കേരളവും രാജ്യവും അടുത്തകാലത്തുകണ്ട തീവ്രതയേറിയ പ്രകൃതിദുരന്തങ്ങളിൽ ഒന്നായ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് കഴിഞ്ഞദിവസം സംസ്ഥാനത്തിന് ലഭിച്ചു. അതിന് കേന്ദ്രസർക്കാരിന് 154 ദിവസം വേണ്ടിവന്നുവെന്നതിൽ അത്‍ഭുതം കൂറുന്നവരുണ്ടാവാം. പ്രധാനമന്ത്രിയും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും നേരിട്ട് സന്ദർശിച്ച് ബോധ്യപ്പെട്ട ദുരന്തത്തിന്റെ വ്യാപ്തി കുറച്ചുകാട്ടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കേരളത്തിലെ നേതാക്കളടക്കം ബിജെപി നേതൃത്വവും തുടക്കംമുതലേ ബോധപൂർവം ശ്രമം നടത്തിയിരുന്നു. നൽകാത്ത ദുരന്തമുന്നറിയിപ്പ് കേരളം അവഗണിച്ചുവെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദത്തിൽനിന്നായിരുന്നു അതിന്റെ തുടക്കം. മേപ്പാടി പഞ്ചായത്തിലെ രണ്ടു വാർഡുകളെ മാത്രം ബാധിച്ച സംഭവമെന്ന നിലയിൽ ദുരന്തത്തെ നിസാരവല്‍ക്കരിച്ച വി മുരളീധരന്റെ പ്രസ്താവനയോളം അതെത്തി. ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും വിവേചനപരമായ അവഗണനയ്ക്കെതിരെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനത്തും പാർലമെന്റിലും പുറത്തും ഉയർന്ന പ്രതിഷേധവും, സംസ്ഥാനസർക്കാരും കേരളാ ഹൈക്കോടതിയും നടത്തിയ ശക്തമായ ഇടപെടലുകളുമാണ് ദുരന്തത്തിന്റെ തീവ്രസ്വഭാവം അംഗീകരിക്കാൻ കേന്ദ്രസർക്കാരിനെ നിർബന്ധിതമാക്കിയത്. പാർലമെന്റിൽ കേന്ദ്രസർക്കാർ രണ്ടുതവണ അംഗീകരിച്ച വസ്തുത ഇപ്പോൾ സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിക്കുകയാണുണ്ടായത്. ദുരന്തനിവാരണം, ദുരന്തബാധിതരുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ കേരളം ഉന്നയിക്കുന്ന ആവശ്യങ്ങളോട് ഇപ്പോഴും പ്രതികരിക്കാൻ കേന്ദ്രം വിസമ്മതിക്കുന്നുവെന്നത് പ്രതിഷേധാർഹവും അപലപനീയവുമാണ്. സമാന സാഹചര്യങ്ങളിൽ ബിജെപിയും എൻഡിഎയിലെ സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളോട് സ്വീകരിച്ചതിൽനിന്നും വ്യത്യസ്തവും നിഷേധാത്മകവുമയ സമീപനമാണ് കേന്ദ്രം കേരളത്തോട് സ്വീകരിച്ചതെന്നത് രാജ്യത്തിന്റെ ഫെഡറൽ ജനാധിപത്യമൂല്യങ്ങളുടെ സമ്പൂർണ നിരാകരണമാണ്.
