23 November 2024, Saturday
KSFE Galaxy Chits Banner 2

കുടത്തിലൊതുങ്ങാത്ത റഫാല്‍ ഭൂതം

Janayugom Webdesk
November 12, 2021 4:05 am

എത്ര ശ്രമിച്ചിട്ടും കുടത്തിലൊതുങ്ങാത്ത ഭൂതത്തെ പോലെ റഫാല്‍ ഇടപാടിലെ അഴിമതികള്‍ ഇടയ്ക്കിടെ പൊങ്ങിവന്നുകൊണ്ടിരിക്കുകയാണ്. ഇടപാടിലെ ദുരൂഹതകളും കോഴവിവാദങ്ങളും ഉണ്ടായപ്പോഴൊക്കെ ബിജെപി സര്‍ക്കാര്‍ അത് ഒതുക്കുന്നതിന് കിണഞ്ഞു പരിശ്രമിച്ചിരുന്നു. 2019 നവംബറില്‍ വിരമിക്കുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അന്വേഷണം ആവശ്യമില്ലെന്ന് അന്തിമമായി വിധി പറഞ്ഞു. 2018 ലെ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജി പരിഗണിച്ചായിരുന്നു ഇത്. ഈ വിധിയിലൂടെ സുപ്രീം കോടതിയെന്ന രാജ്യത്തെ പരമോന്നത കോടതി പോലും സംശയത്തിന്റെ നിഴലിലായി. റഫാല്‍ ഇടപാട് അന്വേഷിക്കണമെന്ന ആവശ്യം നിരാകരിച്ചു വിധി പ്രസ്താവം നടത്തിയ ബെഞ്ചിന്റെ അധ്യക്ഷന്‍ രഞ്ജന്‍ ഗോഗോയി വിരമിച്ച് അധികം കഴിയും മുമ്പ് രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതോടെ സംശയം ബലപ്പെടുകയും ചെയ്തു. പക്ഷേ ഇടനിലക്കാരുടെ മൊഴികളും അന്വേണഷണാത്മക പത്രപ്രവര്‍ത്തകര്‍ തേടിയെടുക്കുന്ന തെളിവുകളുമൊക്കെയായി റഫാല്‍ എന്ന ഭൂതം പിന്നെയും കുടത്തിലൊതുങ്ങാതെ പുറത്തെത്തുന്നു.

 


ഇതുകൂടി വായിക്കൂ: റഫാല്‍ വിമാന ഇടപാടിലും പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്


 

ഏറ്റവും ഒടുവില്‍ കൈക്കൂലിയുടെ കൃത്യമായ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. റഫാല്‍ ഇടപാടുകള്‍ സംബന്ധിച്ച് നിരന്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഫ്രഞ്ച് മാധ്യമമായ മീഡിയാ പാര്‍ട്ട് തന്നെയാണ് ഈ വിവരവും പുറത്തെത്തിച്ചത്. ഇപ്പോള്‍ നടത്തിയവെളിപ്പെടുത്തലുകള്‍ പക്ഷേ യുപിഎ സര്‍ക്കാരിന്റെ കാലത്തുള്ളതാണെന്ന വ്യത്യാസം മാത്രം. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍നിര്‍ത്തുന്ന പ്രസ്താവനകളുമായി ഇപ്പോള്‍ ബിജെപി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ഈ കോഴയുടെ വിവരങ്ങള്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 2018 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചുവെങ്കിലും അന്വേഷണത്തിന് തയാറായില്ലെന്ന സുപ്രധാനവിവരവും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സിബിഐ പോലുള്ള കേന്ദ്ര അന്വേഷണ സംഘങ്ങളെയോ പ്രത്യേകസംഘങ്ങളെയോ ചുമതലപ്പെടുത്തി അന്വേഷണം നടത്തുന്നതില്‍ ബിജെപി സര്‍ക്കാര്‍ വിമുഖത കാട്ടിയെന്നാണ് വെളിപ്പെടുത്തല്‍.

 


ഇതുകൂടി വായിക്കൂ: ഇന്ത്യയിലെ ചാരവേല ആർക്കുവേണ്ടി


 

