20 June 2024, Thursday

ഗാന്ധിക്കും സ്വാതന്ത്ര്യ സമരത്തിനുമെതിരായ യുദ്ധം

Janayugom Webdesk
June 9, 2024 5:00 am

1948 ജനുവരി 30ലെ സായാഹ്നത്തിൽ ഗാന്ധിജി പ്രാർത്ഥനയ്ക്കായി പ്രവേശിക്കുകയായിരുന്നു. അപ്പോഴാണ് പെട്ടെന്ന് ഗോഡ്സെ അദ്ദേഹത്തിനുനേരെ വെടിവയ്ക്കാൻ ആരംഭിച്ചത്. മൂന്ന് വെടിയുണ്ടകൾക്കുശേഷം ബാപ്പു തളർന്നുവീണു. എന്നാൽ ആ സമയവും തന്റെ കൊലപാതകിക്കുനേരെ ഒരു പരിഭവവും പ്രകടിപ്പിക്കാതെ അപാരമായ സ്നേഹത്തോടെയും ക്ഷമയോടെയും നോക്കി അദ്ദേഹം ഉച്ചരിച്ചത് ഹേ റാം എന്ന രണ്ട് വാക്കുകൾ മാത്രം. പലതായിരിക്കുമ്പോഴും ഈ രാജ്യത്തെ ഒന്നാക്കി മാറ്റിയവൻ. ഇന്ത്യയെ ഛിന്നഭിന്നമാക്കുന്നതിന് വ്യഗ്രത കാട്ടിയവർക്ക് അത് ഇഷ്ടപ്പെട്ടില്ല. അവർ ബ്രിട്ടീഷ് ഭരണാധികാരികളുടെ വിശ്വാസ്യത നേടുകയും അവർക്കൊപ്പം നിൽക്കുകയും ചെയ്തവരായിരുന്നു. അവരുടെ നിലപാടുകൾക്ക് സ്വാതന്ത്ര്യ പോരാട്ടം നയിച്ച ബാപ്പു ഭീഷണിയായിരുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ പടരുന്ന അന്ധകാരം ഗാന്ധിജി തിരിച്ചറിഞ്ഞു. ഈ സ്തംഭനാവസ്ഥ കോളനിവാഴ്ചയുടെ തകർച്ചയിലേക്ക് നയിക്കുമെന്ന സാഹചര്യം മുതലെടുത്തുകൊണ്ട് സ്വന്തം ലക്ഷ്യം നേടുന്നതിന് അദ്ദേഹം ഉപയോഗിച്ചു. അങ്ങനെയാണ് നാം സ്വാതന്ത്ര്യം നേടിയത്. തന്റെ ജനങ്ങളോടുള്ള അപാരമായ സ്നേഹത്തോടെ അദ്ദേഹം അവസാന നിമിഷം വരെ ഉറച്ചുനിന്നു. എന്നാൽ അത് അന്തിമമായിരുന്നില്ല. വിഭജനത്തിന്റെ വ്യാപ്തി വർധിച്ചുകൊണ്ടിരുന്നു.
അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിനു ശേഷം 2024 ജനുവരി 22ന് ചേർന്ന മന്ത്രിസഭായോഗം ഒരു പ്രമേയം അംഗീകരിച്ചു. 1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടി, എന്നാൽ ഇപ്പോഴാണ് അതിന്റെ ആത്മാവ് പവിത്രമാക്കപ്പെട്ടതെന്നായിരുന്നു പ്രസ്തുത പ്രമേയത്തിൽ പറഞ്ഞിരുന്നത്. ഈ വർഷം ജനുവരി 30ന് തൊട്ടുമുമ്പുള്ള ദിവസമായിരുന്നു അത്തരമൊരു പ്രമേയം അംഗീകരിച്ചത്. മഹാത്മജിയുടെ രണ്ടാം ഉന്മൂലനമല്ലാതെ മറ്റൊന്നായിരുന്നില്ല അത്. മഹാത്മജിയെ കുഴിച്ചുമൂടാനുള്ള മൂന്നാമത്തെ ശ്രമമാണ് കഴിഞ്ഞയാഴ്ചകളിൽ ഉണ്ടായിരിക്കുന്നത്. 1982ൽ ഗാന്ധിജിയുടെ ആത്മകഥാപരമായ ചലച്ചിത്രം പുറത്തിറങ്ങുന്നത് വരെ അദ്ദേഹത്തെ ലോകത്തിന് അറിയില്ലായിരുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയായിരുന്നു അത്. യുഎസിലെ പൗരാവകാശ പ്രസ്ഥാനത്തിന്റെ നേതാവ് മാർട്ടിൻ ലൂഥർ കിങ്, ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റും വർണ വിവേചനത്തിനെതിരായ പോരാളിയുമായിരുന്ന നെൽസൺ മണ്ടേല എന്നിവരെ പോലെ ഗാന്ധിജിയെ ലോകം അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞുവച്ചു. 

