1 May 2024, Wednesday

ജൈവവൈവിധ്യ നിയമം ഔഷധ കുത്തകകൾക്ക് വഴിമാറുമോ?

സജി ജോണ്‍
February 1, 2022 7:00 am

ജൈവസമ്പത്തിന്റെയും പരമ്പരാഗത അറിവുകളുടെയും സംരക്ഷണത്തിനുവേണ്ടി ഏറ്റവും ശക്തമായി രാജ്യത്ത് നിലനിൽക്കുന്ന “ജൈവവൈവിധ്യ നിയമം” ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര സർക്കാർ തീരുമാനം കൈക്കൊണ്ടിരിക്കുന്നു. ആയുർവേദ പാരമ്പര്യ വൈദ്യരംഗത്ത് ജൈവവൈവിധ്യത്തെ കൂടുതലായി ഉപയോഗപ്പെടുത്തുന്നതിനു വേണ്ടിയാണ് നിയമഭേദഗതിയെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ആയുർവേദ ഗവേഷണം ത്വരിതപ്പെടുത്തുക, ഔഷധസസ്യ വിഭവങ്ങൾ ലഭ്യമാക്കുന്നതിലെ തടസങ്ങൾ ഇല്ലാതെയാക്കുക, പേറ്റന്റ് സംബന്ധിച്ച് നടപടിക്രമങ്ങൾ ലഘൂകരിക്കുക, വിഭവ-ഗവേഷണ ബൗദ്ധിക സ്വത്തവകാശ വാണിജ്യവൽക്കരണ മേഖലകളിൽ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പ്രധാനപ്പെട്ട പ്രഖ്യാപിത ലക്ഷ്യങ്ങൾ. എന്നാൽ, ഈ നീക്കം പരിസ്ഥിതിക്ക് ദോഷകരവും; ഔഷധസസ്യങ്ങളുടെയും പരമ്പരാഗത അറിവുകളുടെയും കാവലാളായി വർത്തിക്കുന്ന പ്രാദേശിക ജനസമൂഹത്തിന്റെ അർഹതപ്പെട്ട അവകാശങ്ങളുടെമേലുള്ള കടന്നുകയറ്റവുമാണെന്ന വിമർശനമാണ് ഉയർന്നു വരുന്നത്. ഭൂമിയിലെ ജീവന്റെ ആകെ തുകയാണ് ജൈവവൈവിധ്യം എന്ന പദം കൊണ്ടു വിവക്ഷിക്കപ്പെടുന്നത്. 

ആഗോള ജനസംഖ്യയുടെ ഏകദേശം പകുതിയോളംപേർ പ്രകൃതിവിഭവങ്ങളെ നേരിട്ടാശ്രയിച്ചു ജീവിക്കുന്നവരാണ്. കൃഷി, മൃഗ സംരക്ഷണം, വനസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലെ എല്ലാവിധ പ്രവർത്തങ്ങളുടെയും അടിസ്ഥാനം ജൈവവൈവിധ്യമാണ്. ഒരു രാജ്യത്തിന്റെ ജൈവസമ്പത്തിന്മേൽ അതാതു രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കുകയും അതേസമയം ദേശീയ നിയമങ്ങൾക്കും പരസ്പരം അംഗീകരിച്ച വ്യവസ്ഥകൾക്കും അനുസൃതമായി ജൈവവിഭവങ്ങൾ അന്യോന്യം ലഭ്യമാക്കുന്നതിനുമായി, 1992ൽ റിയോ ഡി ജനീറോയിൽ ചേർന്ന ഭൗമ ഉച്ചകോടി, ജൈവവൈവിധ്യം സംബന്ധിച്ച ആദ്യ ആഗോളകരാറിനു രൂപംകൊടുക്കുകയുണ്ടായി. ജൈവവൈവിധ്യ സംരക്ഷണം, ജൈവവിഭവങ്ങളുടെ സുസ്ഥിര ഉപയോഗം, ജൈവവിഭവങ്ങളുടെയും അതിൽനിന്നുള്ള പ്രയോജനങ്ങളുടെയും തുല്യവും നീതിപൂർവികവുമായ പങ്കുവയ്ക്കൽ എന്നിവയാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഐക്യരാഷ്ട സംഘടനയിലെ അമേരിക്ക ഒഴിച്ചുള്ള അംഗരാഷ്ട്രങ്ങളെല്ലാം ഈ ഉടമ്പടിയുടെ ഭാഗമാണ്. ജൈവസുരക്ഷയ്ക്കായുള്ള, 2000ലെ കാർട്ടീന പ്രോട്ടോകോൾ, ജൈവ വിഭവങ്ങളുടെ ഉപയോഗവും നേട്ടങ്ങളുടെ പങ്കുവയ്ക്കലും സംബന്ധിച്ചുള്ള 2010ലെ നഗോയ പ്രോട്ടോകോൾ എന്നിവയും ജൈവവൈവിധ്യ ഉടമ്പടിയിൽ അംഗങ്ങളായ ലോകരാഷ്ട്രങ്ങൾക്ക് ബാധകമാണ്. 

