25 May 2024, Saturday

ഇന്ത്യ ജി20യുടെ അധ്യക്ഷപദത്തിലെത്തുമ്പോള്‍

Janayugom Webdesk
November 18, 2022 5:00 am

പത്തൊമ്പത് രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമടങ്ങുന്ന ഗ്രൂപ്പ് ഓഫ് 20 എന്ന സംഘടനയുടെ അധ്യക്ഷ പദത്തിലെത്തിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിലെ ബാലിയില്‍ സമാപിച്ച ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അധ്യക്ഷനായെങ്കിലും ഔപചാരികമായി ഡിസംബര്‍ ഒന്നു മുതലാണ് പദവിയുടെ പ്രാബല്യം. അന്താരാഷ്ട്ര സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ വ്യതിയാന ലഘൂകരണം, സുസ്ഥിര വികസനം തുടങ്ങി ആഗോള സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹകരിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് ജി20ന്റെ രൂപീകരണ ലക്ഷ്യം. വ്യാവസായിക, വികസിത രാഷ്ട്രങ്ങളുടെ അടിസ്ഥാനത്തിലെടുത്താല്‍ അതിസമ്പന്നവും ലോകത്തെ മൊത്തം ഉല്പാദനത്തിന്റെ കണക്കെടുത്താല്‍ 80 ശതമാനവും അന്താരാഷ്ട്ര വ്യാപാര തോത് പരിഗണിക്കുമ്പോള്‍ 59 മുതല്‍ 70 ശതമാനം വരെയും ഉള്‍ക്കൊള്ളുന്ന രാജ്യങ്ങളാണ് ജി20ല്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജനസംഖ്യയില്‍ മൂന്നില്‍ രണ്ടിനെയും ഭൂവിസ്തൃതിയില്‍ ലോകത്തിന്റെ 60 ശതമാനത്തെയും പ്രതിനിധീകരിക്കുന്ന രാജ്യങ്ങളാണ് അംഗങ്ങളായിട്ടുള്ളതും. ലോകത്തെ പ്രബലമായ സാമ്പത്തിക‑സഹകരണ രാഷ്ട്ര സംഘടനയാണ് ജി20 എന്നു വിലയിരുത്താവുന്നതാണ്. അതുകൊണ്ടുതന്നെ അധ്യക്ഷ പദത്തിലേയ്ക്കുള്ള ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രാധാന്യമര്‍ഹിക്കുന്നതു തന്നെ. ജി20 ഉച്ചകോടി നടന്നുകൊണ്ടിരിക്കേ തന്നെയാണ് ആഗോള കാലാവസ്ഥാ ഉച്ചകോടിയും നടക്കുന്നത്. അന്താരാഷ്ട്ര സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ വ്യതിയാന ലഘൂകരണം, സുസ്ഥിര വികസനം എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയുടെ അധ്യക്ഷപദവി ഒരേ സമയം വെല്ലുവിളികള്‍ നിറഞ്ഞതും കൗതുകകരവുമായിരിക്കും.

 


ഇതുകൂടി വായിക്കു; കാലാവസ്ഥാ നയതന്ത്രത്തിലെ സമ്പന്ന രാജ്യങ്ങളുടെ രാഷ്ട്രീയം


പരസ്പര സഹകരണമാണ് പ്രഖ്യാപിത ലക്ഷ്യമെങ്കിലും പരസ്പര വിരുദ്ധമായ നിലപാടുകളാണ് പല വിഷയങ്ങളിലും എല്ലാ രാജ്യങ്ങള്‍ക്കുമുള്ളത് എന്നതുതന്നെയാണ് പ്രധാന കാരണം. ബാലിയില്‍ ഉച്ചകോടിക്കു ശേഷം പ്രഖ്യാപനമുണ്ടായേക്കില്ലെന്ന സംശയം ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍ 17 പേജുള്ള രേഖ അംഗീകരിക്കപ്പെട്ടു. പക്ഷേ റഷ്യ‑ഉക്രെയ്‌ന്‍ യുദ്ധത്തെ സംബന്ധിച്ച് ഏകീകൃത അഭിപ്രായമല്ല ഉള്‍പ്പെട്ടത്. മിക്ക അംഗങ്ങളും ഉക്രെയ്‌നിലെ യുദ്ധത്തെ ശക്തമായി അപലപിച്ചുവെന്ന വാചകത്തില്‍ നിന്ന് സമകാലിക ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും സുപ്രധാനമായ വിഷയത്തില്‍ ഏകീകൃത അഭിപ്രായം ഉണ്ടാക്കുവാനായില്ലെന്ന് വ്യക്തമാകുന്നു. യുദ്ധത്തിന്റെ ഒരു പക്ഷത്തു നില്ക്കുന്ന റഷ്യയ്ക്ക് യുദ്ധത്തെ അപലപിക്കുവാന്‍ സാധിക്കില്ല. ചൈനയുടെ നിലപാടിലും വ്യത്യാസമുണ്ട്. യുഎസിനും യുകെയ്ക്കുമൊക്കെ നിക്ഷിപ്തമായ താല്പര്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ റഷ്യ‑ഉക്രെയ്‌ന്‍ യുദ്ധത്തിന്റെ കാര്യത്തില്‍ ജി20ന് ഏകാഭിപ്രായത്തിലെത്താനാകില്ലെന്നതിനാലാണ് മിക്ക അംഗങ്ങളും യുദ്ധത്തെ ശക്തമായി അപലപിച്ചുവെന്ന പരാമര്‍ശത്തില്‍ ആ വിഷയമൊതുങ്ങിയത്.

