15 November 2024, Friday
KSFE Galaxy Chits Banner 2

വിപ്ലവത്തിന്റെ വരവറിയിച്ച കവിത

എം സി പോള്‍
January 8, 2023 3:17 am

നീതി കാണാത്ത അന്ധതയാണ് ബംഗാളിലെ ധൃതരാഷ്ട്രര്‍ വെളിപ്പെടുത്തുന്നത്. സ്വാര്‍ത്ഥതയുടെ പ്രതീകമാണ് ഈ കഥാപാത്രം അന്നത്തെ കവിതയില്‍. ഇന്നാകട്ടെ വിപ്ലവ പ്രതീക്ഷയുടെ പ്രതീകമാണ്. അധികാരത്തിന്റെ അന്ധതയാണ് ധൃതരാഷ്ട്രരുടെ അന്ധത.
നീതി കാണുന്ന ദര്‍ശനത്തിലേക്ക് ആധുനികതയിലേക്ക് ഈ കഥാപാത്രം വളരുന്നു. ഭാഷയിലും ഭാവുകത്വത്തിലും പൊളിച്ചെഴുത്തു നടത്തിയ കവിതയാണ് ബംഗാള്‍. വിപ്ലവപൂര്‍വകാലത്തെക്കുറിച്ചും, വിപ്ലവത്തെക്കുറിച്ചും വിപ്ലവാനന്തര കാലത്തെക്കുറിച്ചും ഈ രചന നിര്‍ധാരണം ചെയ്യുന്നു. ചരിത്രം, സംസ്കാരം, രാഷ്ട്രീയം എല്ലാം സംവാദവിധേയമാക്കുന്നു.

കവിത ഒരു പ്രതിരോധ പ്രവര്‍ത്തനമായി വികസിപ്പിക്കുന്നു. ത്രികാലങ്ങളുടെ നീക്കുന്നില്‍ നിന്ന് നെഞ്ചുകീറി നേരു കാട്ടുന്നു കവി. പുരാണങ്ങളിലേക്കും മിത്തുകളിലേക്കും കവിതയിലൂടെ കവി സഞ്ചരിക്കുന്നു. വിപ്ലവത്തിന്റെ പ്രത്യയശാസ്ത്രതലത്തേയും പ്രതീകങ്ങളെയും ബംഗാള്‍ വിചാരണ ചെയ്യുന്നു. അധികാരത്തിന്റെ അശ്ലീലം അവതീര്‍ണമാക്കുന്നു. സൂക്ഷ്മശ്രുതിയുടെ രീതിശാസ്ത്രം അനാവരണം ചെയ്യുന്നു.
പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പക്ഷം ചേരുന്നു കവി. നഷ്ടപ്പെടലിന്റെ നഗ്നയാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുന്നു. മനുഷ്യനെക്കുറിച്ചും സമൂഹത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും വേവലാതിപ്പെടുന്നു. തിരിച്ചറിവിന്റെ പുതിയ സാക്ഷ്യങ്ങള്‍ കവിത കണ്ടെടുക്കുന്നു. മനുഷ്യത്വത്തിന്റെ മാനവികതയുടെ, മഹാസിംഫണിയാണ് കവിക്ക് കവിത. വിപ്ലവബോധത്തിന്റെ പ്രത്യയശാസ്ത്ര തലത്തോടൊപ്പം പ്രതിലോമതലവും നിഗൂഹനം ചെയ്യുന്നു.

നഷ്ടപ്പെടല്‍ മാത്രമല്ല തിരിച്ചുപിടിക്കലും കവിതയുടെ വഴിയാകുന്നു. അധികാര രാഷ്ട്രീയത്തിന്റെ അപചയങ്ങളെ ബംഗാള്‍ അനാവരണം ചെയ്യുന്നു. ചെെനീസ് ചിന്തകനും എഴുത്തുകാരനുമായിരുന്ന ലൂഷണിനെ കവിതയുടെ ആമുഖത്തില്‍ ഉദ്ധരിക്കുന്നുണ്ട്. വിപ്ലവപൂര്‍വകാലം ഉപരിവര്‍ഗത്തിന്റെ സിരകളില്‍ ആത്മശൈഥില്യത്തിന്റെ വിഷം നിറയ്ക്കുന്നു. അവരെ വേഗം വേഗം അന്ധരാക്കുന്നുവെന്ന് കവി തിരിച്ചറിയുന്നു. ബംഗാള്‍ മുതല്‍ കൊച്ചിയിലെ വൃക്ഷങ്ങളിലും, ഒടിച്ചുമടക്കിയ ആകാശത്തിലും പ്രാര്‍ത്ഥിക്കുന്നെങ്കില്‍ ഇങ്ങനെയിലും കൂടാതാട്ടത്തിലും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും സംവാദതലത്തിലൂടെ കവിതയും കവിയും സഞ്ചരിക്കുന്നു.
1960കളില്‍ ഡോ. കെ അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയ്ക്കുള്ള പ്രാധാന്യമാണ് 1970കളില്‍ കെ ജി ശങ്കരപ്പിള്ളയുടെ ബംഗാളിനുള്ളത്. ആധുനികതയുടെ അരാഷ്ട്രീയതയോട് പ്രത്യയശാസ്ത്രപരമായി കലഹിച്ച രചനയാണ് ഒപ്പം വിപ്ലവകാലത്തെ മുന്‍നിറുത്തി രചിക്കപ്പെട്ട കവിതയാണ്. അധികാര രാഷ്ട്രീയത്തിന്റെ നൃശംസത അടയാളപ്പെടുത്തുന്നു. ഒരു തരം പൊളിറ്റിക്കല്‍ ഡയലോഗാണ് ബംഗാള്‍ എന്ന കവിത.

