20 December 2024, Friday
KSFE Galaxy Chits Banner 2

ഭയത്തിന്റെ പുസ്തകം @ 125

വലിയശാല രാജു
November 27, 2022 7:00 am

ക്തദാഹിയായ ഡ്രാക്കുള! അർധരാത്രിയിൽ ഉണർന്ന് ഉണർന്ന് കന്യകമാരുടെ ചോര കുടിക്കുന്ന ഡ്രാക്കുളയ്ക്ക് നൂറ്റി ഇരുപത്തിയഞ്ച് വർഷം തികയുകയാണ്. 1897 ൽ ഐറിഷ് എഴുത്തുകാരനായ അബ്രഹാം സ്റ്റോക്കർ (1847 – 1912) എന്ന ബ്രോം സ്റ്റോക്കർ എഴുതിയ ‘ഡ്രാക്കുള’ നോവൽ വായനയുടെ ചരിത്രത്തിൽ അത്ഭുതങ്ങളിലൊന്നാണ്. പുറത്തിറങ്ങിയ അന്ന് തൊട്ട് ഇന്നുവരെയും ഒരിക്കലും ഔട്ട് ഓഫ് പ്രിന്റ് ആകാതിരുന്ന പുസ്തകം എന്ന ഖ്യാതി ഡ്രാക്കുളക്കുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ മാത്രം നോവലിന് നൂറിലധികം പതിപ്പുകളുണ്ടായി. ആദ്യ പതിപ്പുതന്നെ പത്ത് ലക്ഷത്തിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്. മലയാളത്തിൽ ഡ്രാക്കുളയുടെ ആദ്യ പരിഭാഷ ഉണ്ടായത് 1960 – 61 കാലത്താണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കെ വി രാമകൃഷ്ണനാണ് രക്തരക്ഷസ് എന്ന പേരിൽ അത് മൊഴിമാറ്റം നടത്തിയത്.

ഹൊറർ സാഹിത്യശാഖക്ക് പ്രചുരപ്രചാരം നേടിക്കൊടുത്ത ഡ്രാക്കുള പക്ഷേ ജീവിച്ചിരിക്കേ ബ്രാം സ്റ്റോക്കർക്ക് കാര്യമായ സാമ്പത്തിക ഗുണമൊന്നും ചെയ്തില്ല എന്നതാണ് യാഥാർത്ഥ്യം. തന്റെ മാനസപുത്രനായ ഡ്രാക്കുള തലമുറ കീഴടക്കി നിത്യഹരിത നായകനായി അരങ്ങുവാഴുന്നത് കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. ഡ്രാക്കുള അത്യപൂർവമായ വിജയം കൊയ്തു. ഒരു ജനകീയ ക്ലാസിക്കായി അത് മാറുന്നത് ബ്രാം സ്റ്റോക്കർ അറിഞ്ഞില്ല. പക്ഷേ, കോടിക്കണക്കിന് ഡോളറിന്റെ ആസ്തി ആ നോവൽ ബ്രാം സ്റ്റോക്കറിന്റെ പിൻതലമുറക്ക് നേടിക്കൊടുത്തു. ‘ഡ്രാക്കുള’യുടെ റോയൽറ്റിയിലൂടെ മാത്രം അവർ കോടീശ്വരന്മാരും ശതകോടീശ്വരന്മാരുമായി. എന്നാൽ 1912 ൽ തന്റെ 64-ാം വയസിൽ അന്തരിക്കുമ്പോൾ ബ്രാം സ്റ്റോക്കർ അക്ഷരാർത്ഥത്തിൽ പട്ടിണിയിലും പരിവട്ടത്തിലുമായിരുന്നു.

 