ജി20ന്റെ സുപ്രധാന ലക്ഷ്യങ്ങളായ സാമ്പത്തിക സ്ഥിരത, സുസ്ഥിര വികസനം എന്നിവ വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. ആ പ്രക്രിയകളെ വലിയതോതില്‍ പിറകോട്ടടിപ്പിക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് കാരണമായ ഒന്നായിരുന്നു ഇപ്പോഴത്തെ യുദ്ധമെന്നതും മിക്ക വിഷയങ്ങളിലും വിവിധ രാജ്യങ്ങളുടെ നിലപാടുകള്‍ അവരവരുടെ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നതും മറന്നുകൂടാ. മേല്പറഞ്ഞ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വിഘാതമായ നിരവധി കടമ്പകള്‍ എല്ലാ രാജ്യങ്ങളും നേരിടുന്നുവെന്ന് മാത്രമല്ല അത് കൂടിക്കൂടി വരികയുമാണ്. പ്രത്യേകിച്ച് പട്ടിണി, തൊഴിലില്ലായ്മ, തൊഴില്‍ നഷ്ടം, വിവേചനം, കാലാവസ്ഥാ പ്രതിസന്ധി, ആഗോളതാപനം, ഭക്ഷ്യ‑ഊർജ ദൗർലഭ്യം, ഭീകരവാദം എന്നിവ. ഭീകരവാദത്തോട് എല്ലാവര്‍ക്കും എതിര്‍പ്പാണെങ്കിലും സമീപനത്തില്‍ വിരുദ്ധാഭിപ്രായങ്ങള്‍ പ്രകടമാണ്. ഈ പശ്ചാത്തലത്തില്‍ ലക്ഷ്യപ്രാപ്തിക്കായുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ഫലപ്രദമാകുമെന്നതുതന്നെയാണ് നേരിടാന്‍ പോകുന്ന പ്രധാനവെല്ലുവിളി.


ഇതുകൂടി വായിക്കു; ഭൂമിയുടെ തീവ്രയാതനകളും ചെകുത്താന്റെ വേദവും


 

ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ എത്രയോ തവണയായി ഉന്നയിക്കപ്പെടുന്നതാണ് നഷ്ടപരിഹാര വിഷയവും ഹരിതഗൃഹവാതക വിസര്‍ജന പ്രശ്നവും കാര്‍ബണ്‍ പുറന്തള്ളലും. അക്കാര്യത്തില്‍ സുപ്രധാന തീരുമാനങ്ങളെടുക്കേണ്ട പ്രബല രാജ്യങ്ങളെല്ലാം ജി20ലും അംഗങ്ങളാണെന്നത് വലിയൊരു അവസരമായി ഉപയോഗിക്കുവാന്‍ സാധിക്കുമോയെന്നതും പ്രധാനമാണ്. കാലാവസ്ഥാ വ്യതിയാന ലഘൂകരണം മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്നായതിനാല്‍ പരിസ്ഥിതി നാശത്തിന്റെ ദുരിതമനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും തീരുമാനമെടുക്കാന്‍ സാധിക്കുകയും ചെയ്താല്‍ അത് സുപ്രധാന ചുവടുവയ്പായിരിക്കും. അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ സ്വന്തം രാജ്യത്ത് പരാജയമായ ഒരു ഭരണസംവിധാനത്തെ നയിക്കുന്ന വ്യക്തിയാണ് ജി20ന്റെ അധ്യക്ഷനാകുന്നത്. സാമ്പത്തിക അടിത്തറതന്നെ തകര്‍ക്കപ്പെടുന്ന സമീപനങ്ങളാണ് കഴിഞ്ഞ എട്ടുവര്‍ഷമായി നമ്മുടെ രാജ്യത്തുണ്ടായത്. സുസ്ഥിര വികസന ലക്ഷ്യം അജണ്ടയിലല്ലാതെ പ്രവൃത്തിപഥത്തിലില്ല. അങ്ങനെയൊരു രാജ്യം എങ്ങനെയാണ് ജി20നെ നയിക്കുകയെന്ന കൗതുകകരമായ ചോദ്യവും ഇവിടെ പ്രസക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.