ഇങ്ങനെയൊരാൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നത് വരുംതലമുറ വിശ്വസിക്കുവാൻ പ്രയാസമായിരിക്കുമെന്ന് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് 1939ലായിരുന്നു. 2019 ഒക്ടോബർ രണ്ടിന് ന്യൂയോർക്ക് ടൈംസിനായി തയ്യാറാക്കിയ ലേഖനത്തിൽ 1939 ഒക്ടോബർ രണ്ടിന് ഗാന്ധിജിയുടെ 70-ാം ജന്മവാർഷികത്തിൽ ഐൻസ്റ്റീൻ നടത്തിയ ഈ പരാമർശം മോഡി തന്നെ ഉദ്ധരിച്ചിട്ടുമുണ്ട്. മാർട്ടിൻ ലൂഥർ കിങ്ങിലും നെൽസൺ മണ്ടേലയിലും ഗാന്ധിജി ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും മോഡി പരാമർശിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തോളമായി രാജ്യം ആർഎസ്എസുകാരുടെ കൈകളിലായിരുന്നു. അതിനാൽതന്നെ എല്ലാ മതക്കാർക്കും തുല്യാവകാശമുള്ള മതേതര ഇന്ത്യ എന്ന ഗാന്ധിയൻ ആശയം കടുത്ത കടന്നാക്രമണം നേരിടുകയാണ്. മുസ്ലിങ്ങളെ മറ്റുള്ളവരായി കണക്കാക്കുന്നതിനുള്ള ശ്രമങ്ങൾ ദേശീയതലത്തിൽ വലിയതോതിൽ നടന്നുകൊണ്ടിരിക്കുന്നു. വിദ്വേഷ പ്രസംഗങ്ങൾ, മുസ്ലിങ്ങളെ അപരന്മാരായി ചിത്രീകരിക്കുവാനുള്ള നീക്കങ്ങൾ, പശു സംരക്ഷണത്തിന്റെയും ലൗ ജിഹാദിന്റെയും പേരിലുള്ള കടന്നാക്രമണങ്ങൾ എന്നിവ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ഇവയും മുസ്ലിം സമുദായത്തോട് നേരിട്ട് വിവേചനം കാട്ടുന്ന പൗരത്വ നിയമം ഉൾപ്പെടെയുള്ള ഹിന്ദു മേധാവിത്വ അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങളും ഇന്ത്യയിലെ മതേതര ജനാധിപത്യത്തെക്കുറിച്ചുള്ള ഗാന്ധിയൻ കാഴ്ചപ്പാടിനെ നശിപ്പിക്കാനും കീഴ്പ്പെടുത്താനും തുടങ്ങി. 

