പട്ടിണിപ്പാവങ്ങളുടെ രാജ്യംകൂടിയാണിപ്പോള്‍ ഇന്ത്യ. അതിന്റെ പ്രധാന ഭാരം ചുമക്കുന്നതാകട്ടെ കുട്ടികളും. ദിവസങ്ങളോളം ഭക്ഷണം കിട്ടാത്തവര്‍ ഇക്കൂട്ടത്തിലുണ്ട്. തൊഴിലില്ലായ്മയും വരുമാനക്കുറവും വര്‍ധിക്കുകയാണ്. വിഭവങ്ങളൊന്നും സ്വന്തമായില്ലാത്തവരുടെ ഏക സ്വപ്നം ഭക്ഷണം മാത്രമാണ്. രാജ്യത്ത് ആവശ്യത്തിന് ആഹാരം കിട്ടാത്ത കുട്ടികൾ (സീറോ ഫുഡ്) 19.3 ശതമാനമാണെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. ഗിനിയയിലെ 21.8, മാലിയിലെ 20.5 ശതമാനങ്ങള്‍ക്ക് പിന്നാലെ മൂന്നാമത്തെ ഉയർന്നനിരക്കാണ് ഇന്ത്യയിലേത്. കോംഗോ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിൽ പോലും ആഹാരമില്ലാത്ത കുട്ടികൾ 7.4 ശതമാനം മാത്രമാണ്. പാകിസ്ഥാനില്‍ 9.2ഉം നൈജീരിയയിൽ 8.8 ശതമാനവുമാണ് നിരക്ക്. 5.6 ശതമാനം മാത്രമുള്ള ബംഗ്ലാദേശ് ഇന്ത്യയെക്കാൾ മികച്ച നിലവാരത്തിലാണ്. എന്നാല്‍ ഗിനിയയിലും മാലിയിലും കുട്ടികൾ 24 മണിക്കൂറിലധികം ഭക്ഷണമില്ലാതെ കഴിയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ 2019–21ലെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ അടിസ്ഥാനമാക്കിയുള്ള പഠനം പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി പുരോഗമിച്ചുവെന്ന് അവകാശപ്പെടുന്ന ഭരണാധികാരികള്‍ക്ക് ഈ സത്യം വിഴുങ്ങുക പ്രയാസമാണ്.
രാജ്യത്തെ കുട്ടികൾക്ക് ഏറ്റവും പരിചരണം ആവശ്യമായ പ്രായത്തില്‍ ഒരു പകലും രാത്രിയും മുഴുവന്‍ ഭക്ഷണം കിട്ടാതെവരുന്നു എന്നത് ക്രൂരമാണ്. ഭക്ഷണത്തിന്റെ ലഭ്യത അപകടകരമാംവിധത്തില്‍ കുറഞ്ഞിരിക്കുന്നു. അടുത്ത ദിവസം ഭക്ഷണം കിട്ടുമോ എന്ന അനിശ്ചിതത്വവും മുന്നില്‍ക്കിടക്കുന്നു. ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും മൂന്നാമത്തെ വലിയ പർച്ചേസിങ് പവർ പാരിറ്റിയും (പിപിപി) ആകുന്നത് ആര്‍ക്കുവേണ്ടിയാണ്? പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ കേവലം 139-ാം സ്ഥാനത്താണ്. റിപ്പോർട്ടിലെ കണ്ടെത്തലുമായി താരതമ്യം ചെയ്താല്‍ ഇത് ബോധ്യമാകും. പട്ടിണി അനുഭവിക്കുന്ന ആഗോളതലത്തിലെ ഏകദേശം എട്ട് ദശലക്ഷം കുട്ടികളിൽ, 6.7 ദശലക്ഷത്തിലധികം ഇന്ത്യയിലാണ്. 2016നും 2021നും ഇടയിൽ വിവിധ കാലങ്ങളിലായി, താഴ്ന്ന വരുമാനമുള്ളതും ഇടത്തരം വരുമാനമുള്ളതുമായ 92 രാജ്യങ്ങളിലെ ആരോഗ്യ സർവേകൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. കൂലിപ്പണിക്കാരും കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ സമയം കിട്ടാത്തവരുമായ അമ്മമാരുമായി ‘സീറോ-ഫുഡ്’ കുട്ടികളുടെ ഭക്ഷണ ദൗർലഭ്യം ബന്ധപ്പെട്ടിരിക്കുന്നു. മൂന്ന് മുതല്‍ ആറ് മാസം വരെ പ്രായമുള്ളവരാണ് ഭക്ഷണം കിട്ടാത്ത കുട്ടികളിലധികവും. ഒരുദിവസം മുഴുവന്‍ പാലോ കട്ടിയുള്ളതോ അർധ ഖരമോ ആയ ഭക്ഷണത്തിന്റെ അഭാവം നേരിടുന്നത് ഈ പ്രായക്കാരാണ്. ഇത്തരം കുഞ്ഞുങ്ങൾക്ക് മിക്കവാറും അമ്മമാരാണ് ഭക്ഷണം നൽകുന്നത്. മാസങ്ങൾ കഴിയുന്തോറും കുട്ടികൾ വളരുകയും പോഷകാഹാരത്തിന്റെ ആവശ്യകത വർധിക്കുകയും ചെയ്യുന്നു. ആവശ്യമുള്ള അളവിൽ വിറ്റാമിനുകൾ, പ്രോട്ടീൻ, ധാതുക്കൾ, ഊർജം എന്നിവ അവര്‍ക്ക് ആവശ്യമാണ്. പ്രശ്നം വ്യത്യസ്തതലങ്ങളില്‍ ചര്‍ച്ചചെയ്ത് കാലതാമസമില്ലാതെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അടിസ്ഥാന പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കണം. അതിന് ഭരണകൂടത്തിന്റെ മുന്‍കെെ അത്യന്താപേക്ഷിതമാണ്.
