16 April 2024, Tuesday

Related news

April 16, 2024
April 9, 2024
April 7, 2024
April 6, 2024
April 2, 2024
March 31, 2024
March 28, 2024
March 27, 2024
March 23, 2024
March 20, 2024

പ്രതിസന്ധികളെ മറികടന്ന് പുതുസാമ്പത്തിക വര്‍ഷത്തിലേക്ക്

Janayugom Webdesk
April 2, 2024 5:00 am

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണ്, ട്രഷറികള്‍ സ്തംഭിക്കുന്നു, ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ക്ഷേമ പെന്‍ഷനും മുടങ്ങാന്‍ പോകുന്നു, വികസന പ്രവര്‍ത്തനങ്ങള്‍ മരവിക്കുന്നു എന്നിങ്ങനെയുള്ള കുപ്രചരണങ്ങളുടെ നടുവിലാണ് ഒരു സാമ്പത്തിക വര്‍ഷം അവസാനിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ കുപ്രചരണങ്ങളെയും മാധ്യമ വിചാരണയെയും അതിജീവിച്ച് തടസങ്ങള്‍ ഒന്നുമില്ലാതെയാണ് പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് സംസ്ഥാനം കടന്നിരിക്കുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്രത്തിന്റെ നിരന്തരമായ അവഗണനയും സാമ്പത്തികമായി ഞെരുക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടും മെച്ചപ്പെട്ട ധനകാര്യ മാനേജ്മെന്റ് പ്രവര്‍ത്തനം കൊണ്ടാണ് ഈ നേട്ടം സംസ്ഥാനത്തിന് കൈവരിക്കാനായത്. ക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും നടത്തുന്നതിന് കടമെടുക്കുന്നതില്‍ പോലും കേന്ദ്രം വിലക്കേര്‍പ്പെടുത്തി. ആരോഗ്യ, ക്ഷേമ, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കേണ്ട വിഹിതങ്ങള്‍ വെട്ടിക്കുറയ്ക്കുകയും അര്‍ഹമായതുപോലും പല കാരണങ്ങള്‍ നിരത്തി തടഞ്ഞുവയ്ക്കുകയും നിഷേധിക്കുകയും ചെയ്തു. അരിച്ചാക്കില്‍ മോഡിയുടെ ചിത്രം പതിച്ചില്ല, പാവപ്പെട്ടവനു വേണ്ടി പണിതു നല്‍കിയ കുഞ്ഞുഭവനത്തില്‍ മോഡീസ്തുതി എഴുതിവച്ചില്ല എന്നിങ്ങനെ കാരണങ്ങള്‍ നിരത്തിയും വിഹിത നിഷേധം തുടര്‍ന്നു. സുപ്രീം കോടതിയില്‍ കേസ് നല്‍കിയാണ് പരിമിതമായ തുകയെങ്കിലും വായയ്പെടുക്കുന്നതിന് അനുമതിയായത്. അന്തിമ വിധിയില്‍ കൂടുതല്‍ തുക വായ്പയെടുക്കുന്നതിനുള്ള അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഹര്‍ജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയാണ് ഇന്നലെ സുപ്രീം കോടതി ചെയ്തിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഭരണഘടനാപരമായ വിഷയങ്ങള്‍ കൂടി അടങ്ങിയിരിക്കുന്നു എന്നതിനാല്‍ ആ പരിശോധന ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.
വലിയ സാമ്പത്തിക ഞെരുക്കങ്ങളിലൂടെ മുന്നോട്ട് പോകുന്നതിനിടയിലാണ് അല്ലലും അലട്ടലും ജനങ്ങളെ ബാധിക്കാതെ എല്ലാ മേഖലയിലും ആവശ്യമായ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. സാമൂഹ്യസുരക്ഷ, ക്ഷേമ മേഖലകളിലെ നിക്ഷേപം ഉയർത്തി. 2022–23 വരെയുള്ള പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് വിതരണത്തിനായി 454.15 കോടി രൂപ അനുവദിച്ചു. റബ്ബർ കർഷകർക്ക്‌ കുടിശികയില്ലാതെ ഉ­ല്പാദന ബോണസ്‌ വിതരണം ചെയ്യുകയും റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന്‌ 180 രൂപയാക്കുകയും ചെയ്തു. കേന്ദ്ര പദ്ധതി വിഹിതം നിഷേധിക്കപ്പെട്ടതിനാൽ പ്രതിസന്ധിയിലായ സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളിക്കും എൻഎച്ച്‌എം, ആശ, അങ്കണവാടി ഉൾപ്പെടെ സ്കീം പ്രവർത്തകർക്കും സംസ്ഥാന സര്‍ക്കാര്‍ വേതനം ഉറപ്പാക്കുന്നു‌.

