31 March 2025, Monday
KSFE Galaxy Chits Banner 2

ഭാരതപ്പുഴയിലെ മണൽഖനനം: ആശങ്കകൾ അകറ്റണം

Janayugom Webdesk
February 28, 2025 5:00 am

കേന്ദ്ര സർക്കാരിന്റെ കടൽ മണൽഖനന നീക്കത്തിനെതിരെ കേരളാ ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത മത്സ്യമേഖലാ പണിമുടക്കും തീരദേശ ഹർത്താലും വൻവിജയമായാണ് വിലയിരുത്തപ്പെടുന്നത്. മത്സ്യബന്ധനത്തിലും അനുബന്ധ തൊഴിലുകളിലും ഏർപ്പെട്ടിട്ടുള്ള രണ്ടര ലക്ഷത്തിലേറെ തൊഴിലാളികുടുംബങ്ങളുടെയും തീരദേശത്തിന്റെയും നിലനില്പിനെയും സംസ്ഥാനത്തിന്റെ പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും അപകടത്തിലാക്കുന്ന പ്രസ്തുത വിഷയത്തിൽ കേന്ദ്രത്തിനെതിരെ ശക്തമായ താക്കീതാണ് പണിമുടക്കും ഹർത്താലും നൽകിയത്. വിഷയത്തിൽ പ്രക്ഷോഭകർ പ്രഖ്യാപിച്ചിട്ടുള്ള മാർച്ച് 12ന്റെ പാർലമെന്റ് മാർച്ചും തുടർ പ്രക്ഷോഭപരിപാടികളും കേന്ദ്രസർക്കാരിനെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സമാന്തരമായി, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നദികളിൽ ഒന്നായ ഭാരതപ്പുഴയിൽ നിന്നും വൻതോതിൽ മണൽഖനനത്തിന് തകൃതിയായ നീക്കം നടക്കുന്നുവെന്നത് വലിയ ആശങ്കയ്ക്കാണ് വഴിവയ്ക്കുന്നത്. പുഴകളുടെയും തീരങ്ങളുടെയും നിലനില്പും തന്ത്രപ്രധാനമായ പാലങ്ങളടക്കം ഉപരിഘടനകളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തി നിയന്ത്രിതതോതിൽ മണൽഖനനം നടത്തുന്നതിനെ ആരും എതിർക്കുമെന്ന് കരുതുന്നില്ല. എന്നാൽ ഭാരതപ്പുഴയിൽനിന്നും മണൽഖനനം നടത്താനുള്ള നീക്കത്തെ ചൂഴ്ന്നുനിൽക്കുന്ന രഹസ്യസ്വഭാവവും അതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയപഠനത്തിന്റെ അഭാവവുമാണ് ജനങ്ങളിൽ ആശങ്ക ജനിപ്പിക്കുന്നത്. ഭാരതപ്പുഴയിൽ കുറ്റിപ്പുറത്തെ കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഇരുഭാഗങ്ങളിൽ നിന്നുമാണ് മണൽഖനനം ചെയ്ത് വില്പനയ്ക്ക് തീരുമാനിച്ചിട്ടുള്ളത്. നിർദിഷ്ട പ്രദേശത്തുനിന്നും ഡ്രഡ്ജറുകളടക്കം കൂറ്റൻ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് 250 കോടി രൂപയുടെ മണൽ ഖനനം ചെയ്യുന്നതിന് ഗുജറാത്തിലെ എആർഎസ് കമ്പനിക്ക് ടെന്‍ഡർ ഉറപ്പിച്ചതായാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. 

