28 April 2024, Sunday

തെരഞ്ഞെടുപ്പ് ബോണ്ടുകളില്‍ സമഗ്ര അന്വേഷണം വേണം

Janayugom Webdesk
March 16, 2024 5:00 am

തെരഞ്ഞെടുപ്പ് ബോണ്ടുകൾ സംബന്ധിച്ച പൂർണവിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രകടിപ്പിക്കുന്ന വൈമുഖ്യത്തിനെതിരെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നിലപാട് കടുപ്പിച്ചു. ബോണ്ട് വില്പന, ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടികൾ അത് പണമാക്കി മാറ്റിയത് എന്നിവ സംബന്ധിച്ച് ഇതിനകം എസ്ബിഐ പുറത്തുവിട്ട വിവരങ്ങൾക്ക് പുറമെ വിറ്റഴിക്കപ്പെട്ട ഓരോ ബോണ്ടിലുമുള്ള സവിശേഷ രഹസ്യ നമ്പർ കൂടി വെളിപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് കർശനമായി നിർദേശിച്ചു. ഇതുസംബന്ധിച്ച് കോടതി എസ്ബിഐക്ക് നോട്ടീസും നൽകിയിട്ടുണ്ട്. ഓരോ ബോണ്ടിന്റെയും സവിശേഷ രഹസ്യ നമ്പർ ആ ഇടപാടിന്റെ കണക്ക് പരിശോധനയ്ക്ക് വേണ്ടിയുള്ളതാണെന്ന് എസ്ബിഐയും അത് ബോണ്ടിന്റെ സുരക്ഷയുടെ ഭാഗമാണെന്ന് ആഭ്യന്തര മന്ത്രാലയവും മാധ്യമ പ്രവർത്തക പൂനം അഗർവാളിന്റെ വിവരാവകാശ ചോദ്യത്തിന് മറുപടി നൽകിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച പൂർണവിവരങ്ങൾ പുറത്തുവരരുതെന്ന് ആർക്കോ നിർബന്ധമുണ്ടെന്ന് വ്യക്തം. അത് മറ്റാർക്കുമല്ല നരേന്ദ്ര മോഡി സർക്കാരിന്റെയും ധനമന്ത്രാലയത്തിന്റെയും ആവശ്യമാണെന്ന് എല്ലാവർക്കുമറിയാം. രാജ്യത്തെ കുപ്രസിദ്ധ ചൂതാട്ടക്കാർ, വൻകിട ഉപരിഘടനാ പദ്ധതികളുടെ കരാറുകാർ, വിവാദ നിർമ്മാണ കമ്പനികൾ, ഖനി ഉടമകൾ, റിയല്‍ എസ്റ്റേറ്റ് ഇടപാടുകാർ തുടങ്ങിയവരാണ് തെരഞ്ഞെടുപ്പ് ബോണ്ടുകൾ വൻതോതിൽ വാങ്ങിക്കൂട്ടിയവർ എന്നാണ് ഇതിനകം വെളിപ്പെട്ടിട്ടുള്ള വസ്തുതകൾ. അധാർമ്മിക ഇടപാടുകളില്‍ ഏർപ്പെട്ടിട്ടുള്ള അത്തരക്കാര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് (ഐടിഡി) എന്നിവയടക്കം കേന്ദ്ര ഏജൻസികളെ യഥേഷ്ടം ഉപയോഗപ്പെടുത്തിയാണ് മോഡി സർക്കാർ ബിജെപിക്കുവേണ്ടി ബോണ്ടുവില്പന അരങ്ങുതകർത്തത്. ആരുടെ പണമാണ് ഓരോ പാർട്ടിയുടെയും, വിശേഷിച്ച് കേന്ദ്രഭരണം കയ്യാളുന്ന ബിജെപിയുടെ മടിശീലകളിൽ എത്തിച്ചേർന്നതെന്ന് തിരിച്ചറിയുന്നതിന് ഈ സവിശേഷ രഹസ്യ നമ്പർ വെളിപ്പെടുത്താതെ കഴിയില്ല. ആ നിർണായക വിവരം മറച്ചുവയ്ക്കാനാണ് മോഡി സർക്കാർ ശ്രമിച്ചത്. എസ്ബിഐ മറ്റു പല സ്ഥാപനങ്ങളും എന്നതുപോലെ മോഡി സർക്കാരിന്റെ കൈകളിലെ മറ്റൊരു ഉപകരണം മാത്രമായി അധഃപതിച്ച കാഴ്ചയാണ് കാണുന്നത്.