ഡ്രാക്കുള എന്ന നോവൽ വായിച്ചിട്ടുള്ളവരാരും അതിലെ ഭൂപ്രകൃതിയുടെ വർണനകൾ മറക്കുകയില്ല. മഞ്ഞുമൂടിയ റുമേനിയയിലെ കാർപാത്യൻ മലനിരകളും തകർന്നുതുടങ്ങിയ ഡ്രാക്കുളയുടെ കോട്ടയും എല്ലാം കൺമുന്നിൽ കാണുന്നതുപോലെ നമുക്ക് അനുഭവിക്കാനാകും. ഏറ്റവും വിചിത്രമായ സംഗതി, ബ്രാം സ്റ്റോക്കർ ഒരിക്കലും റുമേനിയയിലെ ഈ മലനിരകളിൽ പോയിട്ടില്ല എന്നതാണ്. ബ്രിട്ടീഷ് മ്യൂസിയത്തിലെ പലവിധ രേഖകൾ പരിശോധിച്ച ബ്രാം സ്റ്റോക്കർ ഭാവനയിൽ കണ്ട കാർപാര്യൻ മലനിരകളാണ് നോവലിൽ ഉള്ളത്. ഡ്രാക്കുളയുടെ പുസ്തകം വീടുകളിൽ സൂക്ഷിക്കാൻ പോലും അക്കാലത്ത് ആൾക്കാർ ഭയന്നു.
ലോകത്തെ മനുഷ്യരെ മുഴുവൻ ഡ്രാക്കുള ഭയപ്പാടിന്റെ കുന്തമുനയിൽ കുരുക്കിയിട്ടു. നോവൽ വായിച്ചവരും അതിനെക്കുറിച്ച് കേട്ടറിയുക മാത്രം ചെയ്തവരും ഒരുപോലെ പേടിച്ചുവിറച്ചു. ഡ്രാക്കുള ചെകുത്താന്റെ പദ്ധതിയാണെന്നും അയാളുടെ കഥ പറയുന്ന നോവൽ വീടുകളിൽ സൂക്ഷിക്കുന്നത് ദൈവഹിതത്തിന് എതിരാണെന്നും വിശ്വസിച്ചവരുണ്ട്. ഡ്രാക്കുളയെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമുള്ള ഇടങ്ങളിലേക്ക് അങ്ങ് വിദൂരയിൽ നിന്നും ഡ്രാക്കുള വന്നെത്തുമെന്നും മനുഷ്യരെ ഉപദ്രവിക്കുമെന്നും ധരിച്ചവർ ധാരാളമുണ്ട്. അങ്ങനെ ഭീതിയുടെ ഇതിഹാസമായി ഡ്രാക്കുള വളർന്നു. അതേസമയം കോടാനുകോടി വായനക്കാർ ആ നോവൽ വായിക്കുകയും കാലാന്തരത്തിൽ അത് ലോകത്തിലെ ഏറ്റവും വലിയ ക്ലാസിക്കുകളിൽ ഒന്നായി മാറുകയും ചെയ്തു.

രാത്രിയിൽ ശവക്കല്ലറയിൽ നിന്നും ഡ്രാക്കുള ഉണരും. മനുഷ്യരക്തമാണ് അവന്റെ ഇഷ്ടപാനീയം. അസാധാരണമായ കരുത്തും അവിശ്വസനീയമായ കഴിവുമാണവന്. ഒരേസമയം പലരൂപത്തിൽ അവൻ പ്രത്യക്ഷപ്പെടും. അടച്ചിട്ട മുറിക്കുള്ളിൽ അവൻ കടന്നുവരും. പിന്നിലൂടെ കടന്നുവന്ന് ആലിംഗനം ചെയ്ത് തന്റെ കൂർത്ത കോമ്പല്ലുകൾ ആഴ്ത്തി അവൻ ചോര ഊറ്റിക്കുടിക്കാൻ തുടങ്ങും. അതോടെ അവർ ഡ്രാക്കളയുടെ ആജ്ഞാനുവർത്തിയും അടിമകളുമാകും. ഭയമെന്ന വികാരത്തെ അസാധാരണമായ വശ്യതയും ചാരുതയും നല്കി ആവിഷ്കരിക്കുന്നു എന്നതാണ് ഡ്രാക്കുളയുടെ പ്രത്യേകയും വിജയരഹസ്യവും. ഭയത്തോടൊപ്പം ആകാംക്ഷയും ആവേശവും പെരുപ്പിച്ചും ത്രസിപ്പിച്ചുമാണ് നോവലിന്റെ കഥാമുന്നേറ്റം.

കഥയുടെ തുടക്കവും അന്ത്യവും

രക്തരക്ഷസ് എന്ന സങ്കല്പത്തിന്റെ മൂർത്തിഭാവമാണ് ഡ്രാക്കുള. ചോര കുടിക്കുകയും ഇരകളെ തന്റെ ചോര കുടിപ്പിച്ച് രക്തരക്ഷസുകളാക്കുകയും ചെയ്യുന്ന മഹാഭീകരൻ. റൊമാനിയായിലെ കാർപാര്യൻ പർവതനിരകളിലെവിടെയോ ഉള്ള മധ്യകാലത്തെ കോട്ടയിൽ താമസിക്കുന്ന ഡ്രാക്കുള പ്രഭുവിന്റെ അഭിഭാഷകനായി 1897 ൽ ജോനാഥൻ ഹാക്കർ ലണ്ടനിൽ നിന്ന് യാത്ര തുടങ്ങുനിന്നിടത്തു നിന്നാണ് ബ്രാം സ്റ്റോക്കറുടെ കഥ തുടങ്ങുന്നത്. നിരവധി പേരുടെ ഡയറിക്കുറിപ്പുകളിലൂടെ ഡ്രാക്കുളയുടെ ചോരക്കഥ ഇതൾ വിരിയുന്നു.