ധൃതരാഷ്ട്രര്‍, സഞ്ജയന്‍ തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങള്‍ കവിതയിലെ കഥാതന്തുക്കളാകുന്നു. വിപ്ലവം വിരുന്നല്ല പോരാട്ടവീറിന്റെ പര്യായമാണ്. ബംഗാള്‍ ഒരു സ്ഥലനാമം മാത്രമല്ല സമരസന്നിദമായ ഒരു നാടിന്റെ കാലഘട്ടത്തിന്റെ അനുരണനമാണ്. ബംഗാളില്‍ നിന്നും ഒരു വാര്‍ത്തയുമില്ല. ബംഗാളില്‍ നിന്നു മാത്രം എന്ന് കവി ഉത്ക്കണ്ഠപ്പെടുന്നു. എന്റെ മക്കളും ചെറുമക്കളും ബന്ധുക്കളുമവിടെയാണ്. പല തരക്കാരാണ് പണക്കാരാണ്. അവരവരുടെ കിണറും കൊയ്ത്തും വേലയും വേറെവേറെ വിരുന്നുകാരുമാണ്. അതിരും അയലും കുശുമ്പും കൂടോത്രവും അതിരിലെങ്ങും പക പതിയിരിക്കുന്ന പിരിയന്‍ മാളങ്ങളുമാണ് എന്ന് കവി നിരീക്ഷിക്കുന്നു.
ബംഗാളില്‍ ഉപരിവര്‍ഗത്തിന്റെ സിരകളില്‍ നിറയുന്ന ആത്മശൈഥില്യത്തിന്റെ വിഷം നിമിത്തം അതിനുണ്ടാകുന്ന ആന്ധ്യത്തെയും സംഭ്രമത്തെയും പരിഭ്രാന്താവസ്ഥയെയും ചിത്രണം ചെയ്തു. ഈ കുട്ടികളുടെ പുത്തന്‍പാട്ടില്‍ തീയുണ്ട്. പാട്ടുകൊണ്ട് ചൂട്ടുകെട്ടി അവര്‍ രാജാക്കന്‍മാരുടെ മുഖത്തുകുത്തും. അങ്ങനെ ജ്വലിക്കുന്ന ചൂട്ടുപാട്ട് രചിക്കുകയാണ് കവി. ഇവിടെ അധികാരജ്ഞാന ബന്ധങ്ങളെ അഴിച്ചുപണിയുന്ന ഒരുതരം മെറ്റാഫിസിക്കല്‍ പൊയട്രിയുടെ സാധ്യതകളും കെജിഎസ് പരീക്ഷിച്ചിട്ടുണ്ട്.

നിസാരമായ ഒരു കാറ്റൂതിയാല്‍
കരിയിലകള്‍ ആര്‍ത്തുണരും
ആരും ശ്രദ്ധിക്കില്ല, പെട്ടെന്ന് സംഘടിക്കും.
ഭയങ്കരമായ ചുഴലിയുണ്ടാക്കും-
എല്ലാം അട്ടിമറിക്കും
ഈ കാവ്യഖണ്ഡത്തില്‍ കരിയിലകള്‍ ആര്‍ത്തുണരും എന്നത് വിപ്ലവത്തിന്റെ വരവറിയിക്കുന്ന ദര്‍ശനമാണ് പങ്കുവയ്ക്കുന്നത്. ഭയങ്കരമായ ചുഴലിയുണ്ടാകും ജനരോഷത്തില്‍ എല്ലാ ജീര്‍ണവ്യവസ്ഥയെയും അട്ടിമറിക്കും എന്ന് കവി വിഭാവനം ചെയ്യുന്നു. വഴിതടയുന്ന കൂറ്റന്‍ പര്‍വതങ്ങളെ ഞെരിച്ചമര്‍ത്തുമെന്ന് കവി പ്രഖ്യാപിക്കുന്നു. ബംഗാളില്‍ സഞ്ജയന്റെ വ്യഥകളും സന്ദേഹങ്ങളും ധൃതരാഷ്ട്രരില്‍ പ്രതിധ്വനിക്കുന്നതായി കവിതയില്‍ നിരീക്ഷിക്കാം. തീവ്രവിപ്ലവത്തിന്റെയും വിപ്ലവ കാല്പനികതയുടെയും പ്രതീകമാണ് ബംഗാള്‍ എന്ന കവിത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.