ആഗോള ഉടമ്പടിയുടെ ഭാഗമായിരിക്കെത്തന്നെ, നമ്മുടെ രാജ്യത്തിന്റെ ജൈവവൈവിധ്യ സംരക്ഷണം, അവയുടെ സുസ്ഥിരമായ ഉപയോഗം, അതിലൂടെ ലഭിക്കുന്ന നേട്ടങ്ങളുടെ നീതിപൂർവകമായ പങ്കുവയ്ക്കൽ, പരമ്പരാഗത അറിവുകളുടെ പരിപാലനം എന്നിവ ലക്ഷ്യമാക്കിയുള്ള ശക്തമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് നമ്മുടെ ജൈവവൈവിധ്യ നിയമം. ഇതുപ്രകാരം, കേന്ദ്രത്തിൽ ദേശീയ ജൈവവൈവിധ്യ അതോറിറ്റിയും സംസ്ഥാനങ്ങളിൽ ജൈവവൈവിധ്യ ബോർഡുകളും പ്രാദേശികതലത്തിൽ ജൈവവൈവിധ്യ നിർവഹണ (ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ്) കമ്മിറ്റികളും പ്രവർത്തിച്ചുവരുന്നു. പ്രാദേശിക ഭരണസ്ഥാപനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന മാനേജ്മെന്റ് കമ്മിറ്റികളാണ് അതാതു പ്രദേശത്തെ എല്ലാവിധ ജന്തു-സസ്യ ജൈവസമ്പത്തുകളെയും; അവയുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകളെയും സംബന്ധിച്ച് വിവരങ്ങൾ സമാഹരിച്ച്, “ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ” തയാറാക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം, രാജ്യത്ത് 2.68 ലക്ഷം മാനേജ്മെന്റ് കമ്മിറ്റികളും 2.48 ലക്ഷം ജൈവവൈവിധ്യ രജിസ്റ്ററുകളും നിലവിലുണ്ട്. കേരളം ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ബഹുദൂരം മുന്നിലുമാണ്. ഇന്ത്യയിലാദ്യമായി, മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജൈവവൈവിധ്യ നിർവഹണ കമ്മിറ്റികൾ രൂപീകരിക്കുകയും ജൈവവൈവിധ്യ രജിസ്റ്ററുകൾ പൂർത്തിയാക്കുകയും ചെയ്ത സംസ്ഥാനം കേരളമാണ്. 