ഡ്രാക്കുളക്കോട്ടയിലെത്തിയ ജോനാഥൻ ഒരിക്കൽപ്പോലും പകൽനേരത്ത് പ്രഭുവിനെ കാണുന്നില്ല. പകൽ ശവപ്പെട്ടിയിൽ നിദ്രയിലാണ് ഡ്രാക്കുള. രാത്രി അയാൾ കോട്ടമതിലിലൂടെ താഴേക്കിറങ്ങി ചുടുചോര തിരഞ്ഞുപോകുന്നു. കന്യകകളുടെ രക്തം കുടിക്കുകയാണ് അയാളുടെ പ്രധാന പരിപാടി. തന്റെ ചൈതന്യം നിലനിർത്താനാണ് ഡ്രാക്കുള രക്തം കുടിക്കുന്നത്. രക്തം നഷ്ടപ്പെട്ട യുവതികൾ യക്ഷികളായി മാറി കൊട്ടാരത്തിൽ വിഹരിക്കുന്നു.

 

ഡ്രാക്കുളക്ക് മുമ്പിൽ പ്രതിബന്ധങ്ങളേയില്ല. ഏതു വഴിയിലൂടെയും എങ്ങനെയും സഞ്ചരിക്കാൻ അയാൾക്ക് കഴിയും. ആദ്യം പിടികിട്ടിയില്ലെങ്കിലും പിന്നീട് കാര്യങ്ങൾ മനസിലാക്കി ജൊനാഥൻ അവിടെ നിന്നും രക്ഷപ്പെടുകയും ലണ്ടനിൽ എത്തുകയും ചെയ്യുന്നു. ജൊനാഥൻ അറിയാതെ നല്കിയ സഹായത്തിലൂടെ ഡ്രാക്കുള ഇതിനകം ലണ്ടനിൽ എത്തിക്കഴിഞ്ഞിരുന്നു.

തിരക്കാർന്ന ആ മഹാനഗരത്തിൽ ഭവനം വാങ്ങുകയും തന്റെ രക്തപാനം വർധിതവീര്യത്തോടെ നടത്താമെന്നുമായിരുന്നു പ്രഭുവിന്റെ കണക്കുകൂട്ടൽ. ജൊനാഥന്റെ പ്രതിശ്രുത വധു മീനയുടെ കൂട്ടുകാരി ലൂസി ഡ്രാക്കുളയുടെ ഇരയും രക്തരക്ഷസുമായി മാറുകയാണ്. ഒടുവിൽ മീനയും ഡ്രാക്കുളയുടെ അടിമയാകുന്നു. അവസാനം സംഭവബഹുലവും നിരന്തരവുമായ പിന്തുടരലിനുശേഷം പ്രേത വേട്ടക്കാരൻ പ്രൊഫസർ വാൻഹെൽസിങ്ങിന്റെ സഹായത്തോടെ ജൊനാഥനും സുഹൃത്തുക്കളും ചേർന്ന് ഡ്രാക്കുളയെ കീഴ്പ്പെടുത്തുന്നു. വെളുത്തുള്ളി പൂക്കളും വെന്തരിച്ച അപ്പക്കഷ്ണങ്ങളും ശവപ്പെട്ടിയിൽ വിതറി ഡ്രാക്കുളയുടെ നെഞ്ചിൽ കുരിശ് അടിച്ചിറക്കി അയാളെ നിത്യനിദ്രയിലേക്ക് മോചിപ്പിക്കുന്നതോടെ നോവൽ അവസാനിക്കുന്നു.