വയനാട് ദുരന്ത പ്രതികരണത്തിനായി കേരളം 214.68 കോടി രൂപ ദേശീയ ദുരന്ത നിവാരണ നിധിയിൽനിന്നും ആവശ്യപ്പെട്ടിരുന്നു. നവംബർ 16ന് കേന്ദ്ര ഉന്നതാധികാര സമിതി കേരളത്തിന്റെ ആവശ്യം പരിഗണിക്കുകയും 153.47 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഫലത്തിൽ കേരളത്തിന് യാതൊന്നും ലഭിച്ചില്ല എന്നതാണ് വസ്തുത. ദുരന്ത നിവാരണ നിധിയുടെ വിനിയോഗം സംബന്ധിച്ച നിബന്ധനകൾ അറിഞ്ഞുകൊണ്ട് കേരളത്തെ കബളിപ്പിക്കാനുള്ള മനഃപൂർവമായ ശ്രമമാണ് അമിത് ഷായുടെ നേതൃത്വത്തിൽ നടന്നത്. ഗുജറാത്ത്, ബിഹാർ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഇത്തരം നിബന്ധനകൾ ബാധകമാക്കാതെ അടിയന്തര സഹായം നൽകുകയുണ്ടായി എന്നത് മോഡി സർക്കാർ കേരളത്തോട് കാണിക്കുന്ന വിവേചനത്തെയാണ് തുറന്നുകാട്ടുന്നത്. അതിതീവ്ര ദുരന്തബാധിത മേഖലകളിലെ ജനങ്ങളുടെ വായ്പകൾ എഴുതിത്തള്ളാൻ നിയമവ്യസ്ഥയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കേരളത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ രാഷ്ട്രീയ അല്പത്തമാണ് മോഡി സർക്കാർ അവലംബിക്കുന്നത്. വിഷയത്തെ, ദുരന്തത്തിന്റെ ആഘാതത്തിലും ദുരിതങ്ങളിലുംപെട്ട് ഉഴലുന്ന മനുഷ്യരെ സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള ആയുധമാക്കി മാറ്റാനാണ് ശ്രമം. പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ട 2,219 കോടി രൂപയുടെ ആവശ്യത്തിലും കേന്ദ്രം മൗനം ദീക്ഷിക്കുകയാണ്. ഏത് പ്രതിസന്ധിയിലും ദുരന്തബാധിതരെ മാന്യമായി പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുമായി കേരളം നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകുമെന്ന് എൽഡിഎഫ് സർക്കാരും റവന്യുമന്ത്രി കെ രാജനും അർത്ഥശങ്കയ്ക്ക് ഇടമില്ലാത്തവിധം ഉറപ്പുനൽകിയിട്ടുണ്ട്. പുനരധിവാസ ടൗൺഷിപ്പുകൾക്കുവേണ്ടിയുള്ള സ്ഥലമേറ്റെടുക്കുന്ന വിഷയത്തിൽ കേരളാ ഹൈക്കോടതി തീർപ്പുകല്പിച്ചതോടെ ആ ശ്രമങ്ങൾ വേഗത കൈവരിച്ചിട്ടുണ്ട്. പുനരധിവാസ ശ്രമങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുള്ളവരുമായി മുഖ്യമന്ത്രി കൂടിയാലോചനകൾ ആരംഭിക്കുന്നുവെന്ന വാർത്തയും ഏറെ പ്രതീക്ഷയും ആശ്വാസവും നൽകുന്നതാണ്.
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ അതിതീവ്ര സ്വഭാവം ഔപചാരികമായി അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായി എന്നത് അതിന്റെ ഇരകളായ മനുഷ്യർക്കുവേണ്ടി കേരളം നടത്തിയ നിരന്തര സമ്മർദത്തിന്റെയും പോരാട്ടത്തിന്റെയും വിജയമാണ്. എന്നാൽ അത് ഇരകളുടെ ജീവിതത്തിൽ പ്രതിഫലിപ്പിക്കാൻ ഇനിയും ഏറെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. നിയമപരമായ ബാധ്യതകൾ രാഷ്ട്രീയ അഭിപ്രായങ്ങളുടെയും കണക്കുകൂട്ടലുകളുടെയും അടിസ്ഥാനത്തിൽ നിറവേറ്റാൻ വിസമ്മതിക്കുന്നതും വിവേചനപരമായ സമീപനങ്ങൾ തുടരുന്നതും ഇനിയും സുഗമമായി തുടർന്നുപോകുക കേന്ദ്രത്തിന് എളുപ്പമായിരിക്കില്ല. കേന്ദ്രം സ്വമേധയാ, സന്മനസോടെ എടുത്ത തീരുമാനമല്ല ഇപ്പോഴത്തേത്. സംസ്ഥാനത്തെ ജനങ്ങളുടെ പ്രതിഷേധം, സംസ്ഥാന സർക്കാർ കേന്ദ്രത്തിനുമേൽ തുടർന്നുവന്ന സമ്മർദം, കക്ഷിരാഷ്ട്രീയത്തിന് അതീതമായി പാർലമെന്റിന്റെ ഇരുസഭകളിലെയും കേരളത്തിൽനിന്നുള്ള അംഗങ്ങൾ അകത്തും പുറത്തും നടത്തിയ ഇടപെടലുകൾ, അവർക്ക് ഇതര അംഗങ്ങൾ നൽകിയ പിന്തുണ, സർവോപരി കേരളാ ഹൈക്കോടതി ഭരണഘടനാ തത്വങ്ങളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നിലപാടുകൾ എന്നിവയെല്ലാം കേന്ദ്ര നിലപാടുമാറ്റത്തിന് സഹായകമായി. അവയുടെ വിട്ടുവീഴ്ചയില്ലാത്ത തുടർച്ചയിലാണ് വയനാട് ദുരന്തത്തിന്റെ ഇരകളുടെ ഭാവിജീവിതത്തിന്റെ കെട്ടുറപ്പ്. അതുതന്നെയായിരിക്കും ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ കേരളത്തിന് അർഹമായ സ്ഥാനവും അവകാശവും ഉറപ്പുവരുത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.