 


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ സ്വതന്ത്ര പാനൽ


അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും 1000, 500 രൂപ വീതവും ആശാ വർക്കർമാര്‍ക്ക് 1000 രൂപയും പ്രതിഫലം വർധിപ്പിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)ക്ക്‌ ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ മാത്രം 350 കോടി രൂപ നൽകി. ഈ സർക്കാർ 2,795 കോടി രൂപ കാസ്‌പിനായി നീക്കിവച്ചു. ക്ഷേമ പെന്‍ഷനായി നൽകിയത്‌ 26,378 കോടി രൂപ‌. വിശ്വകർമ്മ, സർക്കസ്‌, അവശ കായിക‑കലാകാര പെൻഷൻ തുകകളും പ്രതിമാസം 1600 രൂപയാക്കി. ലൈഫ്‌ മിഷൻ പദ്ധതിക്ക്‌ മതിയായ സംസ്ഥാന വിഹിതം ഉറപ്പാക്കി. പരമ്പരാഗത മേഖലയിലും ബജറ്റ്‌ വിഹിതത്തിനപ്പുറം സഹായം നൽകുന്നു. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ക്ഷാമബത്തയും ലീവ്‌ സറണ്ടറും അനുവദിച്ചു. 5.07 ലക്ഷം വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും 11-ാം പെൻഷൻ പരിഷ്കരണ കുടിശികയായി 628 കോടി രൂപയാണ്‌ വിതരണം ചെയ്യുന്നത്‌. ക്ഷാമാശ്വാസവും അനുവദിച്ചു. കെഎസ്‌ആർടിസിക്ക്‌ 2,266 കോടി രൂപയും കെഎസ്ആര്‍ടിസി, കെടിഡിഎഫ്‌സി, കേരള ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ സാമ്പത്തിക കുരുക്ക് പരിഹരിക്കാന്‍ 412.5 കോടി രൂപയും നല്‍കി. കെഎസ്ഇബിയുടെ നഷ്ടം നികത്താന്‍ 750 കോടി രൂപ കഴിഞ്ഞ മാസം അനുവദിച്ചു, സപ്ലൈകോയ്ക്ക്‌ 550 കോടിയും നല്‍കി. കെഎസ്‌എഫ്‌ഇ, കെഎഫ്‌സി, കേരള ഗ്രാമീൺ ബാങ്ക്‌ ഉൾപ്പെടെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക്‌ ആവശ്യമായ മൂലധന പര്യാപ്തതയും ഉറപ്പാക്കി.
നികുതി, നികുതിയേതര വരുമാനങ്ങളിൽ ഉണ്ടായ മികച്ച മുന്നേറ്റമാണ് പ്രതിസന്ധിയുടെ കാലഘട്ടത്തിലും നല്ല നിലയിൽ മുന്നോട്ടുപോകാൻ കേരളത്തിന് കരുത്താകുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 2022–23 സാമ്പത്തിക വർഷം തനത് വരുമാനത്തിൽ റെക്കോഡ് വർധനയാണുണ്ടായത്. ഫെബ്രുവരി വരെ കേരളത്തിന്റെ നികുതി വരുമാനത്തിൽ 6,620 കോടി രൂപയുടെ വർധനയുണ്ടായി. നികുതിയേതര ഇനത്തിലും 4,274 കോടി രൂപ അധിക വരുമാനമുണ്ടാക്കി. വികസന, ക്ഷേമ ചെലവുകൾ കുറച്ചാൽ ഒരു ധനപ്രതിസന്ധിയുമില്ലാതെ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാകും. പല സംസ്ഥാനങ്ങളും പിന്തുടരുന്ന ഈ രീതി സ്വീകാര്യമല്ലെന്നാണ് കേരളം പ്രഖ്യാപിച്ചിട്ടുള്ളത്. ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരിന്റെ മെച്ചപ്പെട്ട ധനകാര്യ മാനേജ്മെന്റിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരും ബിജെപിയും ഒരുപോലെ പ്രതിരോധവും തടസങ്ങളും സൃഷ്ടിക്കുമ്പോഴും അവശ്യ ആവശ്യങ്ങള്‍ക്കുള്ള ചെലവുകള്‍ക്ക് നിയന്ത്രണങ്ങള്‍ വരുത്താതെ ചെലവുകള്‍ നിര്‍വഹിക്കുകയെന്നത് പ്രസ്തുത മാനേജ്മെന്റിന്റെ മികവാണ് അടയാളപ്പെടുത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.