ബ്രാം സ്റ്റോക്കറെ തേടിവന്ന ഡ്രാക്കുള

ഐറിഷുകാരനായ നാടക പ്രവർത്തകൻ ബ്രാം സ്റ്റോക്കറിന് കിഴക്കൻ യൂറോപ്പിൽ ജീവിക്കുന്ന ഡ്രാക്കുളയെ കിട്ടിയതിന് പിന്നിൽ ഒരു കഥയുണ്ട്. ഡ്രാക്കുള എന്ന പേരിൽ ഒരു മനുഷ്യനുണ്ടായിരുന്നു. റൊമാനിയൻ രാജവംശത്തിലെ വലാദ് നാലാമൻ. പിശാചിന്റെ മകൻ എന്നർത്ഥമുള്ള ഡ്രാക്കുള ഇദ്ദേഹത്തിന്റെ കളിപ്പേരായിരുന്നു. അയാൾ ചോര കുടിച്ചാണ് യൗവ്വനം നിലനിർത്തിയിരുന്നതായി അക്കാലത്ത് പ്രചരിക്കപ്പെട്ടിരുന്നു. നിരവധിപേരെ യുദ്ധത്തിൽ വധിച്ച വ്ലാദ് എ ഡി 1477 ലാണ് മരിക്കുന്നത്. മരണത്തോടെ ഇദ്ദേഹത്തെക്കുറിച്ച് നിറം ചേർത്ത കഥകൾ പ്രചരിച്ചു. ഈ മധ്യകാല പ്രഭുവിന്റെ കഥയെ വിദഗ്ധമായി തന്റെ നോവലിൽ കൂട്ടിയിണക്കുകയാണ് ബ്രാം സ്റ്റോക്കർ ചെയ്തത്.
1890 ലാണ് ബ്രാം സ്റ്റോക്കറുടെ മനസിലേക്ക് ഡ്രാക്കുള എന്ന വിശ്വപ്രസിദ്ധമായ കഥ കടന്നുവരുന്നത്. സ്കോട്ലാന്റിലെ ഒരു സത്രത്തിൽ രാത്രി ഉറങ്ങാൻ കിടന്നപ്പോഴായിരുന്നു അത് സംഭവിച്ചത്. ഉറക്കത്തിൽ ഭീതിജനകമായ ഒരു മുഴുസ്വപ്നം കണ്ട് ബ്രാം ഞെട്ടിയുണർന്നു. മരണശേഷം കല്ലറയിൽ നിന്നും ഉയിർത്തെഴുന്നേറ്റു വന്ന് കന്യകമാരുടെ ചോര കുടിച്ചു കഴിയുന്ന ഒരു ഭീകരനായിരുന്നു അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയത്. ഈ സ്വപ്നത്തിന്റെ ചുവടുപിടിച്ചാണ് ബ്രാം സ്റ്റോക്കർ ഡ്രാക്കുള നോവലിന്റെ രചനയിലേക്കെത്തുന്നത്. അക്കാലത്ത് ടൈംസ് പത്രത്തിൽ രക്തം കുടിക്കുന്ന ഒരാളെക്കുറിച്ച് വാർത്തകൾ വന്നിരുന്നു. ഇത് സ്റ്റോക്കറിന് വളരെ പ്രയോജനകരമായി വന്നിരിക്കാം. നോവൽ എഴുതാൻ നീണ്ട ഏഴു വർഷത്തെ കാത്തിരിപ്പ് ബ്രാം സ്റ്റോക്കറിന് വേണ്ടിവന്നു.
സത്യത്തിൽ വലിയൊരു എഴുത്തുകാരനായി തീരുക എന്നത് ബ്രാം സ്റ്റോക്കറിന് വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. നാടക പ്രവർത്തനത്തിൽ സജീവമായിരുന്ന കാലത്തുതന്നെ പല കൃതികൾ എഴുതിയെങ്കിലും അതൊന്നും വായനക്കാർ തിരിഞ്ഞുപോലും നോക്കിയില്ല. അതിനൊരു കാരണവുമുണ്ടായിരുന്നു. അർതർ കോനൽ ഡോയലിന്റെ ഷെർലക് ഹോംസും മസ്വാർഡ് കിപ്ലിങ്ങിന്റെ ജയിംസ് ബോണ്ടും അരങ്ങുവാഴുന്ന കാലമായിരുന്നു അത്.
ഈ അപസർപ്പക കഥകൾ വായനക്കാരെ വശീകരിച്ചു. എന്തൊക്കെ എഴുതിയാലും ഇവരെ ഭേദിക്കുക സാധ്യമല്ലെന്ന് ബ്രാം സ്റ്റോക്കർ കരുതി. തന്റെ ആദ്യകാല കൃതികൾ ഏറ്റുവാങ്ങിയ പരാജയങ്ങളുടെ പൊള്ളുന്ന അനുഭവവും ഉണ്ടായിരുന്നു. പക്ഷേ, തോറ്റു പിന്മാറാൻ ബ്രാം സ്റ്റോക്കറിലെ എഴുത്തുകാരൻ തയ്യാറായിരുന്നില്ല. വായനക്കാർക്ക് തീർത്തും വ്യത്യസ്തമായ എന്തെങ്കിലും നല്കിയാൽ തീർച്ചയായും വിജയിക്കാനാകുമെന്ന് അദ്ദേഹം ഉറച്ച വിശ്വസിച്ചു. അതിനായുള്ള അന്വേഷണത്തിന്റെ അനന്തര ഫലമായിരുന്നു ഒരർത്ഥത്തിൽ ഡ്രാക്കുള എന്ന ഹൊറർ നോവൽ.

