26 July 2024, Friday
KSFE Galaxy Chits Banner 2

ലക്ഷദ്വീപിനെ വീണ്ടെടുക്കണം

Janayugom Webdesk
February 19, 2024 5:00 am

നരേന്ദ്ര മോഡി സർക്കാരിന്റെ രണ്ടാം വരവോടെയാണ് ലക്ഷദ്വീപ് ദുരൂഹത നിറഞ്ഞ വിവാദങ്ങളിൽ ഇടംപിടിച്ചത്. ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ചും മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദ്വീപിൽ തീവ്രഹിന്ദുത്വ നിലപാടുകൾ അടിച്ചേല്പിച്ചും ബിജെപി സർക്കാർ മുന്നോട്ടുപോയപ്പോൾ അവരുടെ കേവല രാഷ്ട്രീയ ദുഷ്ടലാക്കാണ് അതിന് പിന്നിലെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അതിനു പിന്നിലെ കച്ചവട താല്പര്യങ്ങൾ ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. മൂന്ന് വർഷം മുമ്പ് 2020 ഡിസംബർ അഞ്ചിന് പ്രഫുൽ പട്ടേൽ ഖോഡയെന്ന വ്യക്തി അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റതുമുതൽ ലക്ഷദ്വീപ് ജനത വലിയ അസ്തിത്വ പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നരേന്ദ്ര മോഡിയുടെ ഉറ്റസുഹൃത്തും അദ്ദേഹത്തിനു കീഴിൽ ഗുജറാത്തിൽ ആഭ്യന്തര മന്ത്രിയുമായിരുന്ന വെറും രാഷ്ട്രീയക്കാരനായ പട്ടേൽ ബിജെപിയുടെ വിദ്വേഷവും വ്യാപാര താല്പര്യങ്ങളും നിറഞ്ഞ നയങ്ങൾ അതേപടി നടപ്പിലാക്കുന്ന പാവയായാണ് പ്രവർത്തനം തുടങ്ങിയത്. 36 ദ്വീപുകളിലായി പടർന്നു കിടക്കുന്നതാണെങ്കിലും 10 എണ്ണത്തിലാണ് ജനവാസമുള്ളത്. 88 അംഗങ്ങളെ തെരഞ്ഞെടുക്കാവുന്ന 10 വില്ലേജ് പഞ്ചായത്തുകളും 26 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തും ഒരു ലോക്‌സഭാംഗവുമൊക്കെയായി ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകങ്ങൾ പ്രവർത്തിച്ചിരുന്ന പ്രദേശമായിരുന്നു മൂന്നുവർഷം മുമ്പ് വരെ ഈ കേന്ദ്രഭരണപ്രദേശം. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെയെല്ലാം നോക്കുകുത്തിയാക്കി സ്വേച്ഛാപരമായ ഉദ്യോഗസ്ഥമേധാവിത്ത ഭരണത്തിനാണ് ഖോഡ തുടക്കമിട്ടത്. മൂന്ന് വർഷത്തിനുള്ളിൽ 4,000 പേരെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കപ്പൽ സർവീസുകൾ വെട്ടിച്ചുരുക്കി പത്തിൽ നിന്ന് ഒന്നു മാത്രമാക്കി. ആശുപത്രികളിൽ നിന്ന് ഡോക്ടർമാരെയും നഴ്സുമാരെയും കൂട്ടത്തോടെ പിരിച്ചുവിട്ട് പ്രാഥമിക ചികിത്സപോലും നിഷേധിച്ചു. ലക്ഷദ്വീപ് വികസന അതോറിട്ടി എന്ന നാമനിർദേശക സംവിധാനത്തിലൂടെ ജനാധിപത്യ ഭരണത്തിനുമേൽ അദ്ദേഹം ആധിപത്യമുറപ്പിച്ചു. നിലവിലുണ്ടായിരുന്ന സമിതികളുടെ കാലാവധി തീർന്നിട്ടും തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറായില്ലെന്നു മാത്രമല്ല, സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടു കുട്ടികളിൽ കൂടുതൽ പാടില്ലെന്നുൾപ്പെടെ ഉപാധികൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു. അതിനുശേഷം ബന്ധപ്പെട്ട ആരുമായും ചർച്ച നടത്തുക പോലും ചെയ്യാതെ ഏതുഭൂമിയും ഏറ്റെടുക്കുന്നതിന് ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന ഉത്തരവ് പുറപ്പെടുവിച്ചു. ആരെയും ഒരു കാരണവും ബോധിപ്പിക്കാതെ ഒരുവർഷം വരെ ജയിലിൽ അടയ്ക്കുന്നതിനുള്ള നിയമ (സാമൂഹ്യ വിരുദ്ധ പ്രവർത്തനം നിയന്ത്രിക്കൽ) വും 2021ൽ നടപ്പിലാക്കി. ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ പോലും ഈ നിയമത്തിന്റെ പേരിൽ ജയിലിലിട്ടു. എത്രയോ സിപിഐ പ്രവർത്തകരും സംവിധായികയും സാമൂഹ്യ പ്രവർത്തകയുമായ അയിഷ സുൽത്താന ഉൾപ്പെടെയുള്ളവരും നിയമത്തിന്റെ ഇരകളായി വേട്ടയാടപ്പെട്ടു.

