28 April 2024, Sunday

നേര്‍ക്കാഴ്ചകളുടെ ജീവിതപാഠങ്ങള്‍

രാജലക്ഷ്മി മഠത്തിൽ
February 25, 2024 3:21 am

ആരുടെയൊക്കെയോ കാൽപ്പാടുകളിൽ മാഞ്ഞില്ലാതാകുന്ന നിസാരരായ മനുഷ്യജന്മങ്ങളുടെ കഥ പറയുന്ന രണ്ടുദിവസത്തെ വിചാരണ എന്ന സി രാധാകൃഷ്ണന്റെ നോവൽ സാമൂഹ്യപ്രസക്തിയുള്ള, കാലം മറുപടി പറയേണ്ട അല്ലെങ്കിൽ കണ്ടെത്തേണ്ട മനോഹരമായ രചനയാണ്. രണ്ടുദിവസം ഒരു കോടതി മുറിയിൽ നടക്കുന്ന വിചാരണയിൽ, “പണത്തിനു മീതെ പരുന്തും പറക്കില്ല” എന്ന തത്വം വീണ്ടും വീണ്ടും സമൂഹത്തെ ഓർമ്മപ്പെടുത്തുന്ന കഥയാണ്.  “സുധാകരൻ കേസിന്റെ വിചാരണ നാളെ തുടങ്ങുകയാണ്” നോവലിന്റെ തുടക്കം തന്നെ മറ്റുള്ളവരിൽ ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്. കഥയുടെ അവസാനം വരെ ആകാംക്ഷ കാത്തുസൂക്ഷിക്കാൻ കഴിയും വിധത്തിൽ സുധാകരൻ എന്ന ചെറുപ്പക്കാരന്റെ തിരോധാനത്തെ, അക്ഷര വിന്യാസത്തിന്റെ മാസ്മരികത ചേർത്ത് നിറച്ചുവയ്ക്കുന്നുണ്ട്. നിയമവ്യവസ്ഥയുടെ അടിസ്ഥാനപരമായ, ചിന്തകളുടെ കൂട്ടുപിടിച്ച്, തെളിവുകൾ ഇല്ലാതാക്കി, കേസുകൾ മാറ്റിമറിക്കപ്പെടുന്ന, ഭീകരവാഴ്ചയുടെ താണ്ഡവ താളം മുറുകുന്നുണ്ട്, കഥയിലങ്ങോളം. വാക്കുകളുടെ കെട്ട് പൊട്ടിക്കാതെ ഒരൊഴുക്ക് പോലെ, ബഹളങ്ങളില്ലാത്ത നോവൽ. സി രാധാകൃഷ്ണന്റെ ശാസ്ത്രനോവലുകളിൽ നിന്ന്, ഭാഷയിൽ നിന്നെല്ലാം മാറി സൗമ്യമായി പറഞ്ഞു പോകുന്ന കാര്യമാത്ര പ്രസക്തമായ ‘രണ്ടുദിവസത്തെ വിചാരണ’ എന്ന നോവൽ സാധാരണക്കാരന്റെ മനസിലേക്ക് നോവുണർത്തി നീറ്റലായി പടർന്നു കയറുന്നു. ഈ നോവലിലെ വൃദ്ധയായ ചെറൂലിയുടെ വാക്കുകൾ” ഒട്ടും കാര്യമാക്കാതെ “സാക്ഷ്യപത്രത്തിന്റെ മനോവ്യാപാരങ്ങളുടെ നിസാരതയായി” കോടതിയും വക്കീലും കാണുന്നു. ഒരു പത്രപ്രവർത്തകന്റെ കാഴ്ചയിലൂടെ കടന്നുപോകുന്ന ഈ നോവലിൽ മറ്റൊരു മാധ്യമ പ്രവർത്തകനായ രാമു എന്ന കഥാപാത്രവും ഉണ്ട്. പത്രപ്രവർത്തകരുടെ ജീവിതവും നിസാരതയും വ്യക്തമാക്കുന്ന ചില രസകരമായ രംഗങ്ങളും ഈ നോവലിന്റെ പ്രതിച്ഛായ കൂട്ടുന്നുണ്ട്.

