധിച്ചു എന്നത് അദാലത്തിന്റെ വിജയമാണ് സൂചിപ്പിക്കുന്നത്. 2023 ഏപ്രിൽ, മേയ് മാസങ്ങളിൽ കരുതലും കൈത്താങ്ങും എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തലത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിലും പതിനായിരക്കണക്കിന് പരാതികൾക്കാണ് പരിഹാരമുണ്ടായത്. 

ഈയൊരു പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അദാലത്തുകൾ ഒരിക്കൽകൂടി സംഘടിപ്പിക്കുന്നത്. ഭൂമി സംബന്ധമായ വിവിധ പ്രശ്നങ്ങൾ, സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, വയോജന സംരക്ഷണം, പട്ടികജാതി പട്ടികവർഗ വിഭാഗ ആനുകൂല്യങ്ങൾ, ധനസഹായം, പെൻഷൻ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, വ്യവസായ സംരംഭ അനുമതി, ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണം, നഷ്ടപരിഹാരം, തണ്ണീർത്തട സംരക്ഷണം, പ്രകൃതിദുരന്ത നഷ്ടപരിഹാരം, ലൈഫ് മിഷൻ, വായ്പ എഴുതിത്തള്ളൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ, റവന്യു റിക്കവറി വായ്പാ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും തുടങ്ങി നിരവധി വിഷയങ്ങളിന്മേലുള്ള പരാതികൾ അദാലത്തിൽ സ്വീകരിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യും. വെബ്സൈറ്റ് വഴി സ്വന്തമായോ അക്ഷയ സെന്റർ, താലൂക്ക് ഓഫിസ് ഹെൽപ്പ് ഡെസ്ക് മുഖേനയോ പരാതികൾ സമർപ്പിക്കാവുന്നതിന് പുറമേ അദാലത്ത് നടക്കുന്ന സ്ഥലങ്ങളിൽ ഒരുക്കിയ ഹെൽപ്പ് ഡെസ്കിലൂടെയും നൽകാം. പോർട്ടൽ വഴി ലഭിക്കുന്ന പരാതികൾ ജില്ലാ കളക്ടറേറ്റുകളിൽ നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് അതേ പോർട്ടൽ വഴി അയച്ച് നൽകും. പരാതികൾ പരിശോധിച്ച് വകുപ്പുകൾ നടപടി സ്വീകരിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം അതേ പോർട്ടൽ വഴി തിരികെ നൽകും. ജനുവരി 13 വരെ നീളുന്ന അദാലത്തിലേക്കായി ഒമ്പതിനായിരത്തോളം പരാതികൾ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. അദാലത്തുകളെ ജനങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നത് എന്നാണ് ചുരുങ്ങിയ ദിവസങ്ങൾക്കകം ലഭിച്ച പരാതികളുടെ എണ്ണം സൂചിപ്പിക്കുന്നത്. നേരത്തെ നടത്തിയ അദാലത്തുകൾ ഫലപ്രദമായിരുന്നുവെന്നും ഇതിലൂടെ വ്യക്തമാകുന്നു. 

TOP NEWS

December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.