യഥാർത്ഥത്തിൽ 2014ന് ശേഷം മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ ഇത്ര പരസ്യമായി പുകഴ്ത്തുകയും ദേശീയ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തതുപോലുള്ള അനുഭവം ഇതിന് മുമ്പുണ്ടായിരുന്നില്ല. ഹിന്ദുത്വ മേധാവിത്ത ശക്തികൾ ഹിന്ദുരാഷ്ട്രത്തിന്റെയും തങ്ങളുടെ മുൻഗാമിയും അക്കാലത്ത് നേരിട്ട പ്രധാന തടസം നീക്കുന്നതിന് ശ്രമിച്ച ഗോഡ്സെയുടെയും വിമോചകനായാണ് മോഡിയെ കാണുന്നത്. ഗാന്ധിയെ വധിച്ച പ്രവൃത്തി ഒരു കുറ്റമല്ലെന്നും പരിപാവനമായ കടമ നിറവേറ്റുന്നതിനുള്ള ഒരു ചുവടുവയ്പാണെന്നും അവർ കാണുന്നുവെന്നാണ് ഗോഡ്സെ അവരിൽ ചെലുത്തുന്ന സ്വാധീനത്തിൽ നിന്ന് മനസിലാക്കേണ്ടത്.
1945–46 കാലഘട്ടത്തിൽ സിപിഐ ജനറൽ സെക്രട്ടറി പി സി ജോഷിയാണ് ഗാന്ധിജിയെ നമ്മുടെ രാഷ്ട്രപിതാവ് എന്ന് വിളിച്ചത്. സ്വതന്ത്രമായ ഒരു സാമൂഹികരാഷ്ട്രീയ വ്യവസ്ഥ കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളിൽ ബാപ്പുവുമുണ്ടായിരുന്നു. ഒരു സാമൂഹിക ജനാധിപത്യ അടിത്തറയിൽ അധിഷ്ഠിതമായ വ്യവസ്ഥയായിരുന്നു അത്, അവിടെ ഗ്രാംഷിയൻ സൈദ്ധാന്തിക വീക്ഷണം ഉണ്ടായിരുന്നു. ഭരണകൂട അധികാരം ഒരു പരിണാമഘട്ടത്തിൽ പോലും കയ്യടക്കപ്പെടരുതെന്നും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ തലത്തിൽ നീണ്ട ജനകീയ സമരത്തിലൂടെയാകണമെന്നുമുള്ളതായിരുന്നു അത്. നമ്മുടെ ഭരണഘടനയുടെ ആദർശങ്ങളും അത് വാഗ്ദാനം ചെയ്ത ഇടവും സ്വീകരിക്കാൻ തുടങ്ങിയപ്പോഴും നമ്മുടെ ദേശീയ പ്രസ്ഥാനം ചരിത്രപരമായ പങ്ക് വഹിച്ചിരുന്നു. ആശയപരവും രാഷ്ട്രീയവുമായി വൈവിധ്യമാർന്ന ധാരകളുടെ അപൂർവ സംയോജനമായിരുന്നു നമ്മുടെ ദേശീയ പ്രസ്ഥാനം. അത് നാനാത്വത്തെ എങ്ങനെ ഏകീകരിക്കാമെന്ന പാഠമായിരുന്നു. ഐക്യവും ശക്തിയും ആ പ്രസ്ഥാനത്തിന് കരുത്ത് നൽകി.
1947ൽ, നമ്മൾ സ്വാതന്ത്ര്യം നേടിയപ്പോൾ, “ബ്രിട്ടീഷുകാർ ഭരിച്ചിരുന്നത് ഒരു ദൈവേച്ഛയായി” വീക്ഷിച്ച (1935 ഒക്ടോബർ 10ന് ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഒരു വാർത്താ റിപ്പോർട്ടിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രഥമ തലവനായ കേശവ് ബലിറാം ഹെഡ്ഗേവാർ നടത്തിയ നിരീക്ഷണമാണിത്) വിഭാഗത്തിനൊഴികെ എല്ലാവർക്കും അതിൽ പങ്കുണ്ടായിരുന്നു. ഒരാളല്ല, എല്ലാവരും അവരുടേതായ അസ്തിത്വ സ്വാതന്ത്ര്യം നിലനിർത്തുന്നതിനുള്ളതായാണ് അതിനെ കണ്ടത്. ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന അന്നത്തെ വാർത്തയിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വോളണ്ടിയർമാരുടെ മാർച്ച് സൈനിക ക്രമത്തിൽ എന്നായിരുന്നു ഉണ്ടായിരുന്നത്. സംഘത്തിന്റെ പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ടൗൺ ഹാൾ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് ഇന്ത്യൻ ജിംഖാന ഗ്രൗണ്ടിൽ അവസാനിച്ചു. ആർഎസ്എസ് നേതാക്കളായ ഡോ. മൂഞ്ചെയും ഡോ. പരഞ്ജ്പെയും സൈനിക വേഷം ധരിച്ചിരുന്നു എന്നും വാർത്തയിലുണ്ടായിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ സ്വാതന്ത്ര്യസമര സേനാനികളുമായി ആർഎസ്എസിനുള്ള വിയോജിപ്പ് നിലനിൽക്കുന്നതിലും അതിലെ ഒരു അംഗമായ നാഥുറാം ഗോഡ്സെ 1948 ജനുവരി 30ന് മഹാത്മാഗാന്ധിയെ വധിക്കുന്നതിലേക്ക് എത്തിച്ചേർന്നതിലും അതിശയിക്കാനില്ല. അത് ഇപ്പോഴും തുടരുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.