നിലവിലെ ചട്ടങ്ങളനുസരിച്ച് ഇന്ത്യൻ പൗരന്മാർക്കോ മറ്റുള്ളവർക്കോ, മറ്റേതെങ്കിലും സംഘടനകൾക്കോ തങ്ങളുടെ ഗവേഷണങ്ങൾക്കോ വാണിജ്യാവശ്യങ്ങൾക്കോ, ഇന്ത്യയുടേതായ ഏതെങ്കിലും ജൈവവിഭവമോ അതുമായി ബന്ധപ്പെട്ട വിവരങ്ങളോ ഉപയോഗിക്കുവാൻ നാഷണൽ ബയോഡൈവേഴ്‌സിറ്റി അതോറിറ്റിയുടെ അംഗീകാരം ആവശ്യമാണ്. ജൈവവിഭവങ്ങളുടെയോ അതിൽ നിന്നുള്ള പ്രയോജനങ്ങളുടെയോ തുല്യവും നീതിപൂർവകവുമായ പങ്കുവയ്ക്കലിനായുള്ള ഫീസ് നിശ്ചയിക്കുന്നതിനും; പ്രാദേശിക ജനസമൂഹവുമായി അതിന്റെ നേട്ടം പങ്കുവയ്ക്കുന്നതിനുള്ള വ്യവസ്ഥകൾ നിർദേശിക്കുന്നതിനുമുള്ള അധികാരവും അതോറിറ്റിയിൽ നിക്ഷിപ്തമാണ്. എന്നാൽ, നിയമഭേദഗതി പ്രകാരം, ആയുർവേദവൈദ്യം പ്രാക്ടീസ് ചെയ്യുന്ന പരമ്പരാഗത വൈദ്യന്മാർ, രജിസ്റ്റേർഡ് ഡോക്ടർമാർ, ആയുർവേദ മരുന്നുകൾ ഉല്പാദിപ്പിക്കുന്ന കമ്പനികൾ തുടങ്ങിയവർക്ക് ഇനിമേൽ നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റിയുടെ യാതൊരു നിയന്ത്രണവുമില്ലാതെ തങ്ങൾക്കാവശ്യമായ ജൈവ(ഔഷധ)വിഭവങ്ങൾ യഥേഷ്ടം ഉപയോഗിക്കുവാൻ കഴിയും. ഇത്, അമൂല്യമായ നമ്മുടെ ജൈവസമ്പത്ത് നിർബാധം കൊള്ളയടിക്കപ്പെടുവാൻ കാരണമാകുമെന്നാണ് ഭയപ്പെടുന്നത്. 

വിദേശ കമ്പനികൾക്കും വിദേശ ഇന്ത്യക്കാർക്കും ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ക്കുള്ള അനുവാദം നൽകൽ, വിദേശികൾക്കും സ്ഥാപനങ്ങൾക്കും ഗവേഷണ വിവരങ്ങൾ കൈമാറുന്നത് നിയന്ത്രിക്കൽ, ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശത്തിന് അപേക്ഷിക്കാനുള്ള അനുവാദം നൽകൽ എന്നിങ്ങനെ വിപുലമായ അധികാരങ്ങളും നിലവിൽ ദേശീയ ജൈവവൈവിധ്യ അതോറിറ്റിയിൽ നിക്ഷിപ്തമാണ്. പുതിയ ഭേദഗതിയിൽ, ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും എന്നാൽ വിദേശികൾക്ക് പങ്കാളിത്തമുള്ളതോ മാനേജ്മെന്റ് തലത്തിൽ വിദേശികൾ ഉൾപ്പെടുന്നതോ ആയ കമ്പനികൾക്കുമേൽ അതോറിറ്റിയുടെ എന്തു നിയന്ത്രണമാണ് നിഷ്കർഷിച്ചിട്ടുള്ളതെന്നു വ്യക്തമല്ല. അതുപോലെ, ഏതെങ്കിലുമൊരു ജൈവസ്രോതസിന്റെ ഔഷധഗുണങ്ങളെ ഉപയോഗപ്പെടുത്തുന്നതിനുള്ള അംഗീകാരം നേടിയിട്ടുള്ള ഒരു ഏജൻസിക്ക്, തങ്ങളുടെ ഗവേഷണഫലങ്ങൾ അതോറിറ്റിയുടെ അനുമതിയില്ലാതെ മറ്റാർക്കും കൈമാറ്റം ചെയ്യുവാൻ ഇപ്പോൾ അവകാശമില്ല. 