മണൽഖനനത്തെ തത്വത്തിൽ ആരും എതിർക്കുന്നില്ലെങ്കിലും പരിസ്ഥിതി ആഘാതം, കുറ്റിപ്പുറത്ത് ഇപ്പോഴുള്ളതും ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയായിവരുന്നതുമായ പാലങ്ങളുടെ സുരക്ഷിതത്വം എന്നിവയെപ്പറ്റി ശാസ്ത്രീയ പഠനങ്ങൾ കൂടാതെയും, ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവരെ വിശ്വാസത്തിലെടുക്കാതെയും നടത്തുന്ന ഖനന നീക്കമാണ് ആശങ്കയ്ക്ക് കാരണം.
കേരളത്തിലെ നദികളിൽനിന്നുമുള്ള മണൽ ഖനനം നാഷണൽ ഗ്രീൻ ട്രിബ്യുണൽ (എൻജിടി) ഒന്നിലേറെത്തവണ നിരോധിച്ചിട്ടുള്ളതാണ്. പരിസ്ഥിതി ആഘാത പഠനം കൂടാതെ മണൽഖനനം അരുതെന്നും ട്രിബ്യുണൽ നിർദേശിച്ചിരുന്നു. അനധികൃത മണൽ ഖനനം മൂലം നദീതടശോഷണം, ജലവിതാനം താഴുന്നത്, ഒഴുക്കിന്റെ അസ്ഥിരത എന്നിവ തടയുന്നതിനും പാലങ്ങളടക്കം ഉപരിഘടനകളും പുഴകളുടെ ആവാസവ്യസ്ഥകളും സംരക്ഷിക്കുന്നതിനുമാണ് ഈ നിയന്ത്രണങ്ങൾ നിഷ്കർഷിക്കുന്നത്. നിർദിഷ്ട ഖനനപദ്ധതിയുടെ ഭാഗമായി കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ജലസംഭരണ മേഖലയിൽ രണ്ട് കിലോമീറ്ററോളം പ്രദേശത്ത് മൂന്നുമീറ്റർ ആഴത്തിൽ മണലൂറ്റിനുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. പരിസ്ഥിതി ആഘാത പഠനം കൂടാതെ ടെന്‍ഡർ ചെയ്ത പദ്ധതിക്കെതിരെ ജനങ്ങളും പരിസ്ഥിതി പ്രവർത്തകരും എതിർപ്പുമായി രംഗത്തെത്തിയതോടെ ബന്ധപ്പെട്ടവർ തിടുക്കത്തിൽ അതിനുള്ള ശ്രമം ആരംഭിച്ചതായാണ് മനസിലാക്കുന്നത്. ഇതിനകം ടെന്‍ഡർ ചെയ്ത് മുന്നോട്ടുപോയ പദ്ധതിക്ക് ഇപ്പോൾ നടത്തുന്ന പഠനം ‘പാദത്തിനനുസരിച്ച് ചെരിപ്പുണ്ടാക്കുന്നതിനു പകരം ചെരിപ്പിനനുസരിച്ച് പാദം മുറിക്കാനുള്ള’ ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്. കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി ഫലപ്രദമാകണമെങ്കിൽ അവിടെ കെട്ടിക്കിടക്കുന്ന മണൽ നീക്കംചെയ്യേണ്ടതുണ്ട്. 

എന്നാൽ അതിന്റെ പേരിൽ കൂറ്റൻ യന്ത്രോപകരണങ്ങളുടെ സഹായത്തോടെ വൻതോതിൽ മണൽഖനനത്തിന് മുതിരുന്നതാണ് പദ്ധതിയെ ദുരൂഹമാക്കുന്നത്. നിർമ്മാണ വ്യവസായത്തിന്റെ വളർച്ചയും വ്യാപ്തിയും മണലിനെ അമൂല്യ അസംസ്കൃതവസ്തുവിന്റെ ഗണത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. ഖനനാവകാശം സ്വകാര്യ കമ്പനിയിൽ നിക്ഷിപ്തമായിരിക്കെ ഖനനം ചെയ്തെടുക്കുന്ന മണൽ, കൊള്ളലാഭത്തിനുള്ള അവസരം സൃഷ്ടിക്കുമെന്ന ആശങ്കയും ശക്തമാണ്. മണൽഖനന നീക്കത്തിൽ പുഴകളുടെയും മറ്റും ഭരണനിർവഹണ ചുമതലയുള്ള റവന്യു വകുപ്പിനോ ഖനനപ്രദേശത്തെ തദ്ദേശഭരണ സ്ഥാപനത്തിനോ എന്ത് പങ്കാണുള്ളതെന്നും വ്യക്തമല്ല. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയ നദി മാത്രമല്ല ഭാരതപ്പുഴ. മലയാളിയുടെ സാമൂഹിക, സാംസ്കാരിക, കാർഷിക ജീവിതത്തിൽ 209 കിലോമീറ്റർ ദൈർഘ്യമുളള നിളയ്ക്ക് നിർണായക സ്ഥാനമാണുള്ളത്. അതിനെ സംരക്ഷിച്ച് നിലനിർത്തേണ്ടത് വരുംതലമുറയോടുള്ള ബാധ്യതയല്ല, മറിച്ച് ഉത്തരവാദിത്തമാണ്. ഒരു സ്വകാര്യ കമ്പനിയുടെ ലാഭാർത്തിയെക്കാളും, സർക്കാരിന് ഉണ്ടാവുന്ന താല്‍ക്കാലിക വരുമാനത്തെക്കാളും പ്രധാനമാണ് ഭാരതപ്പുഴയുടെ സംരക്ഷണവും അതിന്റെ നിലനില്പും. തങ്ങളുടെ സർക്കാർ എന്ന് ജനങ്ങള്‍ അഭിമാനിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളത്തിന്റെയും ജനങ്ങളുടെയും ഭാവിയെക്കരുതി അതീവ ഗൗരവത്തോടെയും സൂക്ഷ്മതയോടെയും പ്രശ്നത്തെ സമീപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

TOP NEWS

March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.