 


ഇതുകൂടി വായിക്കൂ; കര്‍ഷകസമരം യൂറോപ്പിലും ഇന്ത്യയിലും


ഈ മുന്നൊരുക്കങ്ങളെല്ലാം അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹത്തിന്റെ വിനോദസഞ്ചാര സാധ്യതകളും കടൽസമ്പത്തും ചൂഷണം ചെയ്യുന്നതിന് കോർപറേറ്റുകൾക്ക് അവസരമൊരുക്കുന്നതിനാണെന്ന് അക്കാലത്തുതന്നെ ആരോപണമുയർന്നിരുന്നതാണ്. രഹസ്യമായി അതിനുള്ള നീക്കങ്ങളും നടന്നുകൊണ്ടിരുന്നു. മോഡിയുടെ കോർപറേറ്റ് ചങ്ങാതിമാർ ദ്വീപിൽ ആള്‍പാർപ്പില്ലാത്ത പ്രദേശങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടുകയും കെട്ടിടസമുച്ചയങ്ങൾ കെട്ടിപ്പൊക്കുകയും ചെയ്യുന്നുവെന്ന വിവരങ്ങളും പുറത്തുവന്നു. രണ്ടുമാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ലക്ഷദ്വീപ് സന്ദർശിച്ച് കോർപറേറ്റ് കൊള്ളയ്ക്ക് പരവതാനി വിരിക്കുന്ന നിലപാടുകൾ പ്രഖ്യാപിക്കുകയും ചെയ്തു. മാലദ്വീപിൽ അടുത്തിടെ തെരഞ്ഞെടുപ്പിലുണ്ടായ ഭരണമാറ്റവും അവിടെ അധികാരത്തിലെത്തിയവരുടെ ഇന്ത്യാ വിരുദ്ധ നിലപാടും മറയാക്കി ലക്ഷദ്വീപിനെ വികസിപ്പിക്കുവാൻ പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ചായിരുന്നു മോഡി നാടകമാടിയത്. എന്നാൽ അത് പുറംമോടി മാത്രമായിരുന്നുവെന്നും കച്ചവട, കോർപറേറ്റ് ലോബി അവിടെ ഒരുക്കിയ അടിത്തറ വിപുലപ്പെടുത്താനുള്ള പച്ചക്കൊടിയായിരുന്നു എന്നുമാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച പരമ്പരയിലൂടെ ഞങ്ങൾ അനാവരണം ചെയ്യാൻ ശ്രമിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പുത്രൻ ജയ്ഷാ ബംഗാര ദ്വീപിൽ പണികഴിപ്പിച്ചിരിക്കുന്നത് വൻകിട ടൂറിസ്റ്റ് റിസോർട്ട്. അംബാനി, അഡാനി, ടാറ്റ തുടങ്ങി വമ്പന്മാരും വിവിധ ദ്വീപുകൾ വിലയ്ക്കെടുത്തുകഴിഞ്ഞു. ട്യൂണ മത്സ്യബന്ധനത്തിനുള്ള കുത്തകാവകാശം കവർന്നെടുത്ത് വ്യവസായ സാമ്രാജ്യം സ്ഥാപിക്കാനുള്ള അംബാനിയുടെ പദ്ധതി അവസാന ഘട്ടത്തിലാണ്. ഇതിനുപുറമേ ദ്വീപ് നിവാസികളെ അവരുടെ വാസഭൂമികളിൽ നിന്നും വ്യാപകമായി കുടിയിറക്കിത്തുടങ്ങിയിരിക്കുന്നു. ജനവാസം തീരെ കുറവായ ദ്വീപുകളിൽ നിന്നും വൻകരയിലോ മറ്റ് ദ്വീപുകളിലോ മാറ്റിപ്പാർപ്പിക്കാമെന്ന പ്രലോഭനം നല്‍കിയാണ് കോർപറേറ്റ് ഇടനിലക്കാർ രംഗത്തുള്ളത്. ഒഴിഞ്ഞുപോയില്ലെങ്കിൽ ഭൂമി ഏറ്റെടുക്കുമെന്ന ഭീഷണിയുമുണ്ട്. മത്സ്യബന്ധന ഷെഡ്ഡുകളും കിടപ്പാടങ്ങളും അനധികൃത നിർമ്മാണമെന്ന പേരിൽ പൊളിച്ചുമാറ്റുകയും ചെയ്യുന്നു. പട്ടയഭൂമികളിൽ സ്ഥിതി ചെയ്യുന്നവയാണ് ഇവയിൽ പലതും. ഈ നിലയിൽ മാനസികമായും ഭൗതികമായും തകർത്ത് ജനങ്ങളെ ആട്ടിയോടിക്കുകയും വൻകിട കോർപറേറ്റുകൾക്ക് വിനോദ സഞ്ചാര‑മത്സ്യബന്ധന വ്യവസായ സാമ്രാജ്യം കെട്ടിപ്പൊക്കുന്നതിനുമുള്ള കുതന്ത്രങ്ങളാണ് അവിടെയിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. തങ്ങളുടെ നിലനില്പുതന്നെ അപകടത്തിലാക്കുന്ന കച്ചവട തന്ത്രങ്ങളെ ചെറുത്തുതോല്പിക്കുവാനുള്ള ശേഷി അവർക്കില്ല. അതുകൊണ്ട് കേരളത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപിലെ ജനസമൂഹത്തെ ചേർത്തുപിടിക്കാനുള്ള ബാധ്യത നമുക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.