22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 11, 2024
October 25, 2024
October 20, 2024
October 2, 2024
October 2, 2024
September 28, 2024
September 24, 2024
September 24, 2024
September 4, 2024

ക്ഷേത്ര പ്രവേശന വിളംബരം

Janayugom Webdesk
November 8, 2021 6:51 am

തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരത്തിനു 85 വയസ്. അധഃസ്ഥിത ജനവിഭാഗങ്ങൾക്കും ക്ഷേത്രത്തിൽ പ്രവേശിച്ചു ആരാധന നടത്തുവാനുള്ള അനുവാദം നല്കിക്കൊണ്ട് തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ പുറപ്പെടുവിച്ച ഉത്തരവാണ് ക്ഷേത്രപ്രവേശന വിളംബരം. 1936 നവംബർ 12നു പുറത്തിറങ്ങിയ ഈ വിളംബരം അന്നുവരെ ഹിന്ദുമതത്തിൽ നിലനിന്നിരുന്ന സാമൂഹിക അനാചാരങ്ങൾക്കു ഒരു പരിധിവരെ അറുതി വരുത്തുവാൻ ഉപകരിച്ചു. അവർണർക്കും ദളിതർക്കും ആദിവാസിക­ൾക്കും അമ്പലത്തിൽ കയറുന്നതിനു മാത്രമല്ല അമ്പലത്തിന്റെ ഏഴയലത്തു കൂടി സഞ്ചരിക്കുന്നതിനുപോലും 1936 നവംബർ വ­രെ അനുവാദമില്ലായിരുന്നു. “തൊട്ടു കൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയിൽപെട്ടാൽ ദോഷമുള്ളവരു’’മായി ആട്ടിയകറ്റപ്പെട്ടിരുന്ന, കീഴ്ജാതിക്കാരായ ഒരു വലിയ വിഭാഗം ജനം ഈ അനീതിക്കെതിരെ നടത്തിയ നിരവധി പ്രക്ഷോഭങ്ങളുടെയും മറ്റു സമ്മർദ്ദങ്ങളുടെയും ഫലമായിട്ടാണ് ഈ വിളംബരം ഉണ്ടായത്. 

അതിൽ പ്രധാനപ്പെട്ട ഒന്നാണ് 1924ൽ തുടങ്ങിയ വൈക്കം സത്യഗ്രഹം. അവർണർക്ക് ക്ഷേത്രങ്ങളിലേക്കുള്ള പൊതുവഴിയിൽ സ­ഞ്ചാര സ്വാതന്ത്ര്യവും ക്ഷേത്ര പ്ര­വേശനവും അനുവദിച്ചുകിട്ടാനായിരുന്നു ഈ സമരം. എസ്­എൻഡിപിയുടെയും കോണ്‍ഗ്രസിന്റെയും നേതാവായിരുന്ന റ്റി കെ മാധവന്റെ നേതൃത്വത്തിൽ നടന്ന ഈ അക്രമരഹിത സമരത്തിൽ മഹാത്മാഗാന്ധി വരെ പങ്കെടുത്തിരുന്നു. സമരത്തിന്റെ ഫലമായി വൈ­ക്കം ക്ഷേത്രത്തിലേക്കുള്ള പൊതുവഴി അവർണർക്കു തുറന്നു കൊടുത്തു. എങ്കിലും ക്ഷേ­ത്ര പ്രവേശനം അനുവദിച്ചില്ല.1932‑ൽ ക്ഷേത്രപ്രവേശനത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് അന്നത്തെ ദിവാനായ വി എസ് സുബ്രഹ്മണ്യയ്യർ അധ്യക്ഷനായുള്ള എട്ടംഗ സമിതിയെ മഹാരാജാവു നിയോഗിച്ചിരുന്നു. സമിതി രണ്ടു വർഷത്തിനുശേഷം സമർപ്പിച്ച റിപ്പോർട്ടിൽ പക്ഷേ ക്ഷേത്രപ്രവേശനത്തിനനുകൂലമായ പരാമർശങ്ങൾ ഉണ്ടായിരുന്നില്ല. വൈക്കം സത്യഗ്രഹത്തോടെ അവർണ ജനവിഭാഗങ്ങളോട് അധികാരികൾ കാട്ടുന്ന ജാതിപരമായ അനീതിയും വിവേചനവും അഖിലേന്ത്യാശ്രദ്ധ ആകർഷിക്കുകയും അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾ ഒന്നടങ്കം ക്ഷേ­ത്രപ്രവേശനത്തിനായി മുറവിളി കൂട്ടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഇതിനൊക്കെപുറമേ വലിയൊരു വിഭാഗം ജനങ്ങൾ നികൃഷ്ടമായ ജാതി വിവേച നത്തിൽ മനംമടുത്ത് ഹിന്ദുമതത്തെ തന്നെ ഉപേക്ഷിച്ച് മറ്റു മതങ്ങൾ സ്വീകരിക്കുവാൻ തുടങ്ങി. ഇങ്ങനെ മതപരിവർത്തനം നടത്തിയവർക്ക് സവർണര്‍ക്കൊപ്പം ഇടപഴകുന്നതിനു വിലക്കില്ലെന്ന് കണ്ട താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കൾ വൻതോതിൽ ഹിന്ദു മതം വിടുമെന്ന് മഹാരാജാവും ഉപദേഷ്ടാക്കളും ഭയപ്പെട്ടു. 

താഴ്ന്ന ജാതിക്കാരുടെ ഒറ്റക്കെട്ടായ സമരങ്ങളും മതപരിവർത്ത­ന ഭീഷണികളും നിമിത്തം ക്ഷേ­ത്രപ്രവേശനം അനുവദിക്കുവാൻ രാജാവ് നിർബന്ധിതനായി. ഹിന്ദുമതത്തിലും ഭാരതീയ പാരമ്പര്യത്തിലും സംസ്കാരത്തിലും നല്ല അറിവുണ്ടായിരുന്ന മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരെപ്പോ­ലുള്ളവരുടെ പ്രേരണയും ക്ഷേ­ത്രപ്രവേശനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു. ഇതിന്റെയെല്ലാം ഫലമായി 1936 നവംബർ 12ന് എല്ലാ ഹിന്ദുമത വിശ്വാസിക­ൾക്കും ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ട് തിരുവിതാംകൂർ മഹാരാജാവ് വിളംബരം പുറപ്പെടുവിച്ചു.
ജന്മനാലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാൾക്കും നമ്മുടെയും ഗവൺമെ­ന്റി­ന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേൽ യാതൊരു നിരോധനവും ഉണ്ടായിരിക്കാൻ പാടില്ല. എന്നവസാനിക്കുന്ന വിളംബരം, ഗാന്ധിജി പ്രവചിച്ചതുപോലെ “ജനങ്ങളുടെ ആത്മീയ വിമോചനത്തിന്റെ ഒരു സ്മൃതി”യായി മാറി. കൊച്ചിയിലും മലബാറിലും 1947ൽ മാത്രമാണ് എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനത്തിന് അനുമതി കിട്ടിയത്. തിരുവിതാംകൂർ മഹാരാജാവിന്റെ 1936ലെ ക്ഷേത്രപ്രവേശന വിളംബരം മറ്റു നാട്ടുരാജ്യങ്ങൾക്ക് മാതൃകയും പ്രചോദനവും ആയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.