പുതിയ ഭേദഗതിയിൽ, അത്തരം ജൈവസ്രോതസ്സോ അതുമായി ബന്ധപ്പെട്ട അറിവുകളോ തങ്ങളുടെ താല്പര്യപ്രകാരം വാണിജ്യവൽക്കരിക്കുന്നതിന് പ്രത്യേക അനുമതി വേണമെന്ന് നിഷ്കർഷിക്കുന്നില്ല. കൃഷിചെയ്ത് വളർത്തുന്ന ഔഷധസസ്യങ്ങളെ ആക്ടിന്റെ പരിധിയിൽനിന്നും പൂർണമായി ഒഴിവാക്കുന്നതാണ് മറ്റൊരു പ്രധാന ഭേദഗതി. വളർത്തു സസ്യങ്ങളെയും വന്യസസ്യങ്ങളെയും തിരിച്ചറിയുക തീർത്തും അസാധ്യമാകയാൽ വൻകിട കമ്പനികൾക്ക് ചട്ടങ്ങൾ മറികടന്നുകൊണ്ട് വന്യജൈവവിഭവങ്ങൾ ഉപയോഗപ്പെടുത്തുവാനും അതിന്റെ നേട്ടം പ്രാദേശിക ജനസമൂഹവുമായി പങ്കുവയ്ക്കുന്നതിനുള്ള ബാധ്യതയിൽനിന്ന് ഒഴിഞ്ഞുമാറുവാനും കഴിയും. ബയോഡൈവേഴ്‌സിറ്റി മാനേജ്മെന്റ് കമ്മിറ്റികളെ നിയമ ഭേദഗതി നോക്കുകുത്തിയാക്കി മാറ്റുമെന്നാണ് മറ്റൊരു പ്രധാന വിമർശനം. നിലവിലെ ചട്ടങ്ങൾ പ്രകാരം, ജൈവവിഭവ ഉപഭോഗം സംബന്ധിച്ച കാര്യങ്ങളിൽ സംസ്ഥാനങ്ങളിലെ ജൈവവൈവിധ്യ ബോർഡ് തീരുമാനമെടുക്കുന്നതിനു മുമ്പ്, പ്രാദേശിക മാനേജ്മെന്റ് കമ്മിറ്റികളുമായി ചർച്ചചെയ്യണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ ഭേദഗതി പ്രകാരം, ജൈവവിഭവങ്ങളുടെയോ അതിൽ നിന്നുള്ള പ്രയോജനങ്ങളുടെയോ തുല്യവും നീതിപൂർവകവുമായ പങ്കുവയ്ക്കൽ സംബന്ധിച്ചുള്ള വ്യവസ്ഥകൾ സംസ്ഥാന ജൈവവൈവിധ്യ ബോർഡുകൾക്കുതന്നെ തീരുമാനിക്കുവാൻ കഴിയും. മാനേജ്മെന്റ് കമ്മിറ്റികളെ ശക്തിപ്പെടുത്തുന്നതിനു പകരം അവയെ കൂടുതൽ ദുർബലപ്പെടുത്തുന്നത് ഒട്ടും ന്യായീകരിക്കത്തക്കതല്ല. 

ജൈവവൈവിധ്യത്തിന്റെയും അതുസംബന്ധിച്ച പരമ്പരാഗത അറിവുകളുടെയും സംരക്ഷണവും പരിചരണവുമാണ് നിലവിലെ നിയമത്തിന്റെ കാതലെങ്കിൽ, ഭേദഗതിയിലൂടെ അത് ജൈവവൈവിധ്യത്തിന്റെ വാണിജ്യവൽക്കരണത്തിലേക്ക് ചുരുങ്ങുകയാണ്. രാജ്യത്തെ ബയോ-ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിനു കരുത്തു പകരുന്നതാണ് നിയമഭേദഗതി എന്നതിൽ സംശയമില്ല. പ്രാദേശിക ഔഷധസമ്പത്തും അതുസംബന്ധിച്ച് പരമ്പരാഗത അറിവുകളും നൽകുന്ന സാമ്പത്തികനേട്ടം, അവയെ പരിപാലിച്ചു വരുന്ന ജനവിഭാഗങ്ങൾക്കുകൂടി പങ്കുവയ്ക്കപ്പെടേണ്ടതാണെന്ന വ്യവസ്ഥ ഒഴിവായി കിട്ടുവാൻ രാജ്യത്തെ വൻകിട ആയുർവേദ കമ്പനികൾ ഏറെക്കാലമായി ശ്രമിച്ചുവരുകയാണ്. ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും ചേർന്നു പടുത്തുയർത്തിയ ദിവ്യാ ഫാർമസി എന്ന സ്ഥാപനവും ഉത്തരാഖണ്ഡ് ബയോഡൈവേഴ്‌സിറ്റി ബോർഡുമായുണ്ടായ കേസ് ഇത്തരുണത്തിൽ എടുത്തു പറയേണ്ടതാണ്. ബോർഡിന്റെ അറിവോ സമ്മതമോ ഇല്ലാതെ, ആയുർവേദ ഉല്പന്നങ്ങളുടെ വാണിജ്യോല്പാദനത്തിനായി ജൈവവിഭവങ്ങൾ ഉപയോഗപ്പെടു ത്തുന്നത് നിയമവിരുദ്ധമാകയാൽ, പിഴയടയ്ക്കുവാൻ നിർദേശിച്ചുകൊണ്ട് നോട്ടീസ് നൽകിയപ്പോൾ, ഇക്കാര്യത്തിൽ ബോർഡിന്റെ അധികാരം അംഗീകരിച്ചുകൊണ്ടാണ് ഉത്തരാഖണ്ഡ് ഹൈ­ക്കോടതി വിധി നൽകിയത്. 