കുട്ടികൾ മനുഷ്യ സമൂഹത്തിന്റെ ഭാവിയാണ്. ലഭ്യമായ പഠനങ്ങളനുസരിച്ച്, നല്ലൊരു ശതമാനം ശിശു/കുട്ടികൾക്കും പോഷകപൂരകമായ ആഹാരം ലഭിക്കുന്നില്ല. അമ്മമാരുടെ സാഹചര്യങ്ങൾ കുട്ടികൾക്ക് ശരിയായതും പൂർണവുമായ പരിചരണം നൽകുന്നതിൽ നിന്ന് അവരെ തടയുന്നതുതന്നെയാണ് മുഖ്യകാരണം. ആറ് മാസം വരെ പ്രായമുള്ള കുഞ്ഞിന് ഭക്ഷണം നൽകാൻ, ഒരു സ്ത്രീക്ക് നിശ്ചയമായും സമയം കിട്ടേണ്ടതാണ്. എന്നാല്‍ ഭൂരിപക്ഷം അമ്മമാർക്കും വിവിധ പ്രവർത്തനങ്ങളിൽ ഏര്‍പ്പെടേണ്ടിവരുന്നു. ഉപജീവനം തേടല്‍, കുടുംബത്തിലെ മുതിർന്നവരോ അസുഖബാധിതരോ ആയ അംഗങ്ങളെ നോക്കുക അതിനൊപ്പം കുട്ടികളെ പരിപാലിക്കുക എന്നതാണവസ്ഥ. കുട്ടികള്‍ പരിഗണനാപട്ടികയിൽ അവസാനമാണ് വരുന്നതെന്നര്‍ത്ഥം. ഗ്രാമങ്ങളിലും നഗരങ്ങളിലും സ്ഥിതി സമാനമാണ്. കുടിവെള്ളമോ, ശരിയായ സൂര്യപ്രകാശമോ, മലിനമാകാത്ത വായുവോ, ശുദ്ധമായ ചുറ്റുപാടുകളോ ഇല്ലാതെ ചേരികളിലാണ് അധികം പേരും ജീവിക്കുന്നത്. ഇതും കുട്ടികൾക്ക് പൂരക ഭക്ഷണം നൽകാനോ വളരുന്നതിനനുസരിച്ച് ആരോഗ്യകരമായ ഭക്ഷണം നൽകാനോ വേണ്ടത്ര സമയം കിട്ടാതാകാന്‍ കാരണമാണ്. ഇന്ത്യയില്‍ പത്തില്‍ രണ്ട് ശിശു/കുട്ടികള്‍ ഒരു ദിവസം മുഴുവൻ ഭക്ഷണമൊന്നും ലഭിക്കാത്തതിന്റെ അപകടസാധ്യത നേരിടുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. 2016 മുതൽ ഈ പ്രതിഭാസം കൂടുതൽ വഷളായി. ‘സീറോ ഫുഡ്’ കുട്ടികളുടെ ശതമാനം രാജ്യത്ത് 2016ലെ 17.2 ശതമാനത്തിൽ നിന്ന് 2021ൽ 17.8 ശതമാനമായി ഉയർന്നിട്ടുണ്ട്.
സാഹചര്യങ്ങൾ ഞെട്ടിക്കുന്നതാണ്. എങ്കിലും കുട്ടികൾ ഭക്ഷണമില്ലാതെ ജീവിക്കുന്ന ദിവസങ്ങൾ പൂര്‍ണമായി അറിയാന്‍ മാർഗമില്ലെന്നും പഠനം സൂചിപ്പിക്കുന്നു. ആറ് മുതൽ 23 മാസം വരെ പ്രായമുള്ള കുട്ടികൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എന്ത് ഭക്ഷണമാണ് കഴിച്ചത് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ 600,000ലധികം വീടുകളിലാണ് ഉന്നയിച്ചത്. 2016ലും 2021ലും നടത്തിയ രണ്ട് പഠനങ്ങളിലും, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുട്ടിക്ക് പാനീയമോ കട്ടിയുള്ളതോ ആയ എന്തെങ്കിലും ഭക്ഷണം കിട്ടിയിട്ടുണ്ടോ എന്ന് അറിയാനുള്ള ശ്രമങ്ങളുണ്ടായിരുന്നു. മിക്കവാറും മറുപടി നിഷേധാത്മകമായിരുന്നു. 2021ൽ ഇന്ത്യയിൽ ആറ്-23 മാസം പ്രായമുള്ള 5.7 ദശലക്ഷം കുട്ടികളുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ (27.4 ശതമാനം). ഛത്തീസ്ഗഢ് (24.6 ശതമാനം), ഝാർഖണ്ഡ് (21 ശതമാനം), രാജസ്ഥാൻ (19.8 ശതമാനം), അസം (19.4 ശതമാനം).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.