65 കോടിയോളം രൂപ ഫ്രഞ്ച് വിമാന കമ്പനിയായ ദസ്സോ കൈക്കൂലി നൽകിയെന്നതിന്റെ തെളിവ് കൃത്യമായരേഖകളുടെ പിന്‍ബലത്തിലാണ് മീഡിയാപാര്‍ട്ട് അവതരിപ്പിച്ചത്. ഇടനിലക്കാരനായ സുഷൻ ഗുപ്ത വഴി 59,000 കോടി രൂപയുടെ പദ്ധതിക്ക് 7.5 ദശലക്ഷം യൂറോയാണ് കൈക്കൂലി നൽകിയത്. വ്യാജ വില്പന രേഖകള്‍ ഉണ്ടാക്കിയായിരുന്നു തുകകൈമാറിയത്. മൗറീഷ്യസ് ആസ്ഥാനമായുള്ള ഇന്റര്‍സ്റ്റെല്ലാര്‍ ടെക്‌നോളജീസ് മുഖേനയാണ് കൈക്കൂലി കൈമാറ്റം നടന്നത് എന്നിങ്ങനെയുള്ള ഗുരുതരമായ ആരോ പണങ്ങളാണ് വാര്‍ത്തയിലുള്ളത്. അഴിമതിയുമായിബന്ധപ്പെട്ട് ഇത്രയും സുപ്രധാനമായ വിവരങ്ങള്‍ ലഭിച്ചിട്ടും ബിജെപി അന്വേഷണത്തിന് തയാറായില്ലെന്നത് യാദൃച്ഛികമാണെന്ന് കരുതുക വയ്യ. ഇവിടെയാണ് അഴിമതിയുടെ കാര്യത്തില്‍ ബിജെപിയുടെ പൊള്ളത്തരവും ഇരുകക്ഷികളും ഒരേതൂവല്‍പക്ഷികളാണെന്ന വസ്തുതയും തെളിഞ്ഞുവരുന്നത്. ഇപ്പോള്‍ ബിജെപി വാദിക്കുന്നതുപോലെ കോണ്‍ഗ്രസും രണ്ടാം യുപിഎ സര്‍ക്കാരുമാണ് പ്രതികളെങ്കില്‍ ഈ വിവരം ലഭിച്ചഘട്ടത്തിലോ പിന്നീടോ അക്കാര്യം കേന്ദ്രസര്‍ക്കാര്‍ മറച്ചുപിടിച്ചത് എന്തിനായിരുന്നുവെന്ന ചോദ്യം പ്രസക്തമാണ്.

 


ഇതുകൂടി വായിക്കൂ: ഇന്ത്യൻ മനഃസാക്ഷിയെ വേട്ടയാടുന്ന റഫാൽ


യുപിഎസര്‍ക്കാരിന്റെ കാലത്തുമാത്രമാണ് കോഴ നടന്നതെങ്കില്‍ ദസ്സോയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഒഴിവാക്കുകയാണ് ബിജെപി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ രാജ്യത്തിന് അധികച്ചെലവ് വരുത്തിയുള്ള ഇടപാട് അവരുമായിതന്നെ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഒപ്പുവയ്ക്കുകയായിരുന്നു. ഈ വിഷയമാണ് പ്രധാനമായി ചര്‍ച്ച ചെയ്യപ്പെട്ടതും പരമോന്നത കോടതി പരിശോധിച്ചതും. യുപിഎ രണ്ടാം സര്‍ക്കാരിന്റെ കാലത്ത് ദസ്സോവിന്റെ 126 മീഡിയം മള്‍ട്ടി റോള്‍ കോംമ്പാറ്റ് റഫാല്‍ എയര്‍ ക്രാഫ്റ്റുകള്‍ 526 കോടി രൂപാ നിരക്കില്‍ വാങ്ങാനാണ് തീരുമാനമെടുത്തത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ 2016 സെപ്റ്റംബര്‍ 23ന് യുദ്ധവിമാനം ഒന്നിന് 1670 കോടി രൂപാ നിരക്കില്‍ വര്‍ധിപ്പിച്ച് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ദസ്സോവുമായി 59,000 കോടിയുടെ കരാറൊപ്പിട്ടത്. ഈ അന്തരവും തുകയിലുണ്ടായ വര്‍ധനവും സംശയാസ്പദവും അഴിമതിക്കുവേണ്ടിയുമാണെന്ന വെളിപ്പെടുത്തലാണ് നേരത്തേ ഉണ്ടായത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വെളിപ്പെടുത്തലിന്റെ കാലപരിധി രണ്ടാം യുപിഎസര്‍ക്കാരിന്റെ കാലത്താണെന്ന് പറഞ്ഞ് കയ്യൊഴിയുവാന്‍ ബിജെപിക്ക് സാധിക്കില്ല. കാരണം പിന്നീട് തങ്ങളുടെ ഭരണകാലത്ത് കൂടിയ നിരക്കിലുള്ള ഇടപാടിലേര്‍പ്പെടുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. അതില്‍നിന്ന് കൂടുതല്‍ കോഴയായി ലഭിച്ചിട്ടുമുണ്ടാവും. ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന് നല്കപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച കോടതിമുറികളില്‍ പോലും അന്വേഷണത്തെ നഖശിഖാന്തം എതിര്‍ത്തത് സംശയങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്തത്. നരേന്ദ്രമോഡി സര്‍ക്കാര്‍ വിശുദ്ധരാണെങ്കില്‍ ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരികയാണ് ചെയ്യേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.