വായനക്കാർ യാതാർത്ഥ്യമായി കരുതിയ നോവൽ

ഡ്രാക്കുള ഒരു യഥാർത്ഥ രക്തരക്ഷസ് ആണെന്നാണ് വായനക്കാർ അക്കാലത്ത് കരുതിയത്. ഇന്നും വിശ്വസിക്കുന്നവരുണ്ട്. അതിനൊരു കാരണം നോവലിന്റെ പ്രത്യേകതരത്തിലെ രചനാ കൗശലമാണ്. ഡ്രാക്കുളക്ക് മുമ്പും അതിനു ശേഷവും ഒട്ടനവധി പ്രേതകഥകൾ ലോകസാഹിത്യത്തിലുണ്ടായിട്ടുണ്ട്. എന്നാൽ ഡ്രാക്കുളയോളം പേരും പെരുമയും നേടാൻ അവയ്ക്കൊന്നിനും കഴിഞ്ഞില്ല. തന്റെ ഭാവനയിൽ ഉണ്ടായ ഒരു കെട്ടുകഥയെ സത്യവും ചരിത്രവും ഇഴചേർത്ത് സമർത്ഥമായി കൂട്ടിയിണക്കുന്ന ജാലവിദ്യയാണ് ബ്രാം സ്റ്റോക്കർ നോവലിൽ കാഴ്ചവച്ചത്. ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു ഉറപ്പിക്കും വിധം വിശ്വാസയോഗ്യമായാണ് ഡ്രാക്കുളയുടെ ആവിഷ്കാരം. നോവൽ യാഥാർത്ഥ്യമാണെന്ന് വായനക്കാർ കരുതാനും അവർ കൂടുതൽ പേടിക്കാനും അത് കാരണമായി. ഡ്രാക്കുള നേടിയെടുത്ത അത്യപൂർവമായ വിജയത്തിനു പിന്നിലെ പ്രധാന കാരണവും അതുതന്നെയാണ്. കത്തുകൾ ഡയറിക്കുറിപ്പുകൾ, പത്രവാർത്തകൾ, കമ്പിസന്ദേശങ്ങൾ എന്നിങ്ങനെ സത്യസന്ധമായ രേഖകളുടെ പിൻബലത്തിലാണ് ഡ്രാക്കുളയുടെ കഥ വളരുന്നത്.
ഏഴു വർഷത്തെ ക്ഷമയോടുള്ള കാത്തിരിപ്പും കഠിനമായ തയ്യാറെടുപ്പുകളും അദ്ദേഹം നടത്തി. അതിന്റെ ഭാഗമായി യൂറോപ്പിലെ മിക്ക രാജ്യങ്ങളിലെയും നാടോടിക്കഥകളും അന്ധവിശ്വാസങ്ങളും പ്രേതകഥകളും ചരിത്രവും ബ്രാം സ്റ്റോക്കർ വായിക്കുകയും പഠിക്കുകയും ചെയ്തു. എമിലി ജെറാൾഡിന്റെ ‘ട്രാൻസിൽ വേനിയയിലെ അന്ധവിശ്വാസങ്ങൾ’ എന്ന കൃതി ബ്രാം സ്റ്റോക്കറിനെ ആഴത്തിൽ സ്വാധീനിച്ചു.
അങ്ങനെയാണ് പ്രേതകഥയുടെ പശ്ചാത്തലമായി റുമേനിയയിലെ ട്രാൻസിൻവേനിയയും അവിടത്തെ കാർപാത്യൻ മലനിരകളും കടന്നുവരുന്നത്. യഥാർത്ഥത്തിൽ ഇതവിടെ ഉള്ളതുതന്നെയാണ്. മാത്രമല്ല ഡ്രാക്കുള പ്രഭുവിന്റെ കോട്ടയും ചരിത്രവസ്തുതയാണ്.
ഡ്രാക്കുള പ്രഭുവിന്റെ കോട്ട തേടി ജോനാഥൻ സർക്കാർ കാർപാത്യൻ മലനിരകളിലൂടെ അവിസ്മരണീയമായ കുതിരവണ്ടി യാത്ര ചെയ്യുന്നതിന് തലേദിവസം രാത്രി താമസിച്ച ഒരു ഹോട്ടലിനെക്കുറിച്ച് നോവലിൽ വിവരണമുണ്ട്. ഹോട്ടൽ റോയൽ. സത്യത്തിൽ അതവിടെയുള്ള ഹോട്ടലാണ്. അവിടത്തെ പ്രസിദ്ധമായ ചിക്കൻ വിഭവം ആ ഹോട്ടലിലെ ഏറ്റവും പ്രധാന ഭക്ഷണ ഐറ്റങ്ങളിൽ ഒന്നാണ്. സംഭവങ്ങൾ യാഥാർത്ഥ്യമാണെന്ന് വരുത്തിതീർക്കാനുള്ള ബ്രാംസ്റ്റോക്കറുടെ തന്ത്രമായിരുന്നു അത്.
ഡ്രാക്കുള പ്രഭു ലണ്ടനിൽ എത്തുന്നത് സെമെറ്റർ എന്ന പേരുള്ള ഒരു കപ്പലിലാണ് എന്ന് നോവലിൽ പറയുന്നുണ്ട്. അവിടെയും കഥ യാഥാർത്ഥ്യമാണെന്ന് വിശ്വസിപ്പിക്കാൻ ബ്രാംസ്റ്റോക്കർ ചില ടെക്നിക്കുകൾ പ്രയോഗിക്കുന്നുണ്ട്. 1885ൽ ആ പേരിൽ ഒരു കപ്പൽ ദുരൂഹ സാഹചര്യത്തിൽ ലണ്ടൻ തീരത്ത് വന്നണഞ്ഞിരുന്നു. അക്കാലത്ത് ചില പത്രവാർത്തകൾ ഉണ്ടായിരുന്നു. ലണ്ടനിലെ ഡ്രാക്കുള പ്രഭുവിന്റെ വസതിയായി പറയുന്ന പിക്കാഡില്ലിയിലെ 347-ാം നമ്പർ കെട്ടിടം ശരിക്കുമുള്ളതാണ്. ഡ്രാക്കുള പ്രഭു ചെന്ന ലണ്ടനിലെ സുവോളജിക്കൽ പാർക്കും ഉള്ളതുതന്നെയായിരുന്നു. ഇതെല്ലാം നോവലിൽ അതേപടി പകർത്തിയ ബ്രാംസ്റ്റോക്കർ കൂടുതൽ യാഥാർത്ഥ്യ പ്രതീതിയുണ്ടാക്കി. അതിനാൽ ഡ്രാക്കുള സത്യമായും ലണ്ടനിൽ എത്തിയതായിത്തന്നെ വായനക്കാർ കരുതി. അതവരുടെ പേടി പിന്നെയും വർധിപ്പിച്ചു.