ഇതുകൂടി വായിക്കൂ: ബിജെപിക്ക് ഫണ്ടുണ്ടാക്കാൻ ഇലക്ടറല്‍ ബോണ്ട് ഭേദഗതി


ലോട്ടറി മാഫിയ സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ് ആന്റ് ഹോട്ടൽ സർവീസസ് പിആർ, മേഘാ എന്‍ജിനീയറിങ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്നീ കമ്പനികളാണ് ഏറ്റവുമധികം തുകയ്ക്ക് ബോണ്ടുകൾ വാങ്ങി നൽകിയവർ. ഇരു കമ്പനികളും ഇ ഡി, ഐടിഡി എന്നിവയുടെ നിരീക്ഷണത്തിലുള്ളവയും നിരവധി തവണ റെയ്ഡ് ചെയ്യപ്പെട്ടിട്ടുള്ളവയും വൻതുക പിഴ ഈടാക്കപ്പെട്ടവയുമാണ്. തെരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങി കാഴ്ചവച്ച അമ്പതോളം കമ്പനികൾ ഇത്തരത്തിൽ കേന്ദ്ര ഏജൻസികളുടെ റെയ്ഡുകൾക്കും നിരീക്ഷണങ്ങൾക്കും വിധേയമായവയാണ്. പല കമ്പനികളും തങ്ങളുടെ ലാഭത്തെക്കാൾ ഭീമമായ തുകകൾക്കുള്ള ബോണ്ടുകളാണ് വാങ്ങി നൽകിയിട്ടുള്ളത്. വിറ്റഴിക്കപ്പെട്ടതും പണമാക്കി മാറ്റപ്പെട്ടതുമായ ബോണ്ടുകളിൽ പകുതിയും ബിജെപിയുടെ ഖജനാവിലാണ് എത്തിച്ചേർന്നിരിക്കുന്നത്. ഇതെല്ലാം വിരൽചൂണ്ടുന്നത് പ്രതിപക്ഷ പാർട്ടികളും ജനാധിപത്യ ശക്തികളും പരമോന്നത കോടതിയും സംശയിക്കുന്നതുപോലെ രാഷ്ട്രീയ അധികാരത്തിന്റെ ദുരുപയോഗത്തിലേക്കും നിയമങ്ങൾ അട്ടിമറിച്ചു നടത്തിയ കൊടുക്കൽ വാങ്ങലുകളിലേക്കുമാണ്. അത് തികഞ്ഞ അഴിമതിയും ജനവഞ്ചനയും ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും അട്ടിമറിയുമാണ്. ജനാധിപത്യമാർഗത്തിലൂടെ അധികാരത്തിൽ വന്നവർ തന്നെ അധികാരം ഉപയോഗിച്ച് നടത്തിയ ഈ അഴിമതിയും വ്യവസ്ഥയുടെമേൽ നടത്തിയ അട്ടിമറിയും സമഗ്രവും സത്യസന്ധവും നീതിപൂർവവുമായ അന്വേഷണത്തിനും കുറ്റവാളികൾ കർശനവും മാതൃകാപരവുമായ ശിക്ഷയ്ക്കും വിധേയരാവണം. കുറ്റവാളികൾ ആരെന്ന് ലോകം തിരിച്ചറിയുന്നു എന്നിരിക്കെ, അഴിമതിയുടെയും നിയമങ്ങളുടെയും പരസ്യമായ അട്ടിമറിയിലൂടെ അധികാരം കയ്യാളിയവർ അധികാരത്തിൽ തുടർന്നുകൊണ്ട് നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം അസാധ്യമാണ്.


ഇതുകൂടി വായിക്കൂ: ഇലക്ടറല്‍ ബോണ്ട് കോണ്‍ഗ്രസിനും തലവേദനയാകുന്നു


തെരഞ്ഞെടുപ്പ് ബോണ്ടുകളെപ്പറ്റി ഇപ്പോൾ പുറത്തുവന്നിട്ടുള്ള വസ്തുതകൾ മഞ്ഞുമലയുടെ ശിഖരം മാത്രമാണ്. പ്രമുഖ അന്താരാഷ്ട്ര വാർത്താ മാധ്യമ സ്ഥാപനമായ റോയിട്ടേഴ്സ് സമീപദിവസങ്ങളിൽ നടത്തിയ വെളിപ്പെടുത്തലുകളില്‍ രാജ്യത്തെ പ്രമുഖ തെരഞ്ഞെടുപ്പ് ട്രസ്റ്റായ പ്രൂഡന്റ് വഴി ഇന്ത്യയിലെ കോർപറേറ്റ് ഭീമന്മാർ ബിജെപിയുടെ ഖജനാവിലേക്ക് ഒഴുക്കിയ പണത്തിന്റെ കണക്കുകൾ നിരത്തുന്നു. 2013 മുതൽ പ്രൂഡന്റ്, കോർപറേറ്റുകളിൽനിന്നും സമാഹരിച്ച 272 ദശലക്ഷം ഡോളറിലെ 75 ശതമാനവും മോഡിയുടെ പാർട്ടിയുടെ പണപ്പെട്ടിയിലാണ് എത്തിച്ചേർന്നത്. ഇത് മോഡി സർക്കാരും ഇന്ത്യൻ കോർപറേറ്റുകളും കഴിഞ്ഞ 10 വർഷങ്ങളായി തുടർന്നുവരുന്ന അവിശുദ്ധ കൊടുക്കൽ വാങ്ങലിലേക്കും അഴിമതിയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. തെരഞ്ഞെടുപ്പ് ബോണ്ടുകൾക്കൊപ്പം അന്വേഷണവിധേയമാവേണ്ട അഴിമതിയുടെയും ജനവഞ്ചനയുടെയും നിയമവാഴ്ചയുടെ അട്ടിമറിയുടെയും വിഷയമായി ഇതും മാറണം. ഇന്ത്യയുടെ രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും നിയമവാഴ്ചയെയും വെല്ലുവിളിക്കുന്ന അഴിമതിയുടെയും കോർപറേറ്റ് പണക്കൊഴുപ്പിന്റെയും ‘വിചാരക’രായി മാറിയിരിക്കുന്നു ബിജെപിയും മോഡി ഭരണകൂടവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.