എങ്കിലും ദിവ്യാ ഫാർമസി ഇനിയും പിന്മാറിയിട്ടില്ല. അവരുടെ അപ്പീൽ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ഡിസംബർ 16ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പാർലമെന്റിൽ അവതരിപ്പിച്ച ജൈവവൈവിധ്യ നിയമഭേദഗതി ബിൽ, ഇപ്പോൾ സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്. ജയറാം രമേഷ് അധ്യക്ഷനായ പരിസ്ഥിതി-വനം-ശാസ്ത്ര സാങ്കേതിക വകുപ്പിനായുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടാതെ, ഡോ. സൻജയ് ജയ്സ്വാൾ ചെയർമാനായുള്ള സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനക്ക് ബിൽ വിട്ടത്, ഇക്കാര്യത്തിൽ സർക്കാരിന്റെ പ്രത്യേക താല്പര്യത്തെയാണ് സൂചിപ്പിക്കുന്നത്. പ്രതിഷേധം ഉയർന്നതിനെ തുടർന്ന്, ഭേദഗതി നിർദേശങ്ങളിൽ പൊതുജനാഭിപ്രായം തേടുന്നതിന് സമിതി തീരുമാനിച്ചിരിക്കുകയാണ്. 2022 ജനുവരി 31നു മുമ്പ് നിയമ ഭേദഗതി സംബന്ധിച്ച അഭിപ്രായം അറിയിക്കുവാനാണ് സമിതി ആവശ്യപ്പെട്ടിട്ടുള്ളത്. 

രണ്ടു ദശാബ്ദങ്ങളായി ഇന്ത്യ നടപ്പിലാക്കിയ നയങ്ങളിൽ നിന്നുള്ള തിരിച്ചുപോക്കായാണ് നിയമജ്ഞരും പരിസ്ഥിതി സ്നേഹികളും ജൈവവൈവിധ്യ നിയമഭേദഗതിയെ കാണുന്നത്. 1994­ൽ ഇന്ത്യ ലോക വാണിജ്യസംഘടനയുടെ ഭാഗമായപ്പോൾ, രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങളും ജൈവസമ്പത്തും പരമ്പരാഗത അറിവുകളും ചൂഷണം ചെയ്യപ്പെടുമോയെന്ന് വലിയതോതിൽ ആശങ്ക ഉയർന്നിരുന്നു. അതിനുള്ള ശക്തമായൊരു പ്രതിരോധം എന്ന നിലയിലാണ് ദേശീയ ജൈവവൈവിധ്യ നിയമം ഇന്ത്യ നടപ്പിലാക്കിയത്. നിയമം ഭേദഗതി ചെയ്യപ്പെടുമ്പോൾ, കോർപ­റേറ്റുകൾക്കും ഔഷധ കുത്തകകൾക്കും ജൈവവിഭവങ്ങളും പരമ്പരാഗത അറിവുകളും പ്രാദേശിക സമൂഹത്തിന്റെ അടിസ്ഥാനാവകാശങ്ങളും കൊള്ളചെയ്യുവാനുള്ള വഴിമരുന്നായി അതു മാറാതിരിക്കുവാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.