“പത്രപ്രവർത്തകർ പത്രം വായിക്കാറില്ല തലക്കെട്ട് മാത്രമേ നോക്കാറുള്ളൂ” എന്ന വരികൾ ഒരുപാട് ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. മനോരോഗ വിദഗ്ധൻ, പൊലീസ് ഉദ്യോഗസ്ഥൻ, പ്രശസ്തനായ വക്കീൽ, കടയുടമസ്ഥൻ, എന്നിവരെല്ലാം വിശ്വസിക്കുന്നതുപോലെതന്നെ “ഏരേച്ചൻ മുതലാളിയുടെ പണത്തിനു മുമ്പിൽ ഒന്നും നടക്കില്ല” എന്ന തത്വം അടിവരയിട്ട് ഉറപ്പിക്കുന്നു. ഇന്നത്തെ കാലത്ത് വാർത്തകളെല്ലാം ആർക്കൊക്കെയോ വേണ്ടി ചമയ്ക്കപ്പെടുന്നതാണെന്ന സത്യവും നോവലിൽ തെളിയുന്നുണ്ട്. ചെറുപ്പക്കാരനായ വക്കീൽ സുധാകരനു വേണ്ടി വാദിക്കുമ്പോൾ, കോടതിയും സമൂഹവും അതിനെ വളരെയധികം നിസാരവൽക്കരിക്കപ്പെടുന്ന രംഗങ്ങൾ ഈ നോവലിന്റെ മാറ്റുകൂട്ടുന്നു. എങ്കിലും അവസാനം നിമിഷം വരെ പൊരുതാനും പിടിച്ചുനിൽക്കാനുമുള്ള യുവത്വത്തിന്റെ കണികകൾ ശക്തിയുക്തം കൊരുത്തുവച്ച വാദഗതികൾ കോടതി മുറിയിൽ അരങ്ങേറുന്നു. മാറുന്ന പത്രസംസ്കാരത്തിന്റെ കരാളഹസ്തങ്ങൾ ഇറുക്കിക്കൊല്ലുന്നത് പാവപ്പെട്ടവരുടെ ആശയും പ്രതീക്ഷകളും ജീവനുമാണെന്ന വാസ്തവം അടിവരയിടുന്ന ഈ കൃതിക്ക്, സാധാരണക്കാരന്റെ വേദനയിലലിഞ്ഞ കാതലുണ്ട്. “ജീവൻ പോയാൽ പോയവർക്ക് പോയി” എന്ന ഹോട്ടൽ മുതലാളിയുടെ ആത്മഗതം.

സമകാല മനുഷ്യാവസ്ഥയുടെ കെടുതികൾ, അസംതൃപ്തരായ ചെറുപ്പക്കാർ അവരുടെ നിസഹായാവസ്ഥ, ആത്മഹത്യകൾ. മുൻവിധികളിൽ വിശ്വാസമില്ലാത്ത കോടതിയും നിയമവ്യവസ്ഥയും, സത്യത്തെ സ്വർണപാത്രം കൊണ്ട് അടച്ചുവെച്ച് അതിനുമുകളിൽ കയറിയിരുന്ന്, കള്ളങ്ങൾ ഘോരഘോരം അലറി വിളിച്ച്, പണക്കാരെ രക്ഷിക്കാൻ കാണിക്കുന്ന നിയമവ്യവസ്ഥയുടെ മിടുക്ക്. “മൃതദേഹമോ അവശിഷ്ടങ്ങളോ കണ്ടുകിട്ടാതെ കൊലപാതകമാണെന്ന് വിശ്വസിക്കാനാവുമോ” എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചോദ്യം ആർക്കും ആരെയും ഇല്ലാതാക്കാം. പണവും വക്കീലും വിചാരിച്ചാൽ ഏതൊരാളെയും നിഷ്പ്രനാക്കാമെന്നും കൊലചെയ്യാമെന്നുമുള്ള സത്യങ്ങൾ നീരാളിയെപോലിഴയുന്നുണ്ട്. ഈ നോവലിൽ മാധ്യമ ധർമ്മം ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നു പറയാം.
എങ്ങനെയും വളച്ചൊടിക്കപ്പെടുന്ന നിയമവ്യവസ്ഥയുടെ, പോരായ്മകളെ നിരത്തി കാണിച്ച്, മനുഷ്യസമൂഹത്തിന്റെ കണ്ണുതുറപ്പിച്ച്, നിസ്വരായ മനുഷ്യജന്മങ്ങൾക്ക് വേണ്ടി എഴുത്തുകാരന്റെ തൂലിക ചലിച്ചു കൊണ്ടേയിരിക്കുന്നു. മനസിന് കാഠിന്യം ഇല്ലാത്തവർ മനോരോഗികളാക്കപ്പെടുന്നുവെന്ന കാര്യവും ഈ കഥ സൂചിപ്പിക്കുന്നുണ്ട്.

രണ്ടുദിവസത്തെ വിചാരണ
(നോവല്‍)
സി രാധാകൃഷ്ണൻ
ഹഗിതം ബുക്സ്
വില: 100 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.