23 May 2024, Thursday

തെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ സ്വതന്ത്ര പാനൽ

രാഷ്ട്രീയകാര്യ ലേഖകന്‍
April 1, 2024 4:15 am

രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടക്കാൻ പോവുകയാണ്. ഫലം ജൂൺ നാലിന് പുറത്തുവരും. വെല്ലുവിളി നിറഞ്ഞ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യയിലും വിദേശത്തുമുള്ള അഞ്ച് വിദഗ്ധര്‍ ചേര്‍ന്ന് പൊതു തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനായി ഒരു സ്വതന്ത്ര പാനൽ രൂപീകരിച്ചിരിക്കുന്നു. “ഇന്ത്യൻ തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനുള്ള സ്വതന്ത്ര പാനൽ — 2024” എന്ന് പേരിട്ടിരിക്കുന്ന സമിതിയില്‍ നീര ചന്ദോക്ക് (ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിലെ നാഷണൽ ഫെലോ, റിട്ട. പ്രൊഫസർ, ഡൽഹി യൂണിവേഴ്സിറ്റി), ഡോ. തോമസ് ഡാഫേൺ (ചെയർമാൻ വേൾഡ് ഇന്റലക്ച്വൽസ് വിസ്ഡം ഫോറം ഡയറക്ടർ, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സ്റ്റഡീസ് ആന്റ് ഗ്ലോബൽ ഫിലോസഫി കൺവീനർ), സഖാവത് ഹുസൈൻ (ബംഗ്ലാദേശ് മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ), ഡോ. ഹരീഷ് കാർണിക്ക് (മുൻ പ്രൊഫസർ, ഐഐടി, കാൺപൂർ), ഡോ. സെബാസ്റ്റ്യൻ മോറിസ് (മുൻ പ്രൊഫ. ഐഐഎം അഹമ്മദാബാദ്), പ്രൊഫ. രാഹുൽ മുഖർജി (പ്രൊഫ. ആന്റ് ചെയർ, മോഡേൺ പൊളിറ്റിക്സ് ഓഫ് സൗത്ത് ഏഷ്യ, ഹൈഡൽബർഗ് യൂണിവേഴ്സിറ്റി ജർമ്മനി) എന്നിവരാണ് അംഗങ്ങള്‍.


ഇതുകൂടി വായിക്കൂ: എസ്ബിഐ വെബ്സെെറ്റില്‍ നിന്ന് ഇലക്ടറല്‍ ബോണ്ട് രേഖകള്‍ നീക്കി


ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെക്കുറിച്ച് പൗരാവകാശ ഗ്രൂപ്പുകള്‍ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കുക, രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഒരു ‘ലെവൽ പ്ലേ ഫീൽഡ്’ ഉറപ്പാക്കുക, 970 ദശലക്ഷം പേര്‍ വോട്ട് രേഖപ്പെടുത്താനിരിക്കെ അതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക എന്നിവയാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. നിരീക്ഷണത്തെ അടിസ്ഥാനമാക്കി, ഇടക്കാല റിപ്പോർട്ടുകളും അന്തിമ റിപ്പോർട്ടുകളും പുറത്തിറക്കാൻ ഐപിഎംഐഇ പദ്ധതിയിടുന്നു. മാതൃകാ പെരുമാറ്റച്ചട്ടത്തിലെ ലംഘനങ്ങളുടെ സാധ്യത, രാഷ്ട്രീയ പാർട്ടികൾക്കും വിവിധ സമുദായങ്ങളിൽ നിന്നുള്ള വോട്ടർമാർക്കും സമതുലിതാവകാശം എന്നിവ ചൂണ്ടിക്കാണിക്കാനും ഗ്രൂപ്പ് പദ്ധതിയിടുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷവും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രധാന ആശങ്കകൾ പാനൽ മാർച്ച് 27ന് പുറത്തിറക്കിയ ഏറ്റവും പുതിയ ബുള്ളറ്റിനിൽ സൂചിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ആശങ്കകൾ, മാധ്യമ പക്ഷപാതം, ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ വെളിപ്പെടുത്തലുകളും ഉള്‍പ്പെടെ ആശങ്കാജനകമായ നിരവധി വിഷയങ്ങൾ സമിതിയുടെ പരാമര്‍ശങ്ങളിലുണ്ട്.


ഇതുകൂടി വായിക്കൂ: വോട്ടിങ് യന്ത്രം: നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമോ


നിരീക്ഷണങ്ങളുടെ പട്ടിക ഇപ്രകാരമാണ്: അടുത്തിടെ രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിച്ചതിനെ സെലക്ഷൻ കമ്മിറ്റിയിലെ ഏക ഭരണപക്ഷ അംഗം വിമർശിച്ചിരുന്നു. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ പേര് തക്കസമയത്ത് തനിക്ക് നൽകിയില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. നടപടിക്രമങ്ങളിലെ വീഴ്ചകളിൽ സുപ്രീം കോടതിയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍, വോട്ടിങ് ഘട്ടങ്ങള്‍ എന്നിവയും സംശയമുണര്‍ത്തുന്നു. നീണ്ട ഏഴ് ഘട്ടം ഭരണകക്ഷിയായ ബിജെപിക്കും അതിന്റെ താരപ്രചാരകന്‍ നരേന്ദ്ര മോഡിക്കും നേട്ടമാകാവുന്ന തരത്തിലാണെന്ന് കരുതുന്നു. ഇവിഎമ്മുകളെക്കുറിച്ചുള്ള ആശങ്കകളും തുടരുകയാണ്. 2019ലെ തെരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങൾ ഇസിഐക്ക് റിപ്പോർട്ട് ചെയ്ത ഇവിഎം പരാജയത്തിന്റെ ഉയർന്ന നിരക്ക് വിവരാവകാശ രേഖകള്‍ വഴി വെളിപ്പെട്ടതാണ്. വിവിപാറ്റുകൾ എണ്ണുന്നത് പോലുള്ള, പൗരസമൂഹം ആവശ്യപ്പെടുന്ന നിർദേശങ്ങൾ കമ്മിഷന്‍ അംഗീകരിച്ചിട്ടുമില്ല.

ഇലക്ടറൽ ബോണ്ട് പദ്ധതി സംബന്ധിച്ച സുപ്രീം കോടതിയുടെ സമീപകാല വിധിയുടെ പ്രാധാന്യവും സമിതി നിരീക്ഷിക്കുന്നു. പൊതുവായി ലഭ്യമായ തെളിവുകളിൽ നിന്നും വിശകലനങ്ങളിൽ നിന്നും, ഭരണകക്ഷിയായ ബിജെപി അശാസ്ത്രീയമായി ബോണ്ട് ഉപയോഗിച്ചതായി സംശയം ബലപ്പെടുന്നു. ദാതാക്കളിൽ സമ്മർദം ചെലുത്താനും ഭരണകക്ഷിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനും ബിജെപി ബോണ്ടിനെ ഉപയോഗപ്പെടുത്തിയെന്ന സംശയം കഴമ്പുള്ളതാണ്. പ്രധാനമന്ത്രി മോഡിയുടെ മതവികാരം വെളിപ്പെടുത്തുന്ന പ്രസംഗങ്ങളും നിരീക്ഷണവിധേയമാക്കും. മാർച്ച് 19ന് തമിഴ്‌നാട്ടിലെ സേലത്ത് നടത്തിയ പ്രസംഗത്തിൽ മോഡി മതവികാരം വ്രണപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഇസിഐക്കും പരാതി നല്‍കിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് ചെലവും അഴിമതി സൂചികയും


ഒരു പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയുടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് സമയത്ത് അറസ്റ്റ് ചെയ്തത് തെരഞ്ഞെടുപ്പിലേക്ക് പോകുന്ന എല്ലാ പാർട്ടികൾക്കും തുല്യാവകാശം അനുവദിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഗുരുതരമായ സംശയം ഉളവാക്കുന്നു. പ്രതിപക്ഷത്തെ മറ്റൊരു മുഖ്യമന്ത്രി ഹേമന്ത് സൊരേന്‍ അറസ്റ്റിലായതിന് പിന്നാലെയാണ് അരവിന്ദ് കെജ്‌രിവാളും അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രതിപക്ഷ പാർട്ടികളെയും അവയിലെ പ്രമുഖ വ്യക്തികളെയും ഉന്നംവയ്ക്കാന്‍ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതിൽ വ്യക്തമായ പദ്ധതിയുണ്ടെന്ന് തോന്നുന്നതാണ് നടപടികള്‍. ഇത് തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശക്തി ക്ഷയിപ്പിക്കും. ഇലക്ടറൽ ബോണ്ടുകൾ, മുഖ്യമന്ത്രിമാരുടെ അറസ്റ്റ് എന്നിവ ഉൾപ്പെടെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിഷയങ്ങളിൽ മിക്ക മുഖ്യധാരാ മാധ്യമങ്ങളും അസന്തുലിതമായ ചിത്രമാണ് അവതരിപ്പിച്ചത് എന്ന വസ്തുതയും സമിതി നിരീക്ഷിക്കുന്നു. ഭരിക്കുന്ന പാർട്ടിക്ക് അനുകൂലമായി വോട്ടർമാര്‍ക്ക് പക്ഷപാതപരമായ വിവരങ്ങൾ ലഭ്യമാകാൻ ഇത്തരം മാധ്യമവാര്‍ത്തകളും കാരണമാകുന്നു.

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 325 പറയുന്നു: “മതം, വംശം, ജാതി, ലിംഗഭേദം അല്ലെങ്കിൽ അത്തരം മറ്റേതെങ്കിലും ഘടകം വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ഒരു വ്യക്തിയുടെയും യോഗ്യതയോ അയോഗ്യതയോ അല്ല”. എന്നിട്ടും ദശലക്ഷക്കണക്കിന് മുസ്ലിം ജനതയെയും ദളിതരെയും പട്ടികയിൽ നിന്ന് ആസൂത്രിതമായി ഒഴിവാക്കിയതായി തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചുവെന്ന് അന്വേഷി‌ക്കാനും വേഗത്തിൽ ശരിയാക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന് അടിയന്തര ബാധ്യതയുണ്ട്.

(സബ്‌രംഗ് ഇന്ത്യ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.