ഡ്രാക്കുള സിനിമകൾ

ഡ്രാക്കുള എന്ന കഥാപാത്രം ജനമനസുകളിൽ ഭീതിപരത്തുന്ന ഒരു മിത്തായി മാറിയതിൽ നോവലിനെ അധികരിച്ചിറങ്ങിയ സിനിമകൾക്ക് വലിയൊരു പങ്കുണ്ട്. ലോകസിനിമയിലെ എക്കാലത്തെയും പേരുകേട്ട കഥാപാത്രങ്ങളുടെ പട്ടിക തയാറാക്കിയാൽ അതിൽ ഒരു രക്തരക്ഷസുണ്ടാകും. സാക്ഷാൽ ഡ്രാക്കുള നിശബ്ദ സിനിമയുടെ കാലം മുതൽതന്നെ, സിനിമയ്ക്ക് വിഷയമായി. 1920ലെ സോവിയറ്റ് നിശബ്ദ ചിത്രമായ ‘ഡ്രാക്കുള’ ആണ് ആദ്യത്തെ ഡ്രാക്കുള ചിത്രം. പിന്നീട് 1931ൽ ബെലാ ലുഗോസിയുടെ ഡ്രാക്കുള ചിത്രം പുറത്തിറങ്ങി. 1958ൽ ക്രിസ്റ്റഫർ ലീ ഡ്രാക്കുളയാകുന്നതോടെയാണ് ഡ്രാക്കുള ചിത്രങ്ങളുടെ ചരിത്രത്തിലെ ശ്രദ്ധേയമായ പരമ്പര ആരംഭിക്കുന്നത്. പിന്നീട് ക്രിസ്റ്റഫർ ലീ തന്നെ ഡ്രാക്കുള വേഷത്തിൽ അഭിനയിച്ച ചിത്രങ്ങൾ തുടർച്ചയായി പുറത്തിറങ്ങി. ഇതുവരെ വിവിധ കാലങ്ങളിലായി 220ഓളം സിനിമകൾ വിവിധ ഭാഷകളിൽ ഡ്രാക്കുള പ്രഭു കേന്ദ്ര കഥാപാത്രമായി പുറത്തിറങ്ങി. നോവലിനോട് നിതി പുലർത്തിയവയും അല്ലാത്തവയും കൂട്ടത്തിലുണ്ട്. എങ്കിലും മിക്ക ഡ്രാക്കുള സിനിമകളും ഹിറ്റുകളും സൂപ്പർഹിറ്റുകളുമായി. ക്രിസ്റ്റഫർ ലീയാണ് ഡ്രാക്കുള സിനിമയിലൂടെ ഡ്രാക്കുളയെ അനശ്വര കഥാപാത്രമാക്കി ജനമനസുകളിൽ ഭീതിയുടെ വിത്തുപാകിയത്. ഒൻപത് ചിത്രങ്ങൾ ലീ ഡ്രാക്കുളയായി അഭിനയിച്ചു. അതോടെ ക്രൂരതയുടെ പര്യായമായ ഡ്രാക്കുള എന്നാൽ ലീ ആണെന്ന ധാരണപോലും പ്രേക്ഷകരുടെ മനസിലുറച്ചു. അത്രയും തൻമയത്വമാർന്നതായിരുന്നു ലീയുടെ അഭിനയപ്രകടനം. ഡാനിഷ് ചിത്രകാരിയും മോഡലുമായ ഗ്രീറ്റെ ക്രോയങ്കെയായിരുന്നു ലീയുടെ ഭാര്യ.
പല രാത്രികളിലും ഭർത്താവിന്റെ കോമ്പല്ലുകൾ തന്റെ പിൻകഴുത്തിൽ അമരുന്നതായി അവർ സ്വപ്നം കണ്ട് നിലവിളിച്ച് ഞെട്ടിയുണർന്നിരുന്നുവത്രെ! ക്രിസ്റ്റഫർ ലീ ഡ്രാക്കുളയായി അഭിനയിക്കുകയായിരുന്നില്ല മറിച്ച് ജീവിക്കുകയായിരന്നു.

 

ഡ്രാക്കുളയിലൂടെ ടൂറിസവും വികസിച്ചു

ഡ്രാക്കുളയുടെ കഥ ഭൂരിഭാഗവും നടക്കുന്നത് റുമേനിയയിലാണല്ലോ. കാലക്രമേണ ഡ്രാക്കുള പ്രഭു വിഹരിച്ച് നടന്നു എന്ന് കരുതുന്ന കോട്ടകൾ, കാർപാത്യൻ മലനിരകൾ ജൊനാഥൻ താമസിച്ച ഹോട്ടൽ റോയൽ തുടങ്ങിയവ തേടി നോവൽ വായിച്ച ആളുകൾ എത്താൻ തുടങ്ങി. അതോടെയാണ് അതിലെ വമ്പിച്ച ടൂറിസം സാധ്യതയെക്കുറിച്ച് റുമേനിയൻ സർക്കാരിന് തിരിച്ചറിവുണ്ടാകുന്നത്. തുടർന്ന് ഡ്രാക്കുളയുമായി ബന്ധപ്പെട്ട സർവ ഇടങ്ങളും അവർ പെെതൃക സ്ഥലങ്ങളായി പ്രഖ്യാപിച്ചു. ഇവ സംരക്ഷിക്കാനും തുടങ്ങി. പലതും കേടുപാടുകൾ തീർത്ത് പുനഃസ്ഥാപിക്കാനും തുടങ്ങി. 1915ലെ ഒരു ഭൂകമ്പത്തിൽ തകർന്ന പൊയ്നാരി കോട്ടപോലും വലിയ മുതൽമുടക്കി സർക്കാർ പുനർനിർമ്മിച്ചത് അതിന്റെ ഭാഗമായിട്ടായിരുന്നു. ഇന്ന് റുമേനിയൻ സർക്കാരിന്റെ ടൂറിസം വകുപ്പിന് ഡ്രാക്കുള ടൂർ പാക്കേജ് എന്ന പേരിൽ സന്ദർശകരെ ആകർഷിക്കാൻ ഒരു പ്രത്യേക പദ്ധതി തന്നെയുണ്ട്. അതുവഴി പ്രതിവർഷം 75,000 സന്ദർശകർ റുമേനിയയിൽ എത്തുന്നു എന്നാണ് കണക്കുകൾ പറയുന്നത്. ഇത് ഏകദേശം 300 കോടി ഡോളറിന്റെ വരുമാനം സർക്കാരിന് ഉണ്ടാക്കിക്കൊടുക്കുന്നു. റുമേനിയയുടെ വാർഷിക വരുമാനത്തിന്റെ 20 ശതമാനത്തോളം വരുമിത്. അങ്ങനെ ഡ്രാക്കുള പ്രഭു റുമേനിയ എന്ന രാജ്യത്തിന്റെ തലവര തന്നെ മാറ്റിയെഴുതുകയായിരുന്നു. ഇതൊക്കെയാണെങ്കിലും റുമേനിയയുടെ ഔദ്യോഗിക ഭാഷയിൽ ഡ്രാക്കുളയുടെ വിവർത്തനം ഉണ്ടാകുന്നത് 1990ൽ മാത്രമാണ്. യഥാർത്ഥ ഡ്രാക്കുള ഇറങ്ങി 93 വർഷങ്ങൾക്ക് ശേഷം.

ഹതഭാഗ്യനായ ബ്രാംസ്റ്റോക്കർ

1847 നവംബർ എട്ടിന് അയർലന്റിലെ ഡബ്ലിനിൽ അബ്രഹാം സ്റ്റോക്കറിന്റെയും ചാർലെറ്റ് മത്തിൽഡയുടെയും മകനായി ബ്രാംസ്റ്റോക്കർ ജനിച്ചു. ട്രിനിറ്റി കോളജിൽ കലാലയ വിദ്യാഭ്യാസം പൂർത്തീകരിച്ചു. തുടർന്ന് ഐറിഷ് സിവിൽ സർവീസിൽ കോടതി ഗുമസ്തനായി പ്രവർത്തിച്ചു. അതോടൊപ്പം നിയമബിരുദമെടുത്ത് വക്കീലായി പരിശീലനം നടത്തിയെങ്കിലും ചെറുപ്പത്തിൽത്തന്നെ നാടകത്തോട് അമിത ഭ്രമമുണ്ടായിരുന്ന ബ്രാം പരിശീലനം നിർത്തിവച്ച് ലണ്ടനിലേക്ക് തിരിച്ചു. അവിടെ സർ ഹെൻട്രി ഇർവിങ്ങിന്റെ നാടകക്കമ്പനിയിൽ മാനേജരായി പ്രവർത്തിച്ചു. ഈ സമിതിയിൽ 30 വർഷത്തോളം ബ്രാം ജോലി ചെയ്തു.

വേറെയും പുസ്തകങ്ങൾ ബ്രാംസ്റ്റോക്കർ എഴുതിയിട്ടുണ്ട്. പക്ഷെ അതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. ആദ്യ കൃതി ‘ദ അൺഡെഡ്’ ആണ്. ‘ഡ്രാക്കുള’യുടെ പേരിൽ മാത്രമാണ് ബ്രാംസ്റ്റോക്കർ ലോകമെങ്ങും അറിയപ്പെടുന്നത്. ഡ്രാക്കുള ലോകത്തെ വായനക്കാരെ മുഴുവൻ വശീകരിച്ചും കീഴടക്കിയും മുന്നേറുന്നത് കാണാനുള്ള ഭാഗ്യം എഴുത്തുകാരനുണ്ടായില്ല. വളരെ കഷ്ടപ്പെട്ടും ത്യാഗങ്ങൾ സഹിച്ചും എഴുതിയ കൃതി വിജയ കുതിപ്പ് നടത്തുന്നത് കാണാതെയാണ് ബ്രാം സ്റ്റോക്കർ ജീവിതത്തിൽ നിന്നും വിടപറയുന്നത്. മാത്രമല്ല ഡ്രാക്കുള നേടിക്കൊടുത്ത വൻപിച്ച സാമ്പത്തിക ലാഭം അനുഭവിക്കാനും കഴിഞ്ഞില്ല. ജീവിതകാലം മുഴുവൻ നിരാശയും ദുരിതവും വേട്ടയാടി. മരണംവരെയും അത് പിന്തുടർന്നു. അവസാനകാലത്ത് ബ്രാം സ്റ്റോക്കർ കടുത്ത മദ്യപാനിയായിരുന്നു. അതും പെട്ടെന്നുണ്ടായ മരണത്തിന് കാരണമായിരിക്കാം.
സൃഷ്ടാവിനെത്തന്നെ അപ്രസക്തമാക്കിക്കൊണ്ട് ഭീതി വിതച്ചും കൊയ്തും ഡ്രാക്കുള ലോകമെമ്പാടുമുള്ള അനേകം സഹൃദയ മനസുകളിൽ ഇന്നും മരണമില്ലാതെ